Uncategorized

Holy Mary or St Mary

Mary Mother of the Eucharist, Emmaus Retreat Centre, Mallappally 002 Web

പരിശുദ്ധ കന്യകാമറിയത്തെ സെന്റ്‌ മേരി (ST Mary) എന്നു വിളിക്കുന്നത്‌ മഹാപരാധമോ?

(രണ്ടാം വത്തിക്കാന്‍ സുന്നഹദോസ്‌ രേഖകളെ വിശകലനം ചെയ്‌തുകൊണ്ട്‌ വിമലഹൃദയ മക്കള്‍ക്ക്‌ വേണ്ടി ഫാ. ഫ്രാന്‍സീസ്‌ എഴാനിക്കാട്ട്‌ MST തയ്യാറാക്കിയ ലേഖനം).

സ്‌ത്രീയെ ഒഴുക്കികളയാന്‍ സര്‍പ്പം തന്റെ വായില്‍ നിന്ന്‌ നദിപോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിച്ചു (വെളി 12:15).
സര്‍പ്പത്തിന്റെ വായില്‍നിന്ന്‌ രക്ഷപ്പെട്ടു തന്റെ സങ്കേതമായ മരുഭൂമിയിലേക്ക്‌ പറന്നുപോകാന്‍ വേണ്ടി ആ സ്‌ത്രീക്ക്‌ വന്‍കഴുകന്റെ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. സമയവും സമയത്തിന്റെ പകുതിയും അവള്‍ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു (വെളി 12:14).

പരിശുദ്ധ അമ്മയ്‌ക്ക്‌ പരിശുദ്ധ ത്രീത്വം കൊടുത്തിരിക്കുന്ന മഹത്വമേറിയ നാമവും (Blessed Virgin Mary) സ്ഥാനവും വിശ്വാസികളില്‍ നിന്ന്‌ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യേക വണക്കവും (HYPER DULIA) ക്രിസ്‌തീയ വിശ്വാസികളുടെ ഹൃദയത്തില്‍ നിന്ന്‌ തുടച്ച്‌ കളയാന്‍ ശത്രുവായ പിശാച്‌ ഒളിഞ്ഞും തെളിഞ്ഞും സഭയ്‌ക്കകത്തുനിന്നും പുറത്തുനിന്നും എക്കാലവും പരിശ്രമിച്ചുകൊണ്ടിരുന്നു എന്ന്‌ സഭാ ചരിത്രം പഠിച്ചാല്‍ ആര്‍ക്കും കണ്ടെത്താന്‍ സാധിക്കും. ഈ കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ ലക്ഷ്യത്തിനായുള്ള ശത്രുവിന്റെ ആക്രമണം അതിശക്തമായിരുന്നു എന്ന്‌ കാണാന്‍ സാധിക്കും. അതുകൊണ്ട്‌ തന്നെയാണ്‌ പരിശുദ്ധ അമ്മ ഫാത്തിമായിലും മറ്റുസ്ഥലങ്ങളിലും ഈ കാലയളവില്‍ പ്രത്യക്ഷപ്പെട്ട്‌ വിശ്വാസികള്‍ക്ക്‌ ശത്രുവിന്റെ കെണികളെ കുറിച്ച്‌ നേരിട്ട്‌ മുന്നറിയിപ്പ്‌ കൊടുത്തതും. എന്നിരുന്നാലും പല വിശ്വാസികളും തിരഞ്ഞെടുക്കപ്പെട്ടവര്‍പ്പോലും ശത്രുവിന്റെ കെണിയില്‍പ്പെട്ടുപ്പോകുന്നു എന്നത്‌ ഒരു യാഥാര്‍ത്ഥ്യവും വളരെ വേദനാജനകവുമാണ്‌.

എന്നാല്‍ രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്‌ ശേഷം, പരിശുദ്ധ അമ്മയ്‌ക്ക്‌ പരിശുദ്ധ ത്രീത്വം അനുവദിച്ചിട്ടുള്ളതും കത്തോലിക്കസ്സഭ നുറ്റാണ്ടുകളായി അംഗീകരിച്ചിട്ടുള്ളതുമായ മഹത്വമേറിയ സ്ഥാനത്തേയും പ്രത്യേക വണക്കത്തേയും കുറിച്ച്‌ വിശ്വാസികള്‍ക്കുള്ള ബോധ്യങ്ങളില്‍ വലിയ ഇടിവ്‌ സംഭവിച്ചു എന്നതും അതുവഴി യഥാര്‍ഥ മരിയഭക്തി മങ്ങിപ്പോയി എന്നതും സഭാപിതാക്കന്മാര്‍ സമ്മതിക്കുന്ന വസ്‌തുതകളാണ്‌. എന്നാല്‍ സത്യത്തില്‍ പരിശുദ്ധ അമ്മയെ കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപനങ്ങളല്ല, കൗണ്‍സില്‍ പ്രഖ്യാപനങ്ങളെ അത്‌ ആര്‍ഹിക്കുന്ന അര്‍ത്ഥത്തില്‍ വിശ്വാസികള്‍ മനസ്സിലാക്കാത്തതുകൊണ്ടും അവരെ വേണ്ടവിധം പഠിപ്പിക്കാത്തതുകൊണ്ടുമാണ്‌ ഇങ്ങനെ സംഭവിച്ചുപോയത്‌ എന്നതാണ്‌ സത്യം. ഇവിടെയാണ്‌ ശത്രു അവസരം കണ്ടെത്തി മുതലെടുക്കുന്നത്‌ !.

പരിശുദ്ധ അമ്മയെക്കുറിച്ച്‌ പരിശുദ്ധ ത്രീത്വം അനുവദിച്ചിട്ടുള്ളതും കത്തോലിക്കസ്സഭ പ്രഖ്യാപിച്ചിട്ടുള്ളവയേയും കുറിച്ച്‌ അറിയാനാണ്‌‍ ഒരു വിശ്വാസി ആദ്യം നോക്കേണ്ടത്‌ അല്ലാതെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ പ്രഖ്യാപനങ്ങളെയല്ല. കാരണം രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‌ നുറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ തന്നെ പരിശുദ്ധാത്മാവ്‌ രൂപപ്പെടുത്തുകയും കത്തോലിക്കാസ്സഭ പ്രഖ്യാപിക്കുകയും ചെയ്‌തതാണ്‌ പരിശുദ്ധ അമ്മയുടെ മഹത്വമേറിയ സ്ഥാനത്തെ കുറിച്ചുള്ള വിശ്വാസസത്യങ്ങള്‍. പരിശുദ്ധ സിംഹാസനത്തിലിരുന്ന്‌ തെറ്റാവരത്തില്‍ (Infallibility) മാര്‍പ്പാപ്പമാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌ അവയെല്ലാം. ആ വിശ്വാസ സത്യങ്ങളെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകളിലൂടെ ലഘൂകരിക്കുകയോ ഭേദഗതിവരുത്തുകയോ റദ്ദാക്കുകയോ ചെയ്‌തിട്ടില്ല. അങ്ങനെ ചെയ്യുക സാധ്യവുമല്ല.! കാനന്‍ നിയമം അതിനനുവദിക്കുന്നില്ല. അങ്ങനെ ചെയ്‌താല്‍ മുന്‍ കാലഘട്ടങ്ങളില്‍ മാര്‍പ്പാപ്പമാര്‍ പ്രഖ്യാപിച്ച വിശ്വാസ സത്യങ്ങള്‍ തെറ്റായിരുന്നു എന്ന്‌ സമ്മതിക്കുകയാണ്‌ ചെയ്യുന്നത്‌. ചുരുക്കത്തില്‍ പരിശുദ്ധാത്മാവിന്‌ ‘തെറ്റുപറ്റി’ എന്ന്‌ പരോക്ഷമായി പ്രഖ്യാപിക്കുന്നതിന്‌ തുല്യമാണത്‌ !.

