Catechism

വേദങ്ങളിലെ പ്രജാപതി ആര്?

*തൊണ്ണൂറുകളിൽ നാം ഒരു മണിക്കൂർ ശ്വാസമടക്കി കേട്ട സാക്ഷ്യം*….. അന്ന് ശ്രീ അരവിന്ദാക്ഷമേനോൻ പറഞ്ഞതിൽ നിന്ന്‌ …..

വേദങ്ങളിലെ പ്രജാപതി ആര്?

Jesus Carrying the Cross 1

 

ഒരിക്കല്‍ തമിഴ്നാട്ടിലെ സേലം എന്ന പട്ടണത്തില്‍ ദൈവനിഷേധം പറഞ്ഞു കൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് ഒരാള്‍ എന്നെ കാണാന്‍ വന്നു. ഒരു ബ്രാഹ്മണനായി ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന്, സ്വന്തം അധ്വാനം കൊണ്ട് പഠിച്ച് വക്കീലായി. ജഡ്ജിയായി, ഹൈക്കോടതിയുടെ ജഡ്ജിയായി, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഒരു ബ്രാഹ്മണന്‍. സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ പാണ്ഡിത്യമുള്ള പണ്ഡിതനായ ഒരു ബ്രാഹ്മണന്‍. ദൈവനിഷേധം പറഞ്ഞുകൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് അദ്ദേഹമെന്നോടു പറഞ്ഞു:

“തനിക്ക് ജീവിതത്തില്‍ രണ്ടു പ്രാവശ്യം തെറ്റു പറ്റി. ജീവിതത്തില്‍ വലിയ ദുഃഖവും ദുരിതവുമൊക്കെയുണ്ടായപ്പോള്‍ ദൈവത്തിലേക്കു തിരിയുന്നു എന്ന ധാരണയോടെ താന്‍ തിരിഞ്ഞത് ദൈവത്തിലേക്കൊന്നുമായിരുന്നില്ല. ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിലേക്കുമായിരുന്നു. തെറ്റിപ്പോയി.” എനിക്ക് വലിയ അത്ഭുതം തോന്നി.

ഈ മനുഷ്യന്‍ ബ്രാഹ്മണനാണ്. ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂജിച്ച് ആ പൂജകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വംശത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. അദ്ദേഹം തന്നെ എന്നോട് പറയുന്നു: “താന്‍ ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളെ പൂജിച്ചത് തെറ്റിപോയി.” രണ്ടാമത് ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളുടെ മുന്നില്‍ നേര്‍ച്ച കാഴ്ചകള്‍ വച്ചു പൂജിച്ചിട്ട് പ്രയോജനമൊന്നും കിട്ടാതെ വന്നപ്പോള്‍ താന്‍ ദൈവനിഷേധത്തിലേക്കും നിരീശ്വര വാദത്തിലേക്കും തിരിഞ്ഞു. അതും തെറ്റിപ്പോയി. രണ്ടു തെറ്റുകളും തിരുത്തണം. ഞാനൊരു ഹിന്ദുവായി ജനിച്ചവനാണ്. ഹൈന്ദവനായി ജനിച്ചതില്‍ അഭിമാനിക്കേണ്ടവനാണ്. ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കണമെങ്കില്‍ ഹിന്ദുമതത്തിന്‍റെ മതഗ്രന്ഥങ്ങള്‍ വായിക്കണം.” വലിയ അഹങ്കാരത്തോടെ ഞാനദ്ദേഹത്തോടു പറഞ്ഞു: “മതഗ്രന്ഥങ്ങള്‍ വായിക്കുകയല്ല, കാണാതെ പഠിച്ചിട്ട് നടക്കുകയാണ് ഞാന്‍. രാമായണം, മഹാഭാരതം, മഹാഭാഗവതം ഏതില്‍ നിന്നു വേണമെങ്കിലും ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാല്‍ മറുപടി പറയാം. അതുപോലെ അതൊക്കെ പഠിച്ചു മനസ്സില്‍ കൊണ്ടു നടക്കുകയാണ്. ഇനി അതൊന്നും വായിച്ചു രക്ഷപെടുന്ന പ്രശ്നമില്ല.” അപ്പോള്‍ അദ്ദേഹം എന്നെ കളിയാക്കി. എനിക്ക് വിവരമില്ലെന്ന് പറഞ്ഞു ആദ്യം. എന്നിട്ട് പറഞ്ഞു: “താനീ പറഞ്ഞതൊന്നും മതഗ്രന്ഥങ്ങളേയല്ല. രാമായണവും മഹാഭാരതവും ഭാഗവതവുമൊന്നും മതഗ്രന്ഥങ്ങളല്ല. അവയൊക്കെ വെറും കഥപുസ്തകങ്ങളാണ്. മനുഷ്യന്‍റെ വിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടി മനുഷ്യന്‍ തന്നെ എഴുതിയുണ്ടാക്കിയ കഥകളാണ് ഇതിഹാസങ്ങള്‍! ഇതൊന്നുമല്ല മതഗ്രന്ഥങ്ങള്‍. ഹിന്ദുമതത്തിന്‍റെ ആധികാരികമായ മതഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. എഴുതപ്പെട്ട നാലു വേദങ്ങള്‍ ഋഗ്വേദം, യജുര്‍‌വേദം, സാമവേദം, അഥര്‍വ വേദം.

