Health

On Blood Donation രക്തം ദാനം ചെയ്യുമ്പോള്‍

രക്തദാനം ചെയ്യുന്നവര്‍ ഇതുകൂടി അറിയുക

മനുഷ്യരക്തത്തിനു പകരം വയ്ക്കാവുന്ന ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. അവിടെയാണ് രക്തദാനത്തിന്റെ പ്രസക്തി. രക്തദാനം ജീവദാനമാണ്. രക്തം ആവശ്യമുളളവര്‍ക്ക് അത് മറ്റൊരാള്‍ ദാനം ചെയ്‌തേ മതിയാവൂ. അപകടങ്ങളില്‍ പെടുന്ന പകുതിയിലധികം പേരും മരിക്കുന്നത് ശരിയായ സമയത്ത് രക്തം ലഭിക്കാത്തതിനാലാണ്.

അവര്‍ക്ക് രക്തം കിട്ടിയിരുന്നെങ്കില്‍…?

ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതാണ് നമുക്ക് സമൂഹത്തിനു ചെയ്യാന്‍ കഴിയുന്ന സംഭാവന. എന്നാല്‍ രക്തദാനത്തെ സംബന്ധിച്ച് ശരിയായ അറിവില്ലാത്തതു മൂലം അതിന് വൈമുഖ്യം കാണിക്കുന്നവര്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. രക്തദാനം സംബന്ധിച്ച് നിലനില്‍ക്കുന്ന തെറ്റായ വിശ്വാസങ്ങളും ഭയവുമാണ് ഈ വൈമുഖ്യത്തിന് പ്രധാന കാരണം. രക്തദാനം ഒരു സദ്പ്രവൃത്തിയാണെന്നും ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല എന്നും ശാസ്ത്രീയമായി ബോദ്ധ്യപ്പെടുത്തുക വഴി തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാം.അപകടങ്ങള്‍ നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാമാര്‍ഗമാണ്.

രക്തം ദാനം ചെയ്യുമ്പോള്‍……………………….!!!!!!!!!!!!!!!!!!!!!!!!!!!!!!!!

* 18 നും 55 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം

* രോഗ ബാധയുള്ളപ്പോള്‍ രക്തദാനം പാടില്ല

* രക്തദാന വേളയില്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായിരിക്കണം

* ശരീരഭാരം 45 കിലോഗ്രാം എങ്കിലും ഉണ്ടായിരിക്കണം

ഇവര്‍ രക്തദാനം ചെയ്യരുത്…………………………………!!!!!!!!!!!!!!!!!!!!!

* എച്ച്.ഐ.വി, സിഫിലിസ്, മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങളുള്ളവര്‍

* മയക്കുമരുന്നിന് അടിമപ്പെട്ടവര്‍

* രക്തദാനത്തിന് 24 മണിക്കൂറിനുളളില്‍ മദ്യം ഉപയോഗിച്ചവര്‍

* ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അടുത്തിടെ ഗര്‍ഭം അലസിയവര്‍

* ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ രക്തദാനം ചെയ്യരുത്

* ഹൃദ്രോഗം, വൃക്കത്തകരാറുകള്‍, ആസ്ത്മ, കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍

* രോഗചികിത്സയ്ക്കായി സ്റ്റീറോയ്ഡ്, ഹോര്‍മോണ്‍ എന്നിവ അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നവര്‍.

സാധാരണയായി ഒരാളുടെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. 350 മില്ലി ലിറ്റര്‍ രക്തമാണ് ഒരാളില്‍ നിന്ന് ഒരിക്കല്‍ ശേഖരിക്കുന്നത്. ഇങ്ങനെ നഷ്ടമാകുന്ന രക്തം 24 മുതല്‍ 48 വരെ മണിക്കൂറിനുള്ളില്‍ ശരീരം പുനരുത്പാദിപ്പിക്കും.

ഒരു വ്യക്തിയില്‍ നിന്ന് ശേഖരിക്കപ്പെടുന്ന രക്തം പലവിധ പരിശോധനകള്‍ക്ക് ശേഷമാണ് മറ്റൊരാളില്‍ ഉപയോഗിക്കുന്നത്.

രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച്‌ഐവി, മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തം സ്വീകരിക്കു.

പരമാവധി 30 മിനിറ്റാണ് രക്തദാനത്തിന് ആവശ്യമായ സമയം. രക്തം ശരീരത്തില്‍ നിന്ന് എടുത്ത ശേഷം പഴച്ചാറുകളോ മറ്റ് ഏതെങ്കിലും പാനീയങ്ങളോ കഴിക്കാവുന്നതും ജോലികളില്‍ ഏര്‍പ്പെടാവുന്നതുമാണ്. എന്നാല്‍ കഠിനമായ ജോലികളില്‍ നിന്നും കായിക വ്യായാമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്.

ഇതുകൂടി അറിയുക……………….!!!!!!!!!!!!!!!!!!!!!!

ചുവന്ന രക്താണുക്കളുടെ ആവരണത്തിലെ ആന്റിജന്റെ സാന്നിധ്യമോ അസാന്നിധ്യമോ അടിസ്ഥാനമാക്കിയാണ് പ്രധാനമായും രക്തഗ്രൂപ്പുകള്‍ തരം തിരിക്കുന്നത്. ഒ പോസിറ്റീവ്, ഒ നെഗറ്റീവ്, ബി പോസിറ്റീവ്, ബി നെഗറ്റീവ്, എ പോസിറ്റീവ്, എ നെഗറ്റീവ്, എ.ബി. പോസിറ്റീവ്, എ.ബി. നെഗറ്റീവ് എന്നിവയാണ് രക്തഗ്രൂപ്പുകള്‍. “എ,ബി,ഒ” വ്യവസ്ഥയില്‍ “എ.ബി” ഗ്രൂപ്പാണ് ഏറ്റവും വിരളം. നമ്മുടെ ജനസംഖ്യയില്‍ “ഒ” ഗ്രൂപ്പുകാര്‍ 42 ശതമാനം വരും.”ബി” ഗ്രൂപ്പ് 27 ശതമാനം, “എ” ഗ്രൂപ്പ് 25 ശതമാനം, “എ.ബി” ഗ്രൂപ്പ് ആറു ശതമാനം എന്നിങ്ങനെയാണ് കണക്ക്.

ആര്‍.എച്ച്. വ്യവസ്ഥ പരിഗണിച്ചാല്‍, ജനസംഖ്യയുടെ 93 ശതമാനം പേര്‍ ആര്‍.എച്ച്. പോസിറ്റീവ് ആയിട്ടുള്ളവരാണ്. ഏഴു ശതമാനം മാത്രമേ ആര്‍.എച്ച്. നെഗറ്റീവ് ആയിട്ടുള്ളൂ. രക്ത ഗ്രൂപ്പ് തുല്യമാണെങ്കിലും, ഒരു വ്യക്തിയില്‍നിന്ന് സ്വീകരിക്കുന്ന രക്തം പല പരിശോധനകള്‍ക്കും വിധേയമാക്കുന്നു. രക്തഗ്രൂപ്പ് നിര്‍ണയം കൂടാതെ, പ്രതിദ്രവ്യങ്ങളുടെ പരിശോധന, രക്തം വഴി പകരാവുന്ന അസുഖങ്ങള്‍ എന്നിങ്ങനെ നിരവധി പരിശോധനകള്‍ നടത്തപ്പെടുന്നു. അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്; പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്നത് ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു.

 

 

 

Advertisements

Categories: Health

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.