Uncategorized

Sunday Homily Denehakalam 4th Sunday, Fr Jacob Naluparayil MCBS

 സുവിശേഷവിചിന്തനം, ദനഹാ നാലാം ഞായർ, വിശുദ്ധ യോഹന്നാൻ അറിയിച്ച സുവിശേഷം 2, 1-11 തിരുവചനങ്ങൾ

ജനുവരി 29 ഞായർ ദനഹാക്കാലം 4-ാ ഞായർ

(യോഹ 2:1-11)

കാനായിലെ കല്ല്യാണമാണ് ഇന്നത്തെ സുവിശേഷഭാഗം. പ്രത്യേകം ശ്രദ്ധിക്കേണ്ട വചനം 2:10 ആണ്. കലവറക്കാരൻ മണവാളനെ വിളിച്ചു പറഞ്ഞു: ”എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു. അതിഥികൾക്ക് ലഹരിപിടിച്ചു കഴിയുമ്പോൾ താഴ്ന്ന തരവും. എന്നാൽ, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ.”
ഇതാണ് കലവറക്കാരന്റെ പരാതി- നല്ല വീഞ്ഞ് നീ ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ. അതായത് ഏറ്റവും നല്ല വീഞ്ഞ് അവസാനം വരെ പിടിച്ചുവച്ചുവല്ലോ?
എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്? അവരുടെ കയ്യിലുണ്ടായിരുന്ന നല്ല വീഞ്ഞ് ആദ്യമേ തന്നെ വിളമ്പി വിളമ്പി അത് തീർന്നുപോയി. ബാക്കിയുള്ളതും തീർന്നു. അങ്ങനെ അവരുടെ കയ്യിലുണ്ടായിരുന്ന വീഞ്ഞെല്ലാം തീർന്നുപോയ സാഹചര്യത്തിലാണ് അവർക്ക് സ്വപ്നം കാണാൻ സാധിക്കുന്നതിനേക്കാളും കൂടുതൽ മുന്തിയ വീഞ്ഞ് ഉണ്ടാകുന്നത്.
അതായത് നിന്റെ കൈവശമുള്ള മുന്തിയ വീഞ്ഞ് തീരുമ്പോഴാണ്, നിന്റെ ഭരണികൾ കാലിയാകുമ്പോഴാണ്, നിന്റെ സംഭരണികൾ വറ്റിവരണ്ടുപോകുമ്പോഴാണ് ഏറ്റവും മുന്തിയതരം വീഞ്ഞ് ഉണ്ടാകുന്നത്!

