Catechism

മക്കളെ വളർത്തി വിശുദ്ധരായി മാറിയ 10 അമ്മമാർ

മക്കളെ വളർത്തി വിശുദ്ധരായി മാറിയ 10 അമ്മമാർ

Mother and Child Praying

ഒരു സ്ത്രീക്കു ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ഉന്നതമായ ഒരു വിളിയും ഭാഗ്യവുമാണ് ‘അമ്മയാകുക’ എന്നുള്ളത്. മാതൃത്വം എന്നത് എല്ലാകാലത്തും നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുകൊണ്ട് കഷ്ടപ്പാടുകളും വേദനകളും പ്രാർത്ഥനയോടെ സഹിക്കുന്ന ‘അമ്മ’ ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു ദേശത്തിന്റെ തന്നെ ഐശ്വര്യമായി മാറും.

ലോകം അറിയപ്പെടുന്ന വൻകാര്യങ്ങൾ ചെയ്യുന്നതിലൂടെയല്ല, പിന്നെയോ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നതിലൂടെയാണ് ഒരു അമ്മ വിശുദ്ധയായി മാറുന്നത്. ഇപ്രകാരം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഭംഗിയായി നിർവഹിച്ച നിരവധി അമ്മമാരെ കത്തോലിക്കാസഭ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ചു. ഇപ്രകാരം വിശുദ്ധരായ പത്ത് അമ്മമാരുടെ ജീവിതത്തിലൂടെ ഒരു യാത്ര.

1. വിശുദ്ധ സെലി മാർട്ടിൻ: തികച്ചും സാധാരണക്കാരിയായ ഒരമ്മയായിരുന്നു സെലി. ഒരു സാധാരണ കുടുംബിനിയും തുന്നല്‍ക്കാരിയുമായിരുന്നു അവള്‍. സംഭവബഹുലമല്ലാത്ത ഒരു വിവാഹമായിരുന്നു അവളുടേത്, പക്ഷേ, ദൈദിനംദിന ജീവിതത്തില്‍ വിശ്വാസത്തിനുള്ള മൂല്യത്തിന്റേയും, മാതൃത്വമെന്ന ദൈവനിയോഗത്തിന്റേയും പ്രകടനമായിരുന്നു അവളുടെ വിശുദ്ധി. ഒരമ്മയുടെ ലളിതമായ സ്നേഹം മക്കളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. വാസ്തവത്തില്‍ ഇതാണ് മുഴുവന്‍ ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ ശക്തി എന്നുള്ള കാര്യം. ഈ അമ്മയുടെ ത്യാഗവും സ്നേഹവും പ്രാർത്ഥനയും മൂലം അവളുടെ ഭർത്താവും (വിശുദ്ധ ലൂയിസ് മാർട്ടിൻ) മകളും (വിശുദ്ധ കൊച്ചുത്രേസ്യ) വിശുദ്ധരായി മാറി. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ച ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ ലൂയിസ് മാർട്ടിനും വിശുദ്ധ സെലി മാർട്ടിനും.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ മക്കളെ സ്നേഹിക്കുക, അവരെ നല്ലപോലെ പരിപാലിക്കുക, ദൈവത്തെക്കുറിച്ച് അവരെ പഠിപ്പിക്കുക, അവരിലൂടെ ദൈവത്തിന് എന്തൊക്കെ ചെയ്യുവാന്‍ സാധിക്കുമോ അതിനുവേണ്ടി മക്കളെ ദൈവത്തിനു സമർപ്പിക്കുക.

