Uncategorized

ചോര പൊടിഞ്ഞ വാക്ക്

ചോര പൊടിഞ്ഞ വാക്ക്

Servant of God Archbishop Mar Ivanios

ഇന്നലെ ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ അറുപത്തഞ്ചാം ഓർമ്മപ്പെരുനാളായിരുന്നു. പട്ടം കത്തീഡ്രൽ ദൈവാലയത്തിൽ വന്ദ്യപിതാവിന്റെ കബറിടത്തിൽ ശനിയാഴ്ചയായിരുന്നു തിരുനാളാചരണം. പ്രഭാതത്തിൽ പ്രാർത്ഥനകൾ ആരംഭിക്കുന്നതിനും ഏറെമുമ്പു തന്നെ വിശ്വാസികൾ കൂട്ടം കൂട്ടമായി കബറിടത്തിലേക്ക് എത്താൻ തുടങ്ങിയിരുന്നു. വിശുദ്ധ കുർബാനയ്ക്ക് തിരുവസ്ത്രമണിയാൻ കബർ ചാപ്പലിൽ സഹവൈദികർക്കൊപ്പം കാത്തിരിക്കുമ്പോഴാണ് മൈക്കിലൂടെ പതിവുള്ള അറിയിപ്പുകൾ വന്നത്. തിരുനാളിനു വന്നവർക്കുള്ള പൊതു നിർദ്ദേശങ്ങൾക്കിടയിൽ പതിവുപോലെ കുമ്പസാരത്തെക്കുറിച്ചുള്ള അറിയിപ്പുമുണ്ടായിരുന്നു.

ചിരപരിചിതമെങ്കിലും അപ്പോൾ കേട്ടപ്പോൾ കുമ്പസാരമെന്ന ആ വാക്ക്, മൂർച്ചയുള്ള ഒരായുധം കൊണ്ട് ഹൃദയത്തിൽ വരഞ്ഞ പോലെ ഒരു തോന്നലുണ്ടാക്കി. സമകാലികരിൽ ചിലർ വൃത്തികെട്ട ഭാവനയുടെ പല്ലിടകൾക്കിടയിലിട്ട് ചവച്ചു തുപ്പി അശ്ലീലമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു വാക്കായി മാറിക്കഴിഞ്ഞിരുന്നു അത്. വർത്തമാനകാല സംഭവങ്ങളുടെ തർക്കവിതർക്കങ്ങൾക്കിടയിൽ പെട്ടു മുറിവേറ്റു ചോര പൊടിഞ്ഞു തുടങ്ങിയ ആ വാക്കിനെയോർത്ത് ഉള്ളിൽ വല്ലാതെ കയ്പു നിറയാൻ തുടങ്ങിയിരുന്നു. കുമ്പസാരം നടക്കുന്ന ഇടങ്ങളിലേക്ക് ആരുമറിയാതെ ഉദ്യേഗത്തോടെ കണ്ണുകൾ പാഞ്ഞു. ഒന്നും മാറിയിട്ടില്ല; എല്ലാം പതിവുപോലെ തന്നെ! നിരവധിയാളുകൾ കുമ്പസാരിക്കാൻ കാത്തുനിൽക്കുന്നുണ്ട്. ഒരു ദീർഘനിശ്വാസമുതിർത്ത് കണ്ണുകൾ പിൻവലിച്ച് തെല്ലാശ്വാസത്തോടെ തലകുമ്പിട്ടിരുന്നു. ഒരായിരം നുണകളുടെ കരിമ്പടം കൊണ്ടു പൊതിഞ്ഞുവച്ചാലും സത്യം നഗ്നമായിത്തന്നെ അവശേഷിക്കും.

