Uncategorized

യാചകൻ

യാചകൻ

Beggar's Hand

ആൽബി തന്റെ വീട്ടിലെ ആട്ടിന്കുട്ടിയുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യാചകൻ അവിടേക്കു വന്നു.
‘ഇവിടെ മുതിർന്നവർ ആരും ഇല്ലേ?’ യാചകൻ ചോദിച്ചു.
‘അമ്മയെ വിളിച്ചുകൊണ്ടുവരാം’ അത്രയും പറഞ്ഞു ആൽബി വീടിനകത്തേക്ക് ഓടിക്കയറി.
ഏതാനും നിമിഷങ്ങൾക്കകം ജെസിയെയും കൂട്ടി അവൻ യാചകന്റെ മുന്നിലെത്തി. ജെസ്സി കൈയിൽ കൊടുത്തിരുന്ന അഞ്ചു രൂപ നാണയം അയാൾ നീട്ടിയ പാത്രത്തിലേക്ക് ആൽബി എറിയാൻ തുടങ്ങിയതും പെട്ടെന്ന് അത് തടഞ്ഞു കൊണ്ട് ജെസ്സി പറഞ്ഞു.
‘മോനെ ആൽബി… എറിഞ്ഞുകൊടുക്കരുതെ. ആ ചേട്ടന്റെ കൈയിൽ വച്ചുകൊടുക്കു.’
‘അമ്മ പറഞ്ഞതനുസരിച്ചു അവൻ നാണയം അയാളുടെ കൈയിൽ വച്ചുകൊടുത്തു.
അഴുക്കുപുരണ്ട തന്റെ കൈകളിൽ സ്പര്ശിച്ചപ്പോൾ അറപ്പു തോന്നേണ്ടതിനു പകരം ആ കുരുന്നിന്റെ കണ്ണുകളിൽ പ്രതിഫലിച്ച ദീനാനുകമ്പ ആ യാചകന്റെ മനസ്സിൽ ആൽബിയോട് ഒരു പ്രത്യേക താല്പര്യം തോന്നുവാൻ ഇടയാക്കി.
‘ആൽബിയെന്നാണല്ലേ പേര്?’ യാചകൻ ചോദിച്ചു.
‘അതെ, എങ്ങനെ മനസ്സിലായി?’ ആൽബി ആശ്ചര്യപ്പെട്ടു.
‘അല്പം മുൻപേ ‘അമ്മ വിളിക്കുന്നതു കേട്ടു’
ഉവ് എന്ന അർത്ഥത്തിൽ അവൻ പുഞ്ചിരിയോടെ തലകുലുക്കി.
‘ആൽബി, ഒരു ഭിക്ഷക്കാരനായ എനിക്ക് പറയുവാൻ യാതൊരു അര്ഹതയുമില്ല. എങ്കിലും അതറിഞ്ഞുകൊണ്ടുതന്നെ പറയുകയാ… മോന്റെ ‘അമ്മ പറയുന്നതിൽ ഒരു വാക്കുപോലും വിട്ടുകളയാതെ അനുസരിക്കണം. അങ്ങനെ ചെയ്താൽ നീ ഭാവിയിൽ വലിയവനാകും.നിന്റെ പേര് ലോകം മുഴുവൻ അറിയപ്പെടും.’ പുഞ്ചിരിതൂകി നിൽക്കുന്ന അവന്റെ മുഖത്ത് നോക്കി ഇതു പറയുമ്പോൾ ആ യാചകന്റെ വാക്കുകളിൽ സംശയത്തിന്റെ ലാഞ്ഛനപോലും ഇല്ലായിരുന്നു.
‘ഞാൻ അഞ്ചുരൂപ തന്നതുകൊണ്ടാണോ ചേട്ടൻ ഇങ്ങനെയൊക്കെ പറയുന്നത്?’ ആൽബി തന്റെ മനസ്സിൽ തോന്നിയ സംശയം യാതൊരു മടിയോ മറയോ കൂടാതെ ചോദിച്ചു.