2. വിശുദ്ധ ജിയാന്ന(വി. ജാന്ന): ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധയായിരുന്നു ജിയാന്ന. ഒരു ഡോക്ടറായിരുന്ന അവള്‍ ആറു കുട്ടികളുടെ അമ്മയുമായിരുന്നു. തന്റെ അവസാനത്തെ കുട്ടിക്ക് ജന്മം നല്‍കിയതു വഴിയാണ് അവള്‍ തന്റെ ജീവിതത്തിന് വീരോചിതമായ സാക്ഷ്യം നല്‍കിയത്. 1961-ല്‍, ഗര്‍ഭിണിയായിരുന്ന അവളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ അവളുടെ ഗര്‍ഭാശയത്തില്‍ ഒരു മുഴ ഉണ്ടെന്നും അത് പ്രസവത്തെ ബാധിക്കുമെന്നും അവളോട് പറഞ്ഞു. കുഞ്ഞിനെ ഗർഭഛിദ്രം ചെയ്തുകൊണ്ട് അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടര്‍മാര്‍ അവളോട് ആവശ്യപ്പെട്ടു. എന്നാൽ “പ്രസവത്തില്‍ കുഴപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ജീവന്‍ കാര്യമാക്കേണ്ട, ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം’ എന്നായിരുന്നു അവള്‍ തന്റെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഒരു പെൺകുഞ്ഞിനു ജന്മം നൽകിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ ആരോഗ്യ നില വഷളാവുകയും അവള്‍ മരണമടയുകയും ചെയ്തു. ജിയാന്ന എന്ന് തന്നെയായിരുന്നു അവളുടെ മകളുടെ പേരും, ഈ മകള്‍ പിന്നീട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്, “എന്റെ അമ്മയുടെ മുഴുവന്‍ ജീവിതവും ദൈവസ്നേഹത്തോടും പരിശുദ്ധ കന്യകാ മറിയത്തോടുമുള്ള ഒരു സ്തുതിഗീതമായിരുന്നു”.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ദൈവത്തിന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് മുഴുവന്‍ ഹൃദയത്തോടും കൂടി നമ്മുടെ മക്കളെ സ്നേഹിക്കാം.

3. റോമിലെ വിശുദ്ധ ഫ്രാന്‍സെസ്: ആറു കുട്ടികളുടെ അമ്മയായിരുന്നു ഫ്രാന്‍സെസ്, എന്നാല്‍ അവളുടെ മകനായ ബാറ്റിസ്റ്റ മാത്രമായിരുന്നു ശൈശവത്തെ അതി ജീവിച്ച ഏക കുട്ടി. അവന്‍ വളര്‍ന്ന് വലുതാകുകയും വിവാഹിതനാവുകയും ചെയ്തു. എന്നാല്‍ അവന്‍ വിവാഹം ചെയ്ത പെണ്‍കുട്ടിക്ക് ഫ്രാന്‍സെസിനെ ഇഷ്ടമല്ലായിരുന്നു. അതിനാൽ ഈ ‘അമ്മ അപമാനിതയാവുകയും, ഇടിച്ചുതാഴ്ത്തപ്പെടുകയും, തന്റെ ഏകമകന്റെ ജീവിതത്തില്‍ നിന്നും നിഷ്കാസിതയാക്കപ്പെടുകയും ചെയ്തു. എങ്കിലും പ്രാർത്ഥനയുടെയും സഹനത്തിലൂടെയും ഫ്രാന്‍സെസ് ക്രമേണ തന്റെ മരുമകളുടെ മനോഭാവം മാറ്റിയെടുക്കുകയും കുടുംബത്തില്‍ സമാധാനം കൊണ്ട് വരികയും ചെയ്തു. എളിമയും, സ്നേഹവും കുടുംബത്തില്‍ തിരിച്ചുകൊണ്ട് വന്ന് ശിഥിലമാക്കപ്പെട്ട കുടുംബത്തെ രക്ഷിക്കുവാനുള്ള കഴിവ് ചിലപ്പോള്‍ ഒരമ്മക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ മക്കൾ വിവാഹിതരായി അവർക്ക് ഒരു കുടുംബം ഉണ്ടാകുമ്പോൾ നാം കുടുംബത്തിലെ വിഭാഗീയതയുടെ ഉറവിടമല്ല, മറിച്ച് ഐക്യത്തിന്റെ ഉറവിടമായിരിക്കുവാന്‍ ശ്രമിക്കുക.

