Uncategorized

മാധ്യമ മതമര്‍ദ്ദനം

മാധ്യമ മതമര്‍ദ്ദനം
(ന്യൂസ് റൂമുകള്‍ കൊളോസിയങ്ങളാകുന്പോള്‍)

Suffering Christians and Christianity

കുരിശിന്‍റെ സഹനങ്ങളും കല്ലറയുടെ ഇരുട്ടും അതിജീവിച്ചവന്‍റെ സുവിശേഷം ലോകത്തില്‍ വ്യാപിച്ചതിന്‍റെ ഇരുപതാണ്ടുകള്‍ പിന്നിടുന്പോഴും ആദ്യനൂറ്റാണ്ടുകളുടെ അതേ ക്രൗര്യവും അക്രമോത്സുകതയും ഈ വിശ്വാസത്തെ ഇല്ലായ്മ ചെയ്യാന്‍ ലോകത്തില്‍ നിലനില്‍ക്കുന്നുണ്ട്. റോമിന്റെ ചക്രവര്‍ത്തിമാര്‍ സ്നേഹത്തിന്‍റെ സുവിശേഷത്തെയും കൂട്ടായ്മയുടെ ക്രൈസ്തവ ജീവിതശൈലിയെയും വല്ലാതെ ഭയപ്പെട്ടിരുന്നു. അത് അധികാരത്തിന്‍റെയും സ്വാര്‍ത്ഥതാത്പര്യങ്ങളുടെയും ഭാവിയെക്കുറിച്ചോര്‍ത്തുള്ള ഉത്കണ്ഠ കൂടിയായിരുന്നു. അതിനാല്‍ ക്രൈസ്തവവിശ്വാസം അതിന്‍റെ ശൈശവകാലത്ത് ഏറ്റുവാങ്ങിയ ദണ്ഡനങ്ങള്‍ അതിന്‍റെ പരാധീനതകളെച്ചൊല്ലിയായിരുന്നില്ല, മറിച്ച്, മറ്റാരുടെയോ ഉള്‍ഭയങ്ങളെപ്രതിയായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു. പിന്നീട് മതസ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ റോമിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ വിശ്വാസം സ്വതന്ത്രമായെങ്കിലും ലോകത്തിന്‍റെ പലഭാഗങ്ങളിലും പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. വിശ്വാസത്തെ പ്രതി ജീവന്‍ ത്യജിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. ഇന്നും തുടരുന്ന ഈ ക്രൈസ്തവപീഡനങ്ങള്‍ക്ക് ഭാരതമടക്കം പല രാജ്യങ്ങളും നിശബ്ദസാക്ഷികളാണെന്ന് നമുക്കറിയാം.

ഭാരതത്തിലെ ഫാഷിസ്റ്റ് വര്‍ഗ്ഗീയശക്തികളുടെ സംഘടിത ആക്രമണത്തെ മതമര്‍ദ്ദനമായിത്തന്നെ തിരിച്ചറിയാനുള്ള വിവേകം അക്ഷരാഭ്യാസമുള്ള ഏതൊരാള്‍ക്കും കൈവന്നിട്ടുണ്ട്. രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ താത്പര്യങ്ങളുടെ പേരില്‍ ന്യൂനപക്ഷമായ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനും ഭയപ്പെടുത്താനുമുള്ള നിശ്ചയിച്ചുറപ്പിച്ച നീക്കങ്ങള്‍ നിരവധി നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന്‍റെ പ്രത്യേകപശ്ചാത്തലത്തില്‍ മിശിഹായുടെ കാലത്തോളം തന്നെ പഴക്കമുള്ള ക്രൈസ്തവവിശ്വാസം ഇന്ന് വിചാരണ ചെയ്യപ്പെടുകയാണ്. മാധ്യമങ്ങളിലൂടെ / മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന സംതുലിതമല്ലാത്ത ഈ വിചാരണകള്‍ ക്രൈസ്തവവിശ്വാസം റോമാസാമ്രാജ്യത്തിലും പിന്നീട് മദ്ധ്യപൂര്‍വ്വദേശങ്ങളിലും മുസ്ലീം അധിനിവേശങ്ങളിലും കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന്‍ കീഴിലുമൊക്കെ അനുഭവിച്ച മതമര്‍ദ്ദനങ്ങളുടെ ഉത്തരാധുനികരൂപമാണ്. വംശീയമായി ഉന്മൂലനം ചെയ്തുകൊണ്ടുപോലും ക്രൈസ്തവ ആത്മീയതയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഏകാധിപതികളുടെയും അക്രമോത്സുകരായ മതഭ്രാന്തരുടെയും പുതുതലമുറയാണ് ഇന്ന് മാധ്യമവിചാരണകളുടെ ചുക്കാന്‍ പിടിക്കുന്നത്.

തിരുസ്സഭയുടെ അനുദിനജീവിതത്തില്‍ സഭാശുശ്രൂഷകരായ വൈദികരുടെ ധാര്‍മ്മികവീഴ്ചകളും സഭാസംവിധാനങ്ങളുടെ ചില പരാജയങ്ങളും സഭയെയൊന്നാകെ ആക്ഷേപിക്കുവാനും അവഹേളിക്കുവാനുമുള്ള വേദിയായി മാധ്യമങ്ങള്‍ മാറ്റിത്തീര്‍ക്കുന്നു. ഓര്‍ത്തഡോക്സ് വൈദികര്‍ കുറ്റാരോപിതരായപ്പോള്‍ മാധ്യമങ്ങള്‍ അതിനിട്ട പേര് “ഓര്‍ത്തഡോക്സ് പീഡനം” എന്നായിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ പിഞ്ചെല്ലുന്ന ഓര്‍ത്തഡോക്സ് വിശ്വാസത്തിന്മേലാണ് ഈ പദപ്രയോഗത്തിലൂടെ – ആ വിശ്വാസികളെ ശുശ്രൂഷിക്കാന്‍ നിയമിതനായ ചില വൈദികരുടെ വീഴ്ചയുടെ പേരില്‍ – മാധ്യമങ്ങള്‍ ചെളിവാരിയെറിഞ്ഞ‌ത്. സഭാംഗങ്ങളായ വൈദികരുടെയും നേതൃസ്ഥാനത്തിരിക്കുന്നവരുടെയും കുറവുകളെയും തെറ്റുകളെയും ഗൗരവമില്ലാത്തതായി കാണുകയല്ല. മറിച്ച്, സഭാവിശ്വാസവും ആ വിശ്വാസത്തിന്‍റെ അടിത്തറയാകുന്ന കൂദാശകളും മറ്റ് ആചാരാനുഷ്ഠാനങ്ങളും അവയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ തരംതാണ വിമര്‍ശനത്തിനും പുലയാട്ടിനും വിധേയമാക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളുടെ ആത്മീയജീവിതത്തെ നശിപ്പിക്കുകയോ, ഏറ്റവും കുറഞ്ഞത് അസ്വസ്ഥമാക്കുകയോ എങ്കിലും ചെയ്യുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കുകയാണ്. വഴിതെറ്റിപ്പോകുന്ന ന്യൂനപക്ഷത്തിന്‍റെ നെറികേടുകളെപ്രതി വിശ്വാസം ജീവിക്കുന്ന ബഹുഭൂരിപക്ഷത്തെയും ചോദ്യം ചെയ്യുന്ന മാധ്യമവിചാരണകളുടെ അസന്തുലിതാവസ്ഥയെയാണ് “മാധ്യമ മതമര്‍ദ്ദനം” എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.