ലോകത്തിന്റെ നിയമങ്ങളും മറ്റും ഉത്തരവുകളായി അതിന്‌ അധികാരമുള്ള ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി പുറപ്പെടുവിക്കാറുണ്ട്‌. മുന്‍പ്‌ പുറപ്പെടുവിച്ച ഉത്തരുവുകളെ കാലഘട്ടത്തിനുസരിച്ചും ജനങ്ങളുടെ നന്മ നോക്കിയും ഭേദഗതി (Modify) ചെയ്യുകയോ റദ്ദാക്കുകയോ(Cancel) ചെയ്‌തുകൊണ്ടാണ്‌ ഉത്തരുവുകളധികവും ഇറങ്ങാറ്‌. ഇതൊന്നുമല്ലാതെ പുതിയ വിഷങ്ങളെക്കുറിച്ചുള്ള ഉത്തരവുകളും ഇറങ്ങാറുണ്ട്‌. എന്നാല്‍ കത്തോലിക്ക വിശ്വാസി മനസ്സിലാക്കേണ്ട വസ്‌തുത ഇതാണ്‌. ലോകത്തിന്റെ നിയമങ്ങള്‍ ഭേദഗതിചെയ്യുന്നതുപോലെ കത്തോലിക്കാസ്സഭ ഒരിക്കല്‍ നിര്‍വ്വചിക്കുകയും പ്രഖ്യാപിക്കുകയും ചെയ്‌ത വിശ്വാസസത്യങ്ങളെ കാലഘട്ടത്തിനനുസരിച്ചോ ജനപ്രീതി നോക്കിയോ കത്തോലിക്കാസ്സഭയ്‌ക്ക്‌ ഭേദഗതി ചെയ്യാനാകുകയില്ല. അവിടെ ജനങ്ങളുടെ സാര്‍വ്വത്രിക അംഗീകാരമുള്ളതാണോ എന്നോ ജനാതിപത്യ സ്വാഭാവമനുസരിച്ച്‌ ഭൂരിപക്ഷ തീരുമാനങ്ങളാണോ എന്നതൊന്നും മാനദണ്‌ഡമാക്കാന്‍ സാധിക്കില്ല. പരിശുദ്ധ അമ്മ അമലോല്‍ഭയാണ്‌ ; ദൈവമാതാവാണ്‌ ; നിത്യകന്യയാണ്‌ ; സ്വര്‍ഗ്ഗാരോപിതയാണ്‌ . ഈ വിശ്വാസസത്യങ്ങള്‍ എക്കാലവും അങ്ങനെയായിരിക്കും. ആകാശവും ഭൂമിയും കടന്നുപോകും എന്നാല്‍ യേശുവിന്റെ വചനങ്ങള്‍ കടന്നുപോകാത്തതുപോലെ ദൈവവചനങ്ങളില്‍ നങ്കൂരമിട്ടിട്ടുള്ള ഈ വിശ്വാസസത്യങ്ങളും ഒരിക്കലും കടന്നുപോകില്ല !. ഈ വിശ്വാസസത്യങ്ങള്‍ എതെങ്കിലുമൊരു രാജ്യത്തിന്‌ മാത്രമായിട്ടുള്ളതല്ല. ലോകത്തിലെ മുഴുവന്‍ കത്തോലിക്കസ്സഭയ്‌ക്ക്‌ ബാധകമാണത്‌. ഒരുകാലഘട്ടത്തിലെ ജനങ്ങള്‍ക്ക്‌ ഇവ ഗ്രഹിക്കാന്‍ സാധിക്കുന്നില്ല എന്ന്‌ കത്തോലിക്കാസ്സഭയ്‌ക്ക്‌ തോന്നുകയാണെങ്കില്‍ മാത്രം, പ്രഖ്യാപിക്കപ്പെട്ട വിശ്വാസ സത്യങ്ങളെ ലഘൂകരിക്കാതെയും ഭേദഗതിചെയ്യാതെയും വിശ്വാസസത്യങ്ങളെ അവയുടെ തനിമയില്‍ സംരക്ഷിച്ചുകൊണ്ട്‌ അവയെ കുറിച്ച്‌ ഒരു വിശദീകരണം നല്‌കാനേ അതാത്‌ കാലഘട്ടത്തിലെ മാര്‍പ്പാപ്പമാര്‍ക്ക്‌ അധികാരമുള്ളൂ!!!.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ കുറിച്ച്‌ ഒരു വസ്‌തുത പ്രത്യേകിച്ച്‌ മനസ്സിലാക്കേണ്ടതുണ്ട്‌. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു ഡോഗ്മാറ്റിക്ക്‌ സ്വാഭാവമില്ലാത്ത എക്ക്യുമെനിക്കല്‍ കൗണ്‍സിലായിരുന്നു. മറ്റ്‌ മതങ്ങളുമായി ക്രിസ്‌തീയ സത്യത്തെകുറിച്ച്‌ സംഭാഷണം നടത്തുക എന്നതായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‌ മുമ്പ്‌ അനേകം സാര്‍വ്വത്രിക കൗണ്‍സിലുകള്‍ തിരുസ്സഭയില്‍ നടന്നിട്ടുണ്ട്‌ എന്ന കാര്യം നാം മറക്കരുത്‌ ! A.D 325 നിക്യ കൗണ്‍സില്‍ തുടങ്ങി വത്തിക്കാന്‍ ഒന്ന് വരെയുള്ള സഭാചരിത്രം പരിശോധിച്ചാല്‍ ഇത്‌ മനസ്സിലാക്കാവുന്നതാണ്‌. ഈ കൗണ്‍സിലുകളില്‍ അനേകം വിശ്വാസസത്യങ്ങള്‍ പരിശുദ്ധാത്മാവ്‌ അതാത്‌ കാലഘട്ടത്തിലെ മാര്‍പ്പാപ്പമാരിലൂടെ നിര്‍വ്വചിക്കുകയും അവ പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഇവയും സഭയില്‍ നിലനില്‌ക്കുന്ന പരിശുദ്ധ പാരമ്പര്യങ്ങളും കത്തോലിക്കസ്സഭ അംഗീകരിച്ചിട്ടുള്ള വിശുദ്ധരുടെ വെളിപ്പെടുത്തലുകളും എല്ലാറ്റിനുമുപരി ദൈവത്തിന്റെ വചനങ്ങളും ചേര്‍ന്നതാണ്‌ കത്തോലിക്കാസ്സഭയുടെ വിശ്വാസത്തിന്റെ ഭണ്ട്‌ഢാകാരം (The Doctrinal Baggage of the Church).

