Uncategorized

മേരിയുടെ കഥ

IMG-20180716-WA0013.jpg

ഇതൊരു സിനിമക്കഥയെ വെല്ലുന്ന ജീവിതം. ശരീരം തളര്‍ന്ന് ചലനമില്ലാത്ത ഭാര്യമേരിക്കുവേണ്ടി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ജീവിക്കുന്നൊരു ഭര്‍ത്താവ്. കഥയല്ലിത് ജീവിതം.
————————————————————————————
👉ചെറിയ കാര്യങ്ങള്‍ക്ക് പോലും വിവാഹമോചനം വേണമെന്ന് വാശിപിടിക്കുന്നവര്‍ കോഴിക്കോട് ജില്ലയിലെ ഓഞ്ഞില്‍ ചെകിടനാനിക്കല്‍ ജോസഫിന്റെയും മേരിയുടെയും കഥ കേട്ടാലും.

👉 കേഴ്‌വിശക്തിയും സംസാരശക്തിയും നഷ്ടപ്പെട്ട് ശരീരംമുഴുവന്‍ തളര്‍ന്നുപോയ ഭാര്യ മേരിക്കുവേണ്ടി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ജോസഫ് ജീവിക്കുകയാണ്. ഭാര്യ ലോകകാര്യങ്ങളെല്ലാം അറിയാന്‍ ഭര്‍ത്താവ് എഴുതിയത് 40 ഓളം നോട്ട് ബുക്കുകള്‍…..

👉ഇന്ന് ഭാര്യമേരിക്ക് ചെവി കേള്‍ക്കാനാവില്ല. മിണ്ടാനും പറ്റുന്നില്ല. ശരീരമാസകലമുളള കോശങ്ങളെല്ലാം നിര്‍ജീവമായെന്ന് പറയാം. എന്നിട്ടും ഭാര്യയുടെ വിരല്‍പിടിച്ച് പരുക്കന്‍ ബഡ്ഷീറ്റില്‍ എഴുതി ജോസഫും മേരിയും സംസാരിക്കുന്നു.

👉 ഭാര്യയുടെ മലമൂത്രാദികളെടുത്തും കിടക്കവിരിമാറ്റിയും എല്ലാ ദിവസവും കുഴമ്പ് പുരട്ടി കുളിപ്പിച്ചും മൂന്ന് നേരം ഭക്ഷണം വിളമ്പിയും ജോസഫ് ഭാര്യക്കൊപ്പം തന്നെയുണ്ട്. ഇത്തരമൊരു ജീവിതത്തെ പഴിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ചിരിച്ചുകൊണ്ടാണ് ജോസഫിന്റെ മറുപടി. ”ജീവിതം ഇപ്പോള്‍ കൂടുതല്‍ മനോഹരമാണ്.”

1993ലായിരുന്നു ആ സംഭവം. തികച്ചും അപ്രതീക്ഷിതമായി രാവിലെ പത്തുമണിയോടെ മേരി തലചുറ്റി വീണു വീണു. ജോസഫ് ചെമ്പനോടയില്‍ അക്കാലത്ത് ഹോട്ടല്‍ നടത്തുകയാണ്. വളരെ നന്നായി നടക്കുന്ന ഹോട്ടല്‍. പത്തുപന്ത്രണ്ടോളം സ്റ്റാഫ്.

