Fr Johny KunnathuparambilUncategorized

പൗരോഹിത്യമേല്‍ക്കോയ്മ എന്ന കള്ളത്തരം

പള്ളിസ്വത്ത്, അതിന്‍റെ വിനിയോഗം, പള്ളിയോഗത്തിന്‍റെ അധികാരം
(പൗരോഹിത്യമേല്‍ക്കോയ്മ എന്ന കള്ളത്തരം)

The Real Priest

പള്ളിസ്വത്തിനെക്കുറിച്ചും അതിന്‍റെ വിനിയോഗത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്പോള്‍ അതെല്ലാം വൈദികരാണ് കൈകാര്യം ചെയ്യുന്നത് എന്നും പള്ളിസ്വത്ത് അവര്‍ ധൂര്‍ത്തടിക്കുന്നുവെന്നും നേര്‍ച്ചപ്പണം ഉപയോഗിച്ച് അവര്‍ ആഡംബരത്തില്‍ ജീവിക്കുന്നുവെന്നുമൊക്കെയുള്ള ധാരാളം പരാമര്‍ശങ്ങള്‍ കാണാം. ചില വിശദീകരണങ്ങള്‍ അനിവാര്യമാണ്.

1. പൗരോഹിത്യവും ദാരിദ്ര്യവ്രതവും

ഈ വിഷയത്തില്‍ കത്തോലിക്കാസഭയിലെ സന്ന്യാസവും പൗരോഹിത്യവും തമ്മില്‍ വ്യത്യാസമുണ്ട്. (കൂടുതല്‍ അറിയുവാന്‍ ജസ്റ്റിന്‍ ജോര്‍ജ്ജിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കുക) ഇടവകാപുരോഹിതര്‍ സന്ന്യസ്തരുടേതുപോലുള്ള വ്രതങ്ങള്‍ എടുക്കുന്നില്ല എന്നതിനാല്‍ തന്നെ ദാരിദ്ര്യവ്രതത്തിന്‍റെ പേരിലുള്ള ലളിതജീവിതം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. എന്നാല്‍ തങ്ങളുടെ ജീവിതാന്തസ്സിനു നിരക്കുന്ന തരത്തില്‍ ലളിതജീവിതം നയിക്കാന്‍ സഭാവിശ്വാസവും പാരന്പര്യവും അവരോട് ആവശ്യപ്പെടുന്നുമുണ്ട്. ഒപ്പം തന്നെ മെത്രാന്മാരുടേതൊഴികെ ഇടവകവൈദികരുടെ എല്ലാ വാഹനങ്ങളും അവര്‍ തന്നെ സ്വയം വാങ്ങുന്നതാണ് (സാന്പത്തികം കുടുംബത്തില്‍ നിന്നോ അലവന്‍സില്‍ നിന്ന് മിച്ചംപിടിച്ചോ കണ്ടെത്തുന്നതാകാം)

2. ഇടവകയുടെ സ്വത്ത് – നേര്‍ച്ചപ്പണം എന്നിവ വൈദികര്‍ ധൂര്‍ത്തടിക്കുന്നു.

കത്തോലിക്കാസഭയുടേതുപോലെ ഈ വിഷയത്തില്‍ സുതാര്യതയും അച്ചടക്കവും മേല്‍നോട്ടവുമുള്ള മറ്റൊരു സംവിധാനത്തെ ലോകത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുകയില്ല. ഇടവകയുടെ കണക്കുകള്‍ നയാപൈസ വിടാതെ ദിനംപ്രതിയും മാസംതോറുമൊക്കെ (നാള്‍വഴി, മാസതെരട്ട്, കുറുംതെരട്ട്) രേഖപ്പെടുത്തുന്നത് ഇടവകയുടെ അക്കൗണ്ടന്‍റാണ്. കൈക്കാരന്മാരും ഇടവകയുടെ പൊതുയോഗവും അറിയാതെ ഒരു നയാപൈസ പോലും ചിലവാക്കാന്‍ വൈദികര്‍ക്ക് കഴിയില്ല. ചിലപ്പോള്‍ അപവാദങ്ങളുണ്ടാകുന്നുണ്ടെങ്കില്‍ അത് ഇടവകാപൊതുയോഗം ഇക്കാര്യത്തിനായി ഭരമേല്പിച്ചിരിക്കുന്നവരുടെ പിടിപ്പുകേട് മാത്രമാണ്.

