വി. ഫ്രാൻസിസ് അസ്സീസ്സി: ദ്വിതീയ ക്രിസ്തു

ധനാഢ്യനായിരുന്ന അപ്പന്റെ മകൻ ആയിരുന്നിട്ടും യേശുവിനെപോലെ കാലിത്തൊഴുത്തിൽ ജനിച്ച ആളായിരുന്നു വി. ഫ്രാൻസിസ് അസ്സീസ്സി . പ്രസവവേദന വളരെനേരം തുടർന്നിട്ടും പ്രസവിക്കാതെ ക്ലേശിച്ചപ്പോൾ ഒരാൾ പീക്കക്ക് പറഞ്ഞു കൊടുത്ത ഉപായം ആയിരുന്നു അത്. ദാരിദ്യമണവാട്ടിയെ ഇത്രയധികം ഭാവിയിൽ സ്നേഹിക്കാൻ പോകുന്ന ഒരാളുടെ ജനനം പോലും അങ്ങനെ അർത്ഥവത്തായി.

എന്ത് പറയാതിരിക്കണം എന്നറിയുന്നില്ല അത്രക്കാണ് ദ്വിതീയ ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധന്റെ പുണ്യങ്ങൾ.

ഇത്രയേറെ സാർവലൗകികമായി ആദരിക്കപ്പെടുന്ന വിശുദ്ധൻ വേറെയില്ല . ദാരിദ്യം, എളിമ , അനുസരണം , ക്ഷമ , ആത്മപരിത്യാഗം , പഞ്ചക്ഷതങ്ങൾ , തപശ്ചര്യ ,ദൈവഭക്തി , സെറാഫിനെ പോലെയുള്ള ദൈവസ്നേഹം , പ്രാർത്ഥന ചൈതന്യം , പ്രേഷിതപ്രവൃത്തി , സേവന സന്നദ്ധത , ഔദാര്യം …. അങ്ങനെ ഏത് എടുത്താലും വിശുദ്ധനെപ്പറ്റി പറഞ്ഞാൽ തീരില്ല. അതുകൊണ്ട് വളരെ കുറച്ചു മാത്രം ഞാൻ ഞാൻ വിവരിക്കട്ടെ . ‘ഭൃത്യനെ സേവിക്കുന്നതിനേക്കാൾ യജമാനനെ സേവിക്കുന്നതാണ് ശ്രേയസ്കരം ‘എന്ന് തിരിച്ചറിഞ്ഞ് ഇറങ്ങിത്തിരിച്ച ഫ്രാൻസിസ് ന്റെ ജീവിതത്തിലെ ചില ഏടുകൾ.

എളിമയിലും വിനയത്തിലും അഗ്രഗണ്യനായിരുന്നു അസ്സീസിയിലെ ഫ്രാൻസിസ്. പൗരോഹിത്യം സ്വീകരിക്കണമെന്ന് കർദിനാൾ ഉഗോളിനോ പലവട്ടം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. “തിരുമേനീ , മഹാപാപിയായ ഞാൻ മഹോന്നതമായ പൗരോഹിത്യ പദവി സ്വീകരിക്കാൻ യോഗ്യനല്ല ” …

40 ദിവസം ഭക്ഷണം കഴിക്കാതെ പ്രാർത്ഥനയിൽ കഴിച്ചു കൂട്ടിയ വിശുദ്ധൻ കഠിനതപസ്സിൽ തൻറെ ദിവ്യനാഥന് ഒപ്പം ആകാതിരിക്കാൻ ഒരപ്പതിൻറെ പകുതി ഭക്ഷിച്ചു എളിമ കൊണ്ട് …