‘അല്ല, ഞാൻ എന്തൊകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മോന്റെ അമ്മക്ക് മനസ്സിലായിട്ടുണ്ട്. മോൻ അമ്മയോട് ചോദിച്ചു അത് അറിഞ്ഞാൽ മതി.’ ആൽബിയുടെയും ജെസ്സിയുടെയും മുഖത്തേക്ക് ഒന്നുകൂടി നോക്കിയിട്ടു അയാൾ അടുത്ത വീട് ലക്ഷ്യമാക്കി നടന്നകന്നു.
ആൽബി ജെസ്സിയുടെ നേരെ തിരിഞ്ഞു.
‘അതെന്താ അമ്മെ ആ ചേട്ടൻ അങ്ങനെ പറഞ്ഞത്?’
‘അതേയ്… ഞാൻ കൊച്ചിനോട് പറഞ്ഞില്ലായിരുന്നോ പൈസ എറിഞ്ഞുകൊടിക്കരുത് കൈയിൽ വച്ച് കൊടുക്കണമെന്ന്. അതുകേട്ടപ്പോൾ അയാൾക്ക് മനസിലായി ഒരു യാചകനോടുപോലും വേണ്ട പരിഗണനയോടെ പെരുമാറാൻ പറഞ്ഞുകൊടുക്കുന്ന ഒരമ്മ തീർച്ചയായും വേറെയും ധാരാളം നല്ലകാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ടാകുമെന്നു. അതുകൊണ്ടാ ‘അമ്മ പറഞ്ഞുതരുന്നതനുസരിച്ചാൽ ജീവിതത്തിൽ വലിയവനാകും എന്ന് അയാൾ പറഞ്ഞത്’
‘എറിഞ്ഞുകൊടുക്കുന്നതും കൈയിൽ വച്ചുകൊടുക്കുന്നതും തമ്മിൽ എന്താ അമ്മെ ഇത്രവലിയ വിത്യാസം?
‘അത് പറഞ്ഞുതരണമെങ്കിൽ കൊച്ചു പോയി ബൈബിൾ എടുത്തുകൊണ്ടുവരു…’
ഞൊടിയിടയിൽ അവൻ ബൈബിളുമായി വന്നു.
‘വി. മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായം 31 മുതൽ 40 വരെ വാക്യങ്ങൾ കൊച്ചു ഒന്ന് വായിക്കു.’ ജെസ്സി നിർദ്ദേശിച്ചു.
ആൽബി ‘അമ്മ പറഞ്ഞ സുവിശേഷഭാഗം മെല്ലെ വായിച്ചു തീർത്തു.
‘മോൻ അതിലെ 40 ആം വാക്യം നന്നായിട്ടൊന്നു ശ്രദ്ധിച്ചേ.’
‘ഞാൻ അത് ഉറക്കെ വായിക്കട്ടെ?’
‘ഉം വായിക്കു’ ജെസ്സി പ്രോത്സാഹിപ്പിച്ചു.
“രാജാവ് മറുപടി പറയും; സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നതു” (മത്തായി 25 : 40)
‘നോക്ക്, അപ്പോൾ ഈ ചെറിയവരിൽ ഒരാൾക്ക് ചെയുന്ന നന്മ ഫലത്തിൽ ആർക്കു ചെയുന്നതായിട്ടാണ് വരുന്നത്?’ ആൽബി വായിച്ചു തീർന്നയുടനെ ജെസ്സി ചോദിച്ചു.
‘യേശുവിന്.’ മറുപടി പറയാൻ ആൽബിക്ക് ആലോചിക്കേണ്ടിപോലും വന്നില്ല.
‘ഇനി പറയു യേശുവിന് കൊടുക്കുമ്പോൾ എറിഞ്ഞു കൊടുക്കുമോ കൈയിൽ വച്ച് കൊടുക്കുമോ?’
‘യേശുവിനാരെങ്കിലും എറിഞ്ഞുകൊടുക്കുമോ? കൈയിൽ തന്നെ വച്ചുകൊടുക്കും’ ജെസ്സി ചോദ്യം പൂർത്തിയാക്കിയപ്പോഴേക്കും ആൽബിയുടെ ഉത്തരവും വന്നു കഴിഞ്ഞു.
