Uncategorized

FB യിൽ ഹീറോ

(ഭാര്യയും ഭർത്താവും തീർച്ചയായും വായിച്ചിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള ഒരു കഥ)

Husband and Wife Mobile Addiction

ജോലി കഴിഞ്ഞു ജീവൻ ഓഫീസിൽ നിന്നിറങ്ങി
അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി പതിവ് പോലെ വീട്ടിലേക്ക് തിരിച്ചു..

വീട്ടുമുറ്റത്തേക്കു വണ്ടി കയറിയപ്പോൾ തന്നെ കണ്ടു അനുവിന്റെ സ്കൂട്ടർ പോർച്ചിൽ ഇരിക്കുന്നത്.

രണ്ടു കിലോ മീറ്റർ ദൂരെയുള്ള സ്കൂളിലാണ് അവൾ പഠിപ്പിക്കുന്നത്..

മോനും അവിടെ തന്നെയാണ് പഠിക്കുന്നതും..

ചിലപ്പോൾ താൻ നേരത്തെ വീട്ടിൽ എത്തും; മറ്റു ചിലപ്പോൾ അവളും..

അഭി ബാഗും വലിച്ച് വീട്ടിലേക്കു കയറുകയായിരുന്നു അപ്പോൾ! തന്നെ കണ്ടതേ അച്ഛാ എന്ന് വിളിച്ചു കൊണ്ട് ഓടി വന്നു..

അനു വേഷമെല്ലാം മാറ്റി ഇപ്പോൾ അടുക്കളയിൽ കയറിയിട്ടുണ്ടാകും.
തന്റെ കാൽപ്പെരുമാറ്റം കേട്ടതുകൊണ്ടാകാം. അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം..

”ഏട്ടാ.. കുളിച്ചു വന്നോളൂ.. ചായ ഇപ്പം കൊണ്ട് വരാം..”
ഓഫീസ് വിട്ടു വന്നാൽ ഒരു ചായ പതിവുള്ളതാണ്..”

ജീവൻ കുളി കഴിഞ്ഞു വന്ന് മൊബൈലും കൈയ്യിലെടുത്ത് പതിവ് പോലെ ഫേസ് ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്തു..

നോട്ടിഫിക്കേഷൻ ഒരുപാടുണ്ട്.

തന്റെ കഥകളെ കുറിച്ച് പത്രത്തിൽ വാർത്ത വന്നതിനു ശേഷം എത്ര ഫ്രണ്ട് റിക്വസ്റ്റ് കളും മെസേജുകളുമാണ് വരുന്നത്..

കമെന്റുകളും മെസേജുകളും പിന്നെ ചാറ്റിങ്ങിൽ കിട്ടുന്ന കുളിരും! ആകപ്പാടെ നല്ല രസം..

നിങ്ങളിപ്പോ FB യിൽ ഹീറോ ആണല്ലോ എന്നൊക്കെ മെസേജുകൾ വരുമ്പോൾ ആത്മഹർഷം!

അനു FB യൊന്നും നോക്കാൻ താത്പര്യം ഇല്ലാത്ത ആളായിരുന്നു..

പക്ഷേ തന്റെ കഥകളെ കുറിച്ച് അവളുടെ കൂടെയുള്ളവർ അവളോട് അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ അവളും FB യിൽ സജീവമായി.

കഥകൾ വായിക്കാനല്ല..

തന്റെ കഥകൾക്ക് പ്രണയ ചാപല്യത്തോടെ കമന്റ് ഇടുന്നവരെ ശ്രദ്ധിക്കാനും അങ്ങനെയുള്ളവരെ ബ്ലോക്ക് ചെയ്യാൻ എന്നെ നിർബന്ധിക്കാനും..

അപ്പോഴൊക്കെ എന്റെ ഇൻബോക്സ് അവളെങ്ങാനും കണ്ടിരുന്നെങ്കിലോ എന്ന് ഞാൻ ഭയത്തോടെ ഓർക്കും..

”അഭീ TV യുടെ Sound കുറച്ചു വെക്കു…

സ്‌കൂൾ വിട്ട് വന്നാൽ മോൻ ടിവിയുടെ മുമ്പിൽ ! അച്ഛൻ പിന്നെ മൊബൈലിൽ ചുണ്ണാമ്പ് തേക്കാനും”

അങ്ങനെ പറഞ്ഞുകൊണ്ട് അനു ചായയുമായി വന്നു.

