Uncategorized

അനുര‌ഞ്ജനകൂദാശയുടെ അടിസ്ഥാനങ്ങള്‍

Pope Francis Hearing Confession

അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ശുശ്രൂഷ (കുന്പസാരം) സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണല്ലോ ഇപ്പോള്‍. പലവിധ സംശയങ്ങളും ആരോപണങ്ങളും അവക്കുള്ള മറുപടികളും ഉത്തരങ്ങളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ത്തന്നെ ധാരാളമായി ലഭ്യവുമാണ്. എന്നാല്‍ അവ എല്ലാമൊന്നും കത്തോലിക്കാപ്രബോധനത്തിന് ചേര്‍ന്നവയാകണമെന്നില്ല. എന്ന് തന്നെയല്ല ഇപ്പോഴത്തെ ചുറ്റുപാടില്‍ ഇക്കാര്യങ്ങളെപ്പറ്റി യാതൊരു ബന്ധവുമില്ലാത്തവര്‍ പോലും പലതരം ഉത്തരങ്ങള്‍ കൊടുക്കാറുണ്ട് എന്നതിനാലും അക്കൂട്ടത്തില്‍ വായനാക്കാരെ തെറ്റിദ്ധരിപ്പിക്കണം എന്ന ഉദ്ദേശത്തോടെയും കൊടുക്കുന്നവരും ഉണ്ട് എന്നതിനാലും ആ ഉത്തരങ്ങളുടെ ആധികാരികതയെ സംശയിക്കുന്നതില്‍ ആരെയും കുറ്റം പറയാന്‍ സാധിക്കുകയില്ല. കുമ്പസാരം കത്തോലിക്കാവിശ്വാസത്തിന്റെ ഭാഗമാണ്. ആ വിശ്വാസം ജീവിക്കുന്നവര്‍ക്കേ അതിന്റെ അര്‍ത്ഥവും സാംഗത്യവും മനസ്സിലാകുകയുള്ളു. എങ്ങിനെയാണ് കുമ്പസാരം ഇന്നത്തെ നിലയില്‍ വൈദികനോട് രഹസ്യമായി ഏറ്റു പറയുന്ന രീതി ഉണ്ടായത് എന്നത് ചരിത്രം പഠിച്ചാലേ മനസ്സിലാകുകയുള്ളു. അത് പഠിക്കാത്ത ഒരാള്‍ അതിനെ അന്ധമായി വിമര്‍ശിക്കുന്നതില്‍ കഴമ്പില്ലല്ലൊ. വിശ്വാസസംബന്ധമായ എല്ലാ അനുഷ്ഠാനങ്ങളും അങ്ങനെയാണ്. ഒരു അവിശ്വാസിയെ സംബന്ധിച്ചിടത്തോളം വി. കുര്‍ബാന വെറുമൊരു അപ്പക്കഷണം മാത്രമാണ്. അതിന്റെ മുമ്പില്‍ കുമ്പിടുന്നത് അസംബന്ധമായേ ആ വ്യക്തിക്ക് തോന്നുകയുള്ളു.
മറ്റൊരു കൂട്ടര്‍ക്ക് എല്ലാറ്റിനും വി. ബൈബിളില്‍ നിന്ന് നേരിട്ട് ഉത്തരം കിട്ടണം എന്ന നിര്‍ബന്ധബുദ്ധിയാണ്. ബൈബിള്‍ മാത്രം മതി പാരമ്പര്യങ്ങള്‍ വേണ്ട എന്ന് പഠിപ്പിച്ച മാര്‍ട്ടിന്‍ ലൂതറിന്റെ ആശയമാണത്. അദ്ദേഹമത് പറയാന്‍ കാരണമുണ്ട്. എങ്കിലേ കത്തോലിക്കാ സഭയില്‍ നിന്ന് വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിച്ച തന്റെ സമൂഹത്തില്‍ ആളുകളെ കിട്ടുമായിരുന്നുള്ളു. സഭാസമൂഹങ്ങള്‍ ജിവിക്കാന്‍ തുടങ്ങി എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്നത്തെ രൂപത്തില്‍ വി. ബൈബിള്‍ ഉണ്ടായത്! അദ്യനൂറ്റാണ്ടുകളില്‍ എത്രയോ പേരുടെ സുവിശേഷങ്ങള്‍ തന്നെയുണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ ഏതെല്ലാമാണ് ദൈവനിവേശിതം എന്ന് സഭയാണ് കൃത്യമായി നിര്‍വചിച്ച് അല്ലാത്തവയെ തള്ളിക്കളഞ്ഞത്. ഇപ്പോള്‍ ഉള്ളവയില്‍ തന്നെ നമ്മുടെ കര്‍ത്താവ് പറഞ്ഞതും പഠിപ്പിച്ചതും ചെയ്തതുമായ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടില്ല. കാരണം ചരിത്രം രേഖപ്പെടുത്തുകയായിരുന്നില്ല അവ എഴുതിയവരുടെ ഉദ്ദേശം. യോഹന്നാന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ഈ ഗ്രന്ഥത്തീല്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും ഈശോ ശിഷ്യരുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ മിശിഹായാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ് (യോഹ. 20,30-31). ഉദാഹരണമായി അന്തത്താഴവേളയില്‍ ശിഷ്യന്മാരുടെ കാല് കഴുകിയത് കേവലം എളിമയുടെ മാതൃക കാണിക്കുക എന്ന ഉദ്ദേശത്തോടെയല്ല പ്രത്യുത വി. കുര്‍ബാനയിലൂടെ തന്റെ ശിഷ്യരും ഈ ലോകത്തിന്റെ പാപങ്ങള്‍ വഹിക്കുന്നവരായി മാറി അവിടുന്ന് നിര്‍വഹിച്ച ലോകരക്ഷ തുടര്‍ന്ന് കൊണ്ട് പോകണമെങ്കില്‍ അടിമയേപ്പോലെ താഴാന്‍ തയ്യാറാകണം എന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയാണ് എന്ന് പരിശുദ്ധപിതാവ് ബനടിക്ട് മാര്‍പ്പാപ്പ നസ്രത്തിലെ യേശു എന്ന തനെ ഗ്രന്ഥത്തില്‍ എഴുതുന്നുണ്ട്.