അതിനാൽ നിന്റെ വീഞ്ഞു തീരുമ്പോഴും, നിന്റെ സംഭരണികൾ വറ്റി വരണ്ടുപോകുമ്പോഴും, നിന്റെ ജീവിതം പ്രതിസന്ധിയിലാകുമ്പോഴും നീ നിരാശയിലാകരുത്. കാരണം, നിന്റെ ജീവിതത്തിലെ വീഞ്ഞു തീരലും, ജീവിതപ്രതിസന്ധിയും വലിയൊരു അവസരമാണ്- മേൽത്തരം വീഞ്ഞ് ലഭിക്കാനുള്ള അവസരമാണത്. എങ്ങനെ? തമ്പുരാന്റെ ഇടപെടലിലൂടെയും പ്രവർത്തനത്തിലൂടെയും.
വീഞ്ഞു തീർന്നുപോകുന്ന കല്ല്യാണവീട്ടിലാണ് മാതാവും ഈശോയും ഇടപെടുന്നത്. അതിലൂടെയാണ് മേൽത്തരം വീഞ്ഞ് അവർക്ക് ലഭിക്കുന്നത്. ചുരുക്കത്തിൽ നിന്റെ ജീവിതത്തിലെ വീഞ്ഞുതീരലും, പരാജയവും, ജീവിതപ്രതിസന്ധിയും ദൈവത്തിന് നിന്റെ ജീവിതത്തിൽ ഇടപെടാനും പ്രവർത്തിക്കാനുമുള്ള അവസരമാണ്. ദൈവികപ്രവർത്തനത്തിനുള്ള ‘സ്പേസാണ്’ (space) നിന്റെ പരാജയങ്ങളെന്നു സാരം.
2014-ലാണ് ഫ്രാൻസീസ് പാപ്പാ ബ്രസീലിലേക്ക് പോയത്. ലോകയുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ. ആദ്യത്തെ സമ്മേളനം അപ്പരസീദ എന്ന തുറമുഖ പട്ടണത്തിലായിരുന്നു. ലൂർദ്ദുകഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടനകേന്ദ്രമാണ് അപ്പരസീദ. അവിടെ ഒരുമിച്ചു കൂടിയ ലക്ഷക്കണക്കിന് യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു. ഇവിടെ, ഈ കടപ്പുറത്ത്, നാല് നൂറ്റാണ്ടുകൾക്ക് മുൻപ് മൂന്ന് മുക്കുവർ മീൻപിടിക്കാൻ പോയി. രാത്രി മുഴുവൻ വലയിറക്കിയിട്ടും അവർക്ക് മീനൊന്നും കിട്ടിയില്ല. അങ്ങനെ ഒന്നും കിട്ടാത്തതിന്റെ നിരാശയിൽ അവർ തിരികെ പോരുകയായിരുന്നു. അപ്പോൾ അവരിൽ ഒരുവൻ പറഞ്ഞു- ഒരുപ്രാവശ്യം കൂടി വലയിറക്കി നോക്കാമെന്ന്. അവർ അങ്ങനെ ചെയ്തു. ഇത്തവണയും മീനൊന്നും കിട്ടിയില്ല. പക്ഷേ സൂക്ഷിച്ചുനോക്കിയപ്പോൾ വലയിൽ ഒരു തടിക്കഷണം. മാതാവിന്റെ ഒരു രൂപമാണ്. പക്ഷേ തലയില്ല ഉടൽമാത്രം. അവർ വീണ്ടും വലയിറക്കി. ഇത്തവണ തലയും കിട്ടി. അങ്ങനെ രണ്ടുപ്രാവശ്യമായി വലയിൽ ഉടക്കിയ മാതാവിന്റെ രൂപത്തിൽ തലയും ഉടലും ഒരുമിച്ച് ചേർത്ത് അവരിൽ ഒരുവന്റെ വീട്ടിൽവച്ച് അവർ പ്രാർത്ഥിക്കാൻ തുടങ്ങി. അതാണ് പിന്നീട് പ്രശസ്തമായി തീർന്ന അപ്പരസീദായിലെ കറുത്തമാതാവിന്റെ രൂപം – ആഹമരസ ങമറീിമ!
ഇതു പറഞ്ഞിട്ട് പാപ്പാ പറഞ്ഞു: അവർ രാത്രി മുഴുവൻ അധ്വാനിച്ചത് മീൻ പിടിക്കാനായിരുന്നു. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാത്തതിന്റെ നിരാശയിൽ തിരിച്ചുപോരുമ്പോഴാണ് അവർ പ്രതീക്ഷിച്ചതിലും വലിയ സമ്മാനം ഒരുക്കി തമ്പുരാൻ കാത്തിരുന്നത്. അവർ പ്രതീക്ഷിച്ചത് മീനായിരുന്നു. എന്നാൽ തമ്പുരാൻ അവർക്ക് വേണ്ടി ഒരുക്കിവച്ചിരുന്നത് മാതാവിനെയായിരുന്നു. അവർക്കും പിന്നീടുള്ള തലമുറകൾക്കും വേണ്ടിയുള്ള വലിയ സമ്മാനം.
എന്നിട്ട് പാപ്പാ യുവാക്കളോടായി പറഞ്ഞു: മക്കളേ, നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തിലാണ്. മുമ്പോട്ടുപോകുമ്പോൾ നിങ്ങൾ സ്വപ്നം കാണുകയും, നിങ്ങളുടെ സ്വപ്നങ്ങൾക്കായി നിങ്ങൾ അധ്വാനിക്കുകയും ചെയ്യും. പലപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്നതൊന്നും കിട്ടിയില്ലായെന്നു വരും. അങ്ങനെ കിട്ടാതെ വരുകയും പരാജയപ്പെടുകയും ചെയ്യുന്ന ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിങ്ങൾ മറക്കരുത്- തമ്പുരാൻ നിങ്ങൾക്ക് വേണ്ടി നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനം ഒരുക്കി കാത്തിരിക്കുന്നു! അത് കാണാനുള്ള കണ്ണുണ്ടാവുക!
