Uncategorized

കുട്ടികളുടെ ശിക്ഷണം

കുട്ടികളെ ശിക്ഷിക്കുന്നതിനെക്കുറിച്ച്

jesus-love-children-wallpaper

‘കുട്ടികളെ ശിക്ഷിക്കരുത്, അത് അവരെ മാനസികമായി വളരെ തളർത്തും’, എന്നൊരു മിഥ്യാ ധാരണ കുറെ നാളായി വളർന്നുവരുന്നുണ്ട്. ഒരു കൂട്ടം മനശാസ്ത്രജ്ഞർ ഉൾപ്പെടെ പകർന്നുവിട്ട ഈ അവബോധം ദൂരവ്യാപകമായ ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. തെറ്റും ശരിയും തിരിച്ചറിയേണ്ട പ്രായത്തിൽ അത് തിരിച്ചറിയാതെയും വേണ്ടത്ര ശിക്ഷണം ലഭിക്കാതെയും വളരുന്ന കുട്ടികൾ ധിക്കാരികളും തന്നിഷ്ടക്കാരും ഉത്തരവാദിത്വബോധമില്ലാത്തവരും ആയി വളർന്നുവരാൻ ഇടയാകുന്നു. ശിക്ഷണം കൊടുത്തു വളർത്തേണ്ട പ്രായത്തിൽ ശിക്ഷണം കൊടുത്തു തന്നെ കുട്ടികളെ വളർത്തണം. തെറ്റ് കാണിക്കുമ്പോൾ തിരുത്തുക തന്നെ ചെയ്യണം. ഉപദേശങ്ങളും സ്നേഹത്തോടെയുള്ള ശാസനങ്ങളും ഫലം കാണാതെ വരുമ്പോൾ അടി കൊടുത്തു തന്നെ കുട്ടികളെ തിരുത്താൻ മടിക്കേണ്ടതില്ല എന്ന് വചനം പറയുന്നു. “കുട്ടിയെ ശിക്ഷിക്കാൻ മടിക്കേണ്ട, വടി കൊണ്ട് അടിച്ചെന്നു വച്ച് അവൻ മരിച്ചുപോകുകയില്ല. അടിക്കുമ്പോൾ നീ അവന്റെ ജീവനെ പാതാളത്തിൽ നിന്ന്‌ രക്ഷിക്കുകയാണ്.” (സുഭാ 23:13-14). പ്രത്യകിച്ചു ഇന്നത്തെ സാഹചര്യങ്ങൾ കൂടുതലും പാപത്തിലേക്ക് നയിക്കുന്നതായതിനാൽ വളരെ വിവേകത്തോടെ കുട്ടികളുടെ ശിക്ഷണം നടപ്പാക്കേണ്ടതുണ്ട്. പഴയ തലമുറ കുട്ടികളെ വേണ്ടത്ര ശിക്ഷണത്തിൽ വളർത്തിയിരുന്നു. അതുപോലെതന്നെ അദ്ധ്യാപകരിൽ നിന്നും നല്ല ശിക്ഷണം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ കുട്ടികൾ കുറെയൊക്കെ അച്ചടക്കത്തിലും അനുസരണയിലും വളർന്നുവന്നിരുന്നു. ഇന്ന് കുട്ടികളെ ശിക്ഷിക്കുന്നതിൽ മാതാപിതാക്കളും അദ്ധ്യാപരും വളരെ മടി കാണിക്കുന്നു. വിദ്യാഭ്യാസശൈലി തന്നെ മാറ്റിമറിക്കപ്പെടുകയും ധനസമ്പാദന ലക്ഷ്യത്തിലേക്ക്‌ വിദ്യാഭ്യാസസമ്പ്രദായം മാറുകയും പള്ളിക്കൂടങ്ങൾ അവഗണിക്കപ്പെടുകയും ചെയ്തപ്പോൾ ധാർമികവും ആത്മീയവുമായ മൂല്യങ്ങൾ വിദ്യാലയങ്ങളിൽ നിന്നും ലഭിക്കാതെയായി. ശിക്ഷണം തന്നെ ഇല്ലെന്നായി. ഇത് കുഞ്ഞുങ്ങളെ നാശത്തിലേക്ക് തള്ളിവിടുകയാണ് എന്നത് മാതാപിതാക്കൾ മനസിലാക്കണം. “താഡനവും ശാസനവും ജ്‌ഞാനംപകര്‍ന്നുകൊടുക്കുന്നു; തന്നിഷ്‌ടത്തിനു വിട്ടിരിക്കുന്ന കുട്ടിഅമ്മയ്‌ക്ക്‌ അപമാനം വരുത്തിവയ്‌ക്കുന്നു.”
(സുഭാഷിതങ്ങള്‍ 29 : 15) ശിക്ഷണം കുറച്ചു നേരത്തേക്ക് മനസികമായി മുറിവേല്പിക്കും എങ്കിലും ആത്യന്തികമായി ഇത് നന്മയിലേക്ക് നയിക്കും എന്നത് മറക്കരുത്.
“എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്കു കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു.” (ഹെബ്ര 12: 11)
ശിക്ഷിച്ചു എന്ന് കരുതി കുട്ടികൾ ഒരിക്കലും മാതാപിതാക്കളെ വെറുക്കുകയില്ല, പകരം ഭാവിയിൽ അവരെ നന്ദിയോടെ സ്മരിക്കുകയാണ് ചെയ്യുന്നത്. അടിക്കുമ്പോൾ കുട്ടിക്ക് വേദനിക്കും എന്ന് കരുതി ശിക്ഷിക്കാതിരുന്നാൽ ഭാവിയിൽ അവരുടെ തകർച്ച കണ്ട്‌ വേദനിക്കേണ്ടിവരും. ശിക്ഷണം അവരെ മാനസികമായി തകർക്കുകയല്ല ചെയ്യുന്നത്. പകരം, മാനസികമായ കരുത്തും പക്വതയും നൽകുകയാണ് ചെയ്യുന്നത്. ശിക്ഷണം എപ്പോഴും വടി കൊണ്ടു തന്നെ ആകണമെന്നില്ല. തെറ്റ് തിരുത്താനും മനസിലാക്കി കൊടുക്കാൻ സഹായിക്കുന്നതുമായ ഏതു അച്ചടക്കനടപടികളും ആകാം. അതുപോലെ തന്നെ ശിക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം, കുട്ടികൾ തെറ്റ് ചെയ്തതുമൂലം തങ്ങൾക്ക് ഉണ്ടായ ദേഷ്യം തീർക്കുന്നതിനുവേണ്ടിയാകരുത് കുട്ടികളെ ശിഷിക്കുന്നത്. മറിച്ചു, അവരുടെ തെറ്റ്‌ തിരുത്തുന്നതിനു വേണ്ടിയാകണം. അതുപോലെ തന്നെ അമിതശിക്ഷണവും അപത്താണെന്ന കാര്യവും മറക്കാതിരിക്കുക.