പ്രാവിനെ പോലെ നിഷ്കളങ്കൻ :- സന്യാസ സഭക്ക് നിയമാവലി എഴുതിയുണ്ടാക്കി മാർപാപ്പയുടെ അംഗീകാരത്തിനായി റോമിൽ പോയി. ദീർഘയാത്ര കഴിഞ്ഞ് പൊടി പറ്റി വൃത്തികെട്ട വേഷത്തോടെ ഇന്നസെന്റ് തൃതീയൻ മാർപാപ്പയുടെ അടുത്തെത്തിയ ഫ്രാൻസിസ് നെയും കൂട്ടരെയും കണ്ടപ്പോൾ മാർപാപ്പയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവരുടെ ആവശ്യം കേട്ട് മാർപാപ്പ പറഞ്ഞു , “സുവിശേഷം പ്രസംഗിക്കാനോ ? നിങ്ങളോ ? വൃത്തികെട്ടവരായ നിങ്ങൾ പന്നികളുടെ കൂട്ടത്തിൽ പോയി അവരോട് പ്രസംഗിക്കുക , വേഗം ഇറങ്ങിപ്പോ , ഇവിടെ നിന്ന് “….ഫ്രാൻസിസ് ഒട്ടും നിരാശപ്പെട്ടില്ല. ആ വാക്കുകൾ ഒരു ഭാവഭേദവും വരുത്തിയില്ല .കൂട്ടുകാരെ വിളിച്ചുകൊണ്ട് വേഗം ഇറങ്ങിപ്പോയി …. അന്ന് രാത്രി സ്വപ്നം കണ്ട മാർപാപ്പക്ക് മനസ്സിലായി ഒരുപാട് കുതന്ത്രങ്ങളിൽ പെട്ടുഴലുന്ന തിരുസ്സഭയെ രക്ഷിക്കാൻ ദൈവം തിരുമനസ്സായിരിക്കുന്നത് താൻ ഇറക്കിവിട്ട ആ മനുഷ്യനിലൂടെയാണെന്നു.പിറ്റേ ദിവസം ഫ്രാൻസിസ് നെയും കൂട്ടരെയും അന്വേഷിച്ച് നാലുപാടും പാഞ്ഞ മാർപാപ്പയുടെ സേവകർ അവസാനം കണ്ടെത്തുമ്പോൾ ഫ്രാൻസിസ് ഒരു പന്നിക്കൂട്ടത്തോട് പ്രസംഗിക്കുകയായിരുന്നു .പാപ്പ അവരെ സ്വീകരിച്ച് ഖേദം പ്രകടിപ്പിച്ചു . ഫ്രാൻസിസ്ന് ആറാം പട്ടവും മറ്റുള്ളവർക്ക് ഒന്നാം പട്ടവും നൽകി.

വിവേകം : ഈജിപ്റ്റിലെ സുൽത്താനെ കാണാൻ ചെന്നപ്പോൾ ഇവർ ക്രിസ്ത്യാനികൾ ആയതുകൊണ്ട് ഒന്ന് പരീക്ഷിക്കാൻ സുൽത്താൻ തീരുമാനിച്ചു . കുരിശടയാളങ്ങൾ നെയ്ത പരവതാനി മുറിയിൽ വിരിച്ചു. അവർ അതിൽ ചവിട്ടിയാൽ അവരുടെ ദൈവത്തിനെ നിന്ദിച്ചെന്നു പറയാം. ഇനി ചവിട്ടാൻ വിസമ്മതിച്ചാൽ സുൽത്താനെ നിന്ദിച്ചതായി ആക്ഷേപിക്കാമെന്നു കരുതി. എന്നാൽ ഫ്രാൻസിസും സംഘവും യാതൊരു ശങ്കയും കൂടാതെ പരവതാനി ചവിട്ടികടന്നു സുൽത്താന്റെ അടുത്തെത്തി . സുല്ത്താന് സന്തോഷമായി. ക്രിസ്ത്യാനികളായ നിങ്ങൾ എന്തിനു കുരിശിൽ ചവിട്ടി എന്ന് ചോദിച്ചു. ഫ്രാൻസിസ് വിനയത്തോടെ പറഞ്ഞു. “അല്ലയോ സുൽത്താനെ , ഗാഗുൽത്താ മലയിൽ പല കുരിശുകൾ ഉണ്ടായിരുന്നു . രക്ഷകനായ ഈശോയുടെ കുരിശിനെ മാത്രമേ ഞങ്ങൾ വണങ്ങേണ്ടു. ഇവിടെ കിടക്കുന്നത് കള്ളന്മാരുടെ കുരിശുകൾ ആണ് . അതിൽ മാത്രമേ ഞങ്ങൾ ചവിട്ടിയുള്ളു “.

വി . ഫ്രാൻസിസ് അസ്സീസ്സി പറയുന്നു ,”മനുഷ്യരെ പ്രലോഭിപ്പിക്കുന്ന കാര്യത്തിൽ പിശാചിന് ലജ്ജയോ ക്ഷീണമോ മടിയോ ഇല്ല എന്ന വസ്തുത നാം ഗ്രഹിച്ചിരിക്കേണ്ടതാണ് “… എന്താണ് യഥാർത്ഥ ദാരിദ്ര്യ ചൈതന്യം ? “ഞാൻ ഒന്നുമല്ല ,എനിക്ക് ഒന്നുമില്ല , ഈ ലോകത്തിൽ ഉള്ളതൊന്നും എനിക്ക് വേണ്ട എന്ന മനോഭാവത്തിൽ ഒരുവൻ എത്തിച്ചേരുമ്പോൾ “എനിക്ക് ദൈവത്തെ വേണം ,ദൈവത്തെ മാത്രം മതി എന്ന അവസ്ഥയിലേക്ക് ഉയരും …ഇതല്ലേ ഈശോ പറഞ്ഞ ആത്മാവിലെ ദാരിദ്യ്രത്തിന്റെ കാതൽ ?

