Articles

നാല് കക്കത്തോടുകള്‍

ആറുവയസ്സുള്ള ഒരാണ്‍കുട്ടി അവന്‍റെ നാലു വയസ്സുകാരി കുഞ്ഞനിയത്തിക്കൊപ്പം കടൽത്തീരത്തു നിന്നും വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ ഒപ്പം നടന്നിരുന്ന പെങ്ങള്‍ കൂടെയില്ലെന്നു മനസ്സിലാക്കിയ അവന്‍ തിരിഞ്ഞു നോക്കി. റോഡരികില്‍ കളിപ്പാട്ടങ്ങള്‍ വിൽക്കുന്ന കടയുടെ ചില്ലുകൂട്ടിനുള്ളിലേക്ക് അതീവ താല്പര്യത്തോടെ നോക്കി നിൽക്കുന്ന കുഞ്ഞനിയത്തിയെ കണ്ടു. എന്താണിത്ര താല്പര്യത്തോടെ നോക്കിനില്‍ക്കുന്നതെന്നറിയാനുള്ള കൗതുകത്തോടെ അവനവള്‍ക്കരികിലെത്തി. 

പെങ്ങൾ ചില്ലുകൂട്ടിനകത്തെക്ക് വിരല്‍ ചൂണ്ടി. മനോഹരമായ ഒരു ടെഡി ബെയര്‍. അനിയത്തിയുടെ മുഖത്ത് തെളിഞ്ഞ പ്രതീക്ഷയുടെ പൊന്‍തിളക്കം കണ്ട് മറ്റൊന്നുമാലോചിക്കാതെയവന്‍ ചോദിച്ചു –
“മോൾക്കിതു വേണോ ?” 
“മ്” അവള്‍ അവനെ നോക്കി പ്രതീക്ഷയോടെ മൂളി. 
അവന്‍ അവളെയും കൂട്ടി കടക്കകത്തേക്കു കയറി. നേരെ നടന്നു ചെന്ന് ആ പാവക്കുട്ടിയെടുത്ത് അനിയത്തിയുടെ കൈയില്‍ കൊടുത്തു. അവളുടെ കവിളില്‍ ആയിരം മഴവില്ലുകള്‍ പൂത്തിറങ്ങി.  
ഇതെല്ലാം അതീവ കൌതുകത്തോടെ വീക്ഷിച്ചുകൊണ്ട്‌ പ്രായം ചെന്ന കടയുടമ കാഷ് കൌണ്ടറില്‍ ഇരിക്കുന്നുണ്ടായിരുന്നു.
പാവയുമെടുത്ത് അനിയത്തിയെയും കൂട്ടി കാഷ് കൌണ്ടിലെത്തിയ പയ്യന്‍ ചോദിച്ചു . “അങ്കിള്‍, ഈ ടെഡി ബെയറിനെന്താണു വില ?”
“മോന്‍റെ കയ്യില്‍ എന്തുണ്ട് തരാന്‍ ?” 
ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും കടയുടമ ചോദിച്ചു.
കുട്ടി കയ്യിലിരുന്ന കുഞ്ഞു ബാസ്കറ്റ് മേശപ്പുറത്തേക്ക് കുടഞ്ഞിട്ടു. അതില്‍ കടപ്പുറത്ത് നിന്നും ഇരുവരും ചേര്‍ന്നു ശേഖരിച്ച മണ്ണുപുരണ്ട കക്കയുടെ തോടുകളും കുഞ്ഞു ശംഖുകളുമായിരുന്നു. 
അവന്‍ പ്രതീക്ഷയോടെ കടയുടമയെ നോക്കി. കടയുടമ പണം എണ്ണിയെടുക്കുന്ന ജാഗ്രതയോടെ അവ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം കുട്ടിയെ നോക്കി. കുട്ടി തെല്ലാശങ്കയോടെ ചോദിച്ചു – “ഇത് മതിയാകാതെ വരുമോ ?”
“മതിയാകാതെ വരുമോയെന്നോ ? സത്യത്തില്‍ ഇതൊത്തിരി കൂടുതലാണ്. ഞാന്‍ ബാക്കി തരാം കേട്ടോ” എന്ന് പറഞ്ഞു കൊണ്ട് 4 കക്കത്തോടുകള്‍ മാത്രമെടുത്ത് തന്‍റെ മേശവലിപ്പിലിട്ട ശേഷം ബാക്കിയുള്ളവ അവനു തന്നെ തിരിച്ചു നല്‍കി. 

അവനത്‌ ഏറെ ആഹ്ളാദത്തോടെ തിരികെ ബാസ്കറ്റില്‍ നിക്ഷേപിച്ച ശേഷം ആഹ്ലാദവതിയായ കുഞ്ഞുപെങ്ങളുടെ കൈപിടിച്ച് യാത്രയായി.
കുട്ടികള്‍ പോയിക്കഴിഞ്ഞപ്പോള്‍ കടയിലെ ജോലിക്കാരന്‍ അവിശ്വസനീയതയോടെ കടയുടമയെ സമീപിച്ചു. “ഒരു വിലയുമില്ലാത്ത കുറച്ചു കക്കത്തോടുകള്‍ക്ക് പകരം അങ്ങ് വില കൂടിയ ആ പാവ അവര്‍ക്കു കൊടുത്തുവോ ??” 
വൃദ്ധനായ കടയുടമ ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു, 
“നാം മുതിര്‍ന്നവരെ സംബന്ധിച്ച് അവ തീരെ വിലയില്ലാത്തതാണ്. പക്ഷേ ആ കുട്ടിയെ സംബന്ധിച്ച്  വിലമതിക്കാനാവാത്തതും. ഈ കുഞ്ഞുപ്രായത്തില്‍ പണത്തിന്‍റെ മൂല്യമൊന്നും അവനറിയില്ല. പക്ഷെ വളര്‍ന്നു വലുതാവുമ്പോള്‍ അവനതു മനസ്സിലാകും. ബാല്യത്തില്‍, ഒരു വിലയുമില്ലാത്ത നാല് കക്കത്തോടുകള്‍ കൊടുത്ത് വിലകൂടിയ ഒരു കളിപ്പാട്ടം അനിയത്തിക്ക് വാങ്ങിക്കൊടുത്തത് അവനോര്‍ക്കും. അപ്പോള്‍ തീര്‍ച്ചയായും അവനെന്നെയുമോര്‍ക്കും. ഈ ലോകത്തില്‍ നന്മയുള്ള ചിലതെങ്കിലും അവശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അവന്‍റെയുള്ളില്‍ നന്മയുടെ ഊര്‍ജ്ജം നിറയും. തനിക്കും നല്ലൊരു മനുഷ്യനാകണമെന്ന് ദൃഡനിശ്ചയം അവനുണ്ടാകും.” 
നാം ചെയ്യുന്ന നല്ല പ്രവൃത്തികളാണ് ലോകമാകമാനം പ്രകാശം പരത്തി പടര്‍ന്നു പന്തലിക്കുന്നത്. നല്ല പ്രവര്‍ത്തികള്‍ നന്മയുടെ ഊര്‍ജ്ജം ലോകം മുഴുവന്‍ പ്രസരിപ്പിക്കും. തെറ്റായ പ്രവര്‍ത്തികള്‍ ലോകത്തെ ഇരുട്ടിലാക്കും.”

Advertisements

Categories: Articles

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.