അങ്ങനെ വി. ശ്ലീഹന്മാര്‍ അവര്‍ സ്ഥാപിച്ച സഭാസമൂഹങ്ങളില്‍ എഴുതപ്പെടാത്ത ചില കാര്യങ്ങളും പഠിപ്പിച്ചിരിക്കും എന്ന് ന്യായമായും ഊഹിക്കാം. ഉദാഹരണമായി വി. പൌലോസ് ശ്ലീഹ പറയുന്നത് ശ്രദ്ധിക്കുക: എല്ലാ കാര്യങ്ങളിലും നിങ്ങള്‍ എന്നെ അനുസ്മരിക്കുന്നതിനാലും ഞാന്‍ നല്‍കിയ പാരമ്പര്യം അതേ പടി സംരക്ഷിക്കുന്നതിനാലും ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നു (1 കോറി. 11,2). അതിനാല്‍ സഹോദരരെ ഞങ്ങള്‍ വചനം മുഖേനയോ കത്ത് മുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെ പിടിക്കുകയും അവയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുവിന്‍ (2 തെസ്സ. 2,15). അലസതയിലും ഞങ്ങളില്‍ നിന്ന് സ്വീകരിച്ച പാരമ്പര്യത്തിന് ഇണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലും നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന് സഹോദരരേ കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് കല്‍പ്പിക്കുന്നു (2 തെസ്സ. 3,6). അനേകം സാക്ഷികളുടെ മുമ്പില്‍ വച്ച് നീ എന്നില്‍ നിന്ന് കേട്ടവ മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിവുള്ള വിശ്വസ്തരായ ആളുകള്‍ക്ക് പകര്‍ന്ന് കൊടുക്കുക (2 തിമോ. 2,2), അതുപോലെ ആദ്യകാല എഴുത്തുകാരനായ പപ്പിയാസ്, സഭാചരിത്രകാരനായ കേസറിയായിലെ എവുസേബിയൂസ്, വി. ഇരനേവൂസ്, അലെക്സാണ്ട്രിയായിലെ വി. ക്ലമെന്റ്, ഒരിജെന്‍, കാര്‍ത്തേജിലെ വി. സിപ്രിയാന്‍ തുടങ്ങി അനേകം സഭാപിതാക്കന്മാന്മാരും വി. ശ്ലീഹന്മാരില്‍ നിന്ന് പകര്‍ന്ന് കിട്ടിയ പാരമ്പര്യങ്ങളെപ്പറ്റി സാക്ഷിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇന്ന് കത്തോലിക്കാ സഭയിലെ എല്ലാ അനുഷ്ഠാനങ്ങള്‍ക്കും വി. ഗ്രന്ഥത്തില്‍ അടിസ്ഥാനം കണ്ടെത്താന്‍ കഴിയില്ല എന്ന് തീര്‍ച്ചയാണ്. മാര്‍ട്ടിന്‍ ലൂതറിന്റെ അനുയായികളും അവരുടെ അനുയായികളും സ്ഥാപിച്ച നവീകരണസഭകള്‍ അവതരിപ്പിച്ച മേല്‍പ്പറഞ്ഞ ആശയം കത്തോലിക്കരും അറിഞ്ഞോ അറിയാതെയോ ഉള്‍ക്കൊണ്ടതിന്റെ പരിണതഫലമാണ് ഇപ്പോഴത്തെ വാദപ്രതിവാദങ്ങള്‍. എന്നാല്‍ ഇവക്കൊരു നല്ല വശവുമുണ്ട്. ഇക്കാര്യങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ ധാരാളം കത്തോലിക്കര്‍ താത്പര്യപ്പെടുന്നു എന്നതാണത്. ഈശോ ഒരു കൂദാശ സ്ഥാപിച്ചു എന്ന് പറയുമ്പോള്‍ ഇന്നത്തെ നൈയാമികകാഴ്ചപ്പാടില്‍ ആ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. നേറേ മറിച്ച് അവയുടെ ഉല്‍ഭവം, ചരിത്രപശ്ചാത്തലം, വികാസം തുടങ്ങിയവെപ്പറ്റിയെല്ലാം വസ്തുനിഷ്ടമായ അന്വേഷണം നടത്തി വേണം അവയെ വ്യാഖ്യാനിക്കാന്‍.
ഏതായാലും കുമ്പസാരം എന്ന കൂദാശയെപ്പറ്റി മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതുകൊണ്ട് അതിന്റെ വി. ഗ്രന്ഥപരവും സഭാപ്രബോധനപരവുമായ ഏതാനും കാര്യങ്ങള്‍ സൂചിപ്പിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