പുതിയ യാതൊരു ക്രിസ്‌ത്യന്‍ വിശ്വാസസത്യങ്ങളും അഞ്ച്‌ വര്‍ഷവും പത്ത്‌ മാസവും മുപ്പത്തിനാല്‌ ദിവസവും എടുത്ത്‌ രണ്ട്‌ മാര്‍പാപ്പമാരുടെ നേതൃത്വത്തില്‍ പൂര്‍ത്തികരിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നിര്‍വ്വചിക്കപ്പെട്ടില്ല. അതിനാല്‍ തന്നെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ “pastoral and non-dogmatic council ” എന്നാണ്‌ വിശേഷിപ്പിക്കുവാന്‍ കഴിയുക. ഒരു ഢോഗ്മാറ്റിക്ക്‌ കൗണ്‍സിലിനെ എങ്ങനെ തിരിച്ചറിയാം ? ഒരു കൗണ്‍സിലിനെ ഢോഗ്മാറ്റിക്ക്‌ കൗണ്‍സില്‍ എന്ന്‌ വിളിക്കണമെങ്കില്‍ അതില്‍ ഒരു വിശ്വാസത്യം നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ടാകണം. അല്ലെങ്കില്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള വിശ്വാസസത്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, വിശ്വാസത്തിനെതിരായി ഉയര്‍ന്നു വന്നിട്ടുള്ള ഒരു പാഷണ്ടതയെ ശപിച്ച്‌ (Condem) തള്ളികളഞ്ഞിട്ടുണ്ടാകണം. ഇങ്ങനെ യാതൊന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നടന്നിട്ടില്ല. അതുകൊണ്ടാണ്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ ഢോഗ്മാറ്റിക്ക്‌ സ്വഭാവമില്ലാത്ത കൗണ്‍സില്‍ ( Non- Dogmatic Council) എന്ന്‌ വിളിക്കുന്നത്‌.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിച്ച ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധിച്ചു വായിക്കുക. “അതുകൊണ്ട്‌ , ഏതെങ്കിലുമൊരു വിശ്വാസസത്യത്തെപ്പറ്റി പ്രതിപാദിക്കുകയല്ല ഈ കൗണ്‍സിലിന്റെ പ്രധാന ലക്ഷ്യം. സഭാപിതാക്കന്മാരും, ആധുനികരും പൗരാണികരുമായ ദൈവശാസ്‌ത്രവിശാരദന്മാരും സവിസ്‌തരം പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാനും ഉദ്ധേശ്യമില്ല. ഇക്കാര്യങ്ങളൊന്നും നിങ്ങള്‍ അഗണ്യകോടിയില്‍ തള്ളിയിട്ടില്ലെന്നും അവയെല്ലാം ആഴമായി തന്നെ നിങ്ങളുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ടെന്നും നാം വിചാരിക്കുന്നു”….സഭ പഠിപ്പിച്ചിട്ടുള്ളതെല്ലാം പ്രശാന്തമനസ്സോടെ സാര്‍വ്വത്രിക ക്രിസ്‌തീയതത്ത്വമായി ഇക്കാലത്തു സകലരും സ്വീകരിക്കുകയും ഒരു നവചൈതന്യത്തോടെ അനുവര്‍ത്തിക്കുകയും വേണം. അതില്‍ നിന്നൊന്നും കുറവുചെയ്യാന്‍ പാടില്ല. ട്രെന്‍ന്റ്‌ സൂനഹദോസും, ഒന്നാം വത്തിക്കാന്‍ സൂനഹദോസും വ്യക്തമായി പഠിപ്പിച്ചിട്ടുള്ളതുപോലെ തന്നെ അവ പരിരക്ഷിക്കപ്പെടണം.. (ട്രെന്‍ന്റ്‌ സുന്നഹദോസും ഒന്നാം വത്തിക്കാന്‍ സുന്നഹദോസും യഥാക്രമം ഉല്‍ഭവപാപവും അമല്‍ലോല്‍ഭവും നിര്‍വ്വചിച്ച സുന്നഹദോസുകളാണ്‌.)

യാഥാര്‍ഥ്യം ഇതൊക്കയാണെങ്കിലും യാതൊരു പുതിയ വിശ്വാസസത്യവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും പുരോഗമനവാദികള്‍ കൗണ്‍സില്‍ രേഖകളില്‍ നിന്ന്‌ അവരുടേതായ ചില സാങ്കല്‌പിക (Dogma) കള്‍ രൂപപ്പെടുത്തുകയും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തന്നെ പുതിയാതായെതെന്തോ ഒരു (Dogma) അംഗീകരിച്ചു എന്ന്‌ സ്വയം നിരൂപിക്കുകയാണ്‌ ചെയ്‌തത്‌. സഭയില്‍ തെറ്റായി രൂപപ്പെട്ട ഈ ദുരവസ്ഥയെ, അതായത്‌ ഒരോരുത്തരും ‘സ്വന്തമായി’ നടത്തിയ കൗണ്‍സിലാനന്തര വിശകലനത്തിന്റെ പരിണതഫലങ്ങളെ ( Results of the post-conciliar analysis) പഠിച്ച ബെനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പാപ്പ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്‌. ” It is undisputable that the last twenty years have certainly been unfavorable for the Catholic church. The results of the council seem cruelly contrary to everyone’s expectations, beginning with John XXIII and Paul VI.. We expected a leap forward, and instead we were faced with a gradual decadence that had been developed mostly in the name of a supposed ‘Council spirit’ that has actually discredited it. The post-conciliar Church is a large building site, but a building site where the project has been lost and everyone continues to build as he pleases”. (Taken from ”Ratzinger Report”). അതെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വഴി സഭയില്‍ എല്ലാവരും മുന്നോട്ടുള്ള ഒരു കുതിപ്പാണ്‌ പ്രതീക്ഷിച്ചതെങ്കിലും കൗണ്‍സിലിന്‌ ശേഷം എല്ലാവരും ഒരു സാങ്കല്‌പികമായ “കൗണ്‍സില്‍ ചൈതന്യം” സ്വീകരിച്ചത്‌ വഴി സഭയ്‌ക്ക്‌ ക്രമാനുഗതമായ പിന്നോട്ടടിയാണ്‌ ഉണ്ടായതെന്ന്‌ തന്നെയല്ലേ പരിശുദ്ധ പിതാവ്‌ പറഞ്ഞു വെച്ചിരിക്കുന്നത്‌ ?. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‌ ശേഷമുള്ള സഭയെ പരിശുദ്ധ പിതാവു ഉപമിച്ചിരിക്കുന്നത്‌ കാണുക… വളരെ വലിയൊരു കെട്ടിടം പണിയാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പ്രോജക്‌റ്റ്‌ സൈറ്റ്‌… പ്ലാനും സ്‌കെച്ചും സാധന സാമഗ്രികളും തൊഴിലാളികളും സാങ്കേതിക വിദഗ്‌ധരും എല്ലാവരും ഉണ്ട്‌. എന്നാല്‍ കാലാന്തരത്തില്‍ ആ വലിയ പ്രോജക്‌റ്റ്‌ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായി. എന്നാല്‍ വലിയ കെട്ടിടം പണിയേണ്ട ആ സ്ഥലത്ത്‌ ഒരോരുത്തരും തങ്ങള്‍ക്കിഷ്‌ടമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു…രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പുതിയതായൊരു വിശ്വാസസത്യവും അംഗീകരിച്ചിട്ടിലെങ്കിലും നിര്‍വ്വചിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരോരുത്തരും ‘സാങ്കല്‌പികമായൊരു കൗണ്‍സില്‍ ചൈതന്യത്താല്‍’ നയിക്കപ്പെട്ടതു വഴി സഭ പിന്നീട്‌ എത്തിചേര്‍ന്ന (ദുര)അവസ്ഥയെ എത്ര കൃത്യമായി പിതാവ്‌ വരച്ചുകാണിച്ചിരിക്കുന്നു! ആ പ്രോജക്‌റ്റ്‌ നഷ്‌ടപ്പെട്ടപ്പോള്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്‌ ഉണ്ടാകുന്ന വേദന കാണുക !. ( തങ്ങള്‍ക്കിഷ്‌ടമുള്ള കെട്ടിടങ്ങള്‍ കേരളത്തിലും ഇന്‍ന്ത്യയിലും പണിതുകൊണ്ടിരിക്കുന്നത്‌ എതൊക്കെയാണെന്ന്‌ പ്രത്യേകിച്ച്‌ എഴുതേണ്ടതില്ല. ക്രിസ്‌ത്യന്‍ യോഗ തുടങ്ങി…. ഓണകുര്‍ബ്ബാനയും യോഗ കുര്‍ബ്ബാനയും വരെ…. ആ പട്ടിക നീളുകയാണ്‌…സാങ്കല്‌പികമായ കൗണ്‍സില്‍ ചൈതന്യത്താല്‍ നയിക്കപ്പെട്ട്‌ ക്രിസ്‌ത്യന്‍ വിശ്വാസസത്യങ്ങളെ അവഗണിച്ച്‌ മല്‍സരിച്ചുകൊണ്ടുനടത്തുന്ന സാസ്‌ക്കാരികാനുകരണത്തിന്റെ ദുരന്ത ഫലങ്ങള്‍ !).

