Uncategorized

എല്ലാം ഉപേക്ഷിച്ചു അവന്റെ പിന്നാലെ

🙏🙏🔥🔥🙏🙏🔥🔥
എല്ലാം ഉപേക്ഷിച്ചു
അവന്റെ പിന്നാലെ
🙏🙏🔥🔥🙏🙏🔥🔥

ഇന്ത്യയിലെ അറിയപ്പെടുന്ന ഓഡിറ്റിങ് കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിലെ ജോലിയും സി എ പഠനവും ഉപേക്ഷിച്ചു എം സ് എം ഐ സന്യാസ സഭയിൽ ചേർന്ന് സഭാ വസ്ത്രം സ്വീകരിച്ചു ക്രിസ്തുവിന്റെ മണവാട്ടിയായി തീർന്ന ഒരു ധീര യുവതിയുടെ അനുഭവസാക്ഷ്യം
✝✝✝✝✝✝✝✝

തൃശൂര്‍ സ്വദേശികളായ എന്റെ മാതാപിതാക്കള്‍ മുംബൈയിലേക്ക് കുടിയേറി അധികം താമസിയാതെയാണ് സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന കാര്യങ്ങള്‍ക്കായി കല്യാണ്‍ രൂപത സ്ഥാപിതമായത്. മുംബൈ യിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. മഹാരാഷ്ട്ര ഗവണ്‍മെന്റിന് വേണ്ടി ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്ത എന്റെ പിതാവും കുടുംബിനിയായ അമ്മയും എനിക്കും സഹോദരനും ഏറ്റവും മികച്ച വിദ്യാഭ്യാസവും മറ്റ് എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു.
വലിയ സ്വപ്‌നങ്ങള്‍ കാണുവാനും ഉത്തരവാദിത്വബോധമുള്ള സ്വതന്ത്രമനുഷ്യരായി വളരാനും ഉയര്‍ന്ന ജോലികള്‍ നേടുന്നതിനു വേണ്ടി പരിശ്രമിക്കുന്നതിനുമുള്ള പരിശീലനമാണ് അവര്‍ നല്‍കിയത്. വിദ്യാഭ്യാസത്തിന് പുറമെ പാഠ്യേതരമേഖലകളായ സ്‌പോര്‍ട്‌സ്, ഡാന്‍സ്, അഭിനയം എന്നിവയിലും മികവു പുലര്‍ത്തി. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മുംബൈയിലെ ഒരു പ്രാദേശിക തിയറ്റര്‍ ഗ്രൂപ്പിലെ അംഗമായിരുന്നു.
എന്നാല്‍ ഡിഗ്രിക്ക് ശേഷം സിഎ പരീക്ഷയ്ക്കുവേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടിയിരുന്നതിനാല്‍ അഭിനയത്തോടും മറ്റ് പാഠ്യേതരപ്രവര്‍ത്തനങ്ങളോടും വിടപറഞ്ഞു. അന്ന് ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ഓഡിറ്റിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സില്‍ ആ കാലഘട്ടത്തില്‍ എനിക്ക് ജോലി ലഭിച്ചു. അങ്ങനെ ജോലി മേഖലയില്‍ ചെറിയ പ്രായത്തില്‍ത്തന്നെ മികച്ച തുടക്കം ലഭിച്ചു.
21 വയസുള്ള ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്ന തരത്തിലുള്ള നല്ലൊരു കുടുംബാന്തരീക്ഷവും നല്ല ജോലിയും ഉണ്ടായിരുന്നിട്ടും കൂടുതലായി എന്തിനോ വേണ്ടിയുള്ള ആഗ്രഹം എന്റെ ഉള്ളില്‍ ഉടലെടുത്തു. ആദ്യ കാലങ്ങളില്‍ ഇത് വെറുമൊരു തോന്നലായി തള്ളിക്കളഞ്ഞുവെങ്കിലും ഒരോ വര്‍ഷം കഴിയുന്തോറും ഈ തോന്നല്‍ ശക്തമാകാന്‍ തുടങ്ങി. എന്തിനേറെ, ഞായാറാഴ്ച കുര്‍ബാനയും ക്രിസ്മസ്, ഈസ്റ്റര്‍ പോലുള്ള ആഘോഷങ്ങളും പോലും സാമൂഹിക ചടങ്ങായി മാത്രമാണ് അന്നെനിക്ക് തോന്നിയത്.