കാരണങ്ങള്‍

മാധ്യമങ്ങളിലൂടെ ഇപ്പോള്‍ അരങ്ങേറുന്നത് മതമര്‍ദ്ദനമാണെങ്കില്‍ അതിന്‍റെ കാരണങ്ങളെന്താകാം? വളരെ അക്രമോത്സുകമായ രീതിയില്‍ വാര്‍ത്തകളെ വളച്ചൊടിച്ചും നിഗൂഢമായ ലക്ഷ്യങ്ങളുണ്ട് എന്ന് സാമാന്യബോധമുള്ളവരെക്കൊണ്ട് തോന്നിപ്പിക്കുംവിധം ചെറുസംഭവങ്ങളെ ഭീകരമാക്കിയും നുണകളെ ആഘോഷമാക്കിയും മാധ്യമങ്ങള്‍ ക്രൈസ്തവവിശ്വാസത്തെ അനാവശ്യചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്പോള്‍ കാരണങ്ങളെപ്പറ്റി പര്യാലോചിക്കുന്നത് യുക്തിസഹമാവില്ലെന്നറിയാം. എങ്കിലും ചില നിഗമനങ്ങളെങ്കിലും ഇവിടെ സാധ്യമാണുതാനും:
– ഭാരതം മുഴുവന്‍ അലയടിക്കുന്ന വര്‍ഗ്ഗീയ ഫാഷിസ്റ്റ് ചിന്തകളുടെ അനുരണനങ്ങളും വര്‍ഗ്ഗീയതയിലധിഷ്ഠിതമായ ഒരു രാഷ്ട്രരൂപത്തെ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഡലക്ഷ്യങ്ങളും…
– അന്ധമായ ക്രൈസ്തവവിരോധം വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ,മത,വര്‍ഗ്ഗീയശക്തികള്‍ മാധ്യമങ്ങളുടെ കൂട്ട് പിടിക്കുകയോ തങ്ങള്‍ക്ക് സാന്പത്തികമോ ഭരണപരമോ ആയ ഭാഗഭാഗിത്വമുള്ള മാധ്യമങ്ങളെ ഈ ലക്ഷ്യത്തിനായി ദുരുപയോഗിക്കുകയോ ചെയ്യുന്നത്…
– വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹ്യസേവനം എന്നീ മേഖലകളിലുള്ള സഭയുടെ അസൂയാവഹമായ സാന്നിദ്ധ്യം – സമാനസ്ഥാപനങ്ങള്‍ നടത്തുന്നവരുടെ സ്വന്തം മാധ്യമങ്ങളും അവരുടെ പരസ്യങ്ങള്‍ സ്വീകരിക്കുന്ന ഇതരമാധ്യമങ്ങളും നടത്തുന്ന നീക്കങ്ങള്‍…
– വിശ്വാസികളെ സഭയില്‍ നിന്നകറ്റി സാന്പത്തികസ്രോതസ്സുകളില്ലാതാക്കി സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന തന്ത്രം…
– സാന്പത്തികമായ ലാഭം നേടാനും പ്രൈം ടൈമില്‍ തങ്ങളുടെ ചാനല്‍ റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനുമായി സമൂഹത്തില്‍ കുലീനരെന്ന് പരിഗണക്കപ്പെടുന്നവരെ ലക്ഷ്യം വക്കുന്നത്…
– സമൂഹത്തില്‍ പ്രബലമെന്ന് കരുതപ്പെടുന്ന വിശ്വാസസംഹിതകള്‍ക്കും സംവിധാനങ്ങള്‍ക്കും ഉപരിയാണ് മാധ്യമങ്ങളെന്നും ഏതൊരു ഉന്നതശക്തിയും തങ്ങളെ ഭയപ്പെടേണ്ടതുണ്ടെന്നും വരുത്തിത്തീര്‍ക്കല്‍…
– ക്രൈസ്തവവിശ്വാസത്തിനെതിരേ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഗൂഢസംഘടനകളുടെയും സാത്താന്‍ സേവകരുടെയും പിണിയാളുകളായി മാറുകയോ അവരുടെ സാന്പത്തികസഹായം കൈപ്പറ്റുകയോ ചെയ്തിട്ടുള്ളത്…