ശിക്ഷണം കൊടുത്തുവർത്തേണ്ടപ്രായത്തിൽ അതു ചെയ്യാതിരുന്നതുമൂലം മക്കളെ ഭയപ്പെട്ടു കഴിയുന്ന അവസ്ഥകളും മക്കളെ ഓർത്ത് കണ്ണീരൊഴുക്കുന്നവരും മക്കളുടെ അടിമകളായി കഴിയുന്നവരും പുറന്തള്ളപ്പെട്ടവരും ഇന്ന് കുറച്ചൊന്നുമല്ല. മക്കളുടെ ശാഠ്യങ്ങൾ എല്ലാം സാധിച്ചുകൊടുത്തു വളർത്തി, മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന ദൈവിക കൽപന പാടെ അവഗണിക്കപ്പെട്ടു മക്കളെ അനുസരിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. എന്തിനധികം, മാതാപിതാക്കളുടെ കൊലയാളികൾ പോലും ആകുന്ന അവസ്ഥയിലേക്ക് പുതിയ തലമുറ എത്തിയിരിക്കുന്നു. വഴി പിഴച്ചു വളരുന്ന മക്കൾ ഭാവിയിൽ കുറ്റപ്പെടുത്തുന്നതും മാതാപിതാക്കളെ തന്നെയായിരിക്കും. കുട്ടികൾക്ക് എപ്പോഴും സന്തോഷം മാത്രം നൽകാൻ ശ്രദ്ധിക്കുകയും ആഡംബരങ്ങളിലും ആർഭാടങ്ങളിലും എല്ലാവിധ സൗകര്യങ്ങളിലും സുഖങ്ങളിലും കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുകയും ചെയ്യുമ്പോൾ അതല്ല ജീവിതത്തിന്റെ അടിസ്ഥാനആവശ്യങ്ങൾ എന്നത് മക്കൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണമെങ്കിൽ മാതാപിതാക്കൾക്ക് അതിനെക്കുറിച്ചു വ്യക്തമായ ബോധ്യമുണ്ടായിരിക്കണം. ഇതൊന്നും രക്ഷയിലേക്കു നയിക്കുകയില്ലെന്നും ജീവിതത്തിനു നിത്യമായ സന്തോഷവും സമാധാനവും പകർന്നുതരികയില്ലെന്നും മനസിലാക്കണം. ഈ ലോകജീവിതത്തിനും അപ്പുറം നിത്യമായ ഒരു ജീവിതമുണ്ടെന്ന സത്യം മനസ്സിലാക്കുകയും അതിനാൽ ദൈവഭയത്തിൽ മാതാപിതാക്കൾ വളരുകയും കുട്ടികളെയും അപ്രകാരം വളർത്തുകയും ചെയ്യേണ്ടതുണ്ട്. രണ്ടുപേരും അദ്ധ്വാനിക്കാതെ ഇന്നത്തെ സാഹചര്യത്തിൽ ജീവിക്കാൻ സാധിക്കുകയില്ല എന്ന ചിന്തയിൽ, കുട്ടികളെ വളർത്താൻ മറ്റുള്ളവരെ ഏൽപ്പിച്ചു കഷ്ടപ്പെട്ട് പണമുണ്ടാക്കുമ്പോൾ കുട്ടികളെ വളർത്തുന്നതിൽ ശ്രദ്ധിക്കുക എന്നതാണ് ദൈവം മാതാപിതാക്കളെ ഏൽപിച്ച പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്നത് പലരും മറന്നുപോകുന്നു. വേണ്ടാത്ത ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ യഥാർത്ഥലക്ഷ്യം മറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.
മക്കൾക്ക് ശിക്ഷണത്തോടൊപ്പം സ്നേഹവും പകർന്നുകൊടുക്കണം. അവർക്ക് വേണ്ടി സമയം ചിലവഴിക്കണം. ആത്മീയമൂല്യങ്ങൾ പകർന്നുകൊടുക്കണം. ദൈവവിശ്വാസമാകുന്ന അടിത്തറ ഇട്ട് കൊടുക്കണം. കുടുംബ പ്രാർത്ഥന മുടക്കാതെ നടത്തണം.

