News & Events

ജസ്റ്റിസ് ചെലമേശ്വർ

Justice Chelameswar

ജസ്റ്റിസ് ചെലമേശ്വർ പടിയിറങ്ങുന്നു. സുപ്രീംകോടതി അഭിഭാഷക സംഘടനയുടെ പതിവ് യാത്രയയപ്പു മുഖസ്തുതിപോലും നിരസിച്ച്, അർഹതപ്പെട്ട പലതും നിഷേധിക്കപ്പെട്ട് ഒരു മടക്കം.

നീതിപീഠങ്ങളിൽ ചെകുത്താൻമാർ വർധിച്ചുവരുന്ന കാലത്തും ന്യായത്തിനൊപ്പം ഉറച്ചുനിന്ന കാവൽക്കാരന്റെ അത്ര സുഖകരമല്ലാത്ത വിടവാങ്ങൽ.
കരിയറിൽ അകാരണമായ ഒരു നിയമന വെച്ചുതാമസിപ്പിക്കലിന് ഇരയായിരുന്നില്ലെങ്കിൽ ഈ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ ഒന്നാമനായി ഇരിക്കേണ്ടിയിരുന്ന വ്യക്തിയാണ് ചെലമേശ്വർ.

മോദി സർക്കാരിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കുമൊക്കെ അനഭിമതനായി മടങ്ങുന്നതിനാൽ ഇനി പദവികളൊന്നും തേടി വരാനുമില്ല. അല്ലെങ്കിൽത്തന്നെ വിരമിച്ച ശേഷം സർക്കാർ വെച്ചുനീട്ടുന്ന പദവികളിൽ ന്യായാധിപന്മാർ ഇരിക്കരുതെന്നു തുറന്നുപറഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം.

ഒരു വിലയ്ക്കെടുപ്പുകൾക്കും വഴങ്ങിക്കൊടുക്കുന്നതല്ല അദേഹമെന്നതിനു തെളിവ് ആ കൈകൾ എഴുതിയ വിധിന്യായങ്ങൾതന്നെ.

ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ആരെയും അറസ്റ്റുചെയ്യാനും ജയിലിൽ അടയ്ക്കാനും പൊലീസിന് അധികാരം നൽകുന്ന കരിനിയമം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ ജസ്റ്റിസ് ചെലമേശ്വർ എഴുതി:
“പൗരന്റെ അഭിപ്രായപ്രകടനത്തെ ‘അപകടകരമായതെന്നോ അല്ലാത്തതെന്നോ’ എങ്ങനെയാണ് വേർതിരിക്കുക?
പൗരന്റെ സ്വകാര്യതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും ഭരണകൂടം അതിക്രമിച്ച് കയറുന്ന ഏതു രീതിയും ജനാധിപത്യത്തിന്റെ മരണമാണ്. രാജ്യത്തെ ഏതെങ്കിലും ഒരു വ്യക്തിയോട് ഏതെങ്കിലും സര്‍ക്കാര്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരുടെയൊക്കെ കൂടെ ചേരണം എന്നെല്ലാം നിർദേശിക്കുന്നത് രാഷ്ട്രത്തിന്റെ അടിത്തറതന്നെ ദുർബലമാക്കും.”

രാജ്യത്തെ ആയിരക്കണക്കിന് നിരപരാധികളായ ചെറുപ്പക്കാരെ ജയിലറകളിൽ എത്തുന്നതിൽനിന്ന്‌ തടഞ്ഞ ചരിത്രപ്രധാന വിധിയായിരുന്നു ഇത്.

ചെലമേശ്വറിന്റെ മറ്റൊരു വിധി ആധാർ കേസിൽ ആയിരുന്നു, “ആധാർ ഇല്ല എന്ന പേരിൽ ഒരു പൗരനും അടിസ്ഥാന സേവനങ്ങൾ നിഷേധിക്കപ്പെടരുത്. അങ്ങനെ നിഷേധിക്കപ്പെട്ടാൽ സർക്കാർ എന്ന സംവിധാനം അർത്ഥശൂന്യമാകും.”

കസേരയിലിരുന്ന് നീതി നടപ്പാക്കുക മാത്രമല്ല നീതിക്കുവേണ്ടി കോടതി വിട്ട് ഇറങ്ങിവരാനും ചെലമേശ്വർ ധൈര്യം കാട്ടി. സുപ്രീംകോടതി വിട്ടിറങ്ങി നൂറുകോടി ജനങ്ങൾക്ക് മുന്നിൽ കരുത്തുറ്റ ഒരു മുന്നറിയിപ്പ്, “ഞങ്ങൾ നിശ്ശബ്ദരായിരുന്നുവെന്നു നാളെ നിങ്ങൾ പറയരുത്..”

