Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്

ഏപ്രിൽ 29: ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് വിമോചനത്തിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം.
 
ഇന്ന് 2021 ഏപ്രിൽ 29, ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau Concentration Camp) നിന്നു തടവുകാരെ മോചിപ്പിച്ചതിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം. ഒരു കുറിപ്പു തയ്യാറാക്കാൻ തോന്നി.
 
1933 ൽ അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി അധികം വൈകാതെ തന്നെ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുറന്ന ആദ്യ നാസി കോൺസൻട്രേഷൻ ക്യാമ്പാണ് ദാഹാവ് കോൺസൻട്രേഷൻ തടങ്കൽ പാളയം. പശ്ചിമ ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ മ്യൂണിക്കിനു പതിനാറു കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.
 
ജോലി നിങ്ങളെ സ്വതന്ത്രമാക്കും
 
ദാഹവു തടങ്കൽപ്പാളയത്തിൻ്റെ പ്രധാന കവാടത്തിന്റെ Arbeit macht frei “അർബിറ്റ് മാക്റ്റ് ഫ്രൈ” അല്ലെങ്കിൽ “ജോലി നിങ്ങളെ സ്വതന്ത്രരാക്കുന്നു” എന്നു ആലേഖനം ചെയ്തിരുന്നു . ഈ നാസി മുദ്രാവാക്യം പിന്നീട് എല്ലാ SS തടങ്കൽപ്പാളയങ്ങളിലും ഉപയോഗിച്ചു. ദാഹാവിലെ ക്യാമ്പിലെ ആദ്യ ലീഡറായ തിയോഡോർ ഐക്കാണ് (Theodor Eicke) ഈ ആപ്തവാക്യത്തിൻ്റെ ഉപജ്ഞാതാവ് . ഓഷ്വിറ്റ്സ് കമാൻഡർമാരായ റുഡോൾഫ് ഹോസ്, റിച്ചാർഡ് ബെയർ എന്നിവരും ഐക്കിൻ്റെ “ദാഹവു സ്കൂളിലെ” ശിഷ്യന്മാരായിരുന്നു.
 
ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം
 
ദാഹാവ് തടങ്കൽ പാളയം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നാണ്. കാരണം മൂവായിരത്തോളം വൈദീകർ അവിടെ ഉണ്ടായിരുന്നു, അതിൽ 95 ശതമാനവും റോമൻ കത്തോലിക്കാ പുരോഹിതരായിരുന്നു.
 
മരണ മാർച്ച്
 
1945 ഏപ്രിൽ 14 ന് നാസി പട്ടാള നേതാവ് ഹെൻ‌റിക് ഹിംലർ തടങ്കൽപ്പാളയം ഉടൻ “ഒഴിപ്പിക്കാൻ” ഉത്തരവിട്ടു. SS പട്ടാളം 7,000 തടവുകാരെ ക്യാമ്പിൻ്റെ തെക്ക് ഭാഗത്തേക്ക് ഒരു മാർച്ച് നടത്താൻ നിർബന്ധിച്ചു. ഇതിൽ പങ്കെടുത്ത ഭൂരിഭാഗം പേരെയും നാസി പട്ടാളം ക്രൂരമായി വധിച്ചു. ഇതാണ് ചരിത്രത്തിലെ കുപ്രസിദ്ധമായ മരണ മാർച്ച് .
 
വിമോചനം
 
1945 ഏപ്രിൽ 29 നു അമേരിക്കൻ സൈന്യത്തിൻ്റെ നാൽപത്തിയഞ്ചാം ഇൻഫൻ്ററി ഡിവിഷനാണ് ദാഹവു ക്യാമ്പിൽ നിന്നു തടവുകാരെ മോചിപ്പത്. ആ ദിനം തന്നെ അമേരിക്കൻ പട്ടാളത്തിൻ്റെ നാൽപത്തി രണ്ടാം റെയിൻബോ ഡിവിഷൻ ദാഹാവിലെ മറ്റൊരു സബ് ക്യാമ്പും മോചിപ്പിച്ചു.
 