4. വിശുദ്ധ മോനിക്ക: ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് തന്റെ കുടുംബത്തെ നയിച്ച ഒരു അമ്മയായിരുന്നു വിശുദ്ധ മോനിക്ക. അവളുടെ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് വിശ്വാസമില്ലാതിരുന്നിട്ടു പോലും അവള്‍ ശക്തമായ ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ചു. വര്‍ഷങ്ങളോളം അവള്‍ തന്റെ വഴിപിഴച്ച മകന് വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചു. അവന്‍റെ മാനസാന്തരത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അവള്‍ ഒരിക്കലും ഉപേക്ഷിച്ചില്ല, തന്റെ മകന്‍ ഒരാളെ വിവാഹം കഴിച്ചു അന്യവിശ്വാസത്തിലേക്ക് പോവുക പോലും ചെയ്തപ്പോളും അവള്‍ തന്റെ ശ്രമം നിറുത്തുകയോ പ്രാര്‍ത്ഥന ഉപേക്ഷിക്കുകയോ ചെയ്തില്ല. ക്രമേണ അവളുടെ മകനായ അഗസ്റ്റിന്‍, കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവരികയും എക്കാലത്തും സ്വാധീനമുള്ള മഹാനായ വിശുദ്ധ അഗസ്റ്റിന്‍ ആയി മാറുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചത് ഒരമ്മയുടെ വിരാമമില്ലാത്ത പ്രാര്‍ത്ഥന കൊണ്ടായിരുന്നു. ഇന്ന് മക്കളുടെ വിശ്വാസത്തില്‍ ആശങ്കാകുലരായിട്ടുള്ള അമ്മമാരുടെ വലിയ ആശ്വാസദായികയായി വിശുദ്ധ മോനിക്കയെ കണക്കാക്കി വരുന്നു.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് ഒരിക്കലും ഭംഗം വരുത്തരുത്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഉടനടി ഉത്തരം ലഭിക്കാതെ വരുമ്പോൾ നാം ഒരിക്കലും നിരാശപ്പെടരുത്! മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക; ദൈവം ഇടപെടുക തന്നെ ചെയ്യും.

5. വിശുദ്ധ പെര്‍പ്പെച്ച്വാ: 202-ലാണ് പെര്‍പ്പെച്ച്വാ ഒരു ക്രിസ്ത്യാനിയാകുന്നത്. റോമന്‍ സാമ്രാജ്യത്തില്‍ അക്കാലങ്ങളില്‍ ക്രിസ്ത്യാനിയാവുക എന്നത് ഒരു നല്ലകാര്യമായി പരിഗണിച്ചിരുന്നില്ല. അതിനാല്‍, അവളെ ഉടനടി ബന്ധനസ്ഥയാക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ആ സമയത്ത് അവള്‍ക്ക് ഒരു കുഞ്ഞുണ്ടായിരുന്നു, മരണത്തെ കാത്തുകൊണ്ട് തടവറയില്‍ കിടക്കുമ്പോള്‍ അവള്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെങ്കിലും, എല്ലാ ദിവസവും അവളുടെ കുഞ്ഞിനെ അവളുടെ പക്കല്‍ കൊണ്ട് വരികയും അവള്‍ തന്റെ കുഞ്ഞിനെ നല്ലപോലെ പരിപാലിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ പെര്‍പ്പെച്ച്വാ മാതൃത്വമെന്ന തന്റെ ദൈവനിയോഗം ഭംഗിയായി നിറവേറ്റി, തനിക്കാവും വിധം തന്റെ മകനെ സ്നേഹിക്കുകയും, അനശ്വര ജീവിതത്തില്‍ ഒരു ദിവസം അവനെ കണ്ടുമുട്ടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. തങ്ങളുടെ മക്കളില്‍ നിന്നും അകന്നു താമസിക്കുന്ന അമ്മമാര്‍ മാധ്യസ്ഥം അപേക്ഷിക്കുന്ന വിശുദ്ധയാണ് പെര്‍പ്പെച്ച്വാ.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ മക്കൾ നമ്മളിൽ നിന്നും ദൂരത്തായിരിക്കുമ്പോൾ നാം അവർക്കുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കുക. പ്രത്യേകിച്ച് മക്കൾ പഠനത്തിനും ജോലിക്കുമയായി ദൂരത്തായിരിക്കുമ്പോൾ ഒരു അമ്മയുടെ പ്രാർത്ഥന അവരുടെ ജീവിതത്തിന് ശക്തമായ ഒരു കോട്ടയാണ്.

6. വിശുദ്ധ ഫെലിസിറ്റി: ഏതാണ്ട് പെര്‍പ്പെച്ച്വായുടെ കാലത്ത് തന്നെയാണ് വിശുദ്ധ ഫെലിസിറ്റിയും വധിക്കപ്പെടുന്നത്. ഈ വിശുദ്ധയുടെ കഥയും ഒട്ടും വ്യത്യസ്തമല്ല. അവളെ ബന്ധനസ്ഥയാക്കുന്ന സമയത്ത് അവള്‍ എട്ട് മാസം ഗർഭിണിയായിരുന്നു. തടവറയില്‍ വെച്ച് അവള്‍ ആരോഗ്യവാനായ ഒരു കുഞ്ഞിനു ജന്മം നല്‍കി, അതവളെ ഒത്തിരി സന്തോഷവതിയാക്കി എന്ന് പറയപ്പെടുന്നു. അവളുടെ കുഞ്ഞിനെ അവളില്‍ നിന്നും പറിച്ച് മാറ്റിക്കൊണ്ട് അവളെ കൊല്ലുവാനായി കൊണ്ടുപോയി. എന്നാല്‍ “മാതൃത്വത്തില്‍ നിന്നും…പോരാട്ടത്തിലേക്ക് സ്വാഭാവികമായി അവള്‍ പോവുകയായിരുന്നു” എന്ന് അവളുടെ സുഹൃത്തായിരുന്ന പെര്‍പ്പെച്ച്വാ എഴുതിയിരിക്കുന്നു. അതിനര്‍ത്ഥം ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്ന അനുഭവം അവള്‍ക്ക് തന്റെ മരണത്തെ നേരിടുന്നതിനു വേണ്ട ധൈര്യവും ശക്തിയും നല്‍കുകയായിരുന്നു എന്നാണ്. ഒരു ശക്തയായ അമ്മ ഒരു സിംഹിനിയെപ്പോലെയാണ്; ഒന്നും തന്നെ, മരണത്തിനു പോലും അവളുടെ തീരുമാനത്തെ ഇളക്കുവാന്‍ കഴിയുകയില്ല.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ഒരു സ്ത്രീ, അവളെ ഇല്ലാതാക്കുന്ന ഒരു ത്യാഗമായി ഒരിക്കലും മാതൃത്വത്തെ കാണരുത്, പകരം അവളെ ശക്തയാക്കി മാറ്റുന്ന ഒരു സമ്മാനമായി വേണം അതിനെ കരുതാന്‍.

7. വിശുദ്ധ റീത്ത: ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയും, അതോടൊപ്പം ഒരു വീട്ടമ്മയുമായിരുന്നു വിശുദ്ധ റീത്ത. പതിനാലാം നൂറ്റാണ്ടിലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ഇറ്റലിയിലായിരുന്നു അവള്‍ ജീവിച്ചിരുന്നത്. അവിടത്തെ ഓരോ നഗരവും പരസ്പരം യുദ്ധത്തിലായിരുന്നു. അക്കാലത്ത് ലോകം തന്നെ അപകടകരമായ ഒരു സ്ഥലമായി മാറികൊണ്ടിരിക്കുകയായിരുന്നു. റീത്തയേയും രണ്ടാണ്‍കുട്ടികളേയും തനിച്ചാക്കികൊണ്ട് അവളുടെ ഭര്‍ത്താവ് ഒരു യുദ്ധത്തില്‍ ശത്രുക്കളാല്‍ വധിക്കപ്പെട്ടു. പലവിധ പകര്‍ച്ചവ്യാധികളാലും ജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അവളുടെ ജീവിതം കൂടുതല്‍ സങ്കടകരമാക്കികൊണ്ട് അവളുടെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഒരു കൊല്ലം കഴിഞ്ഞ് അവളുടെ രണ്ട് ആണ്‍മക്കളും കൗമാരത്തില്‍ തന്നെ മരണപ്പെട്ടു. തന്റെ ജീവിതത്തിന്റെ ശേഷിച്ച കാലം മുഴുവനും അവള്‍ തന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് വേണ്ടിയും, സഹനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ട് ചിലവഴിച്ചു. അവള്‍ സ്വയം നിരവധി സഹനങ്ങളെ നേരിട്ടു, എന്നാല്‍ അവളുടെ സങ്കടമെല്ലാം മറ്റുള്ളവര്‍ക്കുള്ള പ്രാര്‍ത്ഥനയായി അവള്‍ ദൈവത്തിന് സമര്‍പ്പിച്ചു. ഇന്ന് അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി വിശുദ്ധ റീത്തയെ പരിഗണിക്കുന്നു. തീര്‍ച്ചയായും അവള്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട്, സമയത്തിനു മുന്നേ മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയായിരിക്കും.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ഒരു അമ്മയുടെ മക്കൾ കൂട്ടില്‍ നിന്നു പറന്നു പോയാലും അപ്പോഴും അവൾ ഒരു അമ്മയായിരിക്കും. നമ്മുടെ കുടുംബത്തിന് ദ്രോഹം ചെയ്തവർക്കു വേണ്ടിയും നമ്മുക്കു പ്രാർത്ഥിക്കാം; അത് നമ്മുടെ തലമുറകൾക്കുവേണ്ടി സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കുന്ന ഒരു പ്രവൃത്തിയായിരിക്കും.

