Articles

ഗായത്രിയിൽനിന്നും സിസ്റ്റർ ജിസ് മേരിയിലേക്ക്

ഗായത്രിയിൽനിന്നും സിസ്റ്റർ ജിസ് മേരിയിലേക്ക്

Sr Jismary

ദൈവം തൊടാത്തതായി ആരുണ്ട് ഭൂമിയിൽ? കരംകൊണ്ട് ആദത്തെ മെനഞ്ഞ കാലം മുതൽ അവിടുന്ന് മനുഷ്യനെ സ്പർശിച്ചുകൊണ്ടേയിരിക്കുന്നു. അവന്റെ കരതാരിലാണ് സൃഷ്ടി മുഴുവനും എന്ന ചിന്ത കുളിർമയേകുന്നതാണ്. ഓരോ വ്യക്തിക്കുമുണ്ടാകും ദൈവസ്പർശത്തിന്റെ വേറിട്ട കഥകൾ പങ്കുവയ്ക്കാൻ. അങ്ങനെ ഒന്നാണ് ഈ സഹോദരിയുടേത്. അവരത് ഇങ്ങനെ പറഞ്ഞുതുടങ്ങി:

എന്റെ പേര് സിസ്റ്റർ ജിസ് മേരി എസ്.ഡി. എന്റെ പൂർവനാമം ഗായത്രി. ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. കുഞ്ഞുനാൾ മുതൽ ഞാനൊരു ദേവീഭക്തയായിരുന്നതിനാൽ എന്നെ ഞാൻ വിളിച്ചിരുന്നത് ഗായത്രിദേവി എന്നാണ്. അച്ഛനും അമ്മയും ചേച്ചിയും അനുജനും അടങ്ങുന്നതാണെന്റെ കുടുംബം. അടക്കിപ്പിടിച്ച വികാരങ്ങളുടെയും വെറി പിടിച്ച ആചാരങ്ങളുടെയും ഭയപ്പെടുത്തുന്ന അന്ധവിശ്വാസങ്ങളുടെയും മധ്യേയാണ് ഞാൻ വളർന്നുവന്നത്. ഞങ്ങളുടെ വിശ്വാസപ്രകാരം എന്റെ ജാതകം ദോഷമായിരുന്നു. അതിൽ ശനിദശയുമുണ്ടായിരുന്നു. കുടുംബത്തിന് ഞാൻ അപശകുനമായിരുന്നു. അതിനാൽ എന്റെ ജനനത്തോടുകൂടി ഞങ്ങളുടെ വലിയ കുടുംബത്തിൽനിന്ന് അച്ഛനെയും അമ്മയെയും എന്നെയും വീട്ടുകാർ പുറത്താക്കി. അച്ഛനും അമ്മയ്ക്കും എന്നെ ഉപേക്ഷിച്ച് തിരിച്ച് വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. തല ചായ്ക്കാനിടമില്ലാത്തതിന്റെ നൊമ്പരം കുഞ്ഞുനാളിൽത്തന്നെ ഞങ്ങളറിഞ്ഞു. എറണാകുളം റെയിൽവേ സ്റ്റേഷനിലാണ് ഞങ്ങളന്ന് അന്തിയുറങ്ങിയത്. ഞങ്ങളുടെ ദുരവസ്ഥ മനസിലാക്കിയ അച്ഛന്റെ സുഹൃത്ത് പിന്നീട് അവരുടെ ഭവനത്തിൽ അഭയം തന്നു. തുടർന്ന് ഗാന്ധിനഗർ കോളനിയിൽ ഒരു ചെറിയ വീട് ലഭിച്ചു. അങ്ങനെ കോളനിയുടെ ഇടനാഴികകളിൽ ഞാൻ പിച്ചവച്ചു തുടങ്ങി. ഉപേക്ഷിക്കപ്പെട്ടതിന്റെ നൊമ്പരം ഒരു കനൽപോലെ എന്നിൽ എരിഞ്ഞുകൊണ്ടിരുന്നു. എല്ലാവരോടും എല്ലാത്തിനോടും എനിക്ക് വെറുപ്പും ദേഷ്യവുമായിരുന്നു. ആരോടും സംസാരിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. സ്‌കൂളിൽ അവസാന ബഞ്ച് എന്റെ സ്വന്തം. വീട്ടിൽ ഒരു ഇരുണ്ട മുറിയുടെ മൂലയും. എന്റെ അമ്മ എന്നെക്കുറിച്ച് പറഞ്ഞിരുന്നത് ഞാനൊരു മൃഗമായിരുന്നു എന്നാണ്. സത്യം, അങ്ങനെതന്നെയായിരുന്നു. ചിരിക്കാനറിയില്ല, കരയാനറിയില്ല, ആരോടും ഇടപെടാനറിയില്ല. ആർക്കോ വേണ്ടി സ്‌കൂളിൽ പോകും. ഒന്നോ രണ്ടോ വിഷയങ്ങൾക്ക് ജയിക്കും, അത്രമാത്രം. എന്റെ താൽപര്യപ്രകാരം ഞാൻ ചെയ്തിരുന്നത് എന്നും രാവിലെ കുളിച്ച് ദേവിയുടെ അമ്പലത്തിൽ പോകുകയെന്നതായിരുന്നു. ഞാനെന്നോടു പറഞ്ഞു പഠിപ്പിച്ചു – ഞാൻ ഗായത്രിദേവി. ദേവിമാത്രം സ്വന്തം. ഓരോ ദിവസം കഴിയുംതോറും ഞാൻ കൂടുതൽ വെറുപ്പോടുകൂടി വളർന്നുവന്നു. എന്റെ സ്വഭാവരീതികൾ കണ്ട് അച്ഛനും അമ്മയ്ക്കും ഞാൻ വഴിതെറ്റി പോകുമോ എന്ന ഭയവുമുണ്ടായിരുന്നു. അതിനാൽ കോളനിയിൽനിന്ന് ഏതാനും വർഷങ്ങൾക്കുശേഷം ഞങ്ങൾ താമസം മാറ്റി. നാടോടികളെപ്പോലെ വർഷംതോറും ഞങ്ങൾ വീടുകൾ മാറി. പലയിടങ്ങളിലായി ഞാൻ പഠിച്ചു. പലയിടങ്ങളിലായി ഞാൻ വളർന്നു.