ഇതില്‍ ആദ്യത്തെ മൂന്നു വേദങ്ങളില്‍ പ്രത്യക്ഷമായും അഥര്‍വ വേദത്തില്‍ ‍ പരോക്ഷമായും ആരാണു ദൈവം? ആരാണു മനുഷ്യന്‍? എന്തിനാണു മനുഷ്യന്‍ ദൈവത്തെ ആരാധിക്കുന്നത്? എങ്ങനെയാണ് ആരാധിക്കേണ്ടത്? ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ വായിക്കണം. തനിക്കു വെളിച്ചം കിട്ടും. സത്യം കണ്ടെത്താന്‍ കഴിയും. സമാധാനം ഉണ്ടാകും, അദ്ദേഹമെന്നെ ഉപദേശിച്ചു.

അദ്ദേഹത്തിന്‍റെ ഉപദേശം കേട്ടിട്ട് എനിക്കു ദൈവവിശ്വാസമുണ്ടായൊന്നുമില്ല. എങ്കിലും അദ്ദേഹം പറഞ്ഞതിലെന്തോ കാര്യമുണ്ട്. അതെന്താണെന്നു മനസ്സിലാക്കണം എന്ന വിചാരത്തോടെ ഞാന്‍ കോട്ടയത്തെ പബ്ലിക് ലൈബ്രറിയില്‍ നിന്നും ഋഗ്വേദത്തിന്‍റെ മലയാള പരിഭാഷ, ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട്‌ എന്ന പണ്ഡിതന്‍ എഴുതിയ ഋഗ്വേദഭാഷാ ഭാഷ്യം” ആ പുസ്തകമെടുത്തു വായിക്കുവാന്‍ തുടങ്ങി. കുറച്ചു വായിച്ചു കഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞ ഒരു കാര്യം സത്യമാണെന്ന് മനസ്സിലായി. “വെളിച്ചം കിട്ടാന്‍ തുടങ്ങി” ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ നിന്നും എനിക്കു കിട്ടിയ ആദ്യത്തെ വെളിച്ചം; “എന്‍റെ ദുഃഖത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടെയും കാലത്ത് ഞാന്‍ ഏതൊക്കെ ദൈവങ്ങളുടെ മുന്നില്‍ പോയി നേര്‍ച്ച കാഴ്ചകള്‍ കൊടുത്തു പ്രാര്‍ത്ഥിച്ചിട്ടുണ്ടോ, അവരാരും ദൈവങ്ങളല്ല എന്നു മനസ്സിലായി. അങ്ങനെ ദൈവങ്ങളില്ല. ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ പ്രപഞ്ച സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചു മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ,

“ഏകം സത് വിപ്രാ, ബഹുധാവദന്തി”

(സത്യമായ ദൈവം ഒന്നേയുള്ളൂ.പണ്ഡിതന്‍മാര്‍ അതിനെ പല രൂപങ്ങളില്‍ കാണുന്നു എന്നുമാത്രം!)

