Uncategorized

കര്‍ക്കിടകത്തില്‍ പത്തില കറി

*കര്‍ക്കിടകത്തില്‍ രുചിയേറും പത്തില കറി*

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കര്‍ക്കിടകത്തില്‍ ധാരാളം പച്ചില കറികള്‍ കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ സമയത്ത് കഴിക്കാന്‍ പറ്റിയ ഒന്നാണ് പത്തില കറി. ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് അറിഞ്ഞിരിക്കാം. ആദ്യം ഇതിനാവശ്യമായ ഇലകള്‍ പരിചയപ്പെടാം…

താള്, തകര, തഴുതാമ, മത്തനില, പയറില, ചേനയില, പച്ചചീര, കൂവളം, ചേമ്പില, ചൊറിയാണം( ചൊറിയന്‍തുമ്പ) എന്നിവയാണ് പത്തില കറിക്കാവശ്യം. പഞ്ഞമാസക്കാലത്തെ പ്രധാനവിഭവമാണ് പത്തിലതോരന്‍. ഭക്ഷ്യയോഗ്യമായ ഏത് ഇലയും എടുക്കാം. പയര്‍, തഴുതാമ, മത്ത, കുമ്പളം, ചീര, തകര എന്നു തുടങ്ങി ചൊറിയന്‍തുമ്പ(കൊടിത്തൂവ) വരെ എടുക്കുന്നവരുണ്ട്.

താളിന്റെ ഇല – 10 തണ്ട്, തകരയില – ഒരുപിടി, പയറില – 15 തണ്ട്, എരുമത്തൂവയില – 10 തണ്ട്, ചെറുകടലാടി ഇല – ഒരുപിടി, മത്തന്‍ ഇല – 10 എണ്ണം, കുമ്പളത്തില – 10 എണ്ണം, ചെറുചീരയില – ഒരുപിടി, തഴുതാമയില – ഒരുപിടി, തൊഴകണ്ണിയില – ഒരുപിടി.

*തയാറാക്കുന്നവിധം*

*ഇലകള്‍ എല്ലാംശേഖരിച്ച് ശുദ്ധമായവെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക. എല്ലാ ഇലകളും ഒരേസമയം ശേഖരിക്കാന്‍ ശ്രമിക്കുക. ഇലകള്‍ വാടി രുചി നഷ്ടപ്പെടാതിരിക്കാനാണിത്. വെള്ളത്തില്‍ നന്നായികഴുകിയെടുത്ത ഇലകള്‍ ചെറുതായി അരിഞ്ഞെടുക്കുക. പത്തുകൂട്ടം ഇലകളും ഉപ്പു ചേര്‍ത്ത് നന്നായിവേവിച്ച് ചോറിന് കറിയായി ഉപയോഗിക്കാം. ആവശ്യക്കാര്‍ക്ക് പച്ചമുളകും തേങ്ങാചിരവിയതും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ അല്‍പം ചേര്‍ക്കുന്നത് കറിക്ക് കൂടുതല്‍ രുചിലഭിക്കാന്‍ സഹായിക്കും*.

*പത്തില പുരാണം*

‘കായേം ചേനേം മുമ്മാസം..
ചക്കേം മാങ്ങേം മുമ്മാസം..
താളും തകരേം മുമ്മാസം..
അങ്ങനേം ഇങ്ങനേം മുമ്മാസം’

മലയാളിയുടെ ഭക്ഷണശീലത്തെക്കുറിച്ചു പൊതുവേയുള്ള ചൊല്ലാണിത്.

*ഇലക്കറികൾക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന കാലം അവസാന മൂന്നു മാസങ്ങളാണ്. ഇതിൽത്തന്നെ കർക്കടകമാണ് ഇലക്കറികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതിന്റെയും ഭക്ഷണ ശീലങ്ങൾ പിന്തുടരുന്നതിന്റെയും കാലം*.
*കർക്കടകത്തിൽ പത്തില കഴിക്കണം എന്നാണു ചൊല്ല്*.