ബെനഡിക്‌റ്റ്‌ പിതാവ്‌, തന്നെ സമീപിച്ച ഒരു കൂട്ടം വൈദീകരോട്‌ 2009 മാര്‍ച്ച്‌ 16ാം തിയ്യതി ഇങ്ങനെ ആഹ്വാനം ചെയ്‌തു. “Promote among the priests and in particular in younger generations an appropriate acceptance of the texts from the Second Vatican council, interpreted in light of all the doctrinal baggage of the Church”. തിരുസ്സഭയുടെ നിക്ഷേപമായ എല്ലാ വിശ്വാസസത്യങ്ങളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ച്‌ വേണം രണ്ടാം വത്തിക്കാന്‍ രേഖകളെ സ്വീകരിക്കേണ്ടത്‌ എന്നാണ്‌ പരിശുദ്ധ പിതാവ്‌ പറഞ്ഞത്‌. 2009, മാര്‍ച്ച്‌ 10 ലെ കത്തില്‍ പിതാവു ഇങ്ങനെ എഴുതി. “… we must remember that the Second Vatican Council contains the entire doctrinal history of the Church. Whoever wants to obey the Council, must also accept the faith professed throughout the centuries and cannot cut off the roots of this living tree”. ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ നൂറ്റാണ്ടുകളായി സഭയുടെ അതുല്യവും പൂര്‍ണ്ണവും ആയി പ്രഖ്യാപിക്കപ്പട്ടെ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും സമഗ്ര വെളിച്ചത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകളെ കണ്ടാല്‍ മാത്രമേ കൗണ്‍സില്‍ രേഖകള്‍ക്ക്‌ വിശ്വാസ്യതയുള്ളൂ എന്നാണ്‌ ബെനഡിക്‌റ്റ്‌ പിതാവ്‌ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. രണ്ടാം വത്തിക്കാന്‍ സുന്നഹദോസിനെ അതിന്‌ മുന്‍പ്‌ നടന്ന സുന്നഹദോസുകളില്‍ നിന്നും മാര്‍പ്പാപ്പമാര്‍ കാലകാലങ്ങളില്‍ പുറപ്പെടുവിച്ച ചാക്രികലേഖനങ്ങളില്‍ നിന്നും സഭയുടെ പരിശുദ്ധ പാരമ്പര്യങ്ങളില്‍ നിന്നും കത്തോലിക്കാസ്സഭ അംഗീകരിച്ച വിശുദ്ധരുടെ വെളിപ്പെടുത്തലുകളില്‍ നിന്നും എല്ലാറ്റിലുമുപരി ദൈവവചനത്തില്‍ നിന്നും വേര്‍പ്പെടുത്തി ‘ഒരു പുതിയ സംഭവം’ എന്ന മട്ടില്‍ കാണുന്ന കാഴ്‌ച്ചപ്പാട്‌ ശരിയല്ല. മുന്‍പ്‌ സഭയില്‍ നിലനിന്നിരുന്ന എല്ലാറ്റിനേയും ഭേദഗതി ചെയ്‌ത ഒരു കൗണ്‍സില്‍ ആണ്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എന്ന കാഴ്‌ചപ്പാടും ശരിയല്ല. നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ നടന്ന സൂനഹദോസുകളിലും ചാക്രികലേഖനങ്ങളിലും സഭാപാരമ്പര്യങ്ങളിലും എല്ലാറ്റിലുമുപരി ദൈവവചനത്തിലും പരിശുദ്ധാത്മാവ്‌ ഉറപ്പിക്കുകയും കാലഘട്ടങ്ങളെ അതിജീവിക്കുകയും ചെയ്‌ത വിശ്വാസസത്യങ്ങളാല്‍ പടുത്തുയര്‍ത്തിയ പ്രൗഢവും വിശാലവും സുശക്തവുമായ അതിര്‍ത്തിക്കുള്ളില്‍ മാത്രം നിന്ന്‌ കൊണ്ട്‌ സ്വീകരിക്കാനുള്ളതാണ്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകള്‍!!! ആ അതിര്‍ത്തി പരിരക്ഷിക്കപ്പടണം… ആ അതിര്‍ത്തികല്ലുകള്‍ മാറ്റരുത്‌… ആ അതിര്‍ത്തിയില്‍ നിന്ന്‌ ഒന്നും കുറവ്‌ ചെയ്യരുത്‌… നിര്‍വ്വചിക്കപ്പെട്ട വിശ്വാസസത്യങ്ങളുടെ ഒരു തുണ്ടുഭൂമിപ്പോലും വിട്ടുകൊടുക്കരുത്‌…. (ജോണ്‍ 23ാം മാര്‍പ്പാപ്പ).

രണ്ടാം വത്തിക്കാന്‍ സുന്നഹദോസിനെ കുറിച്ച്‌ ഇത്രയും പറയാന്‍ കാരണം പരിശുദ്ധ അമ്മയ്‌ക്ക്‌ പരിശുദ്ധ ത്രീത്വം അനുവദിച്ചിട്ടുള്ളതും കത്തോലിക്കാസ്സഭ അംഗീകരിച്ചിട്ടുള്ളതുമായ മഹത്വമേറിയ സ്ഥാനവും നാമവും വണക്കത്തേയും ലഘൂകരിച്ചും മങ്ങിയതാക്കിയും പറയാന്‍ പലരും പലപ്പോഴും ആധാരമാക്കുന്നത്‌ രണ്ടാം വത്തിക്കാന്‍കൗണ്‍സില്‍ രേഖകളെയാണ്‌. മേല്‍പറഞ്ഞ രീതിയില്‍ രണ്ടാം വത്തിക്കാന്‍ രേഖകളെ സ്വീകരിക്കാത്തതുകൊണ്ട്‌ ആ നാമത്തേയും സ്ഥാനത്തേയും കുറിച്ച്‌ വലിയ തെറ്റുകളാണ്‌ ഇന്ന്‌ സംഭവിച്ച്‌ കൊണ്ടിരിക്കുന്നത്‌. അവര്‍ക്ക്‌ പരിശുദ്ധ മറിയം (HOLY MARY) ‘സെന്റ്‌ മേരി'( ST MARY) അഥവാ വിശുദ്ധ മറിയം ആണ്‌. അതിനാല്‍ പരിശുദ്ധ അമ്മയ്‌ക്ക്‌ കത്തോലിക്കസ്സഭ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‌ മുന്‍പ്‌ തന്നെ നല്‌കിയിരിക്കുന്ന മഹത്വമേറിയ സ്ഥാനത്തെകുറിച്ച്‌ നടത്തിയ പ്രഖ്യാപനങ്ങളേയും നിര്‍വ്വചനങ്ങളേയും കത്തോലിക്കാസ്സഭ വര്‍ഷങ്ങളോളം പഠിച്ച്‌ അംഗീകരിച്ച വിശുദ്ധരുടെ വെളിപ്പെടുത്തലുകളേയും കുറിച്ച്‌ വിശ്വാസികള്‍ ബോധവാന്‍മാരാകേണ്ടതുണ്ട്‌. അല്ലെങ്കില്‍ പരിശുദ്ധ അമ്മയെ ഇങ്ങനെ ‘തരംതാഴ്‌ത്തുന്നത്‌’ കൊണ്ട്‌ പരിശുദ്ധ ത്രീത്വത്തിനുള്ള വേദനയ്‌ക്ക്‌ വിശ്വാസികള്‍ കണക്ക്‌ കൊടുക്കേണ്ടി വരും. കാരണം വചനം പറയുന്നു. “അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവെയ്‌ക്കുന്നു” (പ്രഭാ 3:4). റീത്ത്‌ ഏതായാലും പരിശുദ്ധ അമ്മയെ പരിശുദ്ധ (HOLY) എന്ന്‌ മഹത്വപ്പടുത്തേണ്ടതിന്‌ പകരം വിശുദ്ധ (SAINT) എന്ന്‌ അപമാനിക്കുന്നതുവഴി ക്രൈസ്‌തവ വിശ്വാസികള്‍ വലിയ ആത്മീയപാപ്പരത്വത്തില്‍ നിപതിച്ചിരിക്കുന്നു. ദൈവിക സംവിധാനത്തെ മനുഷ്യന്‍ ബുദ്ധി കൊണ്ട്‌ അളന്ന്‌ ശത്രുവിന്റെ പക്ഷം ചേര്‍ന്നുള്ള പ്രവര്‍ത്തനം ആയതുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്‌.