പ്രലോഭനങ്ങളെ നേരിടാൻ മഞ്ഞുകട്ടകൾ നിറഞ്ഞ കുഴിയിലും മുള്ളുകൾ നിറഞ്ഞ ചെടിയിലുമൊക്കെ കിടന്നുരുണ്ട ഫ്രാൻസിസ് നെ കീഴ്പ്പെടുത്താൻ പിശാചിന് കഴിഞ്ഞില്ല …. ആരെങ്കിലും വിരുന്നിനു ക്ഷണിച്ചാൽ പോലും അടുത്തുള്ള വീടുകളിൽ നിന്നു യാചിച്ച ഭക്ഷണം കഴിക്കും .. ഈശോയുടെ പീഡാനുഭവം നിരന്തരം ധ്യാനിച്ചു .ഒരു കുരിശടയാളമായിരുന്നു ഒപ്പ്. ഉടുപ്പ് കുരിശാകൃതിയിൽ …കുരിശിന്റെ ഉള്ളിൽ അദ്ദേഹം ജീവിച്ചു … തന്നോട് ദയയില്ലാതെയും മറ്റുള്ളവരോട് കരുണാപൂർവവും പെരുമാറി …കുഷ്ഠരോഗികളുടെ മുറിവുകളെ ഈശോയുടെ തിരുമുറിവിനെപ്പോലെ ചുംബിച്ചു……മാർത്തായെപോലെ പ്രവർത്തിച്ച് തിരിച്ചുവന്നു മറിയത്തെ പോലെ ധ്യാനത്തിൽ മുഴുകി …

‘പാപം ചെയ്യാൻ പ്രേരണ നൽകുന്ന സ്വശരീരത്തെ ഏതെല്ലാം വിധത്തിൽ കഷ്ടപെടുത്തിയാലും തരക്കേടില്ല. നല്ല ദൈവത്തെ മേലാൽ ഉപദ്രവിക്കരുത് ‘ ഇതായിരുന്നു ഫ്രാൻസിസ് ന്റെ ദൃഢനിശ്ചയം . ‘ദൈവസ്നേഹം ‘ എന്ന വാക്ക് കേട്ടാൽ അദ്ദേഹം സ്നേഹത്തിൽ വികാരഭരിതനായി സ്വയം മറക്കുമായിരുന്നു. ദൈവസ്നേഹാധിക്യം നിമിത്തം സെറാഫിക് പുണ്യവാൻ എന്നാണു അദ്ദേഹത്തെ തിരുസഭ വിളിക്കുന്നത്. ധ്യാനാവസരങ്ങളിൽ അറിയാതെ ആകാശത്തിലേക്കുയർന്നു പോകുമായിരുന്നു.

സ്നേഹത്തിൽ നിന്നും ശ്രദ്ധയിൽ നിന്നും ആരെയും മാറ്റി നിർത്തിയില്ല.

കഷ്ടപ്പാടുകളെയും വേദനകളെയും സഹോദരി എന്ന് വിളിച്ച വിശുദ്ധൻ മരണം അടുത്തെന്നു വൈദ്യൻ പറഞ്ഞപ്പോൾ ആഹ്ലാദഭരിതനായി പറഞ്ഞു ‘സഹോദരി മരണമേ, സ്വാഗതം ‘ … രക്ഷകനായ ഈശോയെപോലെ പീഡകൾ സഹിക്കാനും നഗ്നനായി ഈലോകവാസം വെടിയാനും ആവേശം കൊണ്ട ഫ്രാൻസിസ് പോർസ്സ്യുങ്കുലായിൽ വെച്ചു സങ്കീർത്തനങ്ങൾ കേട്ട് കിടന്നു മരണത്തെ പുൽകി.

വി . ഫ്രാൻസിസ് ക്രിസ്തുവിനെ ലോകത്തിനു നൽകി. മന്ദീഭവിച്ചു കിടന്ന ലോകത്തെ തട്ടിയുണർത്തി യേശുവിലേക്കാനയിച്ചു. അസ്സീസിയിലെ വിശുദ്ധൻ ഈ ലോകത്തെ വിട്ടുപോയെങ്കിലും അദ്ദേഹം സ്ഥാപിച്ച മൂന്നു സന്യാസസഭകളിലെ അംഗങ്ങളിൽകൂടി ലോകത്തിൽ ജീവിക്കുന്നു. വിശുദ്ധന് ഈ ലോകത്തിൽ ചെയ്യാൻ സാധിച്ച ഏറ്റവും ശ്രേഷ്ഠമായ കാര്യം ലോകരക്ഷകനായ ഈശോമിശിഹായെ സർവാത്മനാ അനുകരിക്കുകയും അവിടുത്തോടുള്ള സജീവമായ ഭക്തി ജനമധ്യത്തിൽ ഉജ്ജ്വലിപ്പിക്കുകയും ചെയ്തുകൊണ്ട് , സുവിശേഷാത്മകമായ ജീവിതവും ക്രിസ്തുമത പ്രേഷിതത്വവും കത്തോലിക്കാ സഭയിൽ പുനഃസ്ഥാപിച്ചു പുലർത്തി എന്നതാണ് .

സ്നേഹപൂർവ്വം

ജിൽസ ജോയ്

Advertisements
Advertisements

Leave a comment