അയല്‍വാസികളാണ് കടയില്‍ വന്ന് ഭാര്യ തലചുറ്റിവീണകാര്യം പറയുന്നത്. കേട്ടപ്പോള്‍ തന്നെ ജോസഫ് മറ്റൊന്നും ആലോചിച്ചില്ല. വേഗം വീട്ടിലേക്കോടി. ഭാര്യയെയും കൂട്ടി പേരാമ്പ്രയിലെ പ്രമുഖനായൊരു ഡോക്ടറെ കണ്ടു. അദേഹം മരുന്ന് കൊടുത്ത് തിരിച്ചയച്ചു. ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് ഡോക്ടര്‍ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിറ്റേന്നും അതേസമയം ആയപ്പോള്‍ ഛര്‍ദിയും തലചുറ്റലുമുണ്ടായി. പഴയതുപോലെ ഉടനെ തന്നെ പേരാബ്രയിലേക്കോടി. തലേന്ന് കാണിച്ച ഡോക്ടര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വിവരമെല്ലാം പറഞ്ഞ് മറ്റൊരു ഡോക്ടറോട് മരുന്നുവാങ്ങി. അദേഹവും മൂന്ന് ദിവസത്തെ മരുന്നിന് കുറിച്ച് തന്നു. എന്നാല്‍ മൂന്ന് ദിനം കഴിഞ്ഞതോടെ സംഗതി കൂടുതല്‍ വഷളായി തീരുകയാണ് ചെയ്തത്. മേരിക്ക് നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുന്ന അവസ്ഥയായി. ഇടക്കിടെ വീഴും.

ഇതിനെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞത്, ശരീരത്തെ നിയന്ത്രിക്കുന്ന ചെവിക്കുളളിലെ ഫഌയിഡിന്റെ തകരാറാണെന്നാണ്. ഇതു ചിലപ്പോള്‍ കേള്‍വിയെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദേഹം ഓര്‍മ്മിപ്പിച്ചു. ഡോക്ടര്‍ ശുപാര്‍ശ ചെയ്തത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രമുഖനായ ഇ. എന്‍.ടി പ്രൊഫസറെ കാണാനാണ്. ജോസഫ് അദേഹത്തെ പോയി കണ്ടു. കേള്‍വി പരിശോധിച്ചശേഷം അദേഹം ഒരുമാസത്തെ മരുന്നിന് കുറിച്ച് തന്നു.

ഒരുമാസമല്ല, ഒരുവര്‍ഷത്തോളം ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ കഴിച്ചിട്ടും മേരിയുടെ ശരീരത്തിന് ബാലന്‍സ് കിട്ടിയില്ല. മാത്രവുമല്ല, ചെവിയില്‍ നിന്നും ശക്തമായ മൂളല്‍ കേള്‍ക്കുന്നതായും വലതുകണ്ണിന് കടുത്ത വേദന അനുഭവപ്പെടുന്നതായും മേരി പറയാന്‍ തുടങ്ങി

നേത്രരോഗവിദഗ്ദനെ കണ്ടപ്പോള്‍ അദേഹം പരിശോധന നടത്തി പറഞ്ഞത് കണ്ണിനുളളില്‍ ടി.ബിയാണെന്നാണ്. അതിന് ഒമ്പതുമാസത്തെ ചികിത്സയാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. അങ്ങനെ മരുന്ന് തീരുവാന്‍ പത്തുദിവസം മാത്രമുളളപ്പോള്‍ മേരിക്ക് വീണ്ടും തലചുറ്റലും ഛര്‍ദിയുമുണ്ടായി. രണ്ടു കണ്ണിനും ചുട്ടുപൊള്ളുന്ന നീറ്റല്‍. വെളിച്ചം കാണാതിരുന്നാലാണ് ആശ്വാസം. അതിനാല്‍ ലൈറ്റ് അണിച്ച് ജനലും വാതിലും പൂട്ടി കണ്ണടച്ച് മേരി ഇരുന്നു. പലരും പറഞ്ഞതനുസരിച്ച് ജോസഫ് ആയുര്‍വേദവും ഹോമിയോയും പരീക്ഷിച്ചു. കണ്ണിന് ആശ്വാസം കിട്ടാന്‍ അങ്കമാലി മുതല്‍ മധുരവരെയുള്ള കണ്ണാശുപത്രികളില്‍ പോയി. മരുന്ന് കഴിക്കുന്ന അവസരത്തില്‍ അല്പം ആശ്വാസമുണ്ടാകുമെന്നല്ലാതെ രോഗം മാറുന്നില്ല.

കുട്ടികളുടെ പഠനവും കടയിലെ അധ്വാനവും ചികിത്സയുമെല്ലാമായി അപ്പോഴേക്കും ജോസഫിന്റെ സാമ്പത്തിക നിലതകര്‍ന്നുകഴിഞ്ഞിരുന്നു.