അങ്ങനെ പതിനാലാം വയസിൽ ഞങ്ങൾ ഇടപ്പിള്ളിയിൽ എത്തിച്ചേർന്നു. എന്റെ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങിയ ഇടം. ഇടപ്പിള്ളിയിലെ വീടിനടുത്ത് ക്രിസ്തീയ കുടുംബങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒരു വീട്ടിൽ എല്ലാ ദിവസവും കരിസ്മാറ്റിക് പ്രാർത്ഥനക്കാരുടെ പ്രാർത്ഥന ഉണ്ടായിരുന്നു. അവരുടെ സ്വരമുയർത്തിയുള്ള സ്തുതിയും പ്രാർത്ഥനകളും എന്റെ കാതുകൾക്ക് അരോജകമായിരുന്നു. രണ്ടാഴ്ച ഞാൻ സഹിച്ചു. ഒരു ദിവസം അവർ പ്രാർത്ഥിക്കുന്ന സമയത്ത് അവിടെ ചെന്ന് ഞാൻ ബഹളമുണ്ടാക്കി. നിങ്ങളുടെ ഉച്ചത്തിലുള്ള പ്രാർത്ഥന കാരണം ഞങ്ങൾക്ക് ശല്യമാണെന്ന് പറഞ്ഞു. ഇത്ര ഉച്ചത്തിൽ പ്രാർത്ഥിച്ചാലേ നിങ്ങളുടെ ദൈവത്തിന് കേൾക്കാൻ കഴിയൂ എന്നു ചോദിച്ചു. അവർ പറഞ്ഞു, നീ പോയി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഒരു ധ്യാനം കൂടുക. എന്നിട്ടും നിനക്ക് ഞങ്ങളുടെ പ്രാർത്ഥന ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഞങ്ങൾ പ്രാർത്ഥന നിർത്താം. അതൊരു വെല്ലുവിളിയായി എടുത്ത് ഞാൻ ഡിവൈനിൽ പോകാൻ തീരുമാനിച്ചു. എന്റെ സ്വഭാവത്തിന് എങ്ങനെയെങ്കിലും മാറ്റം വരട്ടെയെന്നു കരുതി മാതാപിതാക്കൾ സമ്മതം മൂളി. ധ്യാനത്തിൽ ആദ്യമൂന്നു ദിവസം സമയാസമയം ഭക്ഷണം കഴിച്ച് സുഖമായി കിടന്നുറങ്ങി. എനിക്ക് വചനത്തെക്കുറിച്ചോ ദിവ്യകാരുണ്യത്തെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. അറിയാൻ താൽപര്യവുമില്ലായിരുന്നു.