ഈ അസംതൃപ്തി കൂടുതല്‍ ആഴമായ അന്വേഷണത്തിലേക്കാണ് എന്നെ നയിച്ചത്. ഭൗതിക ലോകത്തിന് ഉപരിയായ എന്തോ ആണ് ഞാന്‍ തേടുന്നതെന്ന തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിലും അതെന്താണെന്നുള്ളതിനെക്കുറിച്ച് കൃത്യമായ ബോധ്യം അന്ന് ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ അമ്പലങ്ങളിലും ന്യൂ ഏജ് പ്രസ്ഥാനങ്ങളിലും എത്തിപ്പെട്ടെങ്കിലും അവിടെയും ശൂന്യത മാത്രമാണ് ലഭിച്ചത്.
മക്കളുടെ നിശബ്ദതയില്‍പ്പോലും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്ന അമ്മ എന്ന അത്ഭുതമാണ് ആ വിഷമഘട്ടത്തില്‍ എനിക്ക് തുണയായത്. ദൈവസ്‌നേഹമാണ് ഞാന്‍ തേടുന്നതെന്ന് അമ്മ തന്റെ അനുഭവജ്ഞാനത്തില്‍നിന്ന് തിരിച്ചറിഞ്ഞിരിക്കണം. ഞാന്‍ ദാഹിക്കുന്ന ആ സ്‌നേഹം എനിക്ക് ലഭിക്കുന്നതിനായി അമ്മ പരിത്യാഗപ്രവൃത്തികളോടെ പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു.
അവസാനം ആ ദിവസം വന്നെത്തി. എന്റെ ജീവിതം എന്നേക്കുമായി മാറ്റിമറിച്ച ദിവസം. വിന്‍സെന്‍ഷ്യന്‍ വൈദികര്‍ കല്യാണില്‍ നടത്തുന്ന താബോര്‍ ധ്യാന കേന്ദ്രത്തിലെ ധ്യാനത്തില്‍ വച്ച് ദൈവത്തിന് എന്നോടുള്ള സ്‌നേഹം ഞാന്‍ അനുഭവിച്ചു. 22-ാമത്തെ വയസിലായിരുന്നു ഈ അനുഭവം. തന്റെ ഏകപുത്രനെ ലോകത്തിന് നല്‍കാന്‍ പോലും മടിയില്ലാത്ത (യോഹ. 3:16) വ്യവസ്ഥയില്ലാത്ത സ്‌നേഹം തന്നെയാണ് എന്റെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ പോലും അവനെ പ്രേരിപ്പിച്ചതെന്നും(റോമ 5:8) ആ സ്‌നേഹത്തിന്റെ പരിണതഫലമായാണ് കാലത്തിന്റെ അന്ത്യത്തോളം എന്നോട് കൂടിയായിരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നതെന്നും(മത്താ. 28:2) ഞാനന്ന് തിരിച്ചറിഞ്ഞു.
കുടുംബത്തെയും സുഹൃത്തുക്കളെയും ഇടവകയെയും വിശുദ്ധ ഗ്രന്ഥത്തെയും കൂദാശകളെയും എനിക്ക് ലഭിച്ച വിശ്വാസ അഗ്നിയുടെ വെളിച്ചത്തില്‍ ഞാന്‍ കാണാന്‍ ആരംഭിച്ചു. അനുഷ്ഠിക്കപ്പെടേണ്ട കടമകള്‍ എന്നതിലുപരി ദൈവികകൃപാവരം സ്വീകരിക്കാനുള്ള അവസരങ്ങളായി കൂദാശ സ്വീകരണത്തിന്റെ വേളകള്‍ മാറി.