വീണ്ടും മേരിയുടെ നില കൂടുതല്‍കൂടുതല്‍ പരുങ്ങലിലാകുകയായിരുന്നു. ശരീരത്തിലെ സന്ധികള്‍ മുഴുവനും നീര്‍ക്കെട്ടും കഴുത്തിന് വേദനയും കാലുകള്‍ക്ക് മരവിപ്പും തുടങ്ങി. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ 22 ദിവസം നീളുന്ന ചികിത്സ. എന്നിട്ടും ശരീരത്തിനൊരു ആശ്വാസമാകുന്നില്ല. അങ്ങനെ മേരിയുമായി, ജോസഫ് മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രിയിലേക്ക് പുറപ്പെട്ടു. നിരവധി ടെസ്റ്റുകള്‍ക്ക് ശേഷം ഡോക്ടര്‍ ജോസഫിനോട് പറഞ്ഞു. നിങ്ങളുടെ ഭാര്യക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന രോഗമാണ് ഉണ്ടായിരിക്കുന്നത്. ലക്ഷം ആളുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം ബാധിക്കുന്ന രോഗം. തീര്‍ത്തും മാറുകയില്ല. നിയന്ത്രിച്ച് കൊണ്ടുപോകാന്‍ പരിശ്രമിക്കാം എന്ന് മാത്രം. അപ്പോഴേക്കും മേരിയുടെ കണ്ണ് പഴുത്ത് ദ്രവിച്ച് പോകുന്ന അവസ്ഥയിലെത്തിയിരുന്നു. ചെവിയുടെ അവസ്ഥയും ഏതാണ്ട് ഇതേ രീതിയില്‍ തന്നെ. രോഗിയുടെ ആശ്വാസത്തിനുവേണ്ടി മണിപ്പാല്‍ ആശുപത്രി ഒന്നടങ്കം ഉണര്‍ന്നു. ആശുപത്രിയിലെ രണ്ട് യൂണിറ്റ് പ്രോഫസര്‍മാരും നിരവധി ഡോക്ടേഴ്‌സും. അവര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ഒരുമാസം കൊണ്ട് മേരിക്ക് വളരെ ആശ്വാസമായി എന്ന് പറയാം.

തുടര്‍ന്നുള്ള ചികിത്സയിലൂടെ സൗഖ്യം കുറെയൊക്കെ കിട്ടിത്തുടങ്ങി. ചെവിക്ക് അല്പം കേഴ്‌വിക്കുറവുണ്ടെങ്കിലും വലിയ വേദനയും പ്രയാസവുമൊന്നുമില്ലാതെ മൂന്ന് വര്‍ഷങ്ങള്‍കടന്നുപോയി. ജീവിതം പഴയതുപോലെ പച്ചപ്പിലേക്ക് നീങ്ങി എന്ന് ജോസഫ് ആശ്വസിച്ച നാളുകള്‍. എന്നാല്‍ ആശ്വാസം മാരീചിക മാത്രമായിരുന്നു.

ഒരു ദിവസം മേരിയുടെ കാലിലും കൈത്തണ്ടയിലും തീകൊണ്ട് പൊള്ളിയതുപോലെ കുമളകളുണ്ടാകാന്‍ തുടങ്ങി. അധികം വൈകാതെ അതുപൊട്ടി പഴുപ്പും രക്തവും വന്നു. അസഹ്യമായ വേദനയുടെ നാളുകള്‍. വ്രണങ്ങള്‍ അതിവേഗം ശരീരത്തിന്റെ മറ്റുഭാഗത്തേക്കും വ്യാപിച്ചു. ശക്തമായ ആന്റി ബയോട്ടിക്കുകളും വേദനാസംഹാരികളും കൊടുത്തിട്ടും വ്രണങ്ങള്‍ ക്ലീന്‍പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. മെഡിക്കല്‍ കോളജില്‍ നിന്നും അധികൃതരോട് അനുവാദം വാങ്ങി കുറെക്കൂടി സൗകര്യപ്രദമായ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ജോസഫ് മേരിയെയും കൂട്ടി പോയി.