3. സഭയുടെ സ്വത്ത് മുഴുവന്‍ അല്മായരുടെ ദാനമാണ് (?)

തീര്‍ച്ചയായും അല്മായരുടെ ഔദാര്യപൂര്‍വ്വകമായ സംഭാവനകളാണ് കത്തോലിക്കാസഭയുടെ സന്പത്ത്. എന്നാല്‍ ഇടവകകളുടെ നിലനില്പിനും സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും വേണ്ടി എല്ലാക്കാലങ്ങളിലും പ്രതിഫലം വാങ്ങാതെ സേവനം ചെയ്യുന്ന വൈദികരുടെ സാന്നിദ്ധ്യത്തെയും കഠിനാദ്ധ്വാനത്തെയും കഴിവുകളെയും ഏതു തുലാസ്സില്‍ നിര്‍ത്തും. പാര്‍ട്ടി വളര്‍ത്തുന്നതുപോലെ ബക്കറ്റുപിരിവും ഭീഷണിയും പ്രയോഗിക്കുകയും അങ്ങനെ കിട്ടുന്നതില്‍ നിന്ന് കൈയ്യിട്ട് വാരുകയും ചെയ്യുന്ന പ്രവര്‍ത്തനശൈലിയായിരുന്നില്ല കത്തോലിക്കാസഭയുടേത്. (വൈദികര്‍ അല്മായര്‍ എന്നിങ്ങനെ സഭയെ രണ്ടുതട്ടായി കാണാന്‍ പാടില്ല എന്നത് ശരിതന്നെ. എങ്കിലും ചര്‍ച്ചകളുടെ വഴിയാണ് ഇവിടെ എഴുതുന്നത്). വൈദികരും സന്ന്യസ്തരും അദ്ധ്വാനിച്ചതിന്‍റെ ആനുപാതികമായി അവര്‍ക്ക് ശന്പളം നല്കിയിരുന്നെങ്കില്‍, അല്ലെങ്കില്‍ അവരത് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഇന്നു കാണുന്നതിലും ആഡംബരത്തില്‍ അവര്‍ക്ക് ജീവിക്കുവാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ട് സഭയുടെ സ്വത്ത് എന്ന് പറയുന്നതില്‍ ജീവിതം പോലും തിരുസ്സഭക്ക് മാറ്റി വച്ച വൈദികരുട ചോരയും വിയര്‍പ്പും കണ്ണീരും ഉണ്ട് എന്ന് മറക്കരുത്. ഒപ്പം തന്നെ ഇടവകകളും ചില സ്ഥാപനങ്ങളുമൊഴികെ സന്ന്യാസസഭകളുടെയും മറ്റും സ്വത്തുവകകള്‍ എങ്ങനെയുണ്ടാകുന്നു എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സന്ന്യാസസഭാംഗങ്ങളുടെ അദ്ധ്വാനവും പരിശ്രമവുമാണ് അതിന്‍റെ പിന്നിലുള്ളത്.

4. വൈദികരുടെ അലവന്‍സ്

എത്രവലിയ സ്ഥാപനത്തിന്‍റെ മേധാവിയാണെങ്കിലും ഒരു രുപതാവൈദികന്‍റെ അലവന്‍സ് 15000 രൂപയില്‍ താഴെയാണ്. അയ്യായിരം രൂപ അലവന്‍സ് സ്വീകരിക്കുന്നവരും ഒന്നും സ്വീകരിക്കാത്തവരും ഇന്നും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തില്‍ 8000 മുതല്‍ 15000 വരെ പല രൂപതകളിലും വ്യത്യസ്ത അലവന്‍സാണുള്ളത്. അതില്‍ത്തന്നെ ഭക്ഷണത്തിന്‍റെ തുക 4000 രൂപയെങ്കിലും അത് നല്കുന്നവര്‍ക്ക് കൊടുക്കണം. സ്വന്തം ചിലവുകള്‍ വാഹനത്തിന്‍റെ ചിലവ്, മൊബൈല്‍ ഫോണ്‍ എന്നിവ (ഫോണിനും വാഹനത്തിനും നിശ്ചിത തുക ഇടവകയില്‍ നിന്നുണ്ട്. പക്ഷേ അത് ഇടവകകളുടെ സാന്പത്തികസ്ഥിതിയനുസരിച്ചേ കിട്ടൂ. കിട്ടുന്നതും തുച്ഛമായിരിക്കും) എല്ലാം ഈ തുകയില്‍ നിന്ന് കണ്ടെത്തണം.