ദൈവം ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവാണ്. സകല സൃഷ്ടികള്‍ക്കും പിതാവാണ്. ഭൂമിയിലെ സകല മനുഷ്യവംശങ്ങള്‍ക്കും ആദിപിതാവായ, പരമ പിതാവായ ഈശ്വരന്‍, ബ്രഹ്മം! അങ്ങനെ ഒരേയൊരു ദൈവമേയുള്ളൂ. ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. പരമപിതാവായ ഈശ്വരന്‍ സര്‍വവ്യാപിയാണ്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടു തന്നെ ദൈവത്തിനു രൂപമില്ല. അരൂപിയാണ്. അരൂപിയായ ദൈവത്തിന്‍റെ രൂപമുണ്ടാക്കാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട് ദൈവത്തിന്‍റേത് എന്നു പറഞ്ഞ് രൂപങ്ങളുണ്ടാക്കി വച്ച് വിഗഹങ്ങളുണ്ടാക്കി വച്ച്, അവയോടു പ്രാര്‍ത്ഥിക്കരുത്. തെറ്റാണ് നിഷ്പ്രയോജനമാണ്.

“മൃത്ശിലാ ധാതുദാര്‍വ്വാദി, മൂര്‍ത്താ വിശ്വമവിദ്യയാ, ക്ളിശ്യന്തി തപസാ മൂഢാ, പരാം ശാന്തീം നയാന്തിതേ”

കല്ല്‌, മണ്ണ്‍, മരം, ലോഹം ഇവ കൊണ്ടുണ്ടാക്കുന്ന വിഗ്രഹങ്ങളില്‍ ദൈവമുണ്ട് എന്നു വിചാരിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ മൂഢനാകുന്നു. സ്വന്തം ഭക്തി കൊണ്ട് അവന്‍ ദുഃഖം സമ്പാദിക്കുന്നു. മോചനം പ്രാപിക്കുന്നതുമില്ല. ഇങ്ങനെയുള്ള തത്വങ്ങളൊക്കെ മനസ്സിലായി, കാണിച്ചതൊക്കെയും അബദ്ധമായി എന്നും മനസ്സിലായി. വിശുദ്ധ ബൈബിളിന് 73 പുസ്തകങ്ങളുള്ളതു പോലെ ഋഗ്വേദത്തിനു പത്തു പുസ്തകങ്ങളുണ്ട്.- പത്ത് മണ്ഡലങ്ങള്‍. ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള മണ്ഡലങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍, നിരവധി സന്ദര്‍ഭങ്ങളില്‍ ആരാണു ദൈവം, ആരാണു മനുഷ്യന്‍, മനുഷ്യന്‍ എന്തിനാണു ദൈവത്തെ ആരാധിക്കുന്നത് എങ്ങനെയാണ് ആരാധിക്കേണ്ടത് ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ ഒരു കാര്യം എന്‍റെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചു. പരമപിതാവായ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ ഒരു പുത്രന്‍ ജനിക്കുന്നു. സകല‍ സൃഷ്ടികള്‍ക്കും മുന്‍പേ ഉണ്ടായവന്‍ ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പുതന്നെ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ട് ദൈവത്തോടൊപ്പം, ദൈവത്തെപ്പോലെ തന്നെ അരൂപിയായി നിലനില്‍ക്കുന്നവന്‍ ദൈവപുത്രന്‍. ഹിരണ്യഗര്‍ഭന്‍ എന്നും പ്രജാപതി എന്നും അറിയപ്പെടുന്ന ഈ ദൈവപുത്രന്‍ യഥാസമയം ഭൂമിയില്‍ വരും. ഇഹലോകത്തില്‍ മനുഷ്യന്‍റെ പാപങ്ങള്‍ വര്‍ദ്ധിച്ച്, മനുഷ്യന് അവനവനാല്‍ പാപമോചനം നേടാന്‍ സാദ്ധ്യമല്ല എന്ന ഘട്ടമെത്തുമ്പോള്‍ അരൂപിയായ ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുന്നു.

“സോകാമയതമേധ്യം മഇദം സ്യാത്, ആത്മന്വയനേന സ്യാമിതി” (ബൃഹദരണ്യകോപനിഷത് 1:2:7).

