People & Profile

പ്രസാദ് to ഫാ. ആന്റണി മേരി ക്ലാരറ്റ് ഒ.സി.ഡി.: എന്റെ സമ്പത്ത് ഈശോ

Fr Antony Mary Claret OCDFr Antony Mary Claret OCD

”ഒരു വൈദികനാകാൻ വേണ്ടി പതിനാല് വർഷം നടത്തിയ യാത്രയിൽ കണ്ണീർ പൊഴിയാത്ത ദിനരാത്രങ്ങൾ ഇല്ലായിരുന്നു… ജ്ഞാനസ്‌നാനത്തിനുവേണ്ടിയുള്ള കാത്തിരിപ്പും വീട്ടിൽ നിന്നുണ്ടായ പ്രശ്‌നങ്ങളും കഠിനമായിരുന്നു. അക്രൈസ്തവൻ എന്ന നിലയിലെ നൂലാമാലകൾ… ദാരിദ്ര്യം പെയ്തിറങ്ങി അലിഞ്ഞുപോയ സർട്ടിഫിക്കറ്റുകൾ… എനിക്കുവേണ്ടി തുറക്കാത്ത സെമിനാരി വാതിലുകൾ… എന്നിട്ടും ഞാൻ അന്വേഷിച്ചുകൊണ്ടേയിരുന്നു. മുട്ടിയ വാതിലുകൾ ഓരോന്നായി അടഞ്ഞു… എങ്കിലും, അടഞ്ഞു കിടന്ന വാതിലുകളിൽ മുട്ടിക്കൊണ്ടേയിരുന്നു….” – ഫാ. ആന്റണി മേരി ക്ലാരറ്റ് ഒ.സി.ഡി. യുടെ മുഖത്ത് ആ പഴയ ഓർമ്മകൾ തെളിയുന്നു. സ്‌കൂൾ രേഖപ്രകാരം 1976 മെയ് പതിനൊന്നിന് ചങ്ങനാശേരി പായിപ്പാട് നാലുകോടി കൂടത്തോട് പറമ്പിൽ തങ്കപ്പന്റെയും ഭവാനിയുടെയും മകനായി പ്രസാദ് ജനിച്ചു (യഥാർത്ഥ ജനനത്തിയതി 1976 ജൂൺ 18). ഒരു സഹോദരനും മൂന്നു സഹോദരിമാരും അടങ്ങുന്ന ഭവനം. ചുറ്റുവട്ടത്ത് ക്രൈസ്തവ ഭവനങ്ങൾ ഏറെയുണ്ടായിരുന്നു. ഗർഭസ്ഥശിശുവായ പ്രസാദിനെയുംകൊണ്ട് അമ്മ സമീപ ദേവാലയങ്ങളിൽ നൊവേനയ്ക്ക് പോകുമായിരുന്നു. പായിപ്പാട് പള്ളിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന അമ്മ മുടക്കിയിരുന്നില്ല. ക്രിസ്തുവിനോടല്ല, വിശുദ്ധരോടായിരുന്നു അമ്മക്ക് കൂടുതൽ ഇഷ്ടം. അതുകൊണ്ടുതന്നെ ക്രിസ്തുവിനെക്കുറിച്ച് പ്രസാദിന് അത്ര അറിവില്ലായിരുന്നു. വീടുകൾതോറും കയറിയിറങ്ങി പണം സ്വരൂപിച്ച് എടത്വാ, അർത്തുങ്കൽ, വേളാങ്കണ്ണി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിൽ പോകുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ‘പിച്ച തെണ്ടി പോവുക’ എന്ന് നാട്ടിൽ അതിനെ പറഞ്ഞുവന്നത്. അങ്ങനെ തീർത്ഥാടന കേന്ദ്രങ്ങളിലും പ്രസാദിനെയുംകൊണ്ട് അമ്മ പോയി. കുട്ടിക്കാലത്ത് സഹോദരങ്ങൾ തീപ്പെട്ടിപ്പടങ്ങളിൽ നിന്ന് ശ്രീകൃഷ്ണന്റെ പടം ശേഖരിച്ചപ്പോൾ പ്രസാദ് തിരുഹൃദയത്തിന്റെപടം ശേഖരിച്ച് നെഞ്ചോട് ചേർത്തു. എന്തുകൊണ്ടോ, എങ്ങനെയോ എന്നറിയില്ല, ക്രിസ്തുവിനോട് ഒരിഷ്ടം അന്നേ ആ കുഞ്ഞുഹൃദയത്തിൽ നിറഞ്ഞു. ഇതിനിടെ, പന്ത്രണ്ടാം വയസിൽ ദേവാലയത്തിൽവച്ച് പ്രസാദിനെ കാണാതായ സംഭവവും ഉണ്ടായി. നൊവേനയ്ക്ക് പോയപ്പോഴാണ് ആ കാണാതാകൽ. (ബാലനായ യേശു ജറുസലേം ദേവാലയത്തിൽ തങ്ങിയതുപോലെ, ‘പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനാകാനായിരുന്നു’ ആ കാണാതാകലെന്ന് കാലം തെളിയിച്ചു.) വീട് പള്ളിയുടെ സമീപത്തായിരുന്നതിനാൽ പള്ളിയിലെ പ്രാർത്ഥനകളും പാട്ടും പ്രസാദിന് വീട്ടിലിരുന്ന് വ്യക്തമായി കേൾക്കാമായിരുന്നു. വലിയ ആഴ്ചയിൽ കുരിശിന്റെ വഴിയിലെ പാട്ടുകൾ പള്ളിയിൽനിന്നും കേൾക്കുമ്പോൾ ആ കുഞ്ഞുഹൃദയവും വേദനിക്കുമായിരുന്നു. സങ്കടങ്ങളും പ്രയാസങ്ങളും വരുമ്പോൾ പള്ളിയിൽ പോയി ക്രൂശിതരൂപത്തിൽ തൊട്ട് പ്രാർത്ഥിക്കുന്ന പതിവ് ചെറുപ്പംമുതൽ പ്രസാദ് വളർത്തിയെടുത്തു. പായിപ്പാട് എൽ.പി സ്‌കൂൾ, മാടപ്പള്ളി യു.പി സ്‌കൂൾ, പെരുന്ന എൻ.എസ്.എസ്.സ്‌കൂൾ, എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠിക്കുമ്പോൾ പെന്തക്കോസ്തു വിഭാഗത്തിൽപ്പെട്ട കൂട്ടുകാരനുണ്ടായിരുന്നു പ്രസാദിന്. യേശുവിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അവൻ വഴി അറിഞ്ഞെങ്കിലും യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ചുമാത്രം ഒന്നും പറഞ്ഞുകൊടുത്തില്ല. പരിശുദ്ധ അമ്മയെക്കുറിച്ച് മൗനം അവലംബിക്കുന്നത് എന്താണെന്നുള്ള ചോദ്യത്തിന് മൗനം തന്നെയായിരുന്നു മറുപടി. സ്വന്തം അമ്മ പലപ്പോഴും ‘പാറേൽ മാതാവേ…’ എന്നു വിളിച്ച് പ്രാർത്ഥിക്കുന്നത് കേട്ടുവളർന്ന പ്രസാദിന് പരിശുദ്ധ അമ്മയെ ഉപേക്ഷിക്കാൻ മനസുവന്നില്ല. പഠനത്തിൽ അത്ര സമർത്ഥനല്ലായിരുന്നതിനാൽ പ്രീഡിഗ്രിക്ക് തോറ്റു. ഐ.ടി.ഐ.യിൽ പോയി എന്തെങ്കിലും തൊഴിലധിഷ്ഠിത കോഴ്‌സ് പഠിക്കണമെന്നായി പിന്നീടുള്ള ആഗ്രഹം. തുടർപഠനത്തിന് സർട്ടിഫിക്കറ്റുകൾ പരിശോധിച്ച പ്രസാദ് ഞെട്ടിപ്പോയി. പരിമിതമായ സൗകര്യങ്ങളിൽ സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ എല്ലാം മഴ നനഞ്ഞ് അലിഞ്ഞ് ഏതാണ്ട് പൂർണമായും നശിച്ചുപോയിരുന്നു. ഉപയോഗശൂന്യമായ സർട്ടിഫിക്കറ്റുകൾ കൊണ്ടെന്തു കാര്യം? പുതിയ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും വൃഥാവിലായി. എന്തു