പാപത്തില്‍ ജനിച്ച്‌ അഥവാ ഉല്‍ഭവ പാപത്തോടേ പിറന്ന്‌ യേശുവിന്റെ കാല്‍വരി ബലിയുടെ യോഗ്യതയാലുള്ള കൃപയാല്‍ രക്ഷിക്കപ്പെട്ട്‌ വിശുദ്ധി പ്രാപിക്കുന്നവരെയാണ്‌ കത്തോലിക്കസ്സഭ വിശുദ്ധര്‍ എന്ന്‌ പ്രഖ്യാപിക്കുന്നത്‌. പരിശുദ്ധ അമ്മ ദൈവത്തിന്റെ പ്രത്യേകാനുകൂല്യത്താല്‍ വിശുദ്ധയല്ല മറിച്ച്‌ പരിശുദ്ധയാണ്‌. ഇത്‌ മലസ്സിലാക്കണമെങ്കില്‍ കത്തോലിക്കസ്സഭ പരിശുദ്ധ അമ്മയുടെ അമലോല്‍ഭവം എന്ന വിശ്വാസസത്യത്തെകുറിച്ച്‌ നിര്‍വ്വചിച്ച രേഖയിലെ (Ineffabilis Deus-Apostolic Constitution of Pope Pius IX on the Immaculate conception dated 8-12-1854- First Vatican council) നിര്‍വ്വചനം ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതുണ്ട്‌. അത്‌ ഇപ്രകാരമാണ്‌.

“We Declare, Pronounce, and Define that the Doctrine which holds that the most Blessed Virgin Mary, in the first moment of her conception, by a singular grace and privilege granted by Almighty God, in view of the merits of Jesus Christ, the Savior of the human race, was preserved free from all stain of original sin, is a doctrine revealed by God and therefore to be believed firmly and constantly by all the faithful “.

വിശുദ്ധ എന്ന പദവിയില്‍ നിന്നും തികച്ചും വ്യതിരിക്തവും ഉന്നതവുമായ ഒരു പദവിയാണ്‌ പരിശുദ്ധ അമ്മയെ കുറിച്ച്‌ 1854 ല്‍ തന്നെ പ്രഖ്യാപിക്കപ്പട്ടിട്ടുള്ളത്‌ എന്ന്‌ കാണാന്‍ സാധിക്കും. മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്‌തുവിന്റെ യോഗ്യതകളെ മുന്‍നിര്‍ത്തി ദൈവത്തിന്റെ ഒരു പ്രത്യേക കൃപയാലും ആനുകുല്യത്താലും പരിശുദ്ധ കന്യകാമറിയം, ഉരുവായതിന്റെ ആദ്യ നിമിഷം മുതല്‍ ഉല്‍ഭവ പാപത്തിന്റെ കറകളൊന്നും ഏശാതെ പരിരക്ഷിക്കപ്പെട്ടവളാണ്‌ എന്നത്‌ ഒരു സാധാരണ വിശ്വാസിക്കുപ്പോലും നിര്‍വ്വചനം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇത്‌ ജനനത്തിന്‌ ശേഷം പ്രാപിച്ച ഒരവസ്ഥയല്ല ജനനത്തിന്‌ മുന്‍പ്‌, പരിശുദ്ധ അമ്മ വിശുദ്ധ അന്നയുടെ ഉദരത്തില്‍ ഉരുവാകുന്നതിന്‌ മുന്‍പ്‌ തന്നെയുള്ള അവസ്ഥയാണ്‌ എന്നതാണ്‌ പരിശുദ്ധ അമ്മയെ വ്യത്യസ്‌തമാക്കുന്നത്‌. അതിനാല്‍ ആദത്തിന്റെ സന്തതിയായതുകൊണ്ട്‌ പരിശുദ്ധ അമ്മയും യേശുവിനാല്‍ രക്ഷിക്കപ്പടേണ്ടവള്‍ ആണെന്നോ യേശുവിലൂടെ രക്ഷിക്കപ്പെട്ട ആദ്യത്തെ വ്യക്തി പരിശുദ്ധ അമ്മയാണന്നോ എന്ന്‌ തുടങ്ങിയ “പഠനങ്ങള്‍” കത്തോലിക്കസ്സഭയുടെതല്ല. കത്തോലിക്കസ്സഭയുടെ നിര്‍വ്വചനപ്രകാരം അവള്‍ ഉല്‍ഭവപാപത്തില്‍ വീണ്‌ അവിടെ നിന്ന്‌ രക്ഷിക്കപ്പട്ടവളല്ല. യേശുവിന്റെ യോഗ്യത മുന്‍നിര്‍ത്തി ഉല്‍ഭവപാപത്തില്‍ വീഴാതെ സംരക്ഷിക്കപ്പെട്ടവളാണ്‌. രണ്ടും തമ്മില്‍ വളരെ വിത്യാസമുണ്ട്‌. “ഇത്‌ കര്‍ത്താവിന്റെ പ്രവൃത്തിയാണ്‌. ഇതു നമ്മുടെ ദൃഷ്‌ടിയില്‍ വിസ്‌മയാവഹമായിരിക്കുന്നു” (സങ്കീ 118:23) കര്‍ത്താവിനാണ്‌ ഈ പ്രവര്‍ത്തിമൂലം മഹത്വം നല്‍കുന്നത്‌. അവിടുത്തെ ഒരു പ്രത്യേക (UNIQUE) കൃപയാലാണ്‌ ഇത്‌ സാധ്യമായത്‌. പരിശുദ്ധ അമ്മയും കര്‍ത്താവിനെയാണ്‌ മഹത്വപ്പെടുത്തുന്നത്‌. …എന്റെ ആത്മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു (ലൂക്ക 1:46). …മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല (ജ്ഞാനം 7:25). …എന്റെ മണവാട്ടി അടച്ച ഉദ്യാനമാണ്‌, മുദ്രവച്ച നീരുറവ (ഉത്തമഗീതം 4:12). ഈ വിശ്വാസസത്യം ദൈവം വെളിപ്പെടുത്തിയാതണെന്നും ഒരോ വിശ്വാസിയും ഇത്‌ ഉറപ്പായി, നിരന്തരം വിശ്വസിക്കേണ്ടതാണ്‌ എന്നും നിര്‍വ്വചനത്തില്‍ ചേര്‍ത്ത്‌ പറഞ്ഞ്‌ വെച്ചിരിക്കുന്നു.

പിന്നെങ്ങിനെയാണ്‌ നൂറ്റിപത്ത്‌ വര്‍ഷം കഴിഞ്ഞ്‌ കൂടിയ രണ്ടാം വത്തിക്കാന്‍ സുന്നഹദോസില്‍ പരിശുദ്ധ അമ്മയെ കുറിച്ച്‌ മേല്‌പറഞ്ഞതില്‍ നിന്നും ലഘൂകരിക്കപ്പെട്ട, ഭേദഗതി ചെയ്‌ത ഒരു അവസ്ഥ പ്രഖ്യാപിക്കാന്‍ സാധിക്കുക? രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ എല്ലാ കൃപകളുടേയും മദ്ധ്യസ്ഥ എന്ന്‌ പറഞ്ഞില്ല എന്ന ഒരൊറ്റ കാരണത്താല്‍ ദൈവകൃപ നിറഞ്ഞ ( Full Of Grace) പരിശുദ്ധ അമ്മയുടെ പരിശുദ്ധിയ്‌ക്ക്‌ മങ്ങലേല്‌പിക്കാമോ? ഇതുകൊണ്ടാണ്‌ ഒരു “സാങ്കല്‌പിക കൗണ്‍സില്‍ ചൈതന്യത്താല്‍” ചിലര്‍ നയിക്കപ്പെട്ടെന്നും കത്തോലിക്ക വിശ്വാസത്തില്‍ നിന്ന്‌ വ്യത്യസ്‌തമായ സ്വയംകൃത “നിരൂപണങ്ങള്‍” അവര്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ നിന്ന്‌ സൗകര്യപൂര്‍വ്വം സ്വീകരിച്ചു എന്ന്‌ ബെനഡിക്‌റ്റ്‌ പിതാവ്‌ പറഞ്ഞുവെച്ചത്‌. നമ്മുടെ അമ്മ പരിശുദ്ധയാണ്‌ !. അതില്‍ മാറ്റമില്ല. മാറ്റം വരുത്തുവാന്‍ ആര്‍ക്കും സാധിക്കുകയുമില്ല !!!. അവള്‍ സെന്റ്‌ മേരിയല്ല. ഹോളി മേരിയാണ്‌. സ്‌ത്രീയെ ഒഴുക്കികളയാന്‍ സര്‍പ്പം ചെയ്‌ത വേലത്തരങ്ങളാണിതൊക്കെ എന്ന്‌ തിരിച്ചറിയുന്നവര്‍ ഭാഗ്യവാന്‍മാര്‍!!!.

ഇവിടെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന മറ്റൊരു വസ്‌തുതകൂടിയുണ്ട്‌. 1854 ല്‍ ഒന്നാം വത്തിക്കാന്‍ സൂനഹദോസില്‍ പരിശുദ്ധ അമ്മയുടെ അമലോല്‍ഭവം നിര്‍വ്വചിക്കപ്പെടുന്നതിന്‌ 300 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ട്രെന്റ്‌ സൂനഹദോസ്‌ (1545-1563) ചേര്‍ന്ന്‌ മനുഷ്യന്റെ ഉല്‍ഭവപാപം എന്നതിനെ നിര്‍വ്വചിച്ചിരുന്നു. ആ പ്രമാണ രേഖയുടെ അവസാന ഭാഗത്തില്‍ പോള്‍ മൂന്നാമന്‍ മാര്‍പാപ്പ പറഞ്ഞ്‌ വെച്ചിരിക്കുന്നത്‌ നോക്കൂ… “This same holy synod doth nevertheless declare that it is not its intention to include in this decree, where original sin is treated of, the Blessed and Immaculate Virgin Mary, the Mother of God ” (June 17, 1546). പരിശുദ്ധ അമ്മ അമലോല്‍ഭയാണ്‌ എന്നത്‌ അന്നേ സഭയുടെ പാരമ്പര്യത്തില്‍ നിലനിന്നിരുന്നതുകൊണ്ടാണ്‌ പിതാവ്‌ അങ്ങനെ എഴുതിവെച്ചത്‌. അത്‌ കൊണ്ടാണ്‌ മേല്‌പറഞ്ഞ പ്രമാണരേഖയില്‍ മനുഷ്യന്റെ ഉല്‍ഭവപാപം നിര്‍വ്വചിച്ചപ്പോള്‍ പരിശുദ്ധ അമ്മയെ എല്ലാ മനുഷ്യര്‍ക്കും ബാധകമായ ഉല്‍ഭവപാപത്തിന്‌ അതീതമായി വീക്ഷിക്കപ്പെട്ടത്‌. പരിശുദ്ധ അമ്മയെ കുറിച്ചുള്ള വിശ്വാസസത്യങ്ങള്‍ അവ പ്രഖ്യാപിക്കുമ്പോഴല്ല രൂപപ്പെട്ടിട്ടുള്ളത്‌. സഭാ പാരമ്പര്യത്തില്‍ നിലനിന്നിരുന്ന സത്യങ്ങളെ വര്‍ഷങ്ങളോളം പഠിച്ച്‌ പിന്നീട്‌ കത്തോലിക്കാസ്സഭ പ്രഖ്യാപിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഉദാഹരണത്തിന്‌ പരിശുദ്ധ അമ്മ സഹരക്ഷകയാണ്‌ എന്നത്‌ കത്തോലിക്കസ്സഭ വരും നാളുകളില്‍ പ്രഖ്യാപിക്കാനിരിക്കുന്ന ഒരു വിശ്വാസസത്യമാണ്‌. എന്നാല്‍ അത്‌ ഇപ്പോഴേ വിശ്വാസികളുടെ പ്രാര്‍ത്ഥനകളിലും കാനോന നമസ്‌ക്കാരത്തിലും ഏറ്റുപറഞ്ഞുകൊണ്ടിരിക്കുന്നതാണ്‌. അങ്ങനെ നോക്കുമ്പോള്‍ പരിശുദ്ധ അമ്മ അമലോല്‍ഭവയാണ്‌/ പരിശുദ്ധയാണ്‌ എന്ന സത്യം സഭയുടെ ആദ്യകാലം മുതല്‍ക്കേ പാരമ്പര്യമായി സഭയില്‍ നിലനിന്നിരുന്നതാണ്‌ എന്നു കാണുവാന്‍ സാധിക്കും. അപ്പോള്‍ അമ്മ പരിശുദ്ധയാണ്‌ എന്ന മഹത്തായ പാരമ്പര്യം എങ്ങനെയാണ്‌ 19 നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം 1965 ല്‍ ഒരു സൂനഹദോസില്‍ പെട്ടെന്ന്‌ അലിഞ്ഞില്ലാതാകുക …???

ഉല്‍ഭവ പാപത്തോടെ ജനിച്ച ഒരുവള്‍ക്ക്‌ എങ്ങിനെയാണ്‌ പരിശുദ്ധിയില്‍ പരിശുദ്ധനായ യേശുവിന്‌ ജന്മം കൊടുക്കുവാന്‍ സാധിക്കുക? മറിയം പാപിയെങ്കില്‍ യേശുവും ‘പാപി’ യായി മാറും. അങ്ങനെയെങ്കില്‍ ഒരു ‘പാപിയ്‌ക്ക്‌ ‘പാപികളായ നമ്മെ എങ്ങിനെ രക്ഷിക്കുവാന്‍ സാധിക്കും? യേശുവിന്റെ പരമയാഗത്തിന്റെ മഹനീയത കുറച്ചുകാണിക്കാന്‍ ശത്രുവാണ്‌ പരിശുദ്ധ മറിയത്തെ വിശുദ്ധ മറിയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരിശുദ്ധ അമ്മയെ പരിശുദ്ധ ത്രീത്വം നല്‌കിയിരിക്കുന്ന സ്ഥാനത്ത്‌ നിന്ന്‌ ‘താഴെയിറക്കുമ്പോള്‍’ അതിന്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്‌. യേശുവിന്റെ ദിവ്യത്വത്തെ ‘ചെറുതാക്കി’ കാണിക്കുക എന്നതാണ്‌ ശത്രു ലക്ഷ്യമിടുന്നത്‌. നുണയനും നുണയന്റെ പിതാവുമായ ശത്രു മൂലം അനേകം കത്തോലിക്ക സ്ഥാപനങ്ങളുടെ പേര്‌ തന്നെ ‘സെന്റ്‌ മേരീസ്‌ സ്‌ക്കൂള്‍, ‘സെന്റ്‌ മേരീസ്‌ കോളേജ്‌ ‘ എന്നിങ്ങനെയായി പ്രചരിച്ചത്‌ ഈ നുണ പ്രചരിച്ചതുകൊണ്ടാണ്‌ എന്ന്‌ നാം തിരിച്ചറിയണം. വ്യാകുല മാതാവ്‌, സ്വര്‍ഗ്ഗാരോപിതമാതാവ്‌, അമലോല്‍ഭവ മാതാവ്‌ , ഹോളി മേരീ തുടങ്ങിയ നാമങ്ങള്‍ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. “സാങ്കല്‌പികമായ കൗണ്‍സില്‍ ചൈതന്യം” എന്നതിലൂടെ അവന്‍ രണ്ടാം കൗണ്‍സിലിന്‌ ശേഷം അനേകം പുരോഗമന ക്രിസ്‌ത്യന്‍ ചിന്തകരുടെ തലയില്‍ കളകള്‍ വിതച്ചു. ആ കളകളെ തിരിച്ചറിയുക! ശത്രുവാണ്‌ അത്‌ ചെയ്‌തത്‌ എന്നും തിരിച്ചറിയുക !!