മാര്‍ഗ്ഗങ്ങള്‍

ബഹുവിധ കാരണങ്ങള്‍ പ്രേരകശക്തിയായി വര്‍ത്തിക്കുന്ന “മാധ്യമ മതമര്‍ദ്ദനം” പലവിധ മാര്‍ഗ്ഗങ്ങള്‍ അതിനായി കണ്ടെത്തുന്നുണ്ട്. റോമന്‍ ചക്രവര്‍ത്തിമാര്‍ വിശ്വാസം ത്യജിക്കാന്‍ തയ്യാറാകാതിരുന്നവരെ തലവെട്ടിയും കുരിശില്‍ തറച്ചും കൊല്ലുകയാണ് ചെയ്തത്. കുറേപ്പേരെ വന്യമൃഗങ്ങള്‍ക്ക് ഇരയായി ഇട്ടുകൊടുത്തു. ചിലരെ തിളച്ച എണ്ണയില്‍ വറുത്തെടുത്തു. ഇനിയും ചിലരെ പന്തങ്ങളായി രാത്രിവെളിച്ചത്തിന് കൊട്ടാരമുറ്റത്ത് കത്തിച്ചുനിര്‍ത്തി… എന്നാല്‍, പലവിധ മര്‍ദ്ദനമുറകള്‍ ക്രൈസ്തവര്‍ക്കെതിരേ അരങ്ങേറിയ റോമന്‍ കൊട്ടാരങ്ങളും അതിന്‍റെ അകത്തളങ്ങളും കാലചക്രത്തിരിച്ചിലില്‍ നിര്‍ജ്ജീവമായി. ചക്രവര്‍ത്തിമാരുടെ മണിമാളികകള്‍ പൂപ്പലോടുന്ന ഭിത്തികളായി, അവശിഷ്ടങ്ങളായി പരിണമിച്ചു. ശേഷിക്കുന്ന കൊളോസിയം പോലും തകര്‍ന്നും കല്ലടര്‍ന്നും പോയ കാലത്തിന്‍റെ ക്രൂരതകളുടെ ബാക്കിപത്രമായി പരിഗണിക്കപ്പെടുന്നു.

ആദിമസഭ വിശ്വാസത്തിന്‍റെ പേരില്‍ നേരിട്ട മര്‍ദ്ദനങ്ങള്‍ അതേ രൂപത്തിലല്ലെങ്കിലും വിശ്വാസസജീവിതം നയിക്കുന്നവര്‍ ഇന്നും മാധ്യമങ്ങളിലൂടെ അഭിമുഖീകരിക്കുകയാണ്. സഭാംഗങ്ങളുടെയും – പ്രത്യേകിച്ച് വൈദികരുടെയും സമര്‍പ്പിതരുടെയും – സഭാസ്ഥാപനങ്ങളുടെയും വീഴ്ചകളും പോരായ്മകളും തേടിപ്പിടിച്ചും സ്വാഭാവികകുറവുകളെപ്പോലും കുത്തിപ്പൊക്കിയും വാര്‍ത്തകളാക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നവര്‍ ചിലരുടെയെങ്കിലും മാനുഷികദൗര്‍ബല്യങ്ങളുടെ പേരില്‍ ഒരു സമൂഹത്തെയൊന്നാകെ ഗളച്ഛേദത്തിനും ക്രൂശുമരണത്തിനും വിധിക്കുകയാണ് ചെയ്യുന്നത്. ന്യൂസ് റൂമുകള്‍ കൊളോസിയങ്ങള്‍ക്ക് സമാനമായിത്തീരുന്നു. വിനുവും വേണുവും ഷാനിയും അശ്ലീല ഓണ്‍ലൈന്‍പത്രങ്ങളിലെ പേരുദ്ധരിക്കാനാവാത്ത ചില ക്രൈസ്തവനാമധാരികളും ചക്രവര്‍ത്തിമാരെപ്പോലെ, സേനാധിപന്മാരെപ്പോലെ കൊളോസിയത്തിന്‍റെ ഗാലറികളില്‍ സന്നിഹിതരാകുന്നു. അസത്യത്തിന്‍റെയും കെട്ടുകഥകളുടെയും ആക്രമണങ്ങള്‍ക്കു മുന്നിലേക്ക് പാവം വിശ്വാസികളെ അവര്‍ തുറന്നുവിടുന്നു. അവരുടെ മാംസം കീറുന്നതും എല്ലുകള്‍ ഞെരിയുന്നതും ചോരയൊഴുകുന്നതും കണ്ട് അവര്‍ പൊട്ടിച്ചിരിക്കുന്നു.

