ഏകമകനും മകളും ദൈവത്തിന്!
ന്യൂജേഴ്സി: അമേരിക്കയുടെ സംസ്കാരത്തിൽ വളർന്നിട്ടും തങ്ങളുടെ കുഞ്ഞുങ്ങളെ ദൈവത്തിന്റെ പൂന്തോട്ടത്തിലെ വിശുദ്ധ പുഷ്പങ്ങളായി വളർത്താൻ ലൂക്കോസ് ചാക്കോ (ബെന്നി) – അന്നമ്മ ചാക്കോ (ആൻസി) ദമ്പതികൾ കാട്ടിയ തീക്ഷ്ണതയും പ്രാർത്ഥനാശക്തിയും മികവുറ്റതാണ്. 2015 മെയ് 13 ന് ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിവസം അവരുടെ ഏകമകൾ ആഞ്ചലീന ബെന്നി വിസിറ്റേഷൻ സന്യാസസഭയിലെ അംഗമായി ആദ്യവ്രതവാഗ്ദാനം നടത്തി. ആഞ്ചലീന ഇനി സിസ്റ്റർ ജോവാനാണ്. 2011 ലാണ് സന്യാസത്തിലേക്കുള്ള ദൈവവിളി സ്വീകരിച്ച് ആഞ്ചലീന ഒരു കന്യാസ്ത്രീയാകുവാൻ തീരുമാനിക്കുന്നത്.
ഈ കുടുംബത്തിലെ അത്ഭുതം ഇനിയും തീരുന്നില്ല. ഏകമകൻ ബോണി ബെന്നി വൈദികപഠനത്തിലുള്ള യാത്രയിൽ ഏറെദൂരം മുന്നോട്ട് പോയിരിക്കുന്നു.
കോട്ടയം വടവാതൂർ സെമിനാരിയിൽ കോട്ടയം രൂപതയ്ക്കുവേണ്ടി രണ്ടാംവർഷ ദൈവശാസ്ത്രം പഠിക്കുകയാണ് ബോണി ഇപ്പോൾ.
ബോണിയും ആഞ്ചലീനയും ജനിച്ചത് സൗദിയിൽ. ചെറുക്ലാസുകളിലെ അവരുടെ പഠനം കേരളത്തിലായിരുന്നു. ബോണി അഞ്ചാം ക്ലാസിലും ആഞ്ചലീന മൂന്നിലും പഠിക്കുമ്പോൾ അവർ അമേരിക്കയിലെത്തിയതാണ്. ഇവിടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോഴും അവരുടെ ഉള്ളിലെ ദൈവസ്നേഹം അണയാതെ പിടിക്കുവാൻ ഈ മാതാപിതാക്കൾക്കായി. അവധിദിവസങ്ങൾ കൂടാതെ സാധ്യമായ എല്ലാദിവസവും ദേവാലയത്തിൽ പോയി ദിവ്യബലിയിൽ പങ്കെടുത്തിരുന്നെന്നും കുടുംബപ്രാർത്ഥന മുടക്കിയില്ലെന്നും ഉള്ളതാണ് ഈ മാതാപിതാക്കൾക്ക് പറയുവാനുള്ള ഏറ്റവും വലിയ സാക്ഷ്യം. അതായിരുന്നു അവരുടെ ദൈവവിളിയുടെ രഹസ്യവും.
ന്യൂജേഴ്സി, നോവാർക് എയർപോർട്ടിൽ ജോലി ചെയ്യുകയാണ് ബെന്നി. ആൻസി സെന്റ് ബർണബാസ് മെഡിക്കൽ സെന്ററിൽ നേഴ്സും. രണ്ടുപേരുടെയും ജോലിത്തിരക്കുകൾക്കിടയിലും കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനവും പ്രാർത്ഥനാജീവിതവും മുടക്കം വരാതെ പരിശീലിപ്പിക്കപ്പെട്ടിരുന്നു.
2003 ഫെബ്രുവരി മാസത്തിലാണ് ബെന്നിയും ആൻസിയും അമേരിക്കയിലെത്തുന്നത്. അമേരിക്കയുടെ വിദ്യാഭ്യാസരീതികളും സംസ്കാരവും ദൈവവിളി സ്വീകരിക്കുവാനും ദൈവത്തെ സ്നേഹിക്കുവാനും ഏറെയൊന്നും നൽകാത്ത ഈ കാലഘട്ടത്തിൽ ഈ കുടുംബം എല്ലാവർക്കും മാതൃകയാണ്. മാത്രമല്ല, ഇവിടുത്തെ ലൗകിക നേട്ടങ്ങളും ഭാവിയും ഒക്കെ ഉപേക്ഷിച്ച് കേരളത്തിൽ പോയി സന്യാസസഭാ രൂപീകരണത്തിനും വൈദികപരിശീലനത്തിനും തയ്യാറായ ഈ മക്കളും ഹീറോയിസമാണ് കാട്ടിയിരിക്കുന്നത്.
വരും നാളുകളിൽ ഇവരുടെ സേവനവും തീക്ഷ്ണതയും കത്തോലിക്കാ സഭയ്ക്കും അമേരിക്കൻ ജനതയ്ക്കും അനുഗ്രഹപ്രദമാകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.
Written by Editor (Sunday Shalom)
Advertisements
Categories: Uncategorized