‘അതുകൊണ്ടാണ് പാത്രത്തിലേക്ക് എറിയുന്നതിനു പകരം പൈസ അയാളുടെ കൈയിൽ വച്ചുകൊടുക്കാൻ ‘അമ്മ പറഞ്ഞത്’
‘ഉം…’
‘ആ മൂളലിൽ ഒരു കൺഫ്യൂഷൻ ഒളിഞ്ഞിരിക്കുന്നതുപോലെ തോന്നുന്നല്ലോ. എന്താണെങ്കിലും അമ്മയോട് ചോദിക്കു.’ ജെസ്സി അവന്റെ അടുത്തേക്ക് ചേർന്ന് നിന്ന് ചുമലിൽ കൈവച്ചുകൊണ്ടു പറഞ്ഞു.
‘ആ യാചകൻ യേശുവിന്റെ ആളാണെങ്കിൽ പിന്നെ അയാളെന്തിനാ ഭിക്ഷയെടുത്തു നടക്കുന്നത്. അയാളുടെ ആവശ്യങ്ങൾ യേശുവിനോടു പറഞ്ഞാൽപോരെ?’ ആൽബി തന്റെ ന്യായമായ സംശയം അമ്മയോട് പറഞ്ഞു.
‘എടാ മുത്തേ… ആ യാചകൻ യേശുവിന്റെ ആളാണെന്നല്ല ‘അമ്മ പറഞ്ഞത്. യേശു ഏത് രൂപത്തിൽ എപ്പോൾ എവിടെവച്ചു നമ്മുടെ മുൻപിൽ വരുമെന്ന് നമുക്കറിയില്ല. അതുകൊണ്ടു നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യനിലും യേശുവിനെ പ്രതീക്ഷിച്ചു ഏറ്റവും നല്ല രീതിയിൽ പെരുമാറണം എന്നാണ് ‘അമ്മ ഉദേശിച്ചത്. ഇപ്പോ തലയിൽ കയറിയോ?’
‘കയറി.’ ആൽബിയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു.
‘എന്താ കയറിയത്?’
‘നമ്മൾ കണ്ടുമുട്ടുന്നവരോടെല്ലാം യേശുവോനോടെന്നപോലെ പെരുമാറിയാൽ…’
ആൽബി അത്രയും പറഞ്ഞപ്പോഴേക്കും ജെസ്സി ഇടയ്ക്കു കയറി പൂരിപ്പിച്ചു. ‘യേശുവിന്റെ ആൽബിയാണെന്ന നിന്റെ അവകാശവാദം സത്യമായിത്തീരും.’
‘അത് വെറും അവകാശവാദമൊന്നുമല്ല. നേര് തന്നെയാ… ഞാൻ യേശുവിന്റെ ആൽബിയാ’ അവൻ ചിണുങ്ങാൻ തുടങ്ങി.
ജെസ്സി അവനെ ചേർത്തണച്ചു ചുംബിച്ചുകൊണ്ട് പറഞ്ഞു: ‘എന്റെ മുത്ത് ഇപ്പോൾ യേശുവിന്റേതാണ്. സമ്മതിച്ചു. ഇനി വലുതാകുമ്പോൾ മാറി സാത്താന്റെതാകാതിരിക്കാനാണ് ‘അമ്മ ഇതെല്ലാം പറഞ്ഞുതരുന്നത്.’ തുടർന്ന് ജെസ്സി അവന്റെ ഇരുകവിൾത്തടങ്ങളും കൈകുമ്പിളിലാക്കി കണ്ണുകളിലേക്കു നോക്കികൊണ്ട് ചോദിച്ചു: ‘അമ്മയുടെ ചക്കരക്ക് ഇപ്പോ സമാധാനമായോ?’
അതിനുള്ള ആൽബിയുടെ മറുപടി ജെസ്സിയുടെ കവിളത്തുപതിഞ്ഞ ഒരു ചക്കരയുമ്മയായിരുന്നു.

– റോബിൻ സഖറിയാസ്

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.