പരിശുദ്ധ അമ്മ അമലോല്‍ഭവയാണെന്ന്‌ 1854 ല്‍ പ്രഖ്യാപിക്കപ്പെട്ട്‌ നാല്‌ വര്‍ഷത്തിനുള്ളില്‍ പരിശുദ്ധ അമ്മ തന്നെ ഫ്രാന്‍സിലെ പൈറേനസ്‌ എന്ന പട്ടണത്തിലെ മാസ്സാബിക്കലേ എന്ന സ്ഥലത്തെ ഗ്രോട്ടോയില്‍ പ്രത്യക്ഷപ്പട്ടു ഒരു പെണ്‍കുട്ടിയോട്‌ പറഞ്ഞു “ഞാന്‍ അമലോല്‍ഭവയാകുന്നു”. ( I am the immaculate Conception). ലൂര്‍ദ്ദിലും അതാവര്‍ത്തിക്കപ്പെട്ടു. 1953 ല്‍ മരിയന്‍ വര്‍ഷം പ്രഖ്യാപിച്ചുകൊണ്ട്‌ അമലോല്‍ഭവ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബദ്ധിച്ച്‌ പയസ്‌ പന്ത്രാണ്ടാമന്‍ മാര്‍പ്പാപ്പ Fulgens Corona എന്ന ചാക്രിക ലേഖനത്തില്‍ മേല്‌ പറഞ്ഞ സംഭവം ഉദ്ധരിക്കുന്നുണ്ട്‌. ആ ചാക്രികലേഖനത്തില്‍ പരിശുദ്ധ അമ്മയുടെ അമലോല്‍ഭവത്തെ അയവിറക്കികൊണ്ട്‌ മൂന്ന്‌ ദൈവവചനങ്ങളാണ്‌ പരിശുദ്ധ പിതാവ്‌ ഉദ്ധരിക്കുന്നത്‌. “നീയും സ്‌ത്രിയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും”.( ഉല്‍പ 3:15). ഈ വചനം ഉദ്ധരിച്ചുകൊണ്ട്‌ പരിശുദ്ധ പിതാവ്‌ ചോദിക്കുകയാണ്‌ “Now, if any time the Blessed Virgin Mary were destitute of Divine Grace even for the briefest moment, because of contamination in her conception by the hereditary stain of sin there would not have come between her and the serpent that perpetual enmity spoken of from earliest tradition down to the time of the solemn definition of the immaculate conception, but rather a certain subjection”. അതെ, ഒരു നിമിഷമെങ്കിലും അല്ലെങ്കില്‍ ഒരു നിമിഷത്തിന്റെ ഏറ്റവും ചെറിയ ഒരു അംശത്തിലെങ്കിലും പാപത്തിന്റെ കറയാല്‍ അവള്‍ ഉല്‍ഭവത്തില്‍ കളങ്കിതമായിരുന്നെങ്കില്‍ ഉല്‍പത്തി 3:15 എങ്ങനെ സത്യമാകും? ദൈവവചനത്തിന്‌ തെറ്റ്‌ പറ്റില്ലല്ലോ… ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ! ” (ലൂക്ക 1:28). ….നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌…(ലൂക്ക 1:42) എന്നിവയാണ്‌ ഉദ്ധരിക്കപ്പെട്ട മറ്റ്‌ രണ്ട്‌ ദൈവചനങ്ങള്‍. പരിശുദ്ധ അമ്മയുടെ അമലോല്‍ഭവം നിര്‍വ്വചിക്കപ്പെട്ട അപ്പസ്‌തോലിക്ക്‌ കോണ്‍സ്റ്റിറ്റിയൂഷനിലെ (Ineffabilis Deu) അതേ വാക്യങ്ങള്‍ തന്നെ പരിശുദ്ധ പിതാവ്‌ ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുന്നു. “By these Words (Luke 1:28,42) as catholic tradition has always interpreted, it is plainly indicated that by this singular and solemn salutation, otherwise never heard of, it is shown that the Mother of God was the abode of all Divine Graces, adorned with all the charisms of the Holy Spirit, yea, the treasury well nigh infinite and abyss inexhaustible of these charisms, so that she was never subjected to the one accursed “.

അതിനാല്‍ കത്തോലിക്കസ്സഭയ്‌ക്ക്‌ ദൈവത്തില്‍ നിന്ന്‌ കിട്ടിയ വെളിപ്പെടുത്തല്‍ അനുസരിച്ച്‌ പരിശുദ്ധ കന്യക മറിയത്തെ കുറിച്ച്‌ കാലത്തിനതീതമായി ഇങ്ങനെ സംഗ്രഹിക്കുന്നു. പരിശുദ്ധ കന്യകാ മറിയം അമലോല്‍ഭവയാണ്‌. പിതാവായ ദൈവം പുത്രനായ യേശുക്രിസ്‌തുവിലൂടെ മനുഷ്യവംശത്തിന്‍ മേല്‍ ചൊരിഞ്ഞ എല്ലാ കൃപകളും പുത്രനും മനുഷ്യര്‍ക്കുമിടയില്‍ വിതരണം ചെയ്യുന്ന മദ്ധ്യസ്ഥയാണ്‌ പരിശുദ്ധ കന്യകാ മറിയം.

ലേഖനത്തിന്റെ ആദ്യഭാഗത്ത്‌ ഉദ്ധരിച്ച വചനഭാഗങ്ങളെ പരിശുദ്ധ അമ്മ തന്നെ വ്യഖ്യാനിച്ചിരിക്കുന്നത്‌ ഇപ്രകാരമാണ്‌. “പരിശുദ്ധ ത്രീത്വം ഞാന്‍ എവിടെ ആയിരിക്കണമെന്ന്‌ തിരുചിത്തമായിരിക്കുന്നുവോ, അവിടെ ഞാന്‍ അംഗീകരിക്കപ്പെടുന്നതുവരെ എനിക്ക്‌ എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടിപ്പിക്കുക സാധ്യമല്ല. ‘സഹരക്ഷക’ എന്ന നിലയിലും എല്ലാ പ്രസാദവരങ്ങളുടേയും സാര്‍വ്വത്രിക മദ്ധ്യസ്ഥ എന്ന നിലയിലുമുള്ള എന്റെ മാതൃ പ്രവര്‍ത്തനത്തിലത്രേ എന്റെ ശക്തി ഞാന്‍ പ്രകടമാക്കുന്നത്‌. ഞാനും എന്റെ ശത്രുവും തമ്മിലുള്ള സമരം നിര്‍ണ്ണായകഘട്ടത്തില്‍ പ്രവേശിക്കുന്ന ഇപ്പോള്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയ അമ്മയുടെ ദൗത്യം നിഷ്‌പ്രഭമാക്കുന്നതിന്‌ അവന്‍ സര്‍വ്വവിദ്യകളും പ്രയോഗിക്കുന്നു. ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചു വിജയം വരിക്കാന്‍ ആ ചുവന്ന സര്‍പ്പം സൂര്യനെ ധരിച്ചിരിക്കുന്ന സ്‌ത്രീയെ പീഢിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്‌. സ്‌ത്രീയെ മുക്കികളയാനും അടിച്ചെടുത്തുകൊണ്ടുപോകാനും സര്‍പ്പം അവന്റെ വായില്‍ നിന്ന്‌ ഒരു ജല പ്രവാഹം തുറന്നുവച്ചിട്ടുണ്ട്‌. നിങ്ങളുടെ സ്വര്‍ഗ്ഗീയമാതാവിനെ അവള്‍ക്കു പരിശുദ്ധ ത്രീത്വം നല്‌കിയിരിക്കുന്ന സ്ഥാനത്തുനിന്നു താഴെയിറക്കുവാന്‍ യത്‌നിക്കുന്ന ദൈവശാസ്‌ത്രസിദ്ധാന്തങ്ങളല്ലാതെ മറ്റെന്താണ്‌ ഈ ജലപ്രവാഹം?. ഈ സിദ്ധാന്തങ്ങള്‍ ആത്മാക്കളിലും എന്റെ അനേകം മക്കളുടെ ജീവിതത്തിലും ഭക്താഭ്യാസങ്ങളിലും പ്രവേശിച്ചു. എന്റെ കര്‍ത്താവ്‌ എന്നെ അലങ്കരിച്ചിരിക്കുന്ന ചില പ്രത്യേകാനുകൂല്യങ്ങളെ നിരാകരിക്കുന്നതിനുപോലും തുനിഞ്ഞുകൊണ്ട്‌ എന്നെ നിഷ്‌പ്രഭമാക്കുന്നതിനും ഈസിദ്ധാന്തങ്ങള്‍ക്കുപോലും കഴിഞ്ഞിട്ടുണ്ട്‌.” ( MMP സന്ദേശം:201).
വെളിപാടിന്റെ പുസ്‌തകം 12:14 ല്‍ പറയുന്ന മരുഭൂമി ഏതാണ്‌ ?
പരിശുദ്ധ അമ്മ വെളിപ്പെടുത്തുന്നു. …