8. വിശുദ്ധ ബ്രിജിത്ത: വളരെ നീണ്ട ഒരു വിവാഹ ബന്ധമായിരുന്നു വിശുദ്ധ ബ്രിജിത്തയുടേത്. ഉള്‍ഫ് എന്നായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പേര്. ഏതാണ്ട് 28 വര്‍ഷത്തോളം അവര്‍ ഒരുമിച്ചായിരുന്നു. അവര്‍ക്ക് എട്ട് മക്കള്‍ ഉണ്ടായിരുന്നു. അതില്‍ കാതറിൻ എന്ന് പേരായ മകള്‍ പിന്നീട് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുകയുണ്ടായി. കൂടുതല്‍ കുഞ്ഞുങ്ങളെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുവാനുള്ള ബ്രിജിത്തയുടെ വിശാലമനസ്കത, അവരെ പഠിപ്പിക്കുവാനുള്ള അവളുടെ പ്രയത്നം എന്നിവ ആത്മീയ ഉദാരതയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ധാരാളം യാത്രകള്‍ നടത്തിയിട്ടുള്ളവളായിരുന്നു ഈ വിശുദ്ധ. മനുഷ്യരുടെ ഇടയിലുള്ള എല്ലാ തരത്തിലുള്ള വിഭാഗീയതകളോടുമുള്ള സഹിഷ്ണുതയേയും, സഹതാപത്തേയും കുറിച്ചാണ് അവള്‍ തന്റെ ജീവിതം കൊണ്ട് വരച്ചു കാട്ടുന്നത്. അവളുടെ ജീവിതത്തില്‍ അസാധാരണമോ, അത്ഭുതകരമോ ആയ യാതൊന്നും സംഭവിച്ചിരുന്നില്ല, പക്ഷേ തന്റെ മക്കള്‍ സ്നേഹത്തിലും, നന്മയിലും, സമാധാനത്തിലും വളര്‍ന്ന്‍ വരുവാന്‍ വേണ്ട ശിക്ഷണം നല്‍കുവാനായുള്ള അവളുടെ സമര്‍പ്പണം തികച്ചും വീരോചിതമായിരുന്നു. ഇക്കാരണത്താല്‍ തന്നെ അവളെ ഇപ്പോള്‍ മുഴുവന്‍ യൂറോപ്പിന്റേയും മാധ്യസ്ഥ വിശുദ്ധയായി പരിഗണിച്ചു വരുന്നു.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ഈ ലോകത്തിൽ പ്രശസ്തി ലഭിക്കുന്ന ഒരുപാട് വൻകാര്യങ്ങൾ ചെയ്യുന്നതിലല്ല; പിന്നെയോ, തങ്ങളുടെ ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടേയും ആനന്ദങ്ങളിലൂടേയും ജീവിതത്തെ സ്നേഹിക്കുവാന്‍ അമ്മമാർ മക്കളെ പഠിപ്പിക്കുക.