സെമിനാരിക്കാലത്ത് ഏറ്റവും ഗൗരവത്തോടെ പഠിച്ച ഒരു വിഷയമാണ് ‘കുമ്പസാരം.’ ഒരു വൈദികനാവാനുള്ള മറ്റെല്ലാ പരിശീലനവും ഏതാണ്ടു പൂർത്തിയാക്കി, പൗരോഹിത്യ സ്വീകരണത്തിനു മുമ്പുള്ള പൂർണ്ണ ശെമ്മാശ്ശ സ്ഥാനമായ ‘ഡീക്കൻ’ പട്ടവും നൽകിയ ശേഷമാണ് കുമ്പസാരത്തെക്കുറിച്ചു പഠിപ്പിക്കാറുള്ളത്. തിരുവനന്തപുരത്തെ മലങ്കര മേജർ സെമിനാരിയിൽ ഞങ്ങൾക്കു ക്ലാസ്സെടുത്തതാകട്ടെ തൃശ്ശൂർ അതിരൂപതയിൽപ്പെട്ട, കേരളത്തിലെ എണ്ണം പറഞ്ഞ ദൈവശാസ്ത്ര പണ്ഡിതൻമാരിൽ ഒരാളായ വർഗ്ഗീസ് ഊക്കനച്ചനാണ്. പേരുപോലെ തന്നെ ക്ലാസും ‘ഊക്കൻ’! അധ്യാപകനും അധ്യയനവും ഊക്കനാണെങ്കിൽ അതിന്റെ പരീക്ഷയെക്കുറിച്ചു പറയേണ്ടതില്ലല്ലോ; സംഗതി ഇത്തിരി കടുക്കും! ദൈവത്തിന്റെയോ മനുഷ്യരുടേയോ മനസ്സാക്ഷിയുടേയോ മുമ്പിൽ ഒരാൾ എന്തുകൊണ്ടാണ് തെറ്റുകാരനാവുന്നതെന്നും അതിനുള്ള ദൈവികമായ പരിഹാരമെന്തെന്നും മുന്നിൽ മുട്ടുകുത്തുന്നയാളിന്റെ ആത്മസ്ഥിതി മനസ്സിലാക്കി കൃത്യമായി പറഞ്ഞു കൊടുത്ത് ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളീ വിഷയത്തിൽ പരാജയപ്പെടും; പൗരോഹിത്യ സ്വീകരണത്തിന് നിങ്ങൾ അയോഗ്യനുമായിത്തീരും. അതുകൊണ്ട് കഷ്ടപ്പെട്ടു പഠിച്ചേ മതിയാവൂ! യാതൊരു വിട്ടുവീഴ്ചയുമില്ല അക്കാര്യത്തിൽ! കത്തോലിക്കാ സഭയുടെ എല്ലാ സെമിനാരികളിലും ഈ വിഷയം കൈകാര്യം ചെയ്യുന്നത് അത്രമേൽ ഗൗരവത്തോടെയാണ്. അതിനാൽ അത്ര ലാഘവത്തോടെ കുമ്പസാരം കൈകാര്യം ചെയ്യുന്ന പുരോഹിതർ വളരെ വിരളമായിരിക്കും.

കുമ്പസാരിപ്പിക്കുന്നവർക്കു മാത്രമല്ല കുമ്പസാരിക്കുന്നവർക്കുമുണ്ട് ചിലതൊക്കെ പഠിക്കാൻ. കുമ്പസാരത്തെക്കുറിച്ചുള്ള വേദപാഠം കൃത്യമായി പഠിക്കാതെ, നന്നായി ഒരുങ്ങാതെ ഒരു വിശ്വാസിക്കും തന്റെ ആദ്യ കുമ്പസാരം നടത്താൻ സഭയിൽ അനുവാദമില്ല.