നമ്മുടെ ജീവിതത്തിലെ പരാജയങ്ങൾ, വീഴ്ചകൾ, പ്രതിസന്ധികൾ ഇതൊക്കെ വലിയൊരു അവസരമാണ്. എന്തിന്? തമ്പുരാന് നമ്മുടെ ജീവിതത്തിൽ ഇടപെടാനുള്ള അവസരം. കാനായിൽ അതാണ് സംഭവിച്ചത്. വീഞ്ഞുതീർന്നുപോകുമ്പോൾ അമ്മയാണ് പറയുന്നത്. അമ്മ പറയുന്നതനുസരിച്ച് ഈശോയാണ് ഇടപെടുന്നത്. നിന്റെ പരാജയങ്ങളും, ജീവിതത്തിലെ പ്രതിസന്ധികളും ദൈവത്തിന് നിന്റെ ജീവിതത്തിൽ ഇടപെടാനുള്ള അവസരങ്ങളാണ്. അത്തരം ദൈവിക ഇടപെടലുകളിലൂടെയാണ് നിന്റെ ജീവിതത്തിൽ മുന്തിയതരം വീഞ്ഞ് ഉരുവാകുന്നത്. ഏറ്റവും വലിയ നന്മകൾ ഉണ്ടാകുന്നത് അങ്ങനെയാണ്. അതും നിന്റെ സകല കഴിവുകളും ഉപയോഗിച്ചുള്ള പരിശ്രമങ്ങളിലൂടെ ലഭിക്കുന്നതിനേക്കാൾ മുന്തിയതരം വീഞ്ഞ്.
ചുരുക്കത്തിൽ നിന്റെ പരാജയങ്ങളും വീഴ്ചകളും ഏറ്റവും മുന്തിയവീഞ്ഞ് ഉണ്ടാകാനുള്ള അവസരങ്ങളാണെന്നർത്ഥം. അതിനാൽ നിന്റെ ജീവിത പരാജയങ്ങളിൽ നീ നിരാശപ്പെടരുത്. മറിച്ച് തമ്പുരാനിൽ ശരണപ്പെടാനുള്ള അവസരങ്ങളായി അവയെ മാറ്റുക. അമ്മ അടുത്തുണ്ട്, ഈശോയും അടുത്തുണ്ട്. അവരിലേക്ക് കൈ നീട്ടാനും, അവരുടെ കൈകളിൽ പിടിക്കാനുമുള്ള അവസരങ്ങളാണ് നിന്റെ വീഴ്ചകൾ. അവർക്ക് പ്രാർത്ഥിക്കാനുള്ള സ്പേസാണ് (Space) നിന്റെ പരാജയങ്ങൾ, തീർന്നുപോകുന്ന വീഞ്ഞ്, കാലിയാകുന്ന നിന്റെ സംഭരണികൾ.
ഒരു വചനം കൂടി നമ്മൾ ശ്രദ്ധിക്കണം- യോഹ 2:11. മുന്തിയ വീഞ്ഞുണ്ടായ വലിയ അത്ഭുതത്തിന്റെ പരിണതഫലമാണ് ഇവിടെ വിവരിക്കുന്നത്: ”അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.”
ഒന്നാം തരം വീഞ്ഞ് ലഭിച്ചതിന്റെ പരിണതഫലം എന്താണ്? അവരത് നന്നായി കുടിച്ചു രസിച്ചു; ഫിറ്റായി; അടിച്ചു പൂസായി. അതല്ല പരിണത ഫലം. അതിലും ഉപരിയായ പരിണതഫലമാണ് സുവിശേഷകൻ വിവരിക്കുന്നത്- ”അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു” മുന്തിയ വീഞ്ഞുണ്ടായതിന്റെ ഏറ്റവും വലിയ പരിണതഫലമിതാണ്- അവർ ക്രിസ്തുവിൽ വിശ്വസിച്ചു. അതായത് മുന്തിയതരം വീഞ്ഞിന്റെ പിറകിലുള്ള ദൈവകരം, ക്രിസ്തുവിന്റെ കരം അവർ കാണുന്നു. അവനിൽ അവർ വിശ്വസിക്കുന്നു.
ഇതാണ് യഥാർത്ഥ ക്രിസ്തു ശിഷ്യരുടെ ധർമം. ജീവിതത്തിൽ സമൃദ്ധികളുണ്ടാവാം. മുന്തിയ വീഞ്ഞുലഭിക്കുന്ന ജീവിതത്തിന്റെ സമ്പന്നതകളുണ്ടാവാം. അപ്പോഴൊക്കെ അത്തരം സമ്പന്നതകളിൽ മുഴുകിപോകാനുള്ള അപകടം ശക്തമാണ്. സമൃദ്ധിയിലും സമ്പന്നതയിലും മുഴുകിപ്പോകാതെ അവയുടെ പിറകിലുള്ള ദൈവകരം കാണാനുള്ള അവസരമാക്കി അവയെ മാറ്റണം. നിന്റെ വിശ്വാസം ആഴപ്പെടുത്താനുള്ള അവസരമാക്കണം അവയെ. അങ്ങനെയാണ് നീ യഥാർത്ഥ ക്രിസ്തുശിഷ്യൻ അഥവാ ക്രിസ്തുശിഷ്യയായി മാറുന്നത്.
ചുരുക്കത്തിൽ കാനായികല്ല്യാണത്തിലൂടെ ഈശോ നമ്മെ പഠിപ്പിക്കുന്നത് രണ്ട് പ്രധാനപാഠങ്ങളാണ്. ഒന്ന് നിന്റെ പരാജയങ്ങളിലും ഇല്ലായ്മകളിലും നീ നിരാശപ്പെടരുത്. പകരം, തമ്പുരാനിൽ ശരണപ്പെടാനും, ദൈവകരങ്ങളെ മുറുകെ പിടിക്കാനുമുള്ള അവസരങ്ങളാക്കി അവയെ ഉപയോഗപ്പെടുത്തണം.
അതോടൊപ്പം നിന്റെ ജീവിതത്തിന്റെ സമൃദ്ധിയിലും സമ്പന്നതയിലും നീ മതിമറന്ന് മുഴുകിപ്പോകരുത്. മറിച്ച് അവയുടെ പിറകിലുള്ള ദൈവകരം കാണാനും തമ്പുരാനിലുള്ള നിന്റെ വിശ്വാസം ആഴപ്പെടുത്താനുമുള്ള അവസരങ്ങളാക്കി അവയെ ഉപയോഗിക്കണം.

(നാലുപറയിൽ അച്ചന്റെ സുവിശേഷവിചിന്തനം ,ദനഹാ നാലാം ഞായർ )

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.