9. എലിസബത്ത് ആന്‍ സേട്ടണ്‍: അമേരിക്കയില്‍ ജനിച്ച ആദ്യത്തെ വിശുദ്ധയാണ് എലിസബത്ത്. 1774-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് അവള്‍ ജനിച്ചത്, അമേരിക്കന്‍ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ അവള്‍ ഒരു ഡോക്ടറെ വിവാഹം കഴിച്ചു, അധികം താമസിയാതെ അവര്‍ രണ്ടുപേരും നിരവധി അനാഥകുട്ടികളേയും തങ്ങളുടെ മക്കള്‍ക്കൊപ്പം ചേര്‍ത്തുകൊണ്ട് തങ്ങളുടെ കുടുംബം വലുതാക്കി. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം, അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവള്‍ ഒരു സന്യാസ സഭ സ്ഥാപിച്ചു. എല്ലാ കുട്ടികളേയും എലിസബത്ത് ഹൃദയം തുറന്ന് സ്നേഹിച്ചു. തന്റെ കുടുംബത്തിന് പുറത്തുള്ള കുട്ടികളെക്കുറിച്ചും അവള്‍ ചിന്താകുലയായിരുന്നു. പരിശുദ്ധ അമ്മയുടെ മാതൃത്വത്തില്‍ അവള്‍ വളരെ ആശ്വാസം അനുഭവിക്കുകയും, പരിശുദ്ധ അമ്മയുടെ മാതൃത്വത്തെ അനുകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. മാതൃത്വത്തിന്റേതായ ഒരു ചെറിയ പ്രവര്‍ത്തിക്കുപോലും ലോകത്തെ മാറ്റിമറിക്കുവാന്‍ കഴിയും എന്ന് കാണിച്ചു തന്നുകൊണ്ട് മദര്‍ സേട്ടണ്‍ സ്ഥാപിച്ച സന്യാസിനീ സഭ നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നൽകികൊണ്ടിരിക്കുന്നു.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: സ്വന്തം മക്കളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതോടോപ്പംതന്നെ അനാഥരും പാവപ്പെട്ടവരുമായ മറ്റു കുട്ടികളെക്കുറിച്ചും ചിന്തയുള്ളവരായിരിക്കുക. പാവപ്പെട്ടവരോടുള്ള ഒരു അമ്മയുടെ കരുണാർദ്രമായ സ്നേഹം നന്മയുടെ വിവിധ രൂപത്തിൽ അവളുടെ മക്കളിലേക്ക് വ്യാപിക്കുക തന്നെ ചെയ്യും.

10. വിശുദ്ധ അന്ന: പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയായിരുന്നു വിശുദ്ധ അന്ന. വളരെക്കാലത്തോളം മക്കളില്ലാത്ത ദുഖവും പേറിയായിരുന്നു അവളും ഭര്‍ത്താവായ ജൊവാക്കിമും ജീവിച്ചിരുന്നത്. ആ ദുഃഖം അതനുഭവിച്ചവര്‍ക്കു മാത്രമേ പൂർണ്ണമായി മനസ്സിലാകൂ. ഇക്കാരണത്താല്‍, അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ അതിനുള്ള ഭാഗ്യം ലഭിക്കാത്തവരും വന്ധ്യതാപ്രശ്നമുള്ളവരുടേയും മാധ്യസ്ഥയാണ് വിശുദ്ധ അന്ന.

കാലക്രമേണ ഒരു മകളെ നല്‍കികൊണ്ട് ദൈവം അന്നയെ അനുഗ്രഹിച്ചു, അവള്‍ തന്റെ മുഴുവന്‍ ഹൃദയത്തോടും തന്റെ മകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. മറിയത്തെ മടിയിലിരുത്തി നിര്‍വൃതിയിലാണ്ടിരിക്കുന്ന അന്നയെ പലപ്പോഴും ചിത്രകലയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ദൈവമാതാവാകുവാനുള്ള വിളിക്കുള്ള “ശരി” എന്ന മറിയത്തിന്റെ വിനീതമായ പ്രത്യുത്തരം ഈ നല്ല അമ്മയുടെ ശിക്ഷണത്തില്‍ നിന്നും ലഭിച്ചതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ അന്നയ്ക്കു ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മുത്തശ്ശിയാകുവാനുള്ള ഭാഗ്യം ലഭിച്ചു.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: അമ്മ എന്ന പദം ഒരു തലമുറയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഒരു നല്ല അമ്മയ്ക്കു മാത്രമേ നല്ല മുത്തശ്ശിയാവാൻ സാധിക്കൂ. കുടുംബത്തിൽ മുത്തശ്ശിമാരും വളരെ പ്രധാനപ്പെട്ടവരാണ്.

Advertisements

Categories: Catechism, Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s