ചെയ്യണമെന്നറിയാതെ ദിവസങ്ങൾ തള്ളിനീക്കി. അങ്ങനെയിരിക്കേ, അടുത്ത വീട്ടിലെ സഹോദരിവഴി ദൈവം പ്രസാദിന്റെ ജീവിതത്തിൽ ഇടപെട്ടു. ‘പോട്ടയിൽ പോയി ധ്യാനം കൂടിയാൽ ജീവിതത്തിൽ പല മാറ്റങ്ങളും അത്ഭുതങ്ങളും സംഭവിക്കു’മെന്ന പ്രാർത്ഥനാനുഭവമുള്ള ആ സഹോദരിയുടെ വാക്ക് വിശ്വസിച്ച് 1997-ൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോയി ധ്യാനത്തിൽ പങ്കെടുത്തു. ധ്യാനചിന്തകൾ പ്രസാദിനെ ആകർഷിച്ചു. എങ്കിലും, ഹൈന്ദവനായതുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കാൻ പറ്റുകയില്ലല്ലോ എന്ന വിഷമം ബാക്കിയായി. പ്രസാദിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ഒരു സഹോദരൻ, നാട്ടിലെ ഇടവക വികാരിയോട് കാര്യങ്ങൾ പറഞ്ഞാൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ വേണ്ട ക്രമീകരണം നടത്തിത്തരുമെന്ന് പറഞ്ഞു. ധ്യാനത്തിനുശേഷം വീടിന് അടുത്തുള്ള നാലുകോടി സെന്റ് തോമസ് ഇടവക വികാരി ഫാ. ആന്റണി ചേക്കാത്തറയെ കണ്ട് മാമോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയാകണമെന്ന ആഗ്രഹം പറഞ്ഞു. അച്ചനും കൊച്ചച്ചനും കൂടി പ്രാർത്ഥനപഠിപ്പിച്ചു. ക്രിസ്ത്യാനിയായി ജ്ഞാനസ്‌നാനം സ്വീകരിക്കാൻ പോകുന്നുവെന്നു പറഞ്ഞപ്പോൾ അമ്മയും സഹോദരിമാരും അച്ഛന്റെ ബന്ധുക്കളും എതിർത്തു. എന്നാൽ, ചേട്ടൻ എതിരഭിപ്രായം പറയാതെ സഹകരിച്ചു. ഓഗസ്റ്റ് 15-ന് ജ്ഞാനസ്‌നാനവും ആദ്യകുർബാനയും നൽകാമെന്ന് വികാരിയച്ചൻ പറഞ്ഞത് അറിയിച്ചപ്പോൾ വീട്ടിൽ ഭയങ്കര ബഹളമായി. ജ്ഞാനസ്‌നാനത്തീയതി അടുക്കുംതോറും ഉള്ളിൽ ഭയാശങ്ക കൂടി. അമ്മ പള്ളിയിൽ ചെന്ന് ബഹളമുണ്ടാക്കിയാൽ അച്ചൻ ജ്ഞാനസ്‌നാനം തരാൻ മടിക്കുമെന്നതായിരുന്നു ഭയാശങ്കകൾക്ക് കാരണം. അവിടെയും ദൈവം സവിശേഷമായി ഇടപെട്ടു. ഓഗസ്റ്റ് 14-ന് അമ്മയ്ക്ക് അത്യാവശ്യമായി എറണാകുളത്തിന് പോകേണ്ട ആവശ്യം വന്നു. അങ്ങനെ മുൻതീരുമാനപ്രകാരം 15-ന് ജ്ഞാനസ്‌നാനവും പ്രഥമ ദിവ്യകാരുണ്യവും സ്വീകരിച്ച് ഈശോയെ സ്വന്തമാക്കി. ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ ഒരു കുളിർമ അനുഭവം ദേഹമാസകലം പടർന്നത് ഇപ്പോഴും വിശുദ്ധകുർബാന സ്വീകരണസമയത്ത് ഉണ്ടാകാറുണ്ടെന്ന് അച്ചൻ സാക്ഷ്യപ്പെടുത്തുന്നു. ഡിവൈനിലെ ധ്യാനവും ജ്ഞാനസ്‌നാനവും കഴിഞ്ഞതോടെ അയൽക്കാരോടൊക്കെ ദൈവവചനം പറയാൻ തുടങ്ങി. അതുകേട്ട് സഹോദരിമാർ കളിയാക്കി. ‘ബൈബിൾ വായിക്കുന്ന ശുഷ്‌കാന്തി പഠനത്തിൽ കാണിച്ചിരുന്നെങ്കിൽ എന്നേ രക്ഷപ്പെട്ടേനേ’ എന്നായിരുന്നു അവരുടെ കമന്റ്. പ്രാർത്ഥനയും വചനവായനയും ഒക്കെ കണ്ട അയൽക്കാർ ‘നീ അച്ചനാകണം’എന്ന് കൂടെക്കൂടെ പറയാൻ തുടങ്ങി. ആഗ്രഹം വീട്ടുകാരോട് പറഞ്ഞപ്പോൾ എല്ലാവരും എതിർത്തു. പ്രീഡിഗ്രി തോറ്റയാളെ അവർ അച്ചനാക്കില്ലെന്നും പറഞ്ഞു. മറ്റുകാര്യങ്ങൾക്ക് തടസംപറയാതിരുന്ന ചേട്ടനും വൈദികനാകുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. ഇടവകയിലെ കൊച്ചച്ചനോട് സെമിനാരിയിൽ ചേരണമെന്ന ആഗ്രഹം പറഞ്ഞെങ്കിലും ‘അതൊരിക്കലും നടക്കുകയില്ലെന്ന്’ കൊച്ചച്ചൻ കട്ടായം പറഞ്ഞു. മറുപടി കേട്ട് കണ്ണ് നിറഞ്ഞെങ്കിലും ഈശോ ഒരിക്കലും അങ്ങനെ പറയുകയില്ലെന്ന് പ്രസാദിന് ഉറപ്പുണ്ടായിരുന്നു. 1997 മുതൽ 1999 വരെ കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി സെമിനാരികളുടെ വാതിലിൽ മുട്ടി. ചില സെമിനാരികളിലേക്ക് കത്തയച്ചു. മറുപടി വരാത്തിടത്ത് നേരിൽ പോയി അന്വേഷിച്ചു. കോഴിവളർത്തൽ ഉണ്ടായിരുന്നതിനാൽ പ്രസാദിന് യാത്രക്ക് ആവശ്യമായ പണം സ്വരൂപിക്കാൻ കഴിഞ്ഞു. മാസികകളിൽ കണ്ട ദൈവവിളി പരസ്യത്തിനെല്ലാം പ്രസാദ് കത്തയച്ചു. പലതും വളരെ പഴയതായിരുന്നു എന്ന് നേരിട്ട് അന്വേഷിച്ചപ്പോൾ മനസിലായി. എങ്കിലും, ‘മുട്ടുവിൻ തുറക്കപ്പെടും, അന്വേഷിക്കുവിൻ കണ്ടെത്തും’ എന്ന തിരുവചനത്തിൽ ഉറച്ചുവിശ്വസിച്ചുകൊണ്ട് പ്രത്യാശയോടെ അന്വേഷണം തുടർന്നു. ഇതിനിടെ ഒരു വൈദികനോടൊപ്പം ഒറീസയിൽ പോയി. അവിടെയും സെമിനാരിപ്രവേശനത്തിനുള്ള അന്വേഷണം തുടർന്നു. ഹൈന്ദവ കുടുംബപശ്ചാത്തലവും ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനക്കുറവും പ്രീഡിഗ്രി തോറ്റതും വയസു കൂടിയതുമാണ് പ്രസാദിന് സെമിനാരി പ്രവേശനത്തിന് വിലങ്ങുതടികളായത്. ഒരു ദിവസം മദർ തെരേസയുടെ അടുത്ത് നിൽക്കുന്നതായി പ്രസാദ് സ്വപ്‌നം കണ്ടു. അടുത്ത ദിവസംതന്നെ കൽക്കട്ടയിലേക്ക് കത്തയച്ചു. പിൻകോഡ് എഴുതിയപ്പോൾ അഞ്ച് അക്കമേയുള്ളൂ. പ്രസാദിന്റെ വക ഒരു പൂജ്യംകൂടി ചേർത്ത് കത്തയച്ചു. ആശ്ചര്യമെന്നേ പറയേണ്ടൂ, കത്ത് കൽക്കട്ടയിൽ തന്നെയെത്തി. മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സ് എറണാകുളത്ത് മൂലംകുഴിയിൽ നടത്തുന്ന ‘കരുണാലയ’ത്തിൽ ഒരു മാസത്തോളം സേവനം ചെയ്തു. വൈദികനാകാൻ പറ്റില്ലെന്ന് അവർ പറഞ്ഞതോടെ അവിടെനിന്നും ഇറങ്ങി. തിരികെ വീട്ടിലെത്തിയ പ്രസാദ് പുന്നപ്ര ഐ.എം.എസ് ധ്യാനകേന്ദ്രത്തിൽ പോയി അവിടുത്തെ ഡയറക്ടറച്ചനെ കണ്ടു. അദ്ദേഹം പ്രസാദിനെ അമ്പലപ്പുഴ സെന്റ് ജോസഫ്‌സ് കർമലീത്താ ആശ്രമത്തിലേക്കയച്ചു. അങ്ങനെ, രണ്ടുവർഷത്തെ നിരന്തര പരിശ്രമങ്ങൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ 1999 ജൂൺ പത്തിന് നിഷ്പാദുക കർമലീത്താ സഭയുടെ സൗത്ത് കേരള പ്രൊവിൻസിന്റെ കൊട്ടിയം സെന്റ് അലോഷ്യസ് ആശ്രമത്തിൽ പ്രസാദ് ചേർന്നു. ഇതിനിടെ ‘പ്രസാദ് ആന്റണി’ എന്ന് പേരുമാറ്റി. ചിറ്റാട്ടുമുക്ക് കാർമൽ ആശ്രമത്തിൽ പ്ലസ് വണും പ്ലസ് ടുവും പഠിച്ചു. കൊട്ടാരക്കരയിൽ നൊവിഷ്യേറ്റും അമ്പലപ്പുഴയിൽ ഫിലോസഫിയും അയിരൂരിൽ തിയോളജിയും പഠിച്ചു. തുടർന്ന് ആലുവ കാർമൽഗിരി ആശ്രമത്തിലും പഠിച്ചു. സെമിനാരിയിൽ ചേർന്നെങ്കിലും പ്രശ്‌നങ്ങൾ പ്രസാദിന്റെ ജീവിതത്തിൽനിന്നൊഴിഞ്ഞില്ല. സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പള്ളിയിലാണ് പ്രസാദ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. സെമിനാരിയിൽ ചേർന്നതാകട്ടെ, നിഷ്പാദുക കർമലീത്താ സഭയുടെ സൗത്ത് കേരളാ പ്രൊവിൻസിലും. അത് ലത്തീൻ റീത്തിലായിരുന്നു. റീത്ത് മാറ്റവും അതിനുള്ള ശ്രമങ്ങളും ഞെരുക്കങ്ങൾ നിറഞ്ഞതായിരുന്നു. ഒന്നു കഴിയുമ്പോൾ മറ്റൊന്ന്. സെമിനാരിയിലെ പ്രശ്‌നം കഴിയുമ്പോൾ അടുത്തത് വീട്ടിലാകും. ഒന്നിനു പുറകെ മറ്റൊന്നായി വരുന്ന തിരമാലകൾപോലെ പ്രശ്‌നസങ്കീർണമായ ദിനങ്ങൾ. അമ്മയുടെയും സഹോദരിമാരുടെയും എതിർപ്പുകൾ… മൂന്നു സഹോദരിമാരുടെ ഭാവി… വീട്ടിലെ സാമ്പത്തികസ്ഥിതി… ഈ കഠിനയാഥാർത്ഥ്യങ്ങൾക്കിടയിലും ഒരിക്കൽ പോലും തിരികെ വീട്ടിൽ പോകണമെന്ന ആഗ്രഹം പ്രസാദിന് ഉണ്ടായില്ല. പതിനാല് വർഷത്തെ സെമിനാരി ജീവിതത്തിൽ കണ്ണീർ പൊഴിക്കാത്ത ഒറ്റദിവസംപോലും ഉണ്ടായിരുന്നില്ല എന്ന് പ്രസാദ് ഓർമിക്കുന്നു. സെമിനാരിയിൽ ചേരണമെന്നും വൈദികനാകണമെന്നും തീവ്രമായി ആഗ്രഹിച്ചിരുന്നതിനാൽ എല്ലാം പ്രതിസന്ധികളും ദൈവത്തിൽ ആശ്രയിച്ച് തരണം ചെയ്തു. സങ്കടക്കടൽ പെരുകുമ്പോൾ കരുണയുള്ള ഈശോയുടെ രൂപം നോക്കി പ്രാർത്ഥിക്കും. തനിക്കുവേണ്ടി ദൈവസന്നിധിയിൽ കരങ്ങൾ ഉയർത്തി പ്രാർത്ഥിക്കാൻ, തന്റെ സങ്കടങ്ങളും നൊമ്പരങ്ങളും പങ്കുവയ്ക്കാൻ സ്വന്തം അമ്മപോലും ഇല്ലാത്ത അവസ്ഥ മനസിൽ വേദനയായി. എന്നാൽ, അനേകം അമ്മമാർ, കന്യാസ്ത്രീകൾ തനിക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രസാദ് ഓർക്കുന്നു. ഡീക്കൻ പട്ടം കിട്ടിയപ്പോൾ അതിൽ ഭാഗഭാക്കാകാൻ വിരലിലെണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂ. പഠനത്തിനും പരിശീലനത്തിനും ഒടുവിൽ, കൊട്ടിയം സെന്റ് ജോസഫ്‌സ് പ്രൊവിൻഷ്യൽ ഹൗസിൽ കൊല്ലം രൂപതാ മെത്രാൻ ഡോ. സ്റ്റാൻലി റോമനിൽനിന്ന് 2012 ഡിസംബർ 27-ന് വൈദികനായി പ്രസാദ് അഭിഷേകം ചെയ്യപ്പെട്ടു. അങ്ങനെ പ്രസാദ് ആന്റണി മുപ്പത്തിയേഴാം വയസിൽ ഫാ. ആന്റണി മേരി ക്ലാരറ്റ് ഒ.സി.ഡിയായി. നവവൈദികൻ ആദ്യം മാതാപിതാക്കൾക്കാണ് വിശുദ്ധ കുർബാന കൊടുക്കുന്നത്. പ്രസാദിന്റെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മയാണെങ്കിൽ ക്രൈസ്തവവിശ്വാസത്തിലേക്ക് വന്നതുമില്ല. എങ്കിലും, ചടങ്ങുകൾക്ക് സാക്ഷിയാവാൻ അമ്മ എത്തിയിരുന്നു. വിശുദ്ധമായ വൈദികാഭിഷേക ചടങ്ങുകൾ കണ്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത്രയും വിശുദ്ധമായ പദവി സ്വീകരിക്കാൻ മകൻ അനുഭവിക്കേണ്ടിവന്ന യാതനകൾ ഒരുപക്ഷേ അമ്മയുടെ മനസിലൂടെ അപ്പോൾ കടന്നുപോയിരിക്കാം. വൈദികനാവുക എന്നത് ഇത്രയും വലിയ കാര്യമാണെന്ന് അമ്മ തെല്ലും പ്രതീക്ഷിച്ചിരുന്നില്ല. പ്രസാദിന്റെ നാട്ടിൽനിന്ന് ഇടവക വികാരി ഫാ. വർഗീസ് കോട്ടക്കാട്ടിന്റെ നേതൃത്വത്തിൽ ഒരു ബസ് നിറയെ ആളുകൾ എത്തിയിരുന്നു. ചങ്ങനാശേരി മേരി മൗണ്ട് ദേവാലയത്തിൽ പ്രഥമ ദിവ്യബലിയർപ്പിച്ചു. ഇടവകക്കാർ മുൻകൈയെടുത്ത് പ്രഥമ ദിവ്യബലിയർപ്പണം ആഘോഷമാക്കി. അച്ചനുവേണ്ടി പ്രാർത്ഥിച്ചവർ, സഹായിച്ചവർ, അനേകം വൈദികർ, നൂറോളം സിസ്റ്റേഴ്‌സ്, എന്തിന്, അച്ചനെ അറിയാത്തവർ വരെ പ്രഥമ ദിവ്യബലിയർപ്പണത്തിൽ പങ്കുചേരാനെത്തി. ഫലമോ? വിശുദ്ധ കുർബാന കഴിഞ്ഞ് രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും അച്ചന്റെ കൈ മുത്താനുള്ള തിരക്ക് തീർന്നില്ല. ‘ചങ്ങനാശേരിയിൽ വൈദികനായി വന്നാൽ കാലുവെട്ടു’മെന്ന് സ്വന്തക്കാരിയായ ഒരു സഹോദരി പറഞ്ഞപ്പോൾ, ‘കാലുവെട്ടിക്കോളൂ, വിശുദ്ധ കുർബാന അർപ്പിക്കാൻ കൈ മതി…’ എന്നായിരുന്നു ആന്റണിയച്ചന്റെ മറുപടി. ഇപ്പോൾ തിരുവനന്തപുരം വിഴിഞ്ഞം പുളിങ്കുടി ബെത്‌സയ്ദാ ആശ്രമത്തിൽ വൊക്കേഷനൽ പ്രൊമോട്ടറാണ് ഫാ. ആന്റണി. വെള്ളിയാഴ്ചകളിലെ ഏകദിന ധ്യാനത്തിലും അച്ചൻ സഹായിക്കുന്നു.ഡിവൈനിലെ ധ്യാനത്തിനുശേഷം പാടാനും പാട്ടെഴുതുവാനുമുള്ള കൃപയും കർത്താവ് അച്ചന് നൽകി. അഞ്ഞൂറിലധികം ഗാനങ്ങൾ ഇതികം എഴുതിയിട്ടുണ്ട്. പ്രാർത്ഥന, പവിത്രം, കുരിശിന്റെ മാറിൽ തുടങ്ങിയ കാസറ്റുകളിൽ അച്ചനെഴുതിയ പാട്ടുകളുണ്ട്. ഫാ. ആന്റണി ചേക്കാത്തറ, ഫാ. വർഗീസ് കോട്ടക്കാട്ട്, ഫാ. ജയരാജ്, ഫാ. ആന്റണി മത്യാസ്, ഫാ. റെയ്‌നോൾഡ്, സിസ്റ്റർ ഫ്രാൻസിസ്, സിസ്റ്റർ മരിയ, സിസ്റ്റർ ജനോവ, ആന്റണി… എത്രയോ സുമനസുകൾ ജീവിതവഴികളിൽ താങ്ങായി, തണലായി, ആശ്വാസമായിത്തീർന്നു. എല്ലാവരെയും നന്ദിയോടെ ഓർക്കുകയും ഓരോ ദിവ്യബലിയിലും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആന്റണിയച്ചൻ. എന്റെ കുടുംബം ദരിദ്രമായിരുന്നു. എന്റെ സമ്പത്ത് ഈശോ ആയിരുന്നതിനാൽ അവിടുന്ന് തന്നെ അനേകരിലൂടെ എന്നെ സഹായിച്ചു. നമ്മുടെ കഴിവും കഴിവുകേടും യോഗ്യതയും നോക്കി മാറ്റി നിർത്തുന്നവനല്ല ഈശോ. നമ്മെ ഒരിക്കലും അവിടുന്ന് ഉപേക്ഷിക്കില്ല. ഉപേക്ഷിക്കാൻ അവിടുത്തേക്ക് കഴിയില്ല. ഭക്തിയോടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്‌നവുമില്ല…” പരിശുദ്ധ അമ്മയില്ലാത്ത സന്യാസം അസ്വസ്ഥത നിറഞ്ഞതാണെന്ന് വിശ്വസിക്കുന്ന ആന്റണിയച്ചൻ പറഞ്ഞു. എത്ര സമയം വേണമെങ്കിലും കുമ്പസാരക്കൂട്ടിൽ ചിലവഴിക്കാൻ ആന്റണിയച്ചന് മടിയില്ല. സാവധാനമേ അച്ചൻ കുമ്പസാരിപ്പിക്കൂ. അതുകൊണ്ട് ആന്റണിയച്ചന്റെ അടുത്തുള്ള കുമ്പസാരം എല്ലാവർക്കും ഒരനുഭവമാണ്. അതുകൊണ്ടുതന്നെ കുമ്പസാരം കഴിഞ്ഞ് അച്ചനെ പരിചയപ്പെടാതെ പോകുന്നവരും കുറവാണ്. ”നല്ല കുമ്പസാരത്തിന്റെ അനുഗ്രഹം വൈദികർക്കും ഉണ്ടാകും…” ആന്റണിയച്ചൻ പറയുന്നു.

Advertisements

1 reply »

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.