ചര്‍ച്ചകളെന്ന ആഭാസത്തിന്‍റെ തിളച്ച എണ്ണയില്‍ അവര്‍ പലരെയും വറുത്തെടുക്കുന്നുണ്ട്. രാത്രിവെളിച്ചത്തിനെന്ന വണ്ണം നിത്യമായി അവരുടെ മുറികളില്‍ കത്തിച്ചു വച്ചിരിക്കുന്ന ചില ക്രിസ്തീയപന്തങ്ങളുണ്ട്. (ഭൂരിഭാഗവും കത്തിത്തീരുന്പോഴും എണ്ണയൊഴിച്ച് അവര്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്ന ഈ കൗതുകജന്മങ്ങള്‍ കരിന്തിരി കത്തിയിട്ടും നാളമണയാത്ത അവരുടെ തലയോട്ടികള്‍ കൊണ്ട് ഇടക്ക് സംസാരിക്കാറുണ്ടത്രേ…). തങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും തങ്ങളുടെ ശരീരത്തിന് തീകൊളുത്തിയിട്ടാണവര്‍ സൗഹൃദസംഭാഷണത്തിലേര്‍പ്പെടുന്നതും തിരിച്ചറിയാന്‍ ആവതില്ലാത്ത ചിലര്‍…

ഉപകരണങ്ങള്‍

തിളച്ച എണ്ണയും തീയും ഹിംസ്രമൃഗങ്ങളും വാളും കുന്തവും കഴുമരവും കുരിശുമെല്ലാം പീഡനത്തിന്‍റെ ഉപകരണങ്ങളായിരുന്നുവെങ്കില്‍ അറിഞ്ഞും അറിയാതെയും തിരുസ്സഭയിലെ നേതൃസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ജീവിതങ്ങളില്‍ സംഭവിക്കുന്ന ആത്മീയവും ധാര്‍മ്മികവുമായ അധപതനങ്ങളാണ് ഇന്ന് പീഡനത്തിന്‍റെ ഉപകരണങ്ങളായിത്തീരുന്നത്. ലൈംഗികതയുടെ അതിപ്രസരമുള്ള ഒരു സംസ്കാരത്തില്‍ അധാര്‍മ്മികചിന്തയുടെയും ജീവിതശൈലിയുടെയും സ്വാധീനങ്ങള്‍ സഭാജീവിതത്തിലും പ്രകടമാണ്. അതിനാല്‍ ഈ മേഖലയിലുണ്ടാകുന്ന മാനുഷികമായ വീഴ്ചകളില്‍ നിന്ന് മറ്റേതൊരു സമൂഹത്തേയും പോലെ, ഏതൊരു വ്യക്തിയെയും പോലെ തിരുസ്സഭയും മുക്തമല്ല. എന്നാല്‍ നവമാധ്യമങ്ങളുടെ കാലത്ത് അവ അതിവേഗം തിരിച്ചറിയപ്പെടുകയും പങ്കുവെക്കപ്പെടുകയും വാര്‍ത്തയാവുകയും ആ വാര്‍ത്ത വളച്ചൊടിക്കപ്പെടുകയും തിരുസ്സഭ പ്രതിസന്ധിയിലകപ്പെടുകയും ചെയ്യുന്നു.