ഇവിടെ നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതൊരിക്കലും ഉണങ്ങാത്ത വാസ്‌കുലേറ്റീവ് അള്‍സര്‍ ആണെന്നാണ്. കുറച്ചെങ്കിലും ആശ്വാസം കിട്ടുന്നതുവരെ അവിടെത്തന്നെ കിടക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. 46 ദിവസം കഴിഞ്ഞപ്പോള്‍ അവിടെനിന്നും ഡിസ്ചാര്‍ജും വാങ്ങി വീണ്ടും ജോസഫ് മണിപ്പാലിലേക്ക് തന്നെ പോയി.

ശരീരത്തിലെ വ്രണങ്ങള്‍ കാരണം ശരിക്കും വസ്ത്രംപോലും ധരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മേരിയെയും കൊണ്ട് മണിപ്പാലിക്ക് പോകുന്നത്. റിസല്‍ട്ട് പഴയതുതന്നെ. വ്രണങ്ങള്‍ കരിയാന്‍ സാധ്യതയില്ല. ഈ നാളുകളില്‍ കഠിനമായ വേദനാസംഹാരികളുടെ ഉപയോഗം മൂലം ശാരീരികമായി മേരി വല്ലാതെ തളര്‍ന്നിരുന്നു. അതുകൊണ്ട് മണിപ്പാലിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശുദ്ധിചെയ്ത ഉപ്പുവെള്ളംകൊണ്ട് വ്രണങ്ങള്‍ കഴുകുകയും തുടര്‍ന്ന് പ്ലാസ്റ്റര്‍ ഒട്ടിച്ച് പഞ്ഞികൊണ്ട് പാഡ് ഉണ്ടാക്കി ഡ്രസ് ചെയ്യുകയും ചെയ്തു.

മുഖമൊഴികെ ശരീരം മുഴുവന്‍ ദ്രവിച്ചുപോയ അവസ്ഥയിലെത്തിയിരുന്നു അപ്പോഴേക്കും. അസഹനീയമായ വേദനയും അതൊടൊപ്പം വ്രണങ്ങളില്‍ നിന്ന് കടുത്ത ദുര്‍ഗന്ധവും പുറപ്പെട്ടു. വേദന നിയന്ത്രിക്കുവാന്‍ ഡോക്ടര്‍മാര്‍ മോര്‍ഫിന്‍ ടാബ്‌ലറ്റിന്റെ ഡോസ് നിര്‍ണയിച്ച് കൊടുത്തിരുന്നു. ആ നാളുകളില്‍ ജോസഫ് തന്നെയാണ് മുഴുവന്‍ സമയവും മേരിയുടെ മുറിവുകള്‍ കഴുകി ഡ്രസ് ചെയ്തിരുന്നത്. നീണ്ട രണ്ടരവര്‍ഷക്കാലം. സഹോദരിയുടെ മകളും സഹായത്തിനെത്തി കുറച്ച് കാലം. ഒരു ദിവസം നാലുമണിക്കൂറോളം വേണ്ടിവരുന്ന ഡ്രസിംഗിന് 1200 ഓളം രൂപ വേണ്ടിവരും. ഒറ്റ ദിവസം പോലും മുടങ്ങാതെ ഡ്രസ് ചെയ്യണം. സമയം വൈകിയാല്‍ മേരി വേദനകൊണ്ട് പിളരും. ജോസഫിന്റെ വേദന മനസിലാക്കിയ മെഡിക്കല്‍ സ്റ്റോറുകാര്‍ ഇതിനാവശ്യമായ പഞ്ഞിയും മറ്റുകാര്യങ്ങളും ബസില്‍ ചെമ്പനോടയിലേക്ക് കൊടുത്തുവിട്ടു.അപ്പോഴേക്കും അദേഹത്തിന്റെ സാമ്പത്തികനില വല്ലാതെ പരുങ്ങലിലെത്തിയിരുന്നു. എന്നിട്ടും തന്റെ ഭാര്യയുടെ ആശ്വാസവും സന്തോഷവും മാത്രമാണ് അദേഹം പ്രാധാന്യം നല്‍കിയത്. ഒരിക്കല്‍ വീട്ടിലെത്തിയ ഇടവകവികാരിക്ക് ഈ കാഴ്ച താങ്ങാനാകുമായിരുന്നില്ല. കണ്ണുനിറഞ്ഞൊഴുകിയ അദേഹമാണ് ഇക്കാര്യം ഇടവക ദൈവാലയത്തില്‍ പറഞ്ഞത്. അന്നാണ് ജോസഫ് ഇത്രയേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് ഇടവകജനം പോലും അറിയുന്നത്. അതോടെ പലരും അദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ട് വന്നു. കുറ്റിയാടി, മുളളന്‍കുന്ന്, ചെമ്പനോട,ചക്കിട്ടപാറ പാലിയേറ്റീവുകളില്‍ നിന്ന് ആവശ്യമായ മരുന്നുകളും ചികിത്സാസൗകര്യങ്ങളും ചെയ്തത് ജോസഫ് നന്ദിയോടെ ഓര്‍ക്കുന്നു.