“തളര്‍വാതരോഗിയുടെ പാപങ്ങള്‍ ക്ഷമിക്കുകയും അയാള്‍ക്ക് ശാരീരികസൗഖ്യം നല്കുകയും ചെയ്തവനും നമ്മുടെ ആത്മാക്കളുടെയും ശരീരങ്ങളുടെയും ഭിഷഗ്വരനുമായ കര്‍ത്താവായ യേശുക്രിസ്തു, തന്‍റെ സുഖപ്പെടുത്തലിന്‍റെയും രക്ഷയുടെയും പ്രവൃത്തി പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ സഭ തന്‍റെ അംഗങ്ങളുടെയിടയിലും തുടരണമെന്ന് ആഗ്രഹിച്ചു. സുഖപ്പെടുത്തലിന്‍റെ രണ്ടു കൂദാശകളായ അനുതാപകൂദാശയുടെയും രോഗീലേപനത്തിന്‍റെയും ലക്ഷ്യമിതാണ്” (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, 1421)

അനുതാപകൂദാശയുടെ ലക്ഷ്യത്തെയും ഉദ്ദേശത്തെയും കുറിച്ച് തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. മനുഷ്യരായി ജനിക്കുന്നവരെല്ലാം സ്വാഭാവികമായ ബലഹീനപ്രകൃതിയാല്‍ നിരന്തരമായി പാപത്തില്‍ നിപതിക്കുന്നവരും എന്നാല്‍ അതേസമയം തന്നെ അവയെ അതിജീവിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. ജീവിതത്തിന്‍റെ പാപപ്രകൃതിയെക്കുറിച്ച് തിരിച്ചറിയാനും അതിന്‍റെ നവീകരണത്തിനായി ആഗ്രഹിക്കാനും മനുഷ്യന് കഴിയുമെങ്കിലും വന്നുഭവിച്ചതും ചെയ്തുപോയതുമായ പാപങ്ങളില്‍ നിന്ന് പൂര്‍ണ്ണമായ മോചനം എങ്ങനെ ലഭിക്കും എന്നത് ഒരു പ്രശ്നമായിരുന്നു. അതിനുള്ള പരിഹാരമാണ് ഈശോയുടെ മനുഷ്യാവതാരത്തിലൂടെ മാനവകുലത്തിന് മുഴുവനായും നല്കപ്പെട്ടത്. “നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിലും സ്നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തു” (1 കോറി. 6,11).

