Articles

സഭയുടെ തലപ്പത്ത് മുഴുവൻ പുരുഷന്മാരല്ലേ?

സഭയുടെ തലപ്പത്ത് മുഴുവൻ പുരുഷന്മാരല്ലേ? എൻ.ബി.സിയും ബിഷപ്പും നേർക്കുനേർ!

സഭയുടെ തലപ്പത്ത് മുഴുവൻ പുരുഷന്മാരല്ലേ? എൻ.ബി.സിയും ബിഷപ്പും നേർക്കുനേർ!

മക്അലൻ, ടെക്‌സസ്: പരിശുദ്ധ പിതാവിന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് അമേരിക്കൻ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചകൾ അരങ്ങേറിയിരുന്നു. ശക്തമായ സന്ദേശം കൊണ്ടും വാദഗതികളുടെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ ഒരു ചർച്ചയിലെ പ്രധാന കഥാപാത്രം വേർഡ് ഓൺ ഫയർ കാത്തലിക് മിനിസ്ട്രീസിന്റെ സ്ഥാപകനും ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനുമായ ബിഷപ് റോബർട് ബാരണായിരുന്നു. അമേരിക്കൻ ടെലിവിഷൻ അഭിമുഖലോകത്തിലെ അതികായന്മരായ രണ്ട് അവതാരകരാണ് സഭയെ പ്രതികൂട്ടിലാക്കുന്ന പ്രമാദമായ ചോദ്യങ്ങളുമായെത്തിയത്, എൻ.ബി.സിയുടെ അവതാരകൻ ബ്രയൻ മാത്യൂസും വാദഗതികളിൽ ഇഴകീറി സംസാരിക്കുന്ന ക്രിസ് മാത്യൂസും.