(പ്രജാപതി പിതാവായ ദൈവത്തോട് തനിക്ക് യജ്ഞയോഗ്യമായ ഒരു ശരീരം തരണമെന്നും ആ ശരീരത്താല്‍ താന്‍ രൂപം പ്രാപിക്കട്ടെ എന്നും ആഗ്രഹിച്ചു.)

പിതാവായ ദൈവം തന്‍റെ അനന്തമായ ജ്ഞാനത്തെ സ്ത്രീയായി, കന്യകയായി, ഭൂമിയില്‍ അവതരിപ്പിച്ച് അവളില്‍ ഗര്‍ഭമായി ഭ്രൂണമായി തന്‍റെ പുത്രന്‍ പ്രജാപതിയെ ഉരുവാക്കി ജനിപ്പിച്ച് വളര്‍ത്തുന്നു. വേദവേദാംഗ ശാസ്ത്രങ്ങളില്‍ പാരംഗതനായി വളരുന്ന ദൈവപുത്രന്‍ പ്രജാപതി മനുഷ്യവംശത്തിനു സാരോപദേശങ്ങള്‍ നല്‍കുന്നു. എന്താണു പാപം, എന്താണു പുണ്യം, ഏതാണു തെറ്റ് ഏതാണു ശരി, എന്താണ് ചെയ്യേണ്ടത്. എന്താണ് ചെയ്യരുതാത്തത്‌ എന്നു മനുഷ്യനെ ഉപദേശിച്ചു കൊണ്ട് സഞ്ചരിക്കുന്നു. മനുഷ്യന് പാപബോധം നല്‍കി, മനുഷ്യനു പാപമോചനം നല്‍കി. മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുന്നതിനുള്ള ഈ യജ്ഞത്തിന്‍റെ പൂര്‍ത്തീകരണത്തിനായി ദൈവപുത്രനായ പ്രജാപതി തന്‍റെ നിയോഗ കാലത്തിനു ശേഷം സ്വയം യാഗമായിത്തീരുന്നു. ബലിയായിത്തീരുന്നു. ഋഗ്വേദത്തിന്‍റെ പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാം മന്ത്രത്തില്‍ ദൈവപുത്രനായ പ്രജാപതി മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനായി എപ്രകാരമാണ് ബലിയായിത്തീരുന്നത് എന്ന്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഭൂമിയില്‍ താഴ്ത്തിയ മരത്തൂണില്‍ ചേര്‍ത്ത് കരചരണങ്ങള്‍ ഇരുമ്പാണി കൊണ്ട് ബന്ധിച്ചു. രക്തം വാര്‍ന്നു മരിച്ച്, മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതി..!

ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപമോചനത്തിനുവേണ്ടി ബലിയായിത്തീര്‍ന്നു മരിക്കുന്ന ഒരു ദൈവ പുത്രനെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്ക് വലിയ സംശയം! വലിയ ചിന്താക്കുഴപ്പം! അപ്പോള്‍ ഞാന്‍ ചില വേദപണ്ഡിതന്‍മാരെ പോയിക്കണ്ടു ചോദിച്ചു. “ആരാണ് ദൈവപുത്രന്‍, ആരാണ് പ്രജാപതി? എന്താണിതിന്‍റെ അര്‍ത്ഥം?” അതിലൊരു പണ്ഡിതന്‍ പറഞ്ഞു: “ഉണ്ട്, പ്രജാപതി സങ്കല്പമുണ്ട്. പ്രജ എന്നു പറഞ്ഞാല്‍ മനുഷ്യന്‍; പതി എന്നു പറഞ്ഞാല്‍ രക്ഷകന്‍. മനുഷ്യന്‍റെ രക്ഷകനായി ദൈവത്തില്‍ നിന്നു ജനിക്കുന്ന ഒരു പുരുഷന്‍ വരും, ഇതുവരെ വന്നിട്ടില്ല. നാമിപ്പോഴും പ്രതീക്ഷിക്കുകയാണ്.” ഈ സമയമത്രയും യേശുക്രിസ്തുവിന്‍റെ രൂപം എന്‍റെ മനസ്സിലുണ്ട്. എന്നാല്‍ എന്നിലെ ശക്തനായ ഹിന്ദു അതംഗീകരിക്കാന്‍ തയാറായില്ല. അങ്ങനെയൊന്നു ചിന്തിക്കുവാന്‍ പോലും തയാറായില്ല. എങ്കിലും ഞാന്‍ ഒരു ഹിന്ദു മാത്രമല്ല, ഞാന്‍ നിരീശ്വരവാദിയാണ്, യുക്തിവാദിയാണ്. ആ ഒരു തന്‍റേടത്തില്‍ ഞാന്‍ ആ പണ്ഡിതനോടു ചോദിച്ചു: “യേശുക്രിസ്തുവിനെക്കുറിച്ചെങ്ങാനുമായിരിക്കുമോ ഈ പരാമര്‍ശം?”