പത്തുവർഷം തിരുവസ്ത്രമിട്ട് കുമ്പസാരക്കൂട്ടിലിരുന്നതിന്റേയും പത്തിരുപത്തഞ്ചു വർഷമായി അവിടെ മുട്ടുകുത്തുന്നതിന്റേയും എളിയ അനുഭവത്തിന്റെ പിൻബലത്തിൽ പറയട്ടെ, സിനിമകളിൽ നിലവാരമില്ലാത്ത കോമഡിക്കു വേണ്ടി പടച്ചു വിടുന്ന വികൃതമായ കുമ്പസാര അനുകരണങ്ങൾക്കും ചാനലുകളിൽ റേറ്റിംഗ് കൂട്ടാൻ വേണ്ടി രാഷ്ട്രീയവർഗ്ഗീയ മസാലക്കൂട്ടുകൾ സമാസമം കൂട്ടിക്കുഴച്ചു ചുട്ടെടുത്ത് അന്തിക്കു വിൽക്കുന്ന വികലമായ ചർച്ചകൾക്കും യാഥാർത്ഥ്യത്തിൽ നിന്നും ഒരുപാടു ദൂരമുണ്ട്! വിശുദ്ധമായ ഒരാത്മീയ ക്ഷാളനത്തെ അടുക്കളയിൽ എച്ചിൽപ്പാത്രം കഴുകുന്ന നിയമങ്ങൾ കൊണ്ടളക്കരുത്! ആരെങ്കിലും ആത്മീയതയെ വ്യഭിചരിച്ചിട്ടുണ്ടെങ്കിൽ നിങ്ങളവരെ കല്ലെറിഞ്ഞു കുരിശേറ്റിക്കോളൂ. പക്ഷെ കുമ്പസാരമെന്ന കൂദാശയേയും ദൈവവിശ്വാസത്തെയും വെറുതെ വിട്ടേക്കുക. കാരണം അപഭ്രംശങ്ങളുണ്ടാവുന്നത് മാനുഷിക ബലഹീനതകൾ മൂലമാണ്.

എത്ര തകർന്നും ഉലഞ്ഞുമാണ് ജനം കുമ്പസാരക്കൂടിന്റെ പടി കയറി വരുന്നതെന്നറിയാമോ? ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ പറ്റിപ്പോയ പിഴവുകളുടെ, മറ്റാരും ഏറ്റെടുക്കാനില്ലാത്ത ഭാരങ്ങൾ ഒന്നിറക്കി വയ്ക്കാൻ എത്തുന്ന നിസ്സഹായരായ മനുഷ്യരാണവർ. പിഴവുകൾ മാത്രമല്ല, വേദനകളും സങ്കടങ്ങളും പരാതികളും പരാധീനതകളും രോഗദുരിതങ്ങളുമൊക്കെ ചോർന്നൊലിച്ചു വീഴാറുള്ള ഇടം കൂടിയാണ് കുമ്പസാരക്കൂട്. അഭയം തേടി വരുന്ന അത്തരം മനുഷ്യരുടെ ഉള്ളിലേക്ക് കുമ്പസാരമാണ് ലോകത്തിലെ ഏറ്റവും വലിയ തിന്മയെന്നവണ്ണം വിഷം കുത്തി വയ്ക്കുന്നതെന്തിനാണ്?

ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവചരിത്രം പരിശോധിച്ചാലറിയാം, കുമ്പസാരമെന്ന കൂദാശ ഇല്ലായിരുന്നുവെങ്കിൽ ഒരു ഫ്രാൻസിസ് പാപ്പയെ ഒരുപക്ഷേ ലോകത്തിനു ലഭിക്കുമായിരുന്നില്ല. ഒരു കുമ്പസാരം കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിന്നു രക്ഷപെട്ടവരുണ്ട്. ആസക്തികളുടെ പിടിയിൽ നിന്നു മോചിതരായവരുണ്ട്. ദു:ശ്ശീലങ്ങളെ തോൽപ്പിച്ചവരുണ്ട്. തകർന്നു പോകാമായിരുന്ന കുടുംബങ്ങളെ പിടിച്ചു നിർത്തിയവരുണ്ട്. നിരാശയും രോഗവും ദുരിതവും വിട്ടൊഴിഞ്ഞവരുണ്ട്. കുമ്പസാരമെന്ന കൂദാശയിൽ നിന്നു കൃപ സ്വീകരിച്ച് ദൈവത്തിലേക്കും ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും മടങ്ങിപ്പോയ അനേകായിരം മനുഷ്യരുണ്ട്. മുന്നിൽ വന്നു മുട്ടുകുത്തി പറ്റിപ്പോയ വീഴ്ചകളെക്കുറിച്ച് തൊണ്ടയിടറിയും കണ്ണുനനഞ്ഞും അവർ പറഞ്ഞൊപ്പിക്കുമ്പോൾ സഹതാപവും അലിവും സ്നേഹവും മാത്രമേ തോന്നാറുള്ളൂ ക്രിസ്തുവിന്റെ ഛായയുള്ള നല്ല പുരോഹിതർക്ക്. മറിച്ചെന്തെങ്കിലും തോന്നുന്നത് സീസറിന്റെ രൂപവും ലിഖിതവുമുള്ള കള്ളനാണയങ്ങൾക്കാണ്. എല്ലാ കമ്മട്ടത്തിലുമുണ്ടല്ലോ പണിക്കുറവുള്ള കള്ളനാണയങ്ങൾ!