ഈ അവസ്ഥയിലും ജോസഫ് തന്റെ രണ്ട് മക്കളെയും പഠിപ്പിച്ചു. മകന്‍ തലശേരിയില്‍നിന്നും മള്‍ട്ടി മീഡിയയും ആനിമേഷനും പഠിച്ച് ഒമാനിലെ ഒരു കണ്‍സ്ട്രക്ഷന് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചു. മകള്‍ ബി.എസ്.സി നഴ്‌സിംഗ് നല്ല നിലയില്‍ പാസായി സൗദിയിലും ജോലിയില്‍ പ്രവേശിച്ചു. മക്കളുടെ പഠനവും ഭാര്യയുടെ ചികിത്സയും ജോസഫ് ഒരു കുറവുമില്ലാതെ നടത്തിക്കൊണ്ടുപോയി. ഭാര്യയുമായി ആശുപത്രികളായ ആശുപത്രികളെല്ലാം കയറിയിറങ്ങുന്നതിനിടയില്‍ കുട്ടികളുടെ പഠനമെല്ലാം ഹോസ്റ്റലിലായിരുന്നു.

മക്കളുടെ വിവാഹശേഷം മേരി തീര്‍ത്തും കിടപ്പിലായി. എല്ലാക്കാര്യങ്ങളും കിടന്ന കിടപ്പില്‍തന്നെ ചെയ്യണം. ജോസഫ് രാവിലെ എണീറ്റ് മേരിയുടെ പ്രാഥമികകാര്യങ്ങളെല്ലാം നടത്തും. പിന്നെ പല്ലുതേപ്പിച്ച് മുഖം കഴുകി ചായയും മരുന്നും കൊടുക്കും. വീട്ടിലെ അത്യാവശ്യ പണി്കള്‍ക്ക് ശേഷം കിടക്കയും കട്ടിലും പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് കവര്‍ ചെയ്ത ശേഷം തലയില്‍ എണ്ണ തേച്ച് ദേഹത്ത് കുഴമ്പ് പുരട്ടും. പിന്നെ കുളിപ്പിച്ച് തോര്‍ത്തി ഷീ്റ്റും മാറ്റി മുടിചീകി പൗഡറിട്ട് റൂം വൃത്തിയാക്കുമ്പോള്‍ മൂന്നു മണിക്കൂറെങ്കിലും ആകും. ഇനിവേണം ഉച്ചഭക്ഷണത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍. അതുകഴിഞ്ഞ് വൈകുന്നേരത്തെ കാര്യങ്ങള്‍. ഇതൊന്നും ജോസഫ് ഒരിക്കലും മുടക്കിയിട്ടില്ല. മേരിയെ കാണാനെത്തുന്ന ആര്‍ക്കും അത് വ്യക്തമാകും. കിടക്കയും പരിസരവുമെല്ലാം ഏറെ വൃത്തിയായി സരംക്ഷിച്ചിരിക്കുന്നു. കിടക്കവിരിക്ക് പോലും ചുളുക്കമില്ല.