“അങ്ങനെ ചിന്തിക്കാനെന്താ കാര്യം?” ഞാന്‍ പറഞ്ഞു: “ലക്ഷണങ്ങള്‍!” ഋഗ്വേദത്തില്‍ രണ്ടു ലക്ഷണങ്ങള്‍ പറയുന്നുണ്ട്, ദൈവ പുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങള്‍!

ഒന്ന്‍: “ദൈവപുത്രനായ പ്രജാപതി രൂപത്തില്‍ മനുഷ്യനും, പ്രകൃതത്തില്‍ ദൈവം തന്നെയുമായിരിക്കും.”

രണ്ട്: ദൈവപുത്രനായ പ്രജാപതി മനുഷ്യ രൂപത്തില്‍ ഭൂമിയില്‍ വന്ന്‍, മനുഷ്യ വംശത്തിന്‍റെ പാപം മുഴുവന്‍ സ്വന്ത ശരീരത്തില്‍ ആവഹിച്ച് ബലിയായിത്തീര്‍ന്ന്‍ യാഗമായിത്തീര്‍ന്നു മരിക്കും. പക്ഷെ ദൈവപുത്രനായതുകൊണ്ട് മരണമില്ലാത്തവനാണ് അമരനാണ്. അതുകൊണ്ട് യാഗശേഷം വീണ്ടും ജീവനെ പ്രാപിക്കും.”

യജുര്‍‌വേദത്തിന്‍റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ യാഗത്തെക്കുറിച്ച് ഏഴ് യാഗവിധികളുണ്ട്.

ഒന്ന്‍: യാഗസമയത്ത് ബലിപുരുഷന്‍റെ തലയില്‍ ബലൂസിച്ചെടിയുടെ വള്ളികള്‍ കൊണ്ട് മെനഞ്ഞ ഒരു കിരീടം ധരിപ്പിക്കണം (ബലൂസി: മുള്ളുകളുള്ള ഒരു കാട്ടുവള്ളി)

രണ്ട്: കരചരണങ്ങളില്‍ ഇരുമ്പാണിയടിച്ച് യുപത്തില്‍ ബന്ധിക്കണം (യുപം: യാഗശാലയില്‍ ബലിമൃഗത്തെ ബന്ധിക്കാന്‍ വേണ്ടി ഭൂമിയില്‍ താഴ്ത്തിയ മരത്തൂണ്)

മൂന്ന്‍: അപ്രകാരം ബന്ധിക്കുമ്പോള്‍ ബലിപുരുഷന്‍റെ അസ്ഥികള്‍ തകര്‍ന്നു പോകാന്‍ പാടില്ല.

നാല്: മരണത്തിനു മുമ്പ് ബലി പുരുഷന് “സോമരസം” – പുളിച്ച മദ്യം കുടിക്കാന്‍ കൊടുക്കണം.

അഞ്ച്: മരണശേഷം ബലിപുരുഷനെ പുതപ്പിച്ച ‘കച്ച’ – വസ്ത്രം ഹോതാക്കള്‍ പങ്കിട്ടെടുക്കണം.

ആറ്: മരണശേഷം ബലിപുരുഷന്‍റെ ശരീരം-മാംസം- ഭക്ഷിക്കപ്പെടണം.

ഏഴ്: മരണശേഷം ബലിപുരുഷന്‍റെ രക്തം പാനം ചെയ്യപ്പെടണം.