മൂന്നാമത്തെ ദിവസം ധ്യാനഹാളിൽ ഞാനിരുന്ന് ഉറങ്ങുകയായിരുന്നു. ദിവ്യകാരുണ്യം അവിടെ എഴുന്നള്ളിച്ചുവച്ചിട്ടുമുണ്ടായിരുന്നു. ഒരു സ്വരം കേട്ട് ഞാൻ ഞെട്ടിയുണർന്നു. ചുറ്റിനും നോക്കിയപ്പോൾ കുറച്ചുപേർ കരയുന്നു, പാട്ടു പാടുന്നു, നൃത്തം ചെയ്യുന്നു. എനിക്ക് വല്ലാത്ത അരിശം വന്നു. ഞാൻ അവിടെ നിന്നെഴുന്നേറ്റ് മുറിയിലേക്ക് പോയി. ഉറങ്ങാൻ കഴിഞ്ഞില്ല. വീണ്ടും ധ്യാനഹാളിൽ വന്നു. അവിടെ കണ്ണടച്ചിരുന്നപ്പോൾ ക്രിസ്തുവിന്റെ പീഡാനുഭവചിത്രം എന്റെ മനസിലേക്ക് കടന്നുവന്നു. അവൻ കുരിശിൽ മരിക്കുന്നതും ഞാൻ കണ്ടു. മരിച്ച ദൈവത്തിന് എങ്ങനെ മനുഷ്യരെ രക്ഷിക്കാൻ സാധിക്കുമെന്നായിരുന്നു എന്റെ ചിന്ത. അപ്പോൾ അവന്റെ മുറിവുകളേറ്റ ശരീരം എനിക്ക് കൂടുതൽ ദൃശ്യമായി. മുറിവുകളിൽനിന്നും ഒഴുകുന്ന രക്തത്തുള്ളികൾ കണ്ടു. കഴിഞ്ഞ 15 വർഷക്കാലത്തെ എന്റെ ജീവിതം മുഴുവനും എനിക്കവൻ കാണിച്ചുതന്നു. ഞാൻ വാവിട്ട് നിലവിളിച്ചു. ഈ നിലവിളിക്കിടയിൽ എന്റെ കഴുത്തിൽ സാത്താൻ സേവയുമായി ബന്ധപ്പെട്ട് ജപിച്ചുകെട്ടിയിരുന്ന ഏലസ് പൊട്ടി താഴെ വീണു. ഞാനും സ്തുതിച്ചുകൊണ്ട് നിലത്തുവീണു. ഞാൻ ഏറെ തപ്പിയെങ്കിലും ആ ഏലസ് എനിക്ക് കിട്ടിയില്ല. എന്നിലെന്തോ മാറ്റങ്ങൾ സംഭവിച്ചതായി ഞാനറിഞ്ഞു. പിറ്റേദിവസം മുതൽ വചനം ആഗ്രഹത്തോടുകൂടി ശ്രവിച്ചു. ഭാഷാവരം നൽകി എന്നെ അവിടുന്നനുഗ്രഹിച്ചു. ജീവിതത്തിൽ ആദ്യമായി കരയുവാനുള്ള കൃപ എനിക്ക് ലഭിച്ചു. ‘ഗായത്രി നീ എന്റെ സ്വന്തമാണ്. നിന്നെ ഞാൻ സ്‌നേഹിക്കുന്നു’ എന്ന സ്വരം ഞാൻ കേട്ടു. ക്രിസ്തു എന്നെ സ്‌നേഹിക്കുന്ന ദൈവമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അവനെ രക്ഷകനായി സ്വീകരിക്കാനും ആ തീരുമാനത്തിൽനിന്ന് പിന്മാറാതിരിക്കാനുമുള്ള കൃപയ്ക്കുവേണ്ടി ഞാൻ പ്രാർത്ഥിച്ചു. ഒരു കുരിശും ബൈബിളുമായി ഞാൻ ഡിവൈനിൽനിന്ന് വീട്ടിലേക്ക് തിരിച്ചു.