ഏതൊരാളുടെ പരാതിയെയും തിരുസ്സഭക്കെതിരാക്കി മാറ്റാന്‍ കഴിയുന്ന അസമാന്യമായ പാടവം മാധ്യമങ്ങള്‍ക്കുണ്ട്. ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ്പ് ചര്‍ച്ചാവിഷയമായപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച റേറ്റിംഗ് അവരെത്തന്നെ അത്ഭുതപ്പെടുത്തി. ഈയൊരൊറ്റക്കാരണത്താലാണ് അടുത്തിടെ ഒരു ലാറ്റിന്‍ ബിഷപ്പുമായി ബന്ധപ്പെട്ട കേസ് വാര്‍ത്തയായപ്പോഴും സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് അതിലേക്ക് വലിച്ചിഴക്കപ്പെട്ടത്. സന്പത്തിന്‍റെ ദുര്‍വിനിയോഗം, ലൈംഗികചൂഷണം, കൂദാശകളുടെ ദുരുപയോഗം എന്നിവ ക്രൈസ്തവസഭാദണ്ഡനത്തിന് മാധ്യമങ്ങള്‍ ഇന്നുപയോഗിക്കുന്ന അഭിനവഉപകരണങ്ങളാണ്. മാധ്യമങ്ങളുടെ ക്രൂരവിനോദത്തിന് ഉപകരണങ്ങളാകാന്‍ സ്വയം വിട്ടുകൊടുക്കുന്ന ആത്മഹത്യാപരമായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതുണ്ട്. പക്ഷേ, ദൗര്‍ബല്യങ്ങളുടെ മദ്ധ്യത്തിലുള്ള ഈ മനുഷ്യജീവിതത്തിന് ഇതെത്രമാത്രം സാദ്ധ്യമാകുമെന്നത് കാത്തിരുന്ന് കാണണം. മാധ്യമങ്ങള്‍ വിശ്വാസദണ്ഡനത്തിനുപയോഗിക്കുന്ന ചില ഉപകരണങ്ങള്‍:

– സഭാജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍
– അവയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍
– അവക്ക് നല്കുന്ന പരമാവധി പബ്ലിസിറ്റി
– യാഥാര്‍ത്ഥ്യത്തിന് മേല്‍ നിര്‍മ്മിച്ചെടുക്കുന്ന കള്ളങ്ങള്‍
– കേസുകള്‍ അന്വേഷിക്കപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്യുന്നതിനു മുന്പുള്ള വിധിയെഴുത്തുകള്‍
– വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തവരെ വച്ച് നടത്തുന്ന ചര്‍ച്ചകള്‍ (പലപ്പോഴും സഭാപരമായ കാര്യങ്ങളുടെ ചര്‍ച്ചക്ക് സഭാസംവിധാനങ്ങളില്‍ നിന്ന് പുറത്ത് പോയവരും അതിനെതിരേ പ്രവര്‍ത്തിക്കുന്നവരുമാണ് എത്തുന്നത്)
– നിശിതവും രൂക്ഷവുമായ ആരോപണങ്ങള്‍
– സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത പരാമര്‍ശങ്ങള്‍
– സത്യം പുറത്തുവന്നാലും അതിന് പ്രധാന്യം നല്കാത്ത അവസ്ഥ

സമാപനം
(പരിഹാരങ്ങള്‍ സാദ്ധ്യമോ?)

“പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ”… ഈശോയുടെ കുരിശിലെ പ്രാര്‍ത്ഥന…
ചുരുക്കത്തില്‍, മതമര്‍ദ്ദനങ്ങള്‍ക്ക് പരിഹാരമില്ല. കാരണം, അവ ദൈവത്താല്‍ അനുവദിക്കപ്പെടുന്നവയാണ്. സഭയുടെ ഗുണപരമായ വളര്‍ച്ചക്കും തെറ്റുതിരുത്തലിനും ആത്മീയതയിലുള്ള പരിശീലനത്തിനും സഹനങ്ങള്‍ സഹായകമാകും. സഭാപിതാവായ തെര്‍ത്തുല്യന്‍റെ വാക്കുകള്‍ നാം അനുസ്മരിക്കാറുണ്ടല്ലോ, “രക്തസാക്ഷികളുടെ ചുടുനിണം വീണുകുതിര്‍ന്ന മണ്ണില്‍ സഭാതരു തഴച്ചുവളര്‍ന്നു”. ക്രൂരവും നിശിതവുമായ അക്രമങ്ങള്‍ – അവ ഏതു രൂപത്തിലുള്ളവയാണെങ്കിലും, എത്രമാത്രം രക്തം ചിന്താന്‍ അവ ഇടയായിട്ടുണ്ടെങ്കിലും – തിരുസ്സഭയുടെ അതിശക്തമായ വളര്‍ച്ചക്ക് കാരണമായിത്തീരും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തിരുസ്സഭ അനുഭവിച്ച യാതൊരുവിധ സഹനങ്ങളും പീഡനങ്ങളും കേരളസഭ നേരിട്ടിട്ടില്ല. അതിനാല്‍ത്തന്നെ ആധുനികയുഗത്തിന്‍റെ സവിശേഷമായ മതമര്‍ദ്ദനത്തിന് വിധേയരാകാന്‍ കേരളക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നു. കേരളസഭയുടെ വലിയ ആന്തരികനവീകരണത്തിന്‍റെയും അതുവഴിയുണ്ടാകേണ്ട വളര്‍ച്ചയുടെയും നിദാനമായി ഇവയെ കാണാനാകണം. ആദിമക്രൈസ്തവര്‍ക്ക് ഏറ്റവും വലിയ പീഡനം ജീവന്‍ നഷ്ടപ്പെടുമെന്നുള്ള ഭയമായിരുന്നുവെങ്കില്‍ കേരളക്രൈസ്തവര്‍ക്ക് അഭിമാനക്ഷതവും പൊതുജനമദ്ധ്യത്തിലുള്ള അപമാനവുമാണ് പീഡനം… നാം ഇതേറ്റെടുക്കേണ്ടിയിരിക്കുന്നു… ലോകം മുഴുവന്‍റെയും പാപത്തിനുവേണ്ടി നിന്ദാപമാനങ്ങള്‍ പേറിയ മിശിഹായാണ് നമ്മുടെ ദൈവം… മറ്റുള്ളവരുടെ പാപഭാരമാകുന്ന കുരിശും വഹിച്ചുകൊണ്ട് അവിടുന്ന നടത്തിയ കാല്‍വരിയാത്രയുടെ ആവര്‍ത്തനമാണ് നമ്മുടെ ജീവിതം… വീണുപോകുന്നവര്‍ക്കുവേണ്ടിയാണ് ഈ സഹനം എന്ന് നമുക്ക് ആശ്വസിക്കാം. നില്‍ക്കുന്നു എന്ന് ആത്മവിശ്വാസമുള്ളവര്‍ വീഴാതിരിക്കാനാണ് നമ്മുടെ പ്രാര്‍ത്ഥന എന്ന് നമുക്കുറപ്പിക്കാം. ദുഷ്ടന്‍റെയും ശിഷ്ടന്‍റെയും മേല്‍ ഒന്നുപോലെ സൂര്യനെ ഉദിപ്പിക്കുന്ന ദൈവം തന്നെ തിന്മചെയ്യുന്നവരെ വിധിക്കട്ടെ… നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ വീണെഴുന്നേറ്റവര്‍ക്കും അകാരണമായി പീഡിപ്പിക്കപ്പെട്ടവര്‍ക്കും നമ്മുടെ സഹനങ്ങള്‍ക്കും അവിടുന്ന് പ്രതിഫലം നല്കട്ടെ….

ആദിമസഭയുടെ പ്രാര്‍ത്ഥനയില്‍ നമുക്കും പങ്കാളികളാകാം. എന്‍റെ കര്‍ത്താവേ, വേഗം വരണമേ, ആമ്മേന്‍.

✍️Noble Thomas Parackal

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.