5. കേരളസഭയുടെ ആഡംബരങ്ങള്‍

കേരളസഭയുടെ ആഡംബരങ്ങളെക്കുറിച്ച് എഴുതുന്നവര്‍ കേരളത്തിന്‍റെ സാംസ്കാരികസാഹചര്യത്തെയും ക്രൈസ്തവസമുദായത്തിന്‍റെ സാന്പത്തിക ഉന്നമനത്തെയും കൂടി മനസ്സിലാക്കേണ്ടതുണ്ട്. പാവപ്പെട്ടവരുമുണ്ടെങ്കിലും ക്രൈസ്തവസമുദായത്തിന്‍റെ സിംഹഭാഗവും സാന്പത്തികമായി നല്ല നിലയില്‍ കഴിയുന്നവരും വലിയ വീടുകളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നവരുമാണ്. അങ്ങനെയുള്ള ഒരു സമുദായത്തിന്‍റെ ആരാധനാലയങ്ങള്‍ അവരുടെ നിലക്കും വിലക്കുമൊത്തതായിരിക്കണമെന്ന് ആ സമുദായാംഗങ്ങള്‍ ആഗ്രഹിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ആരാധനാലയങ്ങളും തിരുന്നാളുകളും തങ്ങളുടെ ജീവിതത്തിന്‍റെ നിലവാരത്തിനൊത്ത വണ്ണമായിരിക്കണം എന്നാഗ്രഹിക്കുന്ന സാമുദായികഭൂരിപക്ഷമാണ് (തീര്‍ച്ചയായും വൈദികരുടെ സഹായത്തോടെ തന്നെ) ഇത്തരം വലിയ ദേവാലയനിര്‍മ്മാണങ്ങളുടെയും ആഘോഷമായ തിരുന്നാളുകളുടെയുമെല്ലാം ചുക്കാന്‍ പിടിക്കുന്നത്.

6. ചര്‍ച്ച് ആക്ട് എന്ന ഉട്ടോപ്യ

ശ്രീ വി. ആര്‍. കൃഷ്ണയ്യര്‍ ദേവസ്വം, വഖഫ് ബോര്‍ഡിന്‍റെ ശൈലിയില്‍ രൂപപ്പെടുത്തിയ ചര്‍ച്ച് ബോര്‍ഡ് ഒരു ഉട്ടോപ്യയാണ്. ദേവസ്വം വഖഫ് ബോര്‍ഡുകള്‍ രൂപപ്പെട്ടതിനു പിന്നിലെ ചരിത്രം കേരളസമൂഹത്തിന് നന്നായറിയാം. എന്നാല്‍ കേരളത്തിലെ കത്തോലിക്കാസമുദായം നാഥനില്ലാത്ത ആരാധനാലയങ്ങളുടെയോ ഉടമസ്ഥരില്ലാത്ത ഭൂസ്വത്തിന്‍റെയോ ശേഖരമല്ല. സഭയുടെ വിശ്വാസവും ആരാധനയും സന്പത്തും എല്ലാം കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനം, (അതും തികച്ചും ക്രമീകൃതവും ഗവണ്‍മെന്‍റ് സംവിധാനങ്ങളേക്കാള്‍ സുതാര്യവും സംഘടിതവും വിശ്വാസ്യവുമായത്) സഭക്കുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഗവണ്‍മെന്‍റുകള്‍ രൂപപ്പെടുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുന്പുണ്ടായതും അതേ ഗവണ്‍മെന്‍റുകളുടെ പരാജയങ്ങളുടെയും കെടുകാര്യസ്ഥതകളുടെയും പത്തിലൊന്നുപോലും ഇത്രയും കാലം കൊണ്ട് സംഭവിച്ചിട്ടില്ലാത്തതുമായ ഭരണസംവിധാനമാണ് തിരുസ്സഭയുടേത്. കൈയ്യിട്ടുവാരലിന്‍റെയും വെട്ടിപ്പിടിക്കലിന്‍റെയും രാഷ്ട്രീയശൈലിയിലേക്ക് കത്തോലിക്കാസഭയുടെ സംവിധാനങ്ങളെ കൊണ്ടുവന്ന് സഭയുടെ സ്വാധീനവും സമുദായത്തിന്‍റെ കെട്ടുറപ്പും നശിപ്പിച്ച് നിരീശ്വരവാദവും വര്‍ഗ്ഗീയതയും വ്യാപിപ്പിക്കാനുള്ള മതവര്‍ഗ്ഗീയ ശക്തികളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ ബ്ലൂപ്രിന്‍റാണ് ചര്‍ച്ച് ആക്ട് എന്ന ഉട്ടോപ്യയുടെ പിറകിലുള്ളത്.

