Articles

നന്മയുള്ള മനസ്സ്

ഒരു കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന ഫോണ്‍ സന്ദേശം ലഭിച്ച ഉടന്‍ ഡോക്ടര്‍ ആശുപത്രിയില്‍ പാഞ്ഞെത്തി. വസ്ത്രം മാറി നേരെ സര്‍ജറി ബ്ളോക്കിലേക്ക് നടന്നു.
വരാന്തയില്‍ ഡോക്ടറെ കാത്ത് നില്‍പുണ്ടായിരുന്ന കുഞ്ഞിന്റെ അച്ചന്‍ ഡോക്ടറോട് ശബ്ദമുയര്‍ത്തി ചോദിച്ചു : “എന്താണ് താങ്കള്‍ ഇത്ര വൈകി വന്നത്? എന്റെ മകന്‍ അത്യാസന്ന നിലയിലാണെന്ന് താങ്കള്‍ക്കറിയില്ലേ? താങ്കള്‍ക്ക് യാതൊരു ഉത്തരവാദിത്വബോധവുമില്ലേ?”
ഡോക്ടര്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

” ഐ ആം സോറി , ഞാന്‍ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നില്ല .എനിക്ക് ഇവിടെ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ച ഉടന്‍ തന്നെ ഞാന്‍ ഇവിടെ എത്തിയിട്ടുണ്ട്.

ഇനി താങ്കള്‍ ശാന്തനായിരിക്കുക .എങ്കില്‍ മാത്രമേ എനിക്കെന്റെ ജോലി ശരിയായി ചെയ്യാന്‍ സാധിക്കുകയുള്ളൂ .”
” ശാന്തനാവുകയോ…? താങ്കളുടെ മകനാണ് ഇപ്പോള്‍ ഇതേ അവസ്ഥയിലെങ്കില്‍ താങ്കള്‍ നിശ്ശബ്ദനായിരിക്കുമോ….? താങ്കളുടെ മകന്‍ ചികിത്സ കിട്ടാതെ മരിക്കുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ?” കുഞ്ഞിന്റെ അച്ചന്‍ പൊട്ടിത്തെറിച്ചുകൊണ്ട് ചോദിച്ചു.
ഡോക്ടര്‍ അപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്കി :

പരിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞൊരു കാര്യം;” മണ്ണില്‍ നിന്നും വന്ന മണ്ണിലേക്ക് തന്നെ നമ്മുടെ മടക്കവും”.. ‘എല്ലാം ദൈവത്തിന്റെ പക്കലാണ്. ഡോക്ടര്‍മാര്‍ക്ക് ജീവിതം നീട്ടി നല്കാനുള്ള കഴിവില്ല. ആയതിനാല്‍ താങ്കള്‍ മകന്റെ രക്ഷക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഞങ്ങളുടെ എല്ലാ കഴിവുമുപയോഗിച്ച് താങ്കളുടെ മകന്റെ ജീവന്‍ രക്ഷിക്കും.’
“സ്വന്തത്തെ ബാധിക്കാത്ത പ്രശ്നമാകുമ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ വളരെ എളുപ്പമാണ്….. “

കുട്ടിയുടെ അച്ചന്‍ പിറുപിറുത്തു .
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ശസ്ത്രക്രിയ കഴിഞ്ഞു ഡോക്ടര്‍ ഓപറേഷന്‍ തിയേറ്ററില്‍ നിന്നും പുറത്തേക്കു വന്നു. അദ്ദേഹം വളരെ സന്തോക്ഷവാനായി കാണപ്പെട്ടു .

” ദൈവത്തിന് നന്ദി ..,താങ്കളുടെ മകന്‍ രക്ഷപ്പെട്ടു ! ഓപറേഷന്‍ വിജയകരമായിരിക്കുന്നു.”
എന്നിട്ടദ്ദേഹം കുട്ടിയുടെ അച്ചന്റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ വളരെ വേഗത്തില്‍ അവിടെ നിന്നും പുറത്തേക്ക് ഓടിപ്പോയി. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ നഴ്സിനോട് ചോദിച്ചാല്‍ മതി എന്ന് പറഞ്ഞ് കൊണ്ട്.
‘എന്താണ് ഡോക്ടര്‍ക്ക് ഇത്ര അഹങ്കാരം? എന്റെ മകന്റെ വിവരം ചോദിച്ചറിയാന്‍ ഒന്നുരണ്ട് മിനുറ്റ് പോലും നില്‍ക്കാതെ അദ്ദേഹം ഓടിപ്പോയില്ലേ? ഒരു ഡോക്ടര്‍ക്ക് ഇത്ര ഗര്‍വ്വ് പാടുണ്ടോ? ‘

-ഡോക്ടര്‍ പോയി സ്വല്പം കഴിഞ്ഞ് അവിടെയെത്തിയ നഴ്സ് കേള്‍ക്കും വിധം അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു.
നഴ്സിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ താഴേക്കുറ്റി വീണു.അവര്‍ അദ്ദേഹത്തോടായി പറഞ്ഞു:
“ഡോക്ടറുടെ മകന്‍ ഇന്നലെ ഒരു റോഡപകടത്തില്‍ മരണപ്പെട്ടു. നിങ്ങളുടെ മകന്റെ അവസ്ഥ ഞങ്ങള്‍ ഫോണിലൂടെ ഡോക്ടറെ അറിയിക്കുമ്പോള്‍ അദ്ദേഹം തന്റെ മകന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു. ഇപ്പോള്‍ അദ്ദേഹം താങ്കളുടെ മകന്റെ ജീവന്‍ രക്ഷിച്ചു .

അദ്ദേഹം താന്‍ ബാക്കിവെച്ചുപോന്ന അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ധൃതിപ്പെട്ടു ഓടുകയാണ് .”
നമ്മൾ നമ്മുടെ കാര്യം മാത്രം ചിന്തിക്കാതെ മറ്റുള്ളവരുടെ ജീവിതാവസ്ഥയും ആഴത്തിൽ അറിഞ്ഞു മനസ്സിലാക്കി പെരുമാറുക അതാണ്‌

നന്മയുള്ള മനസ്സ്…

 

Advertisements

Categories: Articles

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.