ഓർമ്മപ്പെരുനാളിന്റെ സമാപനാശീർവാദത്തിനു തൊട്ടുമുമ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തിരുമേനി സങ്കടത്തോടും ആശങ്കയോടും കൂടി പറഞ്ഞു നിർത്തിയ അവസാന വാചകം ഉള്ളിൽ മായാതെ കിടക്കുന്നു, “സഭയ്ക്കെന്തെങ്കിലും പ്രശ്നം വരുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് മാനുഷിക ബലഹീനതകളല്ല, മറിച്ച് സഭയുടെ അസ്തിത്വവും ദൈവവിശ്വാസവും കൂദാശകളുമൊക്കെയാണ്.” അദ്ദേഹം ചൂണ്ടിക്കാട്ടിയ ആ അപകടത്തെയും നീതിനിഷേധത്തെയും തരണം ചെയ്യുക എന്നതാണ് സഭയ്ക്ക് ഇന്നുള്ള വെല്ലുവിളി.

കുറ്റം ചെയ്തവർ ആരായാലും വിചാരണ നേരിട്ട് മാതൃകാപരമായി ശിക്ഷിക്കപ്പെടണം. യഥാർത്ഥത്തിൽ ഇരയാക്കപ്പെട്ടവർക്ക് നീതിയും ആശ്വാസവും സംരക്ഷണവും ലഭിക്കുകയും വേണം. സഭ അതിനൊന്നും ഒരു ശതമാനം പോലും എതിരല്ല. ഇത്തരം വീഴ്ചകളോട് വിട്ടുവീഴ്ചയില്ലാത്ത അസഹിഷ്ണുത പുലർത്തുക എന്നതു തന്നെയാണ് സഭയുടെ നിലപാട്.

പക്ഷെ വികലമായ വിശകലനങ്ങളുടെയും അന്ധമായ വിമർശനങ്ങളുടെയും മുൻഗണനകൾ കുറ്റവാളിയിൽ നിന്നും ഇരയാക്കപ്പെട്ടവരിൽ നിന്നും മാനുഷികമായ ബലഹീനതകളിൽ നിന്നും വ്യതിചലി(പ്പി)ച്ച്, ഒരു സമൂഹം പവിത്രമായ കരുതുന്ന വിശ്വാസത്തിനു മേലുള്ള ബോധപൂർവ്വമായ ഒരധിനിവേശവും അവഹേളനവുമായി പരിണമിക്കുന്നത് പുതിയ കുരിശുയുദ്ധങ്ങൾക്കു വഴിതെളിച്ചേക്കാം. വർഗ്ഗീയതയും മതവിദ്വേഷവും ഭിന്നതയും വിതച്ച് കലാപങ്ങൾ കൊയ്തെടുത്ത സംസ്കാരങ്ങളൊന്നും അധിക കാലം നിലനിന്നിട്ടില്ലെന്നും ആധിയോടെ നമുക്ക് ഓർമ്മിക്കാം. ‘വിമർശിച്ചു മുറിവേൽപ്പിക്കുന്നതാണ് ഇന്നിന്റെ ഏറ്റവും വലിയ ശാപ’മെന്ന് അഭിപ്രായപ്പെട്ട ബോബി ജോസ് കട്ടികാട് അച്ചന്റെ വാക്കുകൾ കൂടി ഇപ്പോൾ ഓർമ്മിക്കുന്നു.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.