അനു വരുന്ന ശബ്ദം കേട്ടയുടൻ തന്നെ ജീവൻ മൊബൈൽ താഴെ വെച്ച് മേശമേൽ കിടന്നിരുന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി…

അനു ചായയും പലഹാരങ്ങളും കൊണ്ടുവന്ന് മേശയിൽ വച്ചിട്ട് ഒന്നും മിണ്ടാതെ തിരിച്ചു പോയി.

ജീവൻ നോക്കിയപ്പോൾ ചായ മാത്രമല്ല , കൂടെ ഒരുഗ്ളാസ്‌ പായസവുമുണ്ട്. അയൽ വീട്ടിൽ നിന്ന് ആരെങ്കിലും കൊണ്ടു കൊടുത്തതാവും
ജീവൻ പേപ്പർ ടീപ്പോയിയിൽ വെച്ചു..

ഇന്നെന്തുപറ്റി അവൾ ഒന്നും മിണ്ടാതെ പോയത് .?

അല്ലെങ്കിൽ ചായയുമായി വരുമ്പോൾ എപ്പോഴും മൊബൈൽ നോക്കി ഇരിക്കുന്നതിന് എന്തെങ്കിലും പരിഭവം പറഞ്ഞിട്ടെ പോകാറുള്ളൂ…

”ആ ! എന്തെങ്കിലും ആവട്ടെ”

ജീവൻ വീണ്ടും മൊബൈൽഎടുത്തു.

അത്താഴം കഴിക്കാൻ ഭാര്യ വിളിക്കുന്നത് വരെ, മൂത്രമൊഴിക്കാൻ പോലും പോകാതെ ജീവൻ മൊബൈലിൽ ചുണ്ണാമ്പും തേച്ചു ഇരുന്നു..

ഉപദേശിചിട്ടും പിണങ്ങിയിട്ടും കാര്യമില്ല എന്ന് തോന്നിയിട്ടാവണം അവൾ ഇപ്പോൾ പരാതി ഒന്നും പറയാഞ്ഞത്.

ചിലപ്പോഴൊക്കെ അവൾ പറയും ”നിങ്ങൾ മൊബൈൽ നോക്കുന്നതിന്റെ പകുതി എങ്കിലും എന്നെയും മോനെയും നോക്കണം..”

മോൻ ഉറങ്ങി കഴിഞ്ഞിരുന്നു.

ജീവൻ അത്താഴം കഴിക്കുന്നതിനിടയിൽ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നെങ്കിലും അനു എല്ലാത്തിനും ഒരു മൂളലിൽ മറുപടി ഒതുക്കി…

ഭക്ഷണത്തിന് ശേഷവും മൊബൈൽ കൈയ്യിൽ നിന്ന് വെക്കാറില്ലെങ്കിലും അന്ന് രാത്രി പിന്നെ ജീവൻ മൊബൈൽ എടുത്തില്ല…

ഭാര്യയുടെ മുഖത്തെ കാർമേഘം അയാളെ അലോസരപ്പെടുത്തി.
കിടക്കയിൽ, അനുവിന്റെ അരികിലായി ജീവനും കിടന്നു..

അനു ഒന്നും മിണ്ടാതെ കിടക്കുകയാണ്.

ജീവൻ കുറച്ചു നേരം ഒന്നും മിണ്ടാതെ കിടന്നു. ഭാര്യയുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാഞ്ഞപ്പോൾ പതിയെ അവളുടെ മുടിയിഴകളിൽ തഴുകി..

അവൾ കുതറി കൈ തട്ടി മാറ്റി..

‘സീറോ ബൾബിന്റെ വെളിച്ചത്തിൽ അപ്പോഴാണ് ജീവൻ അനുവിന്റെ മുഖം ശരിക്കു കണ്ടത് ! രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നു…

“എന്ത് പറ്റി മോളേ .?”

ജീവൻ അവളെ വീണ്ടും ചേർത്ത് പിടിച്ചു…

“ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ നിങ്ങൾക്ക്..”

ജീവൻ കുറെ ആലോചിച്ചു..

ഒന്നും പിടി കിട്ടുന്നില്ല..

“ഇന്ന് മോന്റെ പിറന്നാൾ ആയിരുന്നു… അധികമൊന്നും ആയിട്ടില്ല. അഞ്ചാം പിറന്നാൾ.. കാലത്ത് സ്കൂളിൽ പോകുമ്പോൾ ഞാനവന്റെ ബാഗിൽ കുറച്ചുസ്വീറ്സ് വെച്ചിരുന്നു, ക്ലാസിലെ കുട്ടികൾക്ക് കൊടുക്കാൻ.. ഞാൻ കരുതി നിങ്ങൾ വൈകീട്ട് വരുമ്പോൾ അവന് ഒരു ഗിഫ്റ്റോ കൊണ്ടുവരുമെന്ന്.. അല്ലെങ്കിൽ ജസ്ററ് ഒന്ന് വിഷ് എങ്കിലും ചെയ്യുമെന്ന്.”

