പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

ഇന്നത്തെ സുവിശേഷത്തിന്റെ (യോഹ 16/12-15) കാതൽ, പരിശുദ്ധ ത്രിത്വവുമായുള്ള നമ്മുടെ ജീവിത ബന്ധമാണ്. ഈ ബന്ധത്തിന്റെ കണ്ണി പരിശുദ്ധാത്മാവാണ്” സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും.” (യോഹ 16/13). സത്യത്തിന്റെ പൂർണ്ണത, വചനത്തിന്റെ പൂർണ്ണതയാണ്. “അവിടുത്തെ വചനമാണ് സത്യം.”(യോഹ 17/17). വചനത്തിന്റെ പൂർണ്ണത, പിതാവിന്റെ ഏകജാതനായ യേശുവാണ്. (യോഹ 1/14)
ക്രിസ്തീയ വിശ്വാസമനുസരിച്ചു യേശു തന്നെയാണ് വിശുദ്ധ വചനം. (യോഹ 1/1) വചനം വീണ്ടും പറയുന്നു: “എന്നാൽ അവന്റെ വചനം പാലിക്കുന്നവനിൽ സത്യമായും ദൈവസ്നേഹം പൂർണ്ണത പ്രാപിച്ചിരിക്കുന്നു. നാം അവനിൽ വസിക്കുന്നുവെന്നു ഇതിൽനിന്നു നാം അറിയുന്നു.”
(1യോഹ 2/5))
അപ്പോൾ ഇന്നത്തെ സുവിശേഷം, വചനമാകുന്ന യേശുവിനോടു താതാത്മ്യം പ്രാപിക്കാൻ നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിനെ കാണിച്ചുതരുന്നു.
നമ്മുടെ വിശുദ്ധീകരണം എന്നുപറയുന്നത്, യേശുവിനോടുള്ള ഈ താതാത്മ്യം പ്രാപിക്കലാണ്. അതിനുവേണ്ടിയാണ് യേശു ലോകത്തിലേക്കു വന്നത്. യേശു പ്രാർത്ഥിക്കുന്നു: “അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ”.
(യോഹ 17/17).
പിതാവ് യേശുവിനെ ലോകത്തിലേക്കു അയച്ചതും (യോഹ 10/36) യേശു തന്നെത്തന്നെ വിശുദ്ധീകരിക്കുന്നതും (യോഹ 17/19) നമ്മൾ യേശുവിൽ, സത്യത്തിൽ, വചനത്തിൽ വിശുദ്ധീകരിക്കപ്പെടാനാണ്. മറ്റൊരുവാക്കിൽ പറഞ്ഞാൽ, ത്രിത്വത്തിന്റെ കൂട്ടായ്മയിൽ, അതായതു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയിൽ ജീവിക്കുന്ന ഒരു വ്യക്തിയിൽ യേശുവിന്റെ രക്ഷാകര ദൗത്യം ഫലമണിയുന്നു, യേശുവിന്റെ സ്വപ്നം ഫലമണിയുന്നു. അതുതന്നെയാണ്, ഈ കാലഘട്ടത്തിലെ നമ്മുടെ വെല്ലുവിളിയും.

ദൈവം നമ്മെ സഹായിക്കട്ടെ !

നല്ല ദിവസം !

റോയ് പുലിയുറുമ്പിൽ mcbs

Leave a comment