മാനുഷികമായും ചിലപ്പോള്‍ സ്വഭാവപ്രത്യേകതകള്‍ മൂലവും നിസ്സാരന്യൂനപക്ഷം വൈദികര്‍ക്ക് വന്നുഭവിച്ചതോ അവരുടെ ചെയ്തികളുടെയും തീരുമാനങ്ങളുടെയും പരിണിതഫലമോ ആയ സാന്പത്തികകെടുകാര്യസ്ഥതയുടെയും അബദ്ധങ്ങളുടെയും പേരില്‍ തിരുസ്സഭയുടെ സ്വത്ത് മുഴുവനും ഗവണ്‍മെന്‍റിന് തീറെഴുതുന്നതിന് സമാനമായ നടപടിക്രമങ്ങള്‍ തിരുസ്സഭ ഒന്നടങ്കം തള്ളിക്കളയും. അപ്പോഴും ചര്‍ച്ച് ആക്ട് വേണം, ചര്‍ച്ച് ബോര്‍ഡ് വേണം, സഭാസ്വത്തില്‍ അല്മായര്‍ക്ക് സഭാസ്വത്തിന്‍റെ ക്രയവിക്രയങ്ങളില്‍ അധികാരം വേണമെന്നൊക്കെ സഭാനിയമങ്ങളറിയാത്തവര്‍ (സഭാവിശ്വാസികള്‍ തന്നെ) പിറുപിറുത്തുകൊണ്ടിരിക്കും.

വൈദികരുടെ മേല്‍നോട്ടത്തില്‍ ഇടവകപൊതുയോഗമാണ് ഇടവാകസ്വത്തിന്‍റെ ഭരണാധികാരികള്‍. ഇടവകാപൊതുയോഗം തീരുമാനിക്കാത്തതൊന്നും ഇടവകയില്‍ നടപ്പിലാക്കാന്‍ കഴിയുകയില്ല. വിശദവിവരങ്ങതാഴെപ്പറയാം. പക്ഷേ, ഒരിക്കലും നടപ്പിലാകാത്ത ചര്‍ച്ച് ആക്ട് മുന്പോട്ടു വക്കുന്ന ഭരണസമിതികളിലൂടെയുള്ള സഭാസ്വത്തിന്‍റെ സുതാര്യനടത്തിപ്പില്‍ മറ്റു പ്രശ്നങ്ങളുണ്ട് . . .

– ഇപ്പോള്‍ നടക്കുന്നുവെന്ന് നിക്ഷിപ്തതാത്പര്യക്കാര്‍ അടിസ്ഥാനമില്ലാതെ ആരോപിക്കുന്ന വെട്ടിപ്പും കൈയ്യിട്ടുവാരലും സുഗമമായി ഈ ഭരണസമിതിയിലുള്ളവര്‍ക്കും നടത്താന്‍ കഴിയും.
– തികച്ചും ജനാധിപത്യപരമായ ഇടവകാപൊതുയോഗത്തിന്‍റെ അവകാശാധികാരങ്ങള്‍ ഇല്ലാതാകും.
– പല കാര്യങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളുടേതു പോലുള്ള താമസവും നൂലാമാലകളും ക്രമേണ ഉണ്ടാകും
– വിദേശസംഭാവനകളിലൂടെയും മറ്റും നിലനിന്നു പോകുന്ന പല സ്ഥാപനങ്ങളുടെയും ദേവാലയനിര്‍മ്മാണങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകും.
– തുച്ഛമായ ജീവനാംശം മാത്രം പറ്റി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വൈദികര്‍ അപ്പോള്‍ ശന്പളക്കാരാകും. ഇടയന്മാര്‍ കൂലിക്കാരാകുന്പോള്‍ ഉണ്ടാകാവുന്ന നിരുന്മേഷവും നിര്‍ജ്ജീവവുമായ സഭാജീവിതം യൂറോപ്പിലെ സഭയുടേതുപോലുള്ള അവസ്ഥയിലേക്ക് നമ്മെയും കൊണ്ടുചെന്നെത്തിക്കും.

ഇങ്ങനെ നിരവധിയായ നൂലാമാലകളിലേക്ക് പ്രത്യക്ഷത്തിലല്ലെങ്കിലും സാവധാനം സഭാസംവിധാനങ്ങളെ എത്തിക്കുവാനും സമുദായത്തിന്‍റെ ഐക്യവും കെട്ടുറപ്പും തകര്‍ത്ത് രാഷ്ട്രീയാധികാരം ബലപ്പെടുത്തുവാനും തത്പരകക്ഷികള്‍ക്ക് സാധിക്കും. ഇത്തരം അപ്രയോഗികനിര്‍ദ്ദേശങ്ങളും മറ്റും ഉടലെടുക്കുന്പോള്‍ സഭാവിശ്വാസികള്‍ തന്നെ ആവര്‍ത്തിക്കുന്ന വൈദികമേല്‍ക്കോയ്മ, സഭാസ്വത്തിന്‍റെ വിനിയോഗത്തിലുള്ള അല്മായ പങ്കാളിത്തം എന്നിങ്ങനെയുള്ള ആശയങ്ങള്‍ തികച്ചും അറിവുകേടില്‍ നിന്ന് രൂപം കൊള്ളുന്നതാണ്. പൗരസ്ത്യസഭകളുടെ കാനന്‍ നിയമവും പ്രത്യേകിച്ച് സീറോ മലബാര്‍ സഭയുടെ പ്രത്യേകനിയമവും പള്ളിയോഗത്തിന്‍റെ (പൊതുയോഗം, പ്രതിനിധിയോഗം) ഉത്തരവാദിത്വങ്ങളെയും കടമകളെയും കുറിച്ച് പറയുന്നുണ്ട്. അവയിലേക്ക് . . .

7. പള്ളിയോഗത്തിന്‍റെ കടമകളും ഉത്തരവാദിത്വങ്ങളും

സീറോ മലബാര്‍ സഭയുടെ ചിരന്തരനമായ പാരന്പര്യമാണ് പള്ളിയോഗം. പള്ളിയോഗത്തിന് (പൊതുയോഗം, പ്രതിനിധിയോഗം) പ്രത്യേക കടമകളും ഉത്തരവാദിത്വങ്ങളും സഭാനിയമങ്ങള്‍ നല്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ പൊതുയോഗം ക്രിയാത്മകമായി ഇടപെടലുകള്‍ നടത്താത്തതിനാല്‍ വൈദികര്‍ തന്നെ സ്വേച്ഛാനുസരണം കാര്യങ്ങള്‍ നിര്‍വ്വഹിക്കാറുണ്ട്. എന്നാല്‍ പള്ളിയോഗം അതിന്‍റെ കടമകളും ഉത്തരവാദിത്വങ്ങളും യഥോചിതം നിര്‍വ്വഹിച്ചാല്‍ ചര്‍ച്ച് ആക്ടില്‍ നിര്‍ദ്ദേശിക്കുന്നതിലും അധികമായ സ്വാധീനശക്തിയോടുകൂടി അല്മായര്‍ സഭാസ്വത്തുക്കളുടെ ക്രയവിക്രയങ്ങളില്‍ പങ്കാളികളാകും. ഇടവകയുടെ സുസ്ഥിരമായ ഭരണത്തിനുവേണ്ടി പൊതുയോഗം തിരഞ്ഞെടുക്കുന്ന പ്രാതിനിധ്യസ്വഭാവമുള്ള യോഗമാണ് പ്രതിനിധിയോഗം. പൊതുയോഗത്തിനുവേണ്ടിയാണ് പ്രതിനിധികള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ഇവരെ തിരഞ്ഞെടുത്ത് നിയോഗിക്കുന്നത് പൊതുയോഗമാണ് (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 8.3)

7.1 പ്രതിനിധിയോഗത്തിന് പള്ളിയുടെ സാന്പത്തികക്രയവിക്രയവുമായ ബന്ധപ്പെട്ട കര്‍ത്തവ്യങ്ങളും ചുമതലകളും ഇവയാണ്