അനുവിന്റെ ശബ്ദം ഇടറി..

‘ആ പായസം കണ്ടിട്ട് പോലും നിങ്ങൾ ചോദിച്ചില്ല എന്താ പ്രത്യേകത എന്ന്..’

കരഞ്ഞുകൊണ്ട് അനു തുടർന്നു ‘നാല് ദിവസം മുമ്പായിരുന്നു നമ്മുടെ വിവാഹ വാർഷികം.. അന്നും മറന്നു ! പക്ഷേ ഞാനത് ഓർമിപ്പിച്ചു.. അന്ന് പറഞ്ഞത് ജോലിയുടെ തിരക്കിൽ പെട്ടു മറന്നു പോയതാണെന്നാണ്..

ഇപ്പൊ മോന്റെ ജന്മദിനവും… ഇതൊന്നും വെറും മറവിയല്ലെന്ന് ചേട്ടൻ തിരിച്ചറിയണം..”

ഏങ്ങലടിച്ചുകൊണ്ടു അവൾ തുടർന്നു..

‘എന്റെ കൂടെ ജോലി ചെയ്യുന്ന ശാലിനി ടീച്ചറുടെ ഫേസ് ബുക്ക് വാളിൽ അവരുടെ വിവാഹ വാർഷികത്തിന് ആശംസകൾ നേർന്നു കൊണ്ട് ചേട്ടനിട്ട മനോഹരമായ കാവ്യ വചനങ്ങൾ ടീച്ചർ ഇന്നെന്നെ കാണിച്ചു തന്നു..’

അനു പൊട്ടിക്കരഞ്ഞുകൊണ്ട്‌ കൊണ്ട് തുടർന്നു..

‘അവൾ നിങ്ങളുടെ fb ഫ്രണ്ട് ആയിരിക്കാം.. but ഞാൻ ചേട്ടന്റെ ഭാര്യയല്ലേ ? അഭി നമ്മുടെ മോനല്ലേ ?എന്റെ ഏട്ടൻ ഇങ്ങനെ ആയിരുന്നില്ലല്ലോ ? മുൻപൊക്കെ എന്റെ birth day പോലും ഓർമിച്ചു വെച്ച് സർപ്രൈസ് ഗിഫ്റ്റ് കൊണ്ട് തന്നിരുന്ന ആളല്ലായിരുന്നോ ?

എങ്ങനെയാ ചേട്ടൻ ഇത്രയും മാറിപ്പോയത് ?

ജീവൻ ഒന്നും മിണ്ടിയില്ല!

അവൾ പറഞ്ഞതെല്ലാം സത്യമാണ്.. തന്റെ ഭാര്യയെക്കാൾ മകനേക്കാൾ താൻ ഈ മൊബൈലിനെ സ്നേഹിക്കാൻ തുടങ്ങിയതോടെയാണ് തന്റെ ജീവിതം തകിടം മറിഞ്ഞത്. സോഷ്യൽ മീഡിയയിൽ താൻ ഓൺ ലൈൻ ആയപ്പോൾ കുടുംബ ജീവിതത്തിൽ താൻ ഓഫ് ലൈൻ ആയിപ്പോയി.

ജീവന്റെ ഹൃദയം നുറുങ്ങി.

ഉറങ്ങി കിടക്കുന്ന തന്റെ മോനെ അയാൾ നോക്കി..
അയാളുടെ കണ്ണുകൾ നിറഞ്ഞു
സ്കൂൾ വിട്ടു വന്നാലും, അവധിയുള്ള ദിവസങ്ങളിലും അച്ഛാ എന്ന് വിളിച്ചുകൊണ്ട് പുറകെ ഓടി നടക്കുന്ന സ്നേഹനിധിയായ മോൻ !

താൻ ആ സമയത്തൊക്കെ മൊബൈലിൽ നോക്കി ഇരിക്കുകയാവും. അവൻ ശല്യമാകുന്നു എന്നു തോന്നുമ്പോൾ അവനു ടാബ് എടുത്തു കൊടുത്തു അകറ്റി നിറുത്തും, അല്ലെങ്കിൽ ടീവിയിൽ കാർട്ടൂൺ ചാനൽ വെച്ച് കൊടുക്കും..