ഡൽഹിയിൽനിന്ന് സെബിയുടെ പോസ്റ്റിൽ കണ്ടു, സുപ്രീംകോടതിയിലെ രണ്ടാം നമ്പര്‍ കോടതിമുറിയില്‍നിന്ന് ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പായി, തന്നെ ധര്‍മിഷ്ഠനെന്നും നീതിമാനെന്നും പുകഴ്ത്തിയ മുതിര്‍ന്ന അഭിഭാഷകരായ ശാന്തി ഭൂഷനോടും ദുഷ്യന്ത് ദവേയോടും ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞുവത്രെ: “സുപ്രീംകോടതിയിലെ ആറു വർഷം നീണ്ട സേവനകാലത്തു ഞാൻ ക്ഷോഭിച്ചതൊന്നും വ്യക്തിവിദ്വേഷങ്ങളുടെ പേരിൽ ആയിരുന്നില്ല.”

അതു പൂർണ്ണമായും ശരിയാണ്. അവസാന നാളുകളിലും തന്നെ ആവോളം ചവിട്ടിതാഴ്ത്തിയ ചീഫ് ജസ്റ്റിസിന്റെ ഇംപീച്മെന്റ് വിഷയം മാധ്യമങ്ങൾ ചോദിച്ചപ്പോൾപ്പോലും ചെലമേശ്വർ പറഞ്ഞു:
“ജുഡീഷ്യറിയിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇംപീച്മെന്റല്ല. പൗരന് നീതി കിട്ടുംവിധം നമ്മുടെ രാജ്യത്തെ നിയമസംവിധാനം സുതാര്യമാവുകയാണ് വേണ്ടത്.”

ചെലമേശ്വർ എന്ന നീതിമാൻ തന്റെ സേവനത്തിന്റെ അവസാന നാളുകളിൽ വല്ലാതെ അപമാനിക്കപ്പെട്ടു. പരമോന്നത കോടതിയിലെ രണ്ടാമൻ ആയിട്ടും സുപ്രധാന കേസുകളിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടു. സംഘപരിവാർ അദേഹത്തിനെതിരെ നാടെങ്ങും പ്രചാരണം നടത്തി. അർണബ് ഗോസ്വാമി അദേഹത്തെ ‘കമ്യുണിസ്റ്റ് ചാരനാ’ക്കി. ആ ചെളിയെറിയലുകൾക്കൊന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ തൊടാൻപോലുമായില്ലെങ്കിലും.

വിരമിച്ച ശേഷം ജസ്റ്റിസ് ജസ്തി ചെലമേശ്വർ ഒരു ആത്മകഥ എഴുതുമോ? അറിയില്ല. എഴുതിയാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ അഴിമതിയും സ്വജനപക്ഷപാതവും പടർന്ന ജുഡീഷ്യറിയുടെ ചിതലെടുത്തുകഴിഞ്ഞ അടിവാരത്തിന്റെ ചിത്രം അതിലുണ്ടാകും, തീർച്ച!

ജനാധിപത്യത്തിന്റെ മൂന്നാം തൂണിനു ചുവട്ടിലിരുന്നു ജസ്റ്റിസ് ജസ്തി ചെലമേശ്വർ എന്ന ഈ ന്യായാധിപൻ ജോലിയുടെ അവസാന ദിവസംവരെ നടത്തിയ നീതിയുദ്ധത്തിന്റെ പൊരുൾ എന്തായിരുന്നു?
നമ്മൾ ഇന്ത്യൻ ജനത, അത് മനസിലാക്കാൻ ഇരിക്കുന്നതേയുള്ളൂ. അധികം വൈകില്ല..!

ഹോണറബിൾ ജസ്റ്റിസ് ചെലമേശ്വർ,
അങ്ങേയ്ക്കു വിട. നന്ദിയും…
ഏതു കെട്ടകാലത്തും നീതിയ്ക്കായി ശബ്ദിക്കാൻ ഒരാളെങ്കിലും ബാക്കിയുണ്ടാവുമെന്ന് കാട്ടിത്തന്നതിന്..!

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.