നരക കവാടത്തിൽ നിന്നുള്ള റിപ്പോർട്ട്
 
1936-38 ലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലഘട്ടം മുതൽ ലോകമെമ്പാടുമുള്ള യുദ്ധങ്ങളെക്കുറിച്ചു പ്രധാന അമേരിക്കൻ പത്രങ്ങൾക്കായി റിപ്പോർട്ട് തയ്യാറാക്കിയിരുന്ന പത്രപ്രവർത്തകയായിരുന്നു മാർത്ത ഗെൽ‌ഹോൺ. വിശ്വവ പ്രസിദ്ധ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിംഗ്വേയുടെ ഭാര്യ കൂടിയായിരുന്നു അവർ. ഒരു പത്രപ്രവർത്തക എന്ന നിലയിൽ യുഎസ് സൈന്യത്തോടൊപ്പം പല സ്ഥങ്ങളിലും പോയിരുന്നു . 1945 ഏപ്രിൽ 26 ന്‌ സൈന്യത്തോടൊപ്പം ബവേറിയിലെ ആൽഗോയിലെത്തി. മാർത്താ മെയ് മാസത്തിൻ്റെ ആരംഭത്തിൽ മോചിപ്പിക്കപ്പെട്ട ദഹാവു തടങ്കൽപ്പാളയത്തിൽ റിപ്പോർട്ടിങ്ങിനായി എത്തി.
 
തടങ്കൽ പാളയത്തിലെ ക്രൂരതകൾ അതിജീവിച്ച തടവുകാരുമായുള്ള പ്രാരംഭ സംഭാഷണങ്ങൾക്കു ശേഷം അവൾ കുറിച്ചു. “അവരിൽ ഭൂരിഭാഗത്തെയും കൊന്നത് പട്ടണി ആയിരുന്നു പട്ടിണിക്കിട്ടു കൊല്ലുക ഇവിടെ ഒരു പതിവായിരുന്നു. റേഷനായി ലഭിക്കുന്ന തുച്ഛമായ ആഹാരത്തിനു വേണ്ടി മനുഷ്യൻ മണിക്കൂറുകൾ പണി ചെയ്തു. തിങ്ങി നിറഞ്ഞ ബാരക്കുകളിലാണ് അവർ പാർത്തിരുന്നത്. ഒരോ ദിവസവും രാവിലെ ക്ഷീണിതരായാണ് അവർ ഉണർന്നിരുന്നത്, മരണമണി ചെവികളിൽ മുഴങ്ങുന്ന ആരവത്തോടെ.”
 
1933 മുതൽ രണ്ടു ലക്ഷത്തോളം തടവുകാരെ ഈ തടങ്കൽ പാളയത്തിൻ പാർപ്പിച്ചിരുന്നു. മാർത്തയുടെ റിപ്പോർട്ടനുസരിച്ച് ഈ ക്യാമ്പിൽ പന്ത്രണ്ടു വർഷത്തിനടയിൽ എത്ര പേർ മരിച്ചു എന്നു കൃത്യമായി പറയുക ബുദ്ധിമുട്ടാണങ്കിലും അവസാന മൂന്നു വർഷത്തിനുള്ളിൽ (1942- 1945) നാൽപത്തി അയ്യായിരം പേർക്കു ജീവൻ നഷ്ടമായി.
 
പരിചയസമ്പന്നയായ യുദ്ധ റിപ്പോർട്ടറുടെ പോലും കരളലിയിപ്പിക്കുന്ന കാഴ്ചകളെപ്പറ്റി അവൾ എഴുതി. ക്രീമിറ്റോറിയത്തിനു മുമ്പിൽ അതിനെ വേർതിരിക്കാനായി ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അതിനപ്പുറം മനാഹരമായി പണികഴിപ്പിച്ച വീടുകളുടെ നീണ്ട നിര ഉണ്ടായിരുന്നു , നാസി പട്ടാള ഓഫിസർമാരുടെ കുടുംബാംഗങ്ങൾ താമസിച്ചിരുന്ന വീടുകളായിരുന്നു അവ. ക്രീമിറ്റോറിയത്തിലെ ചിമ്മനികളിൽ നിന്നു മനുഷ്യ ചിതാഭസ്മം അവസാനമില്ലാതെ പറന്നിരുന്നെങ്കിലും അവരുടെ ഭാര്യമാരും മക്കളും വളരെ സന്തോഷത്തോട കഴിഞ്ഞു… എത്രയോ വിരോധാഭാസം…. കഴിഞ്ഞ ഫെബ്രുവരി മാർച്ചു മാസങ്ങളിൽ രണ്ടായിരം പേരെ ഗ്യാസ് ചേമ്പറിൽ കൊല ചെയ്തു. കാരണം ജോലി ചെയ്യാൻ അവർക്കു ശേഷിയില്ലായിരുന്നു. ശാന്തമായി മരിക്കാനുള്ള അവകാശം അവർക്കു നിഷേധിച്ചിരുന്നു…
 