ബിഷപ് റോബർട് ബാരൺ നൽകിയ മറുപടി അമേരിക്കൻ ജനതയെയും മാധ്യമലോകത്തെയും പിടിച്ചുകുലുക്കി. സഭയ്ക്ക് ഉത്തരം നൽകാനില്ലെന്ന് ബൗദ്ധികവാദികൾ വിചാരിക്കുന്ന പ്രധാനപ്പെട്ട ചില ചോദ്യങ്ങൾക്ക് ബിഷപ് നല്കിയ മറുപടി അവതാരകരെപ്പോലും തെല്ല് പരിഭ്രമത്തിലാക്കി എന്നത് സത്യമായിരുന്നു. എൻ.ബി.സിയും എം.എസ്.എൻ.ബി.സിയും ഇത്തരമൊരു തിരിച്ചറിവിനെ വേറൊരിടത്തും കണ്ടിട്ടുമുണ്ടായിരുന്നില്ല.
ചർച്ച ചൂടുപിടിക്കവേ ക്രിസ് മാത്യൂസ് പൊടുന്നനേ പ്രമാദമായ ആ ചോദ്യം ഉയർത്തിവിട്ടു, ”ബിഷപ് ബാരൺ, എനിക്ക് താങ്കളോട് ചോദിക്കാനുള്ള ചോദ്യം ഇതാണ്. സഭയുടെ അധികാരശ്രേണിയിൽ ഉയരത്തിലുള്ള സ്ഥാനങ്ങൾ മുഴുവൻ പുരുഷന്മാരല്ലേ വഹിക്കുന്നത്. എന്തുകൊണ്ട് സ്ത്രീകൾക്ക് വൈദികരോ മെത്രാന്മാരോ ആയിക്കൂടാ?”
ഉത്തരം നൽകാൻ ആരും വിഷമിക്കുന്ന ചോദ്യമാണ്. സമത്വമോ നീതിയോ സഭയിൽ നിഷേധിക്കപ്പെടുന്നു എന്നതുതന്നെയാണ് ചോദ്യത്തിന്റെ ആന്തരികശക്തി.
ബിഷപ് റോബർട് ബാരൺ വളരെ ലാഘവത്തോടെ തന്റെ ഉത്തരം ആരംഭിച്ചതുതന്നെ പ്രേക്ഷകരെ ചിന്തിപ്പിച്ചു, ”സഭയുടെ അധികാരശ്രേണിയെ ലോകത്തിന്റെ രീതികളുമായി കൂട്ടിക്കുഴക്കുന്നതിലാണ് ഈ ചിന്തയുണ്ടാവുന്നത്. സഭയുടെ ഏറ്റവും തലപ്പത്താണ് എന്ന് നിങ്ങൾ പറയുന്ന ഫ്രാൻസിസ് പാപ്പ സ്വയം അഭിസംബോധന ചെയ്യുന്നതും ആയിരിക്കുന്നതും സകലരുടെയും ദാസനായിട്ടാണ്. പ്രീസ്റ്റ്ഹുഡ് അല്ല സഭയിലെ ഉന്നതശ്രേണി, സെയ്ന്റ്ഹുഡാണ്. സ്ത്രീവിശുദ്ധരിൽ മാർപാപ്പമാരെപ്പോലും തങ്ങളുടെ ജീവിതവിശുദ്ധിയും കാഴ്ചപ്പാടുകളും കൊണ്ട് നിലയ്ക്കുനിർത്തിയ വ്യക്തിത്വങ്ങളുണ്ടായിരുന്നു ചരിത്രത്തിൽ. ലോകം ചിന്തിക്കുന്ന രീതിയിലുള്ള അധികാരകേന്ദ്രങ്ങളെല്ലാം ബഹുമാനിച്ചിരുന്നവർ. കാതറിൻ ഓഫ് സിയന്ന, ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ, അമ്മത്രേസ്യ, ലൂർദിലെ ബർണദീത്ത, മദർ കബ്രീനി, മദർ തെരേസ, ഈഡിത് സ്റ്റെയ്ൻ. മാർപാപ്പായ്ക്ക് നിർദേശം നൽകിയ കാതറിൻ ഓഫ് സിയന്നയെ അദ്ദേഹം അനുസരിച്ചു. ലോകം കണ്ട വലിയ വ്യക്തിത്വങ്ങളിലൊരാളായ ജോൺ പോൾ രണ്ടാമൻ പാപ്പാ മദർ തെരേസയെ എപ്രകാരമാണ് ബഹുമാനിച്ചത് എന്ന് ആധുനിക ലോകം കണ്ടു. വിശുദ്ധിയും അഭിഷേകവുമാണ് സഭയിൽ ശ്രേഷ്ഠതയുടെ അളവുകോൽ. അത് പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ ആളുകളെ മുമ്പിലെത്തിക്കും. ഇത് മറ്റൊരിടത്തും നിങ്ങൾക്ക് കാണുവാൻ സാധിക്കില്ല. സഭയുടെ അധികാരശ്രേണിയെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽനിന്നാണ് ഇത്തരം വാദഗതികൾ ഉരുത്തിരിയുന്നത്. മദർ തെരേസയെയും കൊച്ചുത്രേസ്യയെയും പോലുള്ള വിശുദ്ധരെയാണ് മൺമറഞ്ഞുപോയ പല മാർപാപ്പമാരെക്കാൾ സഭാസമൂഹം ബഹുമാനിക്കുന്നത് എന്നതും ഈ ലോകജീവിതത്തിൽ ക്രൈസ്തവജീവിതം അവസാനിക്കുന്നില്ല എന്നതും കാഴ്ചപ്പാടുകളിൽ വ്യത്യാസമുള്ളതിന്റെ ന്യായീകരണങ്ങളാണ്. വിശുദ്ധരുടെ എണ്ണം വർധിക്കുന്നതാണ് സഭയിൽ ഏതൊരു സമൂഹത്തിന്റെയും ശക്തി. അതല്ലാതെ, സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ശുശ്രൂഷാപദവികളല്ല.”
പാപ്പയുടെ ഫിലാദെൽഫിയ സന്ദർശനവുമായി ബന്ധപ്പെട്ട ബ്രയൻ വില്യംസിന്റെ ചോദ്യം, ”കുടുംബമില്ലാത്ത ചില മെത്രാന്മാരും വൈദികരും ചേർന്ന് കുടുംബങ്ങൾക്ക് മാർഗനിർദേശങ്ങൾ നല്കുന്നതിൽ അപാകതയില്ലേ?”
റോബർട് ബാരൺ എന്ന അജപാലകന്റെ ഉത്തരം അപ്പോഴും ഏവരെയും അത്ഭുതപ്പെടുത്തി, ”മെത്രാന്മാർ കരങ്ങളിലണിയുന്ന മോതിരം രൂപതാജനത്തെ മുഴുവൻ പരിണയിച്ചതിന്റെ അടയാളമാണ്. ഞങ്ങളെല്ലാം ഓരോ കുടുംബത്തിലെ അംഗങ്ങൾ കൂടിയാണ്. കുടുംബം എന്നാൽ വിവാഹം എന്നുമാത്രമല്ലല്ലോ അർത്ഥം. അതിൽ മാതാപിതാക്കളില്ലേ, സഹോദരങ്ങളില്ലേ, കുട്ടികളില്ലേ… ഇതിന്റെയൊക്കെ ഭാഗമായിരുന്നു, ഇപ്പോഴും ആണ് ഞങ്ങൾ. കൂടുതൽ വലിയ കുടുംബബന്ധത്തെക്കുറിച്ചറിയാവുന്നതിനാലാണ് ചെറിയ കുടുംബങ്ങളെക്കുറിച്ച് പഠിപ്പിക്കുവാൻ ഞങ്ങൾ തയ്യാറാവുന്നത്. ഇടവകയാകുന്ന കുടുംബം, രൂപതയാകുന്ന കുടുംബം, സഭയാകുന്ന കുടുംബം – അതൊക്കെ മുന്നിൽനിന്നു നയിക്കുന്നവരല്ലേ ഞങ്ങൾ. കർദ്ദിനാൾ ഫ്രാൻസിസ് ജോർജിന്റെ വാക്കുകൾ ഞാനോർക്കുന്നു, വൈദികർ അവിവാഹിതരല്ല, സഭാമക്കളെ വിവാഹം ചെയ്തവരാണവർ, അവർക്ക് ആത്മീയമക്കളുണ്ട്.”

US Sunday Shalom

By Editor Sunday Shalom on October 8, 2015

Advertisements

Categories: Articles

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.