2014 ഓഗസ്റ്റ് മാസത്തോടെ മേരിയുടെ കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായി. അതുവരെ എല്ലാ ദിവസത്തെയും വിവരങ്ങള്‍ ഒരു ബുക്കില്‍ എഴുതി മേരിയെ അറിയിച്ചിരുന്നു. ആദ്യമൊക്കെ പേനകൊണ്ട് എഴുതിയത് മേരി വായിച്ചിരുന്നു. പിന്നീട് സ്‌കെച്ച് പെന്‍ ഉപയോഗിച്ച വലിയ അക്ഷരത്തില്‍ എഴുതേണ്ടി വന്നു. എന്നാല്‍ ആ കാഴ്ചയും നഷ്ടപ്പെട്ടു. ഇപ്പോള്‍ മേരി കിടക്കുന്ന ബെഡില്‍ അവളുടെ ചൂണ്ട് വിരല്‍ പിടിച്ച് എഴുതിയാല്‍ മേരി ആ അക്ഷരങ്ങളെന്തെന്ന് മനസിലാക്കും. മേരിയുടെ വിരല്‍ പിടിച്ച് കിടക്ക വിരിയില്‍ ജോസഫ് എഴുതി.

നിന്‍റെ കഥ കേള്‍ക്കാന്‍ ഒരാള്‍ ഇവിടെ വന്നിട്ടുണ്ടെന്ന്.
മേരിക്ക് എന്തോ മനസിലായി. പത്രത്തില്‍ നിന്നും ആരോ വന്നെന്ന്. ജോസഫ് പുഞ്ചിരിയോടെ പറഞ്ഞു. ”ഈ വിരലെഴുത്ത് അല്ലാതെ മറ്റൊരു കമ്മ്യൂണിക്കേഷനും സാധ്യമല്ല. എത്ര ഉറക്കെ പറഞ്ഞാലും അവള്‍ കേള്‍ക്കില്ല. എന്നാല്‍ അവള്‍ക്ക് മാനസികമായൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ ഞാനിന്നും ശ്രദ്ധിക്കുന്നു.” ഭാര്യക്കുള്ള രാത്രി ഭക്ഷണം തയാറാക്കുന്നതിനിടയില്‍ ജോസഫ് പറഞ്ഞു.

അധികസമയം ജോസഫിന് വീട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ ബന്ധുവീടുകളിലോ അവിടുത്തെ ചടങ്ങുകളിലോ ഒന്നും ജോസഫ് പോകാറില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വിവാഹത്തിന്റെ 35 വര്‍ഷം പൂര്‍ത്തിയാക്കി. എന്നാല്‍ ഇതില്‍ 25 വര്‍ഷവും രോഗിയായ സ്വന്തം ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു ജോസഫ്. ഇപ്പോള്‍ ജോസഫും വാതരോഗത്തിന്റെ ചികിത്സയിലാണ്.
ഇത്രയേറെ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും ജോസഫിന്റെ മുഖത്ത് സന്തോഷം മാത്രം. ഈ സന്തോഷത്തിന് കാരണമെന്തെന്ന് ചോദിക്കുമ്പോഴും അദേഹത്തിന് പുഞ്ചിരി. ”അവളുടെ രോഗാവസ്ഥയിലെല്ലാം ഓടിനടന്ന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കുവാന്‍ എന്നെ ഉടയോന്‍ അനുവദിച്ചില്ലേ, അതില്‍പ്പരം ഭാഗ്യമെന്ത്?”

ചെറിയ നൊമ്പരങ്ങളില്‍ പോലും മനസിടറുന്നവരും ഭാര്യയുടെ ചെറിയൊരു കുറവിന്റപേരില്‍ അവളെ മൊഴിചൊല്ലാന്‍ ഓടുന്നവരും ഈ ജോസഫിനെ വായിച്ചിരുന്നെങ്കില്‍.

ജെയ്‌മോന്‍ കുമരകം

Advertisements

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s