അവധി ദിവസങ്ങളിൽ നമുക്ക് എവിടെയെങ്കിലും പോകാം ഏട്ടാ.. എന്ന് അനു പറയുമ്പോൾ മൊബൈൽ സൂത്രത്തിൽ മാറ്റി വെച്ച് എനിക്ക് ചെറിയ തല വേദനയുണ്ട് അടുത്ത പ്രാവശ്യം പോകാം എന്ന് പറഞ്ഞു ഒഴിവാകും !

അങ്ങനെ തന്റേതു മാത്രമായ സ്വകാര്യ ലോകത്തേക്ക് താൻ ഒതുങ്ങിപ്പോയി !

ആകെയുള്ളത് fb യിലെ സൗഹൃദങ്ങൾ മാത്രം..

കുറ്റബോധം സഹിക്കാനാവാതെ വന്നപ്പോൾ ജീവൻ എണീറ്റ് വാതിൽ തുറന്നു സിറ്റ് ഔട്ടിലേക്ക് ഇറങ്ങി..

അല്പനേരം കഴിഞ്ഞപ്പോൾ അകത്തുനിന്നു ചേട്ടാ.. എന്ന വിളിയൊച്ച.

തന്നെ കാണാഞ്ഞതുകൊണ്ട് അനു വിളിച്ചതാകും…

ജീവൻ റൂമിലേക്ക് ചെല്ലുമ്പോൾ അനു മോന്റെ നെറ്റിയിൽ തുണി നനച്ചിടുകയായിരുന്നു.

”മോന് നല്ലോണം പനിക്കുന്നുണ്ട്.. വൈകീട്ട് ചെറിയ ഒരു മേല് കാച്ചിലുണ്ടായിരുന്നു.. ഞാനത് കാര്യമാക്കിയില്ല..” ഭാര്യ പറഞ്ഞു.

ജീവൻ അഭിയുടെ നെറ്റിയിൽ തൊട്ടു നോക്കി ! ചുട്ടു പൊള്ളുന്ന പനിയാണ്..

‘ഹോസ്പിറ്റലിൽ കൊണ്ട് പോകാം. അനു നിർബന്ധിച്ചു.

ഹോസ്പിറ്റലിൽ പോകാൻ ഒരുങ്ങിയപ്പോൾ പുറത്ത് നല്ല മഴ! ബൈക്കിൽ പോകാൻ പറ്റില്ല.

‘അബുവിന്റെ ഓട്ടോ വിളിക്കാം’ അനു മോനെ എടുത്ത് തോളത്തിട്ടു കൊണ്ടു പറഞ്ഞു…

അപ്പോഴാണ് ജീവൻ അറിഞ്ഞത് അടുത്തുള്ള ഓട്ടോ ഓടിക്കുന്ന അബുവിന്റെ മൊബൈൽ നമ്പർ പോലും തന്റെ കൈയ്യിലില്ല എന്ന്..

ജീവന്റെ നിസ്സഹായാവസ്ത കണ്ടപ്പോൾ തന്നെ അനുവിന് കാര്യം മനസ്സിലായി. അവൾ വേഗം ബാഗിൽ നിന്നും മൊബൈൽ എടുത്ത് അബുവിനെ വിളിച്ചു..

കുറച്ചു കഴിഞ്ഞപ്പോൾ അബുവിൻറെ ഓട്ടോ മുറ്റത്ത് വന്നു നിന്നു..

അബുവിനോട് അല്പം കുശലം ചോദിച്ചിട്ടു ജീവൻ വണ്ടിയിലേക്ക് കയറി..

അബു ജീവന്റെ കൊച്ചുന്നാളിലെ സഹപാഠിയും കളിക്കൂട്ടുകാരനും ആയിരുന്നു..

ജീവനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും നീന്താൻ പഠിപ്പിച്ചതും അവനായിരുന്നു…

വണ്ടി ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അബു എന്തൊക്കെയോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

രാത്രിയിൽ വണ്ടി വിളിച്ചതിന്റെ ഒരു നീരസവും അവന്റെ മുഖത്തൊ വാക്കുകളിലോ ഇല്ലായിരുന്നു.

അനുവാണ് കൂടുതലും അയാളോട് സംസാരിച്ചതും..

ഹോസ്പിറ്റലിൽ കയറി ഡോക്ടറെ കാണിക്കാനും മറ്റും അബുവും കൂടെ വന