– മാസതിരട്ടോ കുറുംതിരട്ടോ (ത്രൈമാസതിരട്ട്) അര്‍ദ്ധവാര്‍ഷികതിരട്ടോ ആണ്ട് തിരട്ടോ പാസ്സാക്കുക (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 18.2). പ്രതിനിധിയോഗം ഇടവകയുടെ സാന്പത്തിക്രയവിക്രയങ്ങളുടെ കണക്കുകള്‍ വായിച്ചുകേട്ട് സംശയങ്ങള്‍ തീര്‍പ്പാക്കിയാണ് ഓരോ മാസത്തിലും മൂന്നൂമാസം കൂടുന്പോഴും വര്‍ഷം പകുതിയാകുന്പോഴും ആണ്ടവസാനവും കണക്ക് പാസാക്കുന്നത്. അവര്‍ ഇത് ചെയ്യുന്നത് പൊതുയോഗത്തിനു വേണ്ടിയായതിനാല്‍ പൊതുയോഗത്തില്‍ വാര്‍ഷികകണക്കാണ് സാധാരണ അവതരിപ്പിക്കുന്നത്. ഇതില്‍ നിന്നു തന്നെയും ഇടവകയുടെ സന്പത്ത് ആര്‍ക്കും – വൈദികനോ, കൈക്കാരന്മാര്‍ക്കോ, കണക്കനോ – സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യാനാവില്ല എന്ന് തീര്‍ച്ചയാണല്ലോ. പ്രതിനിധിയോഗമാണ് മാസതിരട്ട് പാസാക്കി അവ മാസംതോറും രൂപതാകച്ചേരിയിലേക്ക് അയക്കുന്നത്.
– മുഖ്യതിരുനാളുകള്‍ ഒഴിച്ചുള്ള (അത് പൊതുയോഗമാണ് ചെയ്യുക) തിരുനാളുകളുടെ പരിപാടികള്‍ നിര്‍ദ്ദേശിക്കുകയും അത്തരം തിരുനാളുകള്‍ നടത്തുന്നതിന് സഹായിക്കുകയും ചെയ്യുക (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 18.4). നിര്‍ദ്ദേശങ്ങള്‍ – സാന്പത്തികം എത്രമാത്രം ചെലവഴിക്കാം, ഏതു രീതികളില്‍ ചിലവഴിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടും.
– ഇടവകാസ്വത്തിന്‍റെ ഭരണത്തിനുവേണ്ട പൊതുനയത്തിന് മാര്‍ഗ്ഗരേഖ നല്‍കുക (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 18.5). ഇതിലും മികച്ചതോ ഇതിനോട് കിടപിടിക്കുന്നതോ ആയ എന്തു ജനാധിപത്യമാണ് ചര്‍ച്ച് ആക്ടും അല്മായഭരണവാദികളും ആഗ്രഹിക്കുന്നത് എന്ന് അറിയില്ല).

7.2 പൊതുയോഗത്തിന് പള്ളിയുടെ സാന്പത്തികക്രയവിക്രയവുമായ ബന്ധപ്പെട്ട കര്‍ത്തവ്യങ്ങളും ചുമതലകളും ഇവയാണ്