ഈശോ നിരന്തരമായി നമ്മെ മാനസാന്തരത്തിലേക്ക് വിളിക്കുന്നു. “സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു, അനുതപിച്ച്, സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍” (മര്‍ക്കോ. 1,15) എന്ന ആഹ്വാനത്തോടെയാണ് അവിടുത്തെ പരസ്യജീവിതം ആരംഭിക്കുന്നത്. ദൈവരാജ്യപ്രഘോഷണത്തിന്‍റെ ആരംഭത്തില്‍ തന്നെ അനുതപിക്കാനുള്ള വിളി ഈശോ സമസ്തജനപദങ്ങള്‍ക്കുമായി നല്കുന്നു എന്നതിനാലാണ് ഈ ഭൂമിയില്‍ ദൈവരാജ്യം പ്രഘോഷിക്കാന്‍ നിയോഗിക്കപ്പെട്ട തിരുസ്സഭ അനുതാപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ആവശ്യകതയെക്കുറിച്ച് തന്‍റെ മക്കളെ നിരന്തരമായി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാനസാന്തരത്തിലേക്കുള്ള ഈശോയുടെ ഈ വിളി ഓരോ വിശ്വാസിയുടെയും ജീവിതത്തില്‍ നിരന്തരമായി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.

തന്‍റെ പാപം ഏറ്റുപറഞ്ഞ് പാപമോചനം നേടുന്ന ദാവീദിനെ സാമുവല്‍ പ്രവാചകന്‍റെ രണ്ടാം പുസ്തകത്തില്‍ നമ്മള്‍ കാണുന്നുണ്ട്. പശ്ചാത്താപവിവശനായ ദാവീദ് പറഞ്ഞു, “ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തുപോയി. നാഥാന്‍ പറഞ്ഞു, കര്‍ത്താവ് നിന്‍റെ പാപം ക്ഷമിച്ചിരിക്കുന്നു. നീ മരിക്കുകയില്ല” (2 സാമുവല്‍ 12,13). കര്‍ത്താവിന്‍റെ പ്രതിനിധിയായി നിന്ന് ദാവീദിന്‍റെ പാപം ദൈവം ക്ഷമിച്ചുവെന്ന് ഉറപ്പ് നല്കുന്ന നാഥാന്‍ പ്രവാചകന്‍ ഒരര്‍ത്ഥത്തില്‍ പഴയനിയമത്തിലെ ഒരു കുന്പസാരക്കാരനായിരുന്നു എന്ന് പറയാം. പുതിയനിയമത്തില്‍ സ്നാപകയോഹന്നാന്‍റെ അടുക്കല്‍ വിവിധദേശങ്ങളില്‍ നിന്ന് വന്ന യഹൂദര്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് ജോര്‍ദ്ദാനില്‍വച്ച് അതേറ്റുപറഞ്ഞ് സ്നാനം സ്വീകരിച്ചുവെന്ന് മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നു (മത്താ. 3,5-6). പാപങ്ങള്‍ ഏറ്റുപറയുന്നതിന്‍റെ പ്രാധാന്യത്തെ ബൈബിള്‍ മറച്ചുവെക്കുന്നില്ല എന്നതാണ് സത്യം. സ്വന്തം മനസാക്ഷിയില്‍ ദൈവത്തിന്‍റെ മുന്പില്‍ അപരാധബോധത്തോടെ നില്‍ക്കുന്നവനോടും ദൈവം കരുണ കാണിക്കുന്നുണ്ട് എന്നത് പാപങ്ങള്‍ ഏറ്റുപറയുന്നതിലൂടെ ലഭിക്കുന്ന കൗദാശികവരപ്രസാദത്തിന്‍റെയും പാപം മോചിക്കപ്പെട്ടു എന്ന ഉറപ്പിന്‍റെയും ആത്മീയജീവിതത്തിന്‍റെ വളര്‍ച്ചക്കാവശ്യമായ ഉപദേശങ്ങളുടെയും പിതൃതുല്യമായ പ്രോത്സാഹനത്തിന്‍റെയും പ്രാധാന്യത്തെ അശ്ശേഷം നഷ്ടപ്പെടുത്തുന്നില്ല എന്നതാണ് സത്യം. ഏറ്റുപറച്ചിലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ത്രെന്തോസ് സൂനഹദോസ് പറയുന്നതിപ്രകാരമാണ്:

“ക്രിസ്തീയവിശ്വാസികള്‍ തങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്ന സകല പാപങ്ങളും ഏറ്റുപറയാന്‍ ശ്രമിക്കുന്പോള്‍, തീര്‍ച്ചയായും അവര്‍ അവയെല്ലാം, മാപ്പിനുവേണ്ടി ദൈവികകരുണക്കു മുന്പില്‍ സമര്‍പ്പിക്കുകയാണ്. എന്നാല്‍ അപ്രകാരം ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചില പാപങ്ങളെ മനപൂര്‍വ്വം മറച്ചുവെക്കുകയും ചെയ്യുന്നവര്‍, ദൈവികനന്മയുടെ മുന്പില്‍, വൈദികന്‍റെ മാധ്യസ്ഥ്യം വഴി, മാപ്പിനായി യാതൊന്നും സമര്‍പ്പിക്കുന്നില്ല. എന്തെന്നാല്‍, രോഗി തന്‍റെ മുറിവ് വൈദ്യനെ കാണിക്കാന്‍ പറ്റാത്തവിധം ലജ്ജിച്ചാല്‍, അറിയാത്തതിനെ മരുന്ന് സുഖപ്പെടുത്തുകയില്ല” (നന്പര്‍ 1551).

“ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്” (മര്‍ക്കോ. 2,5-12, മത്താ. 9,1-18). ഈ അധികാരമാണ് ഈശോ തന്‍റെ അപ്പസ്തോലന്മാര്‍ക്ക് കൈമാറുന്നത്. സഭയുടെ ജീവിതത്തോടും ദൗത്യത്തോടും അഭേദ്യമായ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതാണ് കരുണയുടെ ഈ ശുശ്രൂഷ. “യേശു വീണ്ടും അവരോട് പറഞ്ഞു, നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതുപറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു, നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷണിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ. 20,21-23). മത്തായിയുടെ സുവിശേഷത്തിലാകട്ടെ ഇപ്രകാരം പറയുന്നു, “നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും” (മത്താ. 18,18). പാപങ്ങള്‍ ക്ഷമിക്കാനും കരുണയുടെ ദൈവികസന്ദേശം മനുഷ്യരോട് പങ്കുവെക്കാനും ഈശോ അപ്പസ്തോലന്മാര്‍ക്ക് നല്കിയ അധികാരം കാലകാലങ്ങളില്‍ എല്ലാ ദേശങ്ങളിലും സഭയുടെ ശുശ്രൂഷ കൈയ്യാളുന്നവരിലേക്ക് കൈമാറപ്പെട്ടുകൊണ്ടിരിക്കുന്നു. തിരുപ്പട്ടം എന്ന കൂദാശ സ്വീകരിച്ച് സഭാശുശ്രൂഷക്കായി ജീവിതം സമര്‍പ്പിക്കുന്ന പുരോഹിതര്‍ തങ്ങളുടെ മെത്രാന്മാരോട് ചേര്‍ന്ന് ഇന്ന് ഈ ശുശ്രൂഷ അതിനര്‍ഹമായ ഗൗരവത്തോടു കൂടെ നിര്‍വ്വഹിക്കുകയും ചെയ്യുന്നു.
ഇവിടെ ഒരു കാര്യം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുരോഹിതര്‍ പാപമോചനം കൊടുക്കുന്നത് കേവലം ഒരു ഫോര്‍മുല ഈശോയുടെ നാമത്തില്‍ യാന്ത്രികമായി ഉച്ചരിച്ചുകൊണ്ടായിരിക്കരുത്. പ്രത്യുത ലോകത്തിന്റെ പാപങ്ങള്‍ വഹിച്ച കുഞ്ഞാടിന്റെ പ്രതിരൂപങ്ങളായി അവര്‍ മാറണം. പാപികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും പ്രായശ്ചിത്തം ചെയ്യാനും അവര്‍ തയ്യാറാകേണ്ടതുണ്ട്. താന്‍ ചെയ്യാത്ത പാപങ്ങള്‍ക്ക് പരിഹാരമായി പെസഹാത്തിരുനാളില്‍ ബലിവസ്തുവാകുന്ന കുഞ്ഞാടിന്റേയും എല്ലാവരുടേയും പാപങ്ങള്‍ക്ക് പേറി മരുഭൂമിയുടെ വിശാലതയിലേക്ക് ചാകാനായി കൊണ്ടുപോയി വിടപ്പെടുന്ന പെസഹാക്കുഞ്ഞാടിന്റേയും പ്രതിരൂപമാണ് പുരോഹിതന്‍. അതാണ് പരിശുദ്ധ കുര്‍ബാനയില്‍ സംഭവിക്കേണ്ടതും. ഏശയ്യാ പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെടുന്ന കൊലക്കളത്തിലേക്ക് നിശ്ശബ്ദനായി നടന്നു നീങ്ങുന്ന കുഞ്ഞാടാകണം പുരോഹിതന്‍. അതാണ് അങ്കി മാറ്റി വച്ച് അടിമയെപ്പോലെ കാലുകഴുകലിലൂടെ ഈശോ കാണിച്ച് കൊടുത്തത്.
ആദിമസഭയില്‍ അപ്പസ്തോലന്മാരുടെ കാലഘട്ടത്തില്‍ “വിശ്വാസം സ്വീകരിച്ച പലരും വന്ന് തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ് കുറ്റം സമ്മതിച്ചു” (അപ്പ. 19,18) എന്ന് നാം വായിക്കുന്നുണ്ട്. അവര്‍ പരസ്യമായിട്ടാണ് പാപങ്ങള്‍ ഏറ്റുപറഞ്ഞിരുന്നത്. പിന്നീട് ഏതാനും നൂറ്റാണ്ടുകള്‍ ഇത്തരത്തില്‍ പരസ്യമായ ഏറ്റുപറച്ചിലുകളാണ് നാം കാണുക. കഠിനമായ പ്രായ്ശ്ചിത്താനുഷ്ഠാനങ്ങള്‍ ഇക്കാലഘട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രായോഗികമായ പല പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ പരസ്യമായ ഏറ്റുപറച്ചില്‍ സഭാശ്രേഷ്ഠനോട് മാത്രമായുള്ള രഹസ്യകുന്പസാരമായി പരിണമിച്ചു. അയര്‍ലണ്ടിലെ സന്ന്യാസഭവനങ്ങളിലും പൗരസ്ത്യസഭകളിലും നിലനിന്നിരുന്ന ഈ രീതി പിന്നീട് സാര്‍വ്വത്രികമായിത്തീര്‍ന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസാണ് ഈ കൂദാശയെ ദൈവവും സഭയും സകല മനുഷ്യരും തമ്മിലുള്ള അനുരഞ്ജനത്തിന്‍റെ വേദിയായി പ്രഖ്യാപിച്ചത്. അനുരഞ്ജനകൂദാശ എന്ന പേര് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ദൈവശാസ്ത്രപരമായ ഈ കാഴ്ചപ്പാടില്‍ നിന്ന് ഉത്ഭൂതമാകുന്നതാണ്.

അനുരഞ്ജനകൂദാശ സഭയുടെ പിന്നീടുള്ള കണ്ടുപിടുത്തമാണെന്ന ആരോപണവും ശരിയല്ല. എ.ഡി. 96-ല്‍ റോമിലെ വി. ക്ലമന്‍റ് എഴുതിയ കത്തില്‍ അനുതപിക്കുന്ന പാപികള്‍ക്ക് വൈദികന്‍ കല്പിക്കേണ്ട പ്രായ്ശ്ചിത്തങ്ങളെക്കുറിച്ച് നിര്‍ദ്ദേശമുണ്ട്. അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസും ഇത്തരം പരാമര്‍ശം നടത്തുന്നുണ്ട്. ആദ്യനൂറ്റാണ്ടില്‍ത്തന്നെ വിരചിതമായ ഡിഡാക്കേയിലാകട്ടെ പരസ്യമായി പാപങ്ങള്‍ ഏറ്റുപറയുന്നതിന്‍റെ നടപടിക്രമങ്ങള്‍ തന്നെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങളുടെയും ആദിമസഭയുടെ പ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ അനുരഞ്ജനകൂദാശയുടെ ഉറവിടം പില്‍ക്കാലങ്ങളല്ല എന്ന് വ്യക്തമായും മനസ്സിലാക്കാവുന്നതാണ് എന്ന് മുകളില്‍ പ്രസ്താവിച്ചുവല്ലോ.