നമ്മുടെ തൊടികളിൽ ആർക്കും വേണ്ടാതെ വളരുന്ന താളിനും തകരയ്‌ക്കുമൊക്കെ ഭക്ഷണമേശയിലേക്കു സ്‌ഥാനക്കയറ്റം കിട്ടുന്ന നാളുകളായിരുന്നു കർക്കടകം. അടുക്കളയുടെ സാമ്പത്തിക ശാസ്ത്രത്തോടൊപ്പം ആരോഗ്യ ശാസ്ത്രവും ഒത്തുചേർന്ന നാളുകളിൽ അസുഖങ്ങൾ പടിക്കു പുറത്തായിരുന്നു.
കർക്കടകത്തിന്റെ ആരോഗ്യപ്രാധാന്യമറിയുന്ന നമ്മുടെ മുൻതലമുറ അതുകൊണ്ടുതന്നെയാണു കർക്കടകക്കഞ്ഞിയും കർക്കടക ചികിൽസയുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കിയത്. ‘നെയുർണി താള് തകര തഴുതാമ കുമ്പളം മത്ത വെള്ളരി ആനക്കൊടിത്തൂവാ ചീര ചേന ചേർന്നാൽ പത്തില’ യെന്നു വാമൊഴി. (പയർ ഇല, മുക്കുറ്റി, കീഴാർനെല്ലി എന്നിവയും ചില പ്രദേശങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.)

∙ താള് : നമ്മൾ ഏറ്റവും കൂടുതൽ അവഗണിച്ചു കടന്നു പോകുന്ന ഒരു സസ്യമാണു താള്. താളിന്റെ തളിരില കൊണ്ടു വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നു. ഔഷധ ഗുണം ഏറെയുള്ള താള് ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്. കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു.

∙ തകര : നമ്മുടെ ആയുർവേദത്തിൽ മാത്രമല്ല തകര ഇടം നേടിയിട്ടുള്ളത്. ചൈനീസ് ചികിൽസാ രീതിയിലും തകര പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. മലബന്ധത്തിനും നേത്രരോഗത്തിനും ത്വക് രോഗങ്ങൾക്കും പ്രതിവിധിയായി തകര ഉപയോഗിക്കുന്നുണ്ട്.

∙ തഴുതാമ : നിലം പറ്റി വളരുന്ന ഔഷധ സസ്യമായ തഴുതാമയുടെ ഇല കർക്കടക മാസത്തിലാണു സാധാരണയായി കറിവയ്ക്കാൻ ഉപയോഗിക്കുന്നത്. ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ തഴുതാമ മൂത്ര വർധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പിത്തം, ഹൃദ്രോഗം, ചുമ എന്നിവയ്ക്കും തഴുതാമ ഔഷധമായി നിർദേശിക്കുന്നു.

∙ കുമ്പളം: ഓലൻ പോലുള്ള വിഭവങ്ങൾ തയാറാക്കാൻ കുമ്പളങ്ങ ഉപയോഗിക്കുമ്പോൾ കുമ്പളത്തിന്റെ ഇല കർക്കടകത്തിൽ കറിക്കായി ഉപയോഗിക്കുന്നു. രക്തശുദ്ധി വരുത്തുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഫലപ്രദം.

∙ മത്ത: നിലത്തു പടർന്നു വളരുന്ന വള്ളിയിനമായ മത്തയുടെ ഇല കറിക്കായി അധികം ഉപയോഗിക്കാറില്ല. എന്നാൽ പത്തിലക്കറിയിൽ പ്രമുഖ സ്ഥാനം മത്തയുടെ ഇലയ്ക്കു നൽകുന്നുണ്ട്. തളിരിലയാണു കറിവയ്ക്കാൻ ഉത്തമം.