– രൂപതാദ്ധ്യക്ഷന്‍റെ അംഗീകാരത്തിന് സമര്‍പ്പിക്കുവാന്‍ വാര്‍ഷികകണക്ക് പാസ്സാക്കുക (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 8.1). പ്രതിനിധിയോഗം ഓരോ മാസത്തിലും മൂന്നു മാസം കൂടുന്പോഴും പാസാക്കുന്ന കണക്കുകളുടെ സംഗ്രഹമാണ് വാര്‍ഷികക്കണക്ക്. പൊതുയോഗത്തില്‍ സംബന്ധിക്കുന്ന ആര്‍ക്കും കണക്കു സംബന്ധമോ സ്വത്ത് ക്രയവിക്രയം സംബന്ധിച്ചതോ ആയ ഏതുവിധത്തിലുള്ള സംശയവും ഇവിടെ പരിഹരിക്കാവുന്നതാണ്.
– ഇടവകാബജറ്റ് ചര്‍ച്ച ചെയ്ത് പാസ്സാക്കുകയും ചെലവിനങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുകയും ചെയ്യുക (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 8.4). തന്നാണ്ടിലേക്കുള്ള ഇടവകയുടെ എല്ലാ സാന്പത്തികഇടപാടുകളും നിര്‍മ്മാണവുമെല്ലാം ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നത് പൊതുയോഗമാണ്. ഈ സമയം പൊതുയോഗത്തിന്‍റെ ചര്‍ച്ചയിലൂടെ ഭൂരിപക്ഷത്തിന്‍റെ തീരുമാനം വേണ്ടപ്പെട്ടവരുടെ സമ്മതത്തോടെ നടപ്പില്‍ വരുത്തുകയാണ് ചെയ്യുക.
– രൂപതാനിയമങ്ങള്‍ക്കു വിധേയമായി ഫണ്ടുശേഖരണത്തിന് വഴി കണ്ടുപിടിക്കുകയും ദൈനംദിന ചിലവുകള്‍ക്കും പ്രത്യേകപദ്ധതികള്‍ക്കും ഓരോ ഇടവകക്കാരനും നല്‍കേണ്ട സംഭാവനതുക നിശ്ചയിക്കുകയും ചെയ്യുക (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 18.5). സാന്പത്തികമായി വേണ്ടത്രയുള്ള ഇടവകകളില്‍ ഇത്തരം ഫണ്ടുശേഖരണങ്ങള്‍ നടക്കാറില്ല. എന്നാല്‍ പ്രത്യേക ആവശ്യങ്ങള്‍ സംബന്ധിച്ച് (നിര്‍മ്മാണം മുതലായവ) അവ നടപ്പില്‍ വരുത്തണമോ, വേണമെങ്കില്‍ എങ്ങനെ, സാന്പത്തികം എപ്രകാരം, പിരിവ് വേണമെങ്കില്‍ ഓരോ ഇടവകക്കാരനും എത്ര നല്കണം എന്നിങ്ങനെ എല്ലാക്കാര്യങ്ങളും പൊതുയോഗമാണ് തീരുമാനിക്കുന്നത് . . . അല്ലെങ്കില്‍ തീരുമാനിക്കേണ്ടത് . . . അതിനാല്‍ത്തന്നെ വൈദികരെ പിരിവുകാരാക്കി അവതരിപ്പിക്കുന്ന സാമൂഹ്യമാധ്യത്തിന്‍റെ അജ്ഞതക്ക് വിശ്വാസികളെങ്കിലും കുടപിടിക്കരുത്.
– വിവാഹ അവസരത്തില്‍ സ്വീകരിക്കേണ്ട സംഭാവന, കല്ലറയുടെ നിരക്ക്, പള്ളി സാമഗ്രികളുടെയും പള്ളിവക അലങ്കാരവസ്തുക്കളുടെയും ഉപയോഗനിരക്ക് നിശ്ചയിക്കുക (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 8.6,7). ഞങ്ങള്‍ അല്മായരുടെ കാശു കൊണ്ടു പണിത പള്ളിയും പള്ളിയുടെ സൗകര്യങ്ങളും ഉപയോഗിക്കുന്നതിന് അച്ചനെന്തിനാണ് പണം മേടിക്കുന്നതെന്ന് ചോദിക്കുന്നതില്‍ യാതൊരര്‍ത്ഥവും ഇല്ല. കാരണം ഈ നിരക്കുകള്‍ നിശ്ചയിക്കുന്നത് പൊതുയോഗം തന്നെയാണ് (അതായത് എല്ലാ ഇടവകാംഗങ്ങളും ചേര്‍ന്നിട്ടാണ്)
– പള്ളി, കപ്പേളകള്‍, ഇടവകയിലെ ഏതെങ്കിലും സ്ഥാപനത്തിനുവേണ്ടിയുള്ള കെട്ടിടം എന്നിവ പണിയുക, സ്ഥാവരജംഗമ വസ്തുക്കള്‍ വാങ്ങുക, വിക്കുക, ഉപയോഗത്തിനെടുക്കുക, ദാനം ചെയ്യുക എന്നിവ തീരുമാനിക്കുക (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 8.9). യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തികളും വൈദികരുടെ മാത്രം ഇഷ്ടപ്രകാരമോ തീരുമാനപ്രകാരമോ നടക്കുന്നില്ല എന്നതാണ് ഈ നിയമം വ്യക്തമാക്കുന്നത്.