“എന്റെ വിമലഹ്യദയത്തിനു പ്രതിഷ്‌ഠിക്കപ്പെട്ട എന്റെ പുത്രന്മാരെ, നിങ്ങളത്രേ ഞാന്‍ പ്രത്യാഹരിക്കുന്ന ഭൂമി; ആ മരുഭൂമി നിങ്ങളുടെ ഹ്യദയമാണ്‌- ദൈവത്തിനും അവിടുത്തെ നിയമങ്ങള്‍ക്കുമെതിരായ പ്രക്ഷോപണ പ്രളയത്തില്‍ കരകവിഞ്ഞൊഴുകുന്നതും വിനാശകരമായ വിദ്വേഷവും അക്രമവും പടര്‍ന്നുപിടുച്ചതുമായ ഒരു ലോകം ഏല്‌പിച്ച അനേകം മുറിവുകളാല്‍ വരണ്ടുപോയ നിങ്ങളുടെ ഹ്യദയമാണ്‌ എന്റെ മരുഭൂമി” (MMP സന്ദേശം 202).

“ഇതു നിഗൂഢവും നിശ്ശബ്‌ദവും വിജനവും വരണ്ടതുമായ ഒരു സ്ഥലമത്രേ. നിഗൂഢവും നിശ്ശബ്‌ദവും അനേകം പോരാട്ടങ്ങളാലും നിരവധി മുറിവുകളാലും വരണ്ടുകിടക്കുന്നതുമായ ഈ സ്ഥലം – സത്രീ ഇപ്പോള്‍ തനിക്കായി കണ്ടുപിടിച്ച സ്ഥലം-എന്റെ പ്രിയ പുത്രന്മാരുടേയും എന്റെ വിമലഹ്യദയത്തിനു ആത്മപ്രതിഷ്‌ഠ നടത്തിയ എല്ലാവരുടേയും ആത്മാവും ഹ്യദയവുമാകുന്നു. ഞാന്‍ കണ്ടുപിടിച്ച ഈ മരുഭൂമിയില്‍ ഏറ്റവും വലിയ അല്‍ഭുതങ്ങള്‍ ഞാന്‍ ചെയ്യുകയാണ്‌. എന്നിക്ക്‌ പൂര്‍ണ്ണമായി ആത്‌മാര്‍പ്പണം ചെയ്‌ത എന്റെ പുത്രന്മാരുടെ ആത്മാക്കളേയും ജീവിതങ്ങളേയും രൂപാന്തരപ്പെടുത്തുന്നതിന്‌ വേണ്ടി അവരെ ഞാന്‍ നിശ്ശബ്‌ദതയിലേക്കും നിഗൂഢതയിലേക്കും കൊണ്ടുപോരുകയത്രേ. പുത്രന്മാരെ, അമ്മ, വരപ്രസാദമദ്ധ്യസ്ഥ, സഹരക്ഷക എന്നീ പദവികളിലുള്ള എന്റെ സുശക്തമായ പ്രവര്‍ത്തനത്താല്‍ നിങ്ങള്‍ക്കു രൂപാന്തരമുണ്ടാകട്ടെ. പേടിക്കാതിരിക്കുക, കാരണം, നിങ്ങളുടെ ഹ്യദയമരുഭൂമിയില്‍ ഞാന്‍ സങ്കേതം പ്രാപിച്ചിട്ടുണ്ട്‌. എന്റെ സ്ഥിരതാമസം അവിടെ ആക്കിയിട്ടുണ്ട്‌” (MMP സന്ദേശം 201).

“നിങ്ങളെ യേശുവിലേക്കു നയിക്കുന്ന വഴി ഞാനത്രേ. നിങ്ങള്‍ക്കോരോരുത്തര്‍ക്കും വേണ്ടിയുള്ള സുരക്ഷിതവും ഹ്രസ്വവും അപരിത്യാജ്യവുമായ വഴി ഞാനാകുന്നു. ഈ വഴിയിലൂടെ പോകാന്‍ നിങ്ങള്‍ വിസ്സമ്മതിക്കുന്നെങ്കില്‍ യാത്രാമദ്ധ്യേ നിങ്ങള്‍ നാശകരമായ അപകടത്തില്‍ ചെന്നുചാടും. യേശുവിനെ പ്രാപിക്കുന്നതിന്‌ ഞാന്‍ ഒരു തടസ്സമാണെന്ന്‌ വിചാരിച്ച്‌ എന്നെ ഉപേക്ഷിച്ചുകളയുന്നതിനു അഗ്രഹിച്ച നിരവധി ആളുകള്‍ ഇന്നുണ്ട്‌. ഇതിനു കാരണം നിങ്ങള്‍ക്കും എന്റെ മകനുമിടക്കുള്ള മദ്ധ്യസ്ഥയെന്ന നിലയില്‍ എന്റെ ധര്‍മ്മത്തെപ്പറ്റി അവര്‍ക്ക്‌ അറിവില്ലാത്തതാണ്‌” (MMP സന്ദേശം 204).
പരിശുദ്ധ അമ്മ അമലോൽഭവയും, നിത്യകന്യകയും, ദൈവമാതാവും, സ്വര്‍ഗ്ഗാരോപിതയും ആയതുകൊണ്ട്‌ അവള്‍ പ്രത്യേക വണക്കത്തിന്‌ (HYPER DULIA) അര്‍ഹയാണ്‌ ! വിശുദ്ധരോടുള്ള നാം കാണിക്കുന്ന വണക്കത്തില്‍ നിന്ന്‌ ഉപരിയാണത്‌ !!!

18-1-2018, വി.പത്രോസിന്റെ റോമ സിംഹാസനത്തിന്റെ അനുസ്‌മരമണ തിരുനാള്‍, വിമലഹ്യദയത്തിന്റെ മക്കള്‍ക്കുവേണ്ടി,

ഫാ. ഫ്രാന്‍സീസ്‌ ഏഴാനിക്കാട്ട്‌ MST.

MEMORABLE QUOTES OF POPES/CARDINALS/SAINTS
1) “The matters of the Faith must take precedence over all others, Since faith is the substance and foundation of the Christian religion “(St Pius V).

2) Be strong ! You must not give in where it is not necessary to give in… You must fight, not half-way, but with courage instead; not in hiding but in public; not behind closed doors, but out in the open( St Pius X).

3) The biggest charity is to share and love the truth (Card Charles Journet).

4) Liberty can be sacrificed only to God (His Excellency Giambattista Bosio).

5) Not to oppose error is to approve it; and not to defend truth is to suppress it !(Pope Felix III).

6) I’m listening to the innovators who want to dismantle the Holy Sanctuary, destroy the universal flame of the Church, reject Her finery, make Her remorseful for Her historical past!. Well, my dear friend, I am convinced that the Church of Peter must take ownership of Her past, or else She will dig Her own tomb(“Pius XII Before History”).

7) Even if I have all the Bishops against me, I have yet with me all the Saints and Doctors of the Church (St Thomas More).

8) By condemning us, you condemn all your ancestors. For what have we taught that they did not teach? (St Edmund Campion)

FOR WE CANNOT DO ANYTHING AGAINST THE TRUTH
(2 COR 13:8)
WE OUGHT TO OBEY GOD, RATHER THAN MEN
(ACTS 5:29)
THEREFORE, I SAY TO YOU. BLASPHEMY AGAINST THE SPIRIT SHALL NOT BE FORGIVEN
(MATHEW 12:31-32)
STAND FIRM, THEN BROTHERS, AND KEEP THE
TRADITIONS THAT WE TAUGHT YOU, WHETHER BY
WORD OF MOUTH OR BY LETTER !
(2 THESS 2:15)

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.