പുതിയ വിശ്വാസവും തീരുമാനങ്ങളുമായി വന്ന എന്നെ വീട്ടുകാർ എതിർത്തു. എന്റെ മുറിയിലുണ്ടായിരുന്ന എല്ലാ രൂപങ്ങളും പൂജാസാധനങ്ങളും ഒരു തുണിയിൽ കെട്ടി ഞാൻ തോട്ടിലൊഴുക്കി. ഞാൻ എതിർത്തു സംസാരിച്ച പ്രാർത്ഥനാകൂട്ടായ്മയിൽ ഞാനൊരു അംഗമായി. എന്റെ ജീവിതത്തിൽ പുതിയ വെളിച്ചം ലഭിച്ചു. ചിരിക്കാനും സ്‌നേഹിക്കാനും കരുണ കാണിക്കാനും മറ്റുള്ളവരോട് പെരുമാറുവാനും ഞാൻ പഠിച്ചു. ഒന്നും പ്രാർത്ഥിക്കാനറിയാത്ത ഞാൻ എന്റെ മുറിയിലെ ക്രൂശിതരൂപം നോക്കിയിരുന്നു. അപ്പോൾ ഡിവൈനിൽവച്ച് കേട്ട ആ സ്വരം ഞാൻ വീണ്ടും ശ്രവിച്ചു: ‘ഗായത്രി ഞാൻ നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ സ്വന്തമാണ്.’ ഒറ്റപ്പെട്ട്, തിരസ്‌കരിക്കപ്പെട്ട എന്റെ ജീവിതത്തിൽ എന്നെ അറിയുന്ന, സ്‌നേഹിക്കുന്ന ദൈവമുണ്ടെന്ന് ഞാൻ ആഴത്തിൽ വിശ്വസിച്ചു. ഞാൻ ഈശോയോട് ചോദിച്ചു: ‘ഞാൻ എന്താണ് നിന്നെ വിളിക്കേണ്ടത്?’ ചോദ്യത്തിനുള്ള ഉത്തരമായി ഞാനവനൊരു പേരിട്ടു ‘വല്യേട്ടൻ.’ ഹാഗാർ മരുഭൂമിയിൽ ദൈവത്തെ എൽറോയ് എന്നു വിളിച്ചതുപോലെ. അവൻ എന്റെ കൂടെ ചരിക്കുന്നതായും ഭക്ഷണം കഴിക്കുന്നതായും സംസാരിക്കുന്നതായും എനിക്കനുഭവപ്പെട്ടു. മൂന്നു വർഷങ്ങൾകൂടി അങ്ങനെ കഴിഞ്ഞു.

എനിക്ക് പതിനെട്ടു വയസായി. വികാരിയച്ചനോട് എനിക്ക് മാമോദീസ തരണമെന്നാവശ്യപ്പെട്ടു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ മാമോദീസ സ്വീകരിക്കുന്നത് എന്നെഴുതിക്കൊടുത്തു. 2002 മാർച്ച് 31-ന് ഈസ്റ്റർ ദിവസം ഞാൻ മാമോദീസ മുങ്ങി കത്തോലിക്കയായി. എന്റെ മാമോദീസയ്ക്ക് എന്നെ സ്‌നേഹിക്കുന്ന ഈശോ എന്നെ സ്വന്തമാക്കുന്നതു കാണാൻ എന്നോടുള്ള സ്‌നേഹം മുഖേന എന്റെ അമ്മയും വന്നിരുന്നു. ക്രിസ്തു എന്നെ സ്വന്തമാക്കിയതിലൂടെ എനിക്ക് പുതിയ നാമം ലഭിച്ചു – ജിസ് മേരി. മൂന്നു മാസങ്ങൾക്കുശേഷം ആദ്യകുർബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു. ഞാൻപോലുമറിയാതെ എന്നിലെ ഗായത്രി അപ്രത്യക്ഷമായി യേശു എന്നിൽ നിറഞ്ഞു.