ഈ ഏഴ് യാഗവിധികളും- ഹൈന്ദവ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ പറയുന്ന ഏഴ് യാഗവിധികളും നസ്രായനായ യേശുവിന്‍റെ ക്രൂശീകരണത്തില്‍ കൃത്യമായി പാലിക്കപ്പെട്ടു എന്നും അതുകൊണ്ടുതന്നെ യേശുവിന്‍റെ മരണം ഒരു സാധാരണ മരണമല്ല, യഥാര്‍ത്ഥ യാഗമാണ്‌, യാഗവിധി പ്രകാരം നടന്ന യാഗമാണ്‌ എന്ന്‍ ഈയിടെ ഒരാള്‍ പ്രസംഗിച്ചു, ഞാന്‍ കേട്ടു. അതുകൊണ്ടാണു സംശയം. പണ്ഡിതന്‍ പറഞ്ഞു: “അങ്ങനെ വരാന്‍ വഴിയില്ല. യേശുവിന്‍റെ മരണം അങ്ങു പാശ്ചാത്യ ദേശത്തല്ലേ, ജറുസലേമിലോ മറ്റോ ഇവിടെയങ്ങുമല്ലല്ലോ.” അറിയാതെ ഒരു കുരുത്തക്കേട് ഞാനാ പണ്ഡിതനോടു പറഞ്ഞു പോയി – പറയരുതായിരുന്നു എന്ന്‍ പിന്നീട് തോന്നി. ആ മനുഷ്യന്‍റെ ദേഷ്യം കണ്ടപ്പോള്‍ “ഇവിടെയായിരിക്കണം എന്നു വേദത്തിലൊന്നും പറഞ്ഞിട്ടില്ല. ദൈവം, മനുഷ്യന്‍, ഭൂമി മൂന്നു പരാമര്‍ശങ്ങളെയുള്ളൂ. ഭൂമിയിലെവിടെ വേണമെങ്കിലുമാകാം, ജെറുസലേമിലുമാകാം” ഇതു പറഞ്ഞപ്പോള്‍ ആ പണ്ഡിതൻ എന്‍റെ നേരെ ചൂടായി. “ഇതു മതപരമായ കാര്യമാണ്. ദൈവകാര്യമാണ്. ദുഃസ്തര്‍ക്കം പാടില്ല, തന്‍റെ യുക്തിവാദമൊന്നും എന്‍റെ അടുത്തിറക്കരുത് പൊയ്ക്കൊള്ളുക”

മനസ്സില്‍ ഈ സംശയങ്ങളുമായി പിന്നീട് ഞാൻ പോയത് എന്നെ വേദം വായിക്കുവാന്‍ പ്രേരിപ്പിച്ച, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ആ ബ്രാഹ്മണ പണ്ഡിതന്‍റെ അടുത്തേയ്ക്കാണ്. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “സംശയമായിരിക്കുന്നു.” ആദ്യം അദ്ദേഹം പറഞ്ഞു: “ഇതു മലയാളത്തിലല്ലേ എഴുതിയിരിക്കുന്നത്, തനിക്കു മനസ്സിലായില്ലേ?” ഞാന്‍ പറഞ്ഞു: “മനസ്സിലാകുന്നൊക്കെയുണ്ട് പക്ഷെ സംശയം തോന്നുന്നു.”

സഹോദരങ്ങളെ, ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിച്ച ആ മനുഷ്യന്‍! ഒരു ബ്രാഹ്മണനായി ജീവിച്ച് ബ്രാഹ്മണനായി തന്നെ ജീവിച്ച ആ മനുഷ്യന്‍! അദ്ദേഹമെന്നോടു പറഞ്ഞു: “സംശയിക്കാനൊന്നുമില്ല! ലോകമറിഞ്ഞ് മനുഷ്യനറിഞ്ഞ് ഭൂമിയില്‍ വന്ന്‍ മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനും വീണ്ടെടുപ്പിനുമായി പരിശ്രമിച്ച് ആ പരിശ്രമത്തിന്‍റെ അവസാനം സ്വയം യാഗമായിത്തീര്‍ന്ന ഒരാളേയുള്ളൂ. അത് യേശുക്രിസ്തുവാണ്.”
🙏🙏🙏

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Catechism, Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.