സമാപനം

വിസ്താരഭയം നിമിത്തം ചുരുക്കിയെഴുതുന്നതിനാല്‍ സംശയങ്ങളുണ്ടാകുന്നവര്‍ സഭാനിയമങ്ങള്‍ പരിശോധിക്കുക. തിരുസ്സഭയുടെ സ്വത്ത് ഭരിക്കാന്‍ അല്മായര്‍ക്കും അവകാശം വേണമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വാദിക്കുന്നവര്‍ സഭയുടെ പള്ളിയോഗനടപടിക്രമങ്ങളെക്കുറിച്ചും പള്ളിയോഗത്തിന്‍റെ അവകാശാധികാരങ്ങളെക്കുറിച്ചും പഠിച്ചു മനസ്സിലാക്കുക. പൊതുയോഗത്തിനല്ല ദുഖവെള്ളിയാഴ്ച പോലും പള്ളിയില്‍ കയറാത്തവരാണ് സഭയുടെ സ്വത്ത് ഭരിക്കാന്‍ ജനാധിപത്യം വേണമെന്ന് സാമൂഹ്യമാധ്യമത്തില്‍ വാദിക്കുന്നത്. മദ്യപാനികള്‍ക്കും പരസ്യപാപികള്‍ക്കും സഭാപ്രബോധനങ്ങള്‍ക്ക് വിരുദ്ധമായി പരസ്യമായി സംസാരിക്കുന്നവര്‍ക്കും പൊതുയോഗം മുടക്കുക കല്പിച്ചിരിക്കുന്നതിനാല്‍ അപ്രകാരം പങ്കെടുക്കാന്‍ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ടാകാം.

എങ്കിലും സഭയുടെ സാന്പത്തികശ്രോതസ്സുകളുടെ മേല്‍ കണ്ണുവച്ചുകൊണ്ടുള്ള രാഷ്ട്രീയനീക്കം സന്പത്തിന്‍റെ അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിച്ച് പ്രത്യയാശാസ്ത്രം രചിക്കുന്നവരുടെ താത്പര്യമാണ്. അത് വ്യക്തമാകുന്നത് സന്പത്തിന്‍റെ പേരില്‍ ക്രൈസ്തവസമുദായത്തില്‍ അവര്‍ സൃഷ്ടിക്കുന്ന വര്‍ഗ്ഗബോധത്തില്‍ നിന്നാണ്. പുരോഹിതവര്‍ഗ്ഗം എന്ന പദം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ താത്വികപരികല്പനകള്‍ പേറുന്ന പദമാണ്. അതിനാല്‍ത്തന്നെ പുരോഹിതരും അല്മായരും ഒന്നുചേര്‍ന്ന് കൈകാര്യം ചെയ്യുന്ന പള്ളിസ്വത്തില്‍ കൈയ്യിട്ടുവാരാന്‍ പുരോഹിതരെ വരേണ്യവര്‍ഗ്ഗവും ചൂഷിതഗണവുമായി ചിത്രീകരിച്ച് മാധ്യമങ്ങളിലൂടെ നിരന്തരം നുണകളാവര്‍ത്തിച്ച് വൈദികവിരുദ്ധമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഗീബല്‍സിയന്‍ തന്ത്രം വിശ്വാസികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുക. . . പുരോഹിതരില്‍ നിന്ന് പിടിച്ചെടുക്കേണ്ടതാണ് സഭാസ്വത്തുക്കളെന്ന മിഥ്യാവാദം മാധ്യമങ്ങളിലൂടെ പരത്തുന്പോള്‍ സഭാസ്വത്തിന്‍റെ യഥാര്‍ത്ഥ അധികാരികള്‍ ഞങ്ങള്‍ വിശ്വാസികള്‍ തന്നെയാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുക. . . പള്ളിയുടെ നേര്‍ച്ചപ്പെട്ടികള്‍ ഒരു പുരോഹിതന്‍റെയും കല്ലറക്കുള്ളിലേക്ക് തുറന്നിട്ടിട്ടില്ലെന്ന് കണ്ണുതുറന്ന് കാണാന്‍ അവരോട് പറയുക . . .

പൗരോഹിത്യ മേല്‍ക്കോയ്മ എന്നത് നിര്‍മ്മിച്ചെടുത്ത കള്ളമാണ് . . . നാളത്തെ പൗരോഹിത്യം ഇപ്പോഴത്തെ അല്മായര്‍ തന്നെയാണ് . . . ഇത് വായിക്കുന്ന നിങ്ങളോരോരുത്തരുടെയും മക്കളോ, മക്കളുടെ മക്കളോ ആണ് . . . ഇന്നത്തെയും നാളത്തെയും പുരോഹിതര്‍ക്കുവേണ്ടി, എന്നേക്കുമുള്ള നമ്മുടെ കര്‍ത്താവിന്‍റെ തിരുസ്സഭക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

✍ Noble Thomas Parackal

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.