സന്യാസജീവിതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട് ജോലി രാജിവയ്ക്കാനും സിഎയ്ക്കു വേണ്ടിയുള്ള പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാനും ഞാന്‍ തീരുമാനിച്ചു. എന്നാല്‍ പവിത്രമായ ഈ വിളി സ്വീകരിക്കാന്‍ അര്‍ഹതയുണ്ടോ എന്ന ചിന്തയും കുടുംബാംഗങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തകരുമെന്ന വേദനയും നിമിത്തം എനിക്ക് ഉറച്ച തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. പക്ഷേ ഒരിക്കല്‍പ്പോലും മാതാപിതാക്കള്‍ സന്യാസജീവിതാന്തസ് തെരഞ്ഞെടുക്കുന്നതില്‍നിന്ന് എന്നെ പിന്തിരിപ്പിച്ചില്ല.
കോണ്‍വന്റില്‍ ചേര്‍ന്ന് ആറ് മാസങ്ങള്‍ക്ക് ശേഷം എന്നെക്കുറിച്ചും എന്റെ തീരുമാനത്തെക്കുറിച്ചും അഭിമാനം ഉണ്ടെന്ന് അറിയിച്ച് എന്റെ പിതാവ് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ഞാനിന്നും അമൂല്യമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്റെ നാമത്തെ പ്രതി സഹോദരങ്ങളെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ഉപേക്ഷിക്കുന്നവര്‍ക്ക് ഈ ലോകത്തില്‍ നൂറുമടങ്ങും വരാനിരിക്കുന്ന ലോകത്തില്‍ നിത്യജീവനും ലഭിക്കുമെന്ന(മത്തായി 19:29)
ക്രിസ്തുവിന്റെ ഉറപ്പില്‍ വിശ്വസിച്ച് മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സമൂഹത്തില്‍ ഞാന്‍ അംഗമായി. എന്റെ യഥാര്‍ത്ഥ അമ്മയായ പരിശുദ്ധ അമ്മയുടെ വഴിനടത്തലും മധ്യസ്ഥവുമാണ് അമ്മയുടെ പേരില്‍ സ്ഥാപിതമായ ഈ സന്യാസ സമൂഹത്തിലേക്ക് എന്നെ നയിച്ചത്. ഈശോയുടെ വാഗ്ദാനം പോലെ വാത്സല്യനിധികളായ അമ്മമാരെയും സംരക്ഷണം നല്‍കുന്ന അപ്പന്‍മാരെയും കുഞ്ഞുമക്കളെയും ശുശ്രൂഷാ ജീവിതത്തില്‍ എനിക്ക് ലഭിച്ചു.
നമ്മുടെ കുരിശുമെടുത്ത് ക്രിസ്തുവിന് പിന്നാലെ നടത്തുന്ന യാത്രയാണല്ലോ ക്രൈസ്തവ ജീവിതം. അതുപോലെ തന്നെ സന്യാസജീവിതത്തിനും അതിന്റേതായ കുരിശുകളുണ്ട്. നിരാശയുടെയും പ്രതിസന്ധിയുടെയും പ്രലോഭനങ്ങളുടെയും നിമിഷങ്ങള്‍ ഉണ്ടാവുമെങ്കിലും മനസിന്റെ അടിത്തട്ടില്‍ ആര്‍ക്കും എടുത്തുകളയാനാവാത്ത സന്തോഷം നിറഞ്ഞു നില്‍ക്കുന്നു.
12 വര്‍ഷത്തെ സന്യാസ ജീവിതം പിന്നിടുമ്പോള്‍ വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ എനിക്കും ആവര്‍ത്തിക്കുവാന്‍ സാധിക്കും ”ദൈവത്തോടുള്ള സ്‌നേഹമാണ് ഏറ്റവും വലിയ പ്രണയം. ദൈവത്തെ തേടലാണ് ഏറ്റവും വലിയ സാഹസം. അവിടുത്തെ കണ്ടെത്തുക ഏറ്റവും വലിയ നേട്ടവും.”

സിസ്റ്റര്‍ പൗളിന എം.എസ്.എം.ഐ

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.