പഴയനിയമകാലഘട്ടത്തില്‍ തന്നെ രൂപം കൊണ്ടതും ഈശോ വ്യക്തമായി ആവശ്യപ്പെട്ടതുമായ കാര്യമാണ് പാപങ്ങളെക്കുറിച്ചുള്ള അനുതാപം. ദൈവമായിരുന്നതിനാല്‍ ഈശോ തന്നെ സമീപിച്ചവരുടെ പാപങ്ങള്‍ നേരിട്ട് ക്ഷമിക്കുകയും അവരെ സൗഖ്യപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ പീഢാസഹനത്തിലൂടെയും മരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും ലോകത്തിന്റെ തന്നെ പാപങ്ങള്‍ കഴുകിക്കളയുന്നത് എങ്ങിനെയെന്ന് അവിടുന്ന് ലോകത്തിന് കാണിച്ച് കൊടുത്തു. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഈ ദൗത്യം അവിടുന്ന് അപ്പസ്തോലന്മാരെ ഭരമേല്പിച്ചു. തിരുസ്സഭയിലൂടെ, അപ്പസ്തോലന്മാരുടെ പിന്ഗാമികളിലൂടെ അനസ്യൂതം ഇന്നും അത് തുടരുന്നു.

പാപബോധമില്ലായ്മയാണ് ഈ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ പാപം എന്ന് പറഞ്ഞത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. അനുരഞ്ജനകൂദാശയെ ആക്ഷേപിക്കുന്നവര്‍ സ്വന്തം ദൗര്‍ബല്യങ്ങള്‍ അംഗീകരിക്കാനും വീഴ്ചകള്‍ സമ്മതിക്കാനും കഴിയാത്തവിധം ഭീരുക്കളാണ്. തന്‍റെ ബലഹീനതകളെക്കൂടി തിരിച്ചറിയുന്നവനാണ് ശരിക്കും ശക്തന്‍. താന്‍ പരാജയപ്പെടാനിടയുള്ള സാഹചര്യങ്ങളില്‍ അതീവശ്രദ്ധാലുവായിരിക്കാന്‍ അയാള്‍ക്കു കഴിയും. അനുരഞ്ജനകൂദാശ സ്വന്തം പരിമിതികളും പോരായ്മകളും തിരിച്ചറിഞ്ഞ് ദൈവസന്നിധിയില്‍ അവ ഏറ്റുപറഞ്ഞ് അവയെ അതിജീവിക്കാനുള്ള കരുത്ത് സ്വന്തമാക്കാന്‍ തിരുസ്സഭ തന്‍റെ മക്കള്‍ക്ക് നല്കുന്ന ദൈവാനുഗ്രഹത്തിന്‍റെ വേദിയാണ്. അതിന്റെ ബാഹ്യരൂപങ്ങള്‍ അവയിലൂടെ ദൈവകൃപ പശ്ചാത്തപിക്കുന്ന പാപിയിലേക്ക് ഒഴുകിയെത്തുന്നു എന്നതിന്റെ സൂചനയും ഉറപ്പുമാണ്. വിശുദ്ധചിന്തകളോടെയും നിര്‍മ്മലവിചാരങ്ങളോടെയും ഈ കൂദാശ എല്ലാ കത്തോലിക്കാ വിഉശ്വസികള്‍ക്കും സ്വീകരിക്കാന്‍ കഴിയട്ടെ. അനുരഞ്ജനകൂദാശയെ മാത്രമല്ല നമ്മുടെ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കാതിരിക്കാന്‍ ഓരോ കത്തോലിക്കാവിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കാന്‍ മാത്രമല്ല, ദുര്‍ബലമാനസര്‍ക്ക് ഇടര്‍ച്ചക്ക് കാരണമാകാതിരിക്കാനും നാം അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

ബിഷപ്പ് ജോസ് പൊരുന്നേടം

(Published in “കുടുംബജ്യോതി” 2018 July issue)

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.