ഇതിനിടയിൽ എന്റെ മതംമാറ്റം കുടുംബത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചു. ഞാനൊന്നിനെയും വകവച്ചില്ല. എന്റെ ജീവിതം പാവപ്പെട്ടവർക്കുവേണ്ടിയും ക്രിസ്തുവിനുവേണ്ടിയും പൂർണമായി സമർപ്പിക്കണമെന്ന ആഗ്രഹം ഏറിവന്നു. അതിനുള്ള ഏറ്റവും ഉത്തമമായ മാർഗം സന്യാസമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ ഏതു സഭയിൽ ചേരും, ആരാണ് എന്നെ മഠത്തിൽ എടുക്കുക? ഞാൻ ഈശോയോട് ചോദിച്ചു.

ഒരു ദിവസം പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അഗതികളുടെ സന്യാസസമൂഹത്തിന്റെ എംബ്ലം എനിക്ക് ഈശോ കാണിച്ചുതന്നു. മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് ഞാൻ മഠത്തിൽ പോകാനൊരുങ്ങി. അധികാരികളുമായി സംസാരിച്ചു. അവരെന്നെ സ്വീകരിക്കാൻ തയാറായി. അച്ഛനും അമ്മയും ആദ്യം എതിർത്തു. എന്റെ നിർബന്ധം ഏറിയപ്പോൾ അമ്മ പറഞ്ഞു: ”15 വയസുവരെ നീയൊരു മൃഗമായിരുന്നു. നിന്നെ ഒരു മനുഷ്യസ്ത്രീയാക്കി മാറ്റിയത് നീ വിശ്വസിക്കുന്ന നിന്റെ കർത്താവാണ്. ഞാൻ നിന്നെ തടയുന്നില്ല. എവിടെ പോയാലും നിനക്ക് നല്ലതു മാത്രമേ വരൂ.” അമ്മ സമ്മതിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല. നീ പോയിക്കോ, തിരിച്ചുവന്നാൽ ഞങ്ങളാരും ഇനി നിന്റെ സ്വന്തമല്ല. നിന്റെ തീരുമാനം. നീ ഇനി തനിച്ചായിരിക്കും. ഇതുകേട്ട ഞാൻ ക്രൂശിതരൂപം നോക്കി പൊട്ടിക്കരഞ്ഞു. ധൈര്യം സംഭരിച്ച് ഞാൻ പെട്ടിയെടുത്ത് എന്റെ അച്ഛന്റെ മുന്നിൽ വന്നുനിന്ന് പറഞ്ഞു: ”അച്ഛനെക്കാളും അമ്മയെക്കാളും ഉപരിയായി ഈ ഭൂമിയിൽ എന്നെ ആരെങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കിൽ അവരെക്കാളും എനിക്ക് വിശ്വാസം എന്റെ കർത്താവിനെയാണ്. ഞാനൊരിക്കലും തിരിച്ചു വരില്ല. മരിച്ചാലും ഇനി ഞാൻ അവിടെയേ മരിക്കൂ.” ഇതുകേട്ട അച്ഛൻ ഇരുകരങ്ങളും ശിരസിൽവച്ച് എന്നെ അനുഗ്രഹിച്ചു. മാത്രമല്ല, അച്ഛനും അമ്മയും ഒരുമിച്ച് എന്നെ മഠത്തിൽ കൊണ്ടുചെന്നാക്കി; 2005 മാർച്ച് 30-ന്.

സന്യാസ സഭയിൽ ഞാൻ ദൈവസ്‌നേഹം കൂടുതൽ അനുഭവിച്ചറിഞ്ഞു. നിലനില്പിന്റെ വരം നൽകി കർത്താവെന്നെ അനുഗ്രഹിച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രം എന്നെ ഏറെ സ്വാധീനിച്ചു. ഞങ്ങളുടെ സ്ഥാപക പിതാവായ ദൈവദാസൻ വർഗീസ് പയ്യപ്പിള്ളിയച്ചനും പാവപ്പെട്ടവരോടുള്ള അച്ചന്റെ സമീപനവും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 2009 ഒക്‌ടോബർ പത്തിന് ഞാൻ പ്രഥമ വ്രതവാഗ്ദാനം നടത്തി. അതിന് രണ്ടുമാസംമുമ്പ് എന്റെ മാതാപിതാക്കളും സഹോദരനും മാമോദീസ സ്വീകരിച്ചു.