∙ വെള്ളരി: വള്ളിയിനമാണു വെള്ളരിയും. വിറ്റാമിൻ എ കൂടുതൽ അടങ്ങിയിരിക്കുന്ന വെള്ളരി നേത്രസംരക്ഷണത്തിനു മികച്ചതാണ്.

∙ ചീര: ഇലയിനങ്ങളിൽ ഏറ്റവുമധികം ഔഷധഗുണം ചീരയ്ക്ക് എന്നു പറയാം. വിറ്റാമിൻ എ, സി എന്നിവ ചീരയിൽ അടങ്ങിയിരിക്കുന്നു. ഇരുമ്പ് ധാരാളമായി ഉള്ളതിനാൽ വിളർച്ചയ്ക്കും നല്ല ഔഷധമാണ്.

∙ ചേന: ചേനയുടെ തണ്ടിനൊപ്പം ഇലയും കറിക്കായി ഉപയോഗിക്കുന്നുണ്ട്. ചേന ഇല തനിച്ചും കറി വയ്ക്കുന്നു. നാരുകൾ, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കാട്ടുചേനയ്ക്കാണ് ഔഷധ ഗുണമേറുന്നത്.

∙ ആനക്കൊടിത്തൂവ, ആനച്ചൊറിയണം: ചൊറിച്ചിൽ ഉണ്ടാക്കുന്ന ഇലയോടു കൂടിയ ചെടിയുടെ ഇല തോരനായി ഉപയോഗിക്കാം. തളിരില വേണം ഉപയോഗിക്കാൻ. വിവിധ തരം ആസിഡുകൾ അടങ്ങിയിട്ടുള്ള ഇവ ഔഷധഗുണമുള്ളതാണ്. സൂക്ഷിച്ച് ഉപയോഗിക്കണം എന്നു മാത്രം. കർക്കടകത്തിലെ ആദ്യ ദിവസങ്ങളിൽ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നു പഴമക്കാർ പറയുന്നുണ്ട്. (ഓടിച്ചെന്ന് ഇല പറിച്ചു കറിവയ്ക്കരുതെന്നർഥം)

∙ നെയുർണി: അഞ്ചു വിരലുള്ള കൈപോലെയുള്ള ഇലകളോടു കൂടിയ ചെടിയാണു നെയുർണി. ഇല, തണ്ട്, ഫലം എന്നിവ ഔഷധഗുണങ്ങളുള്ള ഭാഗങ്ങളാണ്. എന്നാൽ പല പ്രദേശങ്ങളിലും നെയുർണി പത്തില കൂട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

∙ കീഴാർനെല്ലി : നെല്ലിയിലകൾ പോലെ തന്നെയാണു കീഴാർനെല്ലിയുടേയും ഇലകൾ. ആയുർവേദ മരുന്നായിട്ടാണു കീഴാർനെല്ലി ഉപയോഗിക്കുന്നത്. ചിലപ്രദേശങ്ങളിൽ വകഭേദമായി പത്തിലക്കൂട്ടിൽ എത്തിപ്പെടുന്നുണ്ട്.

∙ മുക്കുറ്റി : ഇല അരച്ചു മോരിൽ ചേർത്തു കുടിക്കാൻ സാധാരണ ഗതിയിൽ നിർദേശിക്കാറുണ്ട്. വയറിളക്കത്തിന് ഏറ്റവും നല്ല മരുന്നാണ്. കഫക്കെട്ടിനുള്ള മരുന്നായും മുക്കുറ്റി ഉപയോഗിക്കുന്നു.

∙ പയർ ഇല : ശരീര ശുദ്ധിക്ക് ഉത്തമമാണു പയർ ഇല. നന്നായി കഴുകി വേണം ഇല ഉപയോഗിക്കാൻ. വെള്ളത്തിൽ ഇല ഇട്ടു വയ്ക്കുന്നതു നല്ലതാണ്.

 

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.