കരളലിയിപ്പിക്കും കാഴ്ചകൾ
 
അമേരിക്കൻ പട്ടാളം ക്യാമ്പിൽ പ്രവേശിപ്പിച്ചപ്പോൾ കണ്ട കാഴ്ചകൾ കരളലിയിപ്പിക്കുന്നതാണ്. അവർ പ്രവേശിക്കുന്നതിനു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് SS കാവൽക്കാർ ക്യാമ്പിൽ നിന്ന് ഓടിപ്പോയിയിരുന്നു. ഇതിനിടയിയിൽ തടങ്കൽപ്പാളയത്തിലേക്കു തടവുകാരെ വഹിച്ചു കൊണ്ടു വന്ന ഒരു ട്രെയിൻ അവർ കണ്ടെത്തി. യാത്രക്കാരിൽ ഭൂരിഭാഗവും ദാഹം മൂലമോ പൂട്ടിയിട്ട ബോഗികളിൽ ശ്വാസം കിട്ടാതയോ മരിച്ചിരുന്നു. മറ്റുള്ളവരെ SS പട്ടാളക്കാർ വെടിവച്ചു കൊന്നിരുന്നു. യുഎസ് സൈനികർ 2,300 മൃതദേഹങ്ങളാണ് ട്രെയിനിൽ കണ്ടെത്തിയത് . ഒരു ചെറിയ പോരാട്ടത്തിനു ശേഷമാണ് അമേരിക്കൻ പട്ടാളത്തിനു ക്യാമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിച്ചത്. ഇതിനിടയിൽ ദാരുണമായ സംഭവങ്ങൾ നടന്നു. തങ്ങളെ വിമോചിപ്പിക്കാൻ അമേരിക്കൻ സൈനികരെ അഭിവാദ്യം ചെയ്യാനായി സന്തോഷത്തോടെ വേലിയിലേക്ക് ഓടി വന്ന ചില തടവുകാർ അബദ്ധത്തിൽ വൈദ്യുതി കൊടുത്തിരുന്ന കമ്പിവേലിയിൽ തട്ടി മൃതിയടഞ്ഞു. ഏകദേശം 32,000 തടവുകാരെ അമേരിക്കൻ സൈന്യം ജീവനോടെ കണ്ടെത്തി, ഭൂരിഭാഗം പേർക്കും വൈദ്യസഹായം ആവശ്യമായിരുന്നു.
 
വിമോചനത്തിനുശേഷം
 
വിമോചനാവസരത്തിൽ ദാഹാവിലെ യിലെ ശുചിത്വപരമായ അവസ്ഥ ദുരന്തമായിരുന്നു. പല തടവുകാർക്കും ടൈഫോയ്ഡ് ബാധിച്ചിരുന്നു അവരുടെ വരയുള്ള തടങ്കൽപ്പാളയ വസ്ത്രങ്ങൾ, പിന്നീട് നാസി ക്യാമ്പുകളിലെ ദുരിതത്തിന്റെ പ്രതീകമായിത്തീർന്നു. പല തടവുകാർക്കും ചെരിപ്പില്ലായിരുന്നു.
 
ഇനി ഒരിക്കലും
 
ഇനി ഒരിക്കലും (Never Again ) ദാഹാവിലെ ഹോളോകാസ്റ് മെമ്മോറിയൽ മതിലിൽ ഹീബ്രു, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമ്മൻ റഷ്യൻ ഭാഷകളിൽ എഴുതിയിരിക്കുന്ന ഓർമ്മപ്പെടുത്തലാണിത്. ദാഹാവിലെ മരണമടഞ്ഞ പതിനായിരക്കണക്കിനു ആളുകളുടെയും ഹിറ്റ്ലറിൻ്റെ വിവിധ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നരകയാതന അനുഭവിച്ച ദശലക്ഷക്കണക്കിനു ജനങ്ങളോടുള്ള ആദരവു കൂടിയാണ് ഈ മതിൽ.
 
അനുസ്മരണം
 
കഴിഞ്ഞ വർഷം ദാഹാവ് തടങ്കൽപ്പാളയ വിമോചന ദിനത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം അനുസ്മരിച്ചപ്പോൾ ബവേറിയൻ പ്രധാനമന്ത്രി ഡോ. മാർക്കൂസ് സോഡർ ഇപ്രകാരം facebook ൽ ക്കുറിച്ചു. : മനുഷ്യരാശിക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ ഇനി ഒരിക്കലും സംഭവിക്കരുത് എന്ന വാഗ്ദാനം ഞങ്ങൾ പുതുക്കുന്നു. ഈ അതിക്രമങ്ങളും പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകളും ഞങ്ങൾ ഒരിക്കലും മറക്കില്ല. എല്ലാത്തരം വിദ്വേഷത്തിനും മതഭ്രാന്തിനും യഹൂദവിരുദ്ധതയ്ക്കും എതിരായ സ്മാരകമാണ് ദഹാവ്!”
 
Fr: ജെയ്സൺ കുന്നേൽ MCBS
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Advertisements

One thought on “Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്

Leave a comment