ഞാൻ സിസ്റ്ററായി രണ്ടുവർഷങ്ങൾക്കുശേഷം എന്റെ അമ്മ കാൻസർ രോഗിയായി. എന്റെ ബന്ധുക്കളെല്ലാം എന്റെ വിശ്വാസത്തെ കുറ്റപ്പെടുത്തി. ഗായത്രിദേവി ശാപമാണെന്ന് പറഞ്ഞു. അപ്പോഴെല്ലാം ക്രിസ്തുവിൽ ഞാൻ കൂടുതൽ വിശ്വസിച്ചു. എന്റെ അമ്മയ്ക്ക് നല്ല മരണം ലഭിച്ചു. അന്നാളിൽ സ്വന്തം വീടില്ലാത്തതിനാൽ അമ്മയുടെ മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന ചിന്തയിലായിരുന്നു. അവസാനം ഞങ്ങളുടെ സന്യാസസഭയുടെ സെമിത്തേരിയിൽ അടക്കം ചെയ്യാമെന്ന് ജനറാളമ്മ സമ്മതിച്ചു. എന്റെ മൃതശരീരം അടക്കം ചെയ്യേണ്ട മണ്ണിൽ, എന്റെ അമ്മയുടെ ശരീരം അടക്കം ചെയ്യാൻ കഴിഞ്ഞതിൽ ഞാനേറെ കൃതാർത്ഥയാണ്. ദൈവത്തിന്റെ പദ്ധതികൾ ഓർത്ത് എന്റെ മിഴികൾ നിറഞ്ഞു. ഇന്ന് വിശ്വാസത്തിലേക്ക് വരുന്നവരോട് എനിക്ക് പറയാനുള്ളത് ഭൗതികമായ നേട്ടങ്ങൾക്കുവേണ്ടി ക്രിസ്തീയ വിശ്വാസം സ്വീകരിക്കരുത് എന്നാണ്. ക്രിസ്തുവിന്റെ കൂടെ അവൻ ചുമക്കാൻ ആഗ്രഹിക്കുന്ന കുരിശെടുത്ത് അനുധാവനം ചെയ്യേണ്ടവനാണ് ക്രിസ്ത്യാനി. അങ്ങനെയുള്ളവനുമാത്രമേ ക്രിസ്തുവിന്റെ സ്‌നേഹത്തിൽനിന്ന് ആർക്കെന്നെ വേർപെടുത്താൻ കഴിയും (റോമ 8:35) എന്ന് പൗലോസ് ശ്ലീഹായെപ്പോലെ ചോദിക്കാൻ കഴിയുകയുള്ളൂ. ഗായത്രിദേവിയിൽനിന്നും സിസ്റ്റർ ജിസ് മേരിയിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലായിരുന്നുവെന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു. പുതുതായി മാമോദീസ സ്വീകരിക്കുന്നവർക്ക് കുറച്ചുകൂടെ സ്‌നേഹവും കരുതലും പരിഗണനയും സഭ കൊടുക്കണം എന്ന അഭിപ്രായം സിസ്റ്ററിനുണ്ട്. അതൊരിക്കലും ഒരു പരാതിയായി കാണരുതേ എന്ന അപേക്ഷയും അവർക്കുണ്ട്. വിശ്വാസം സ്വീകരിച്ചവർ പലരും അല്പ വിശ്വാസികളായും വിശ്വസമില്ലാത്ത ക്രിസ്ത്യാനികളായും ജീവിക്കുന്ന കാലഘട്ടത്തിൽ സിസ്റ്ററിനെപ്പോലുള്ളവരുടെ ജീവിതാനുഭവം നമ്മെ കൂടുതൽ ക്രിസ്തുവിലേക്കടുപ്പിക്കണം. പൗലോസ് ശ്ലീഹാ കോറിന്തോസിലെ വിശ്വാസികളെ നോക്കി പറഞ്ഞതുപോലെ ക്രിസ്തുവിനെ നോക്കി നമുക്കും ഇങ്ങനെ പറയാൻ കഴിയണം: ”ഒന്നിച്ചു മരിക്കാനും ജീവിക്കാനും വേണ്ടി നിങ്ങളെ ഞങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു” (2 കോറി. 7:3).

ഫാ. ജെൻസൺ ലാസലെറ്റ്‌

Advertisements

Categories: Articles

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s