കാലഘട്ടം ഏത് തന്നെയായാലും, വചനം എന്നും ഒന്ന്‌ തന്നെയാണ്. കാലം മാറുന്നത് അനുസരിച്ചു ദൈവകല്പനകൾ മാറുകയോ, പാപം ഒരിക്കലും പാപം അല്ലാതാവുകയോ അതിന്റെ ഗൗരവം കുറയുകയോ ചെയ്യുന്നില്ല.

കുട്ടികൾ എന്തു തെറ്റ് ചെയ്താലും മാതാപിതാക്കളെ മാത്രം കുറ്റപ്പെടുത്തുന്ന ഒരു പ്രവണതയും ഈയിടെയായി വളർന്നുവന്നിട്ടുണ്ട്. ഇത് കുട്ടികളുടെ തന്നിഷ്ടത്തിനു ഒന്നുകൂടി ആക്കം നൽകുകയാണ് ചെയ്യുന്നത്. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവ് ദൈവം ഓരോ വ്യക്തിയിലും നിക്ഷേപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം തെറ്റുകൾക്കുള്ള ധാർമികമായ ഉത്തരവാദിത്വത്തിൽ നിന്നു പൂർണമായും ആർക്കും ഒഴിവാക്കാൻ കഴിയുകയില്ല എന്നത് കുട്ടികൾ മനസ്സിലാക്കിയിരിക്കണം.
ഇന്ന് കുട്ടികളെ വളർത്തുന്നതിൽ ശാരീരികമായും മാനസികമായും മാതാപിതാക്കൾ അനുഭവിക്കുന്ന ക്ലേശങ്ങൾ കുറച്ചൊന്നുമല്ല. ഇത് കുട്ടികൾ മനസിലാക്കാതെ പോകുന്നത് വളരെ ദൗർഭാഗ്യകരമാണ്.

ശിക്ഷണം വിവേകം പകരുന്നത്തോടൊപ്പം അനുസരണയിലും എളിമയിലും വളരാൻ കുഞ്ഞുങ്ങളെ സഹായിക്കുന്നു. എല്ലാറ്റിനും ഉപരിയായി, ദൈവഭയത്തിൽ മാതാപിതാക്കൾ ജീവിക്കുകയും ദൈവഭയത്തിലും ജ്ഞാനത്തിലും കുട്ടികളെ വളർത്തുകയും ആണ് അത്യാവശ്യം വേണ്ടത്. അവർ നല്ല മാതൃകകളായിരിക്കുകയും വേണം. ദൈവഭയത്തിലും ദൈവികജ്ഞാനത്തിലും വളർത്തപ്പെട്ട കുട്ടികൾ ഒരിക്കലും നശിച്ചുപോകുകയില്ല. ദൈവികനിയമങ്ങൾ അറിഞ്ഞു വളരുന്നവൻ മറ്റുള്ളവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും അംഗീകരിക്കുകയും അവർക്ക് നീതി നൽകുകയും ചെയ്യും. അവർ സമൂഹത്തിൽ തിന്മയെക്കാളുപരി നന്മ ചെയ്യുന്നവരായിയിരിക്കും. മാതാപിതാക്കൾക്കും നാടിനും അഭിമാനമായി വളരുന്നതോടൊപ്പം സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്താത്തവരും ആയിരിക്കും. കർത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളർന്നെങ്കിൽ മാത്രമേ വിശുദ്ധരായ തലമുറ രൂപപ്പെടുകയുള്ളൂ.

നല്ലൊരു ദിനമാവട്ടെ ഇന്നും.
പ്രാര്‍ത്ഥനകളോടെ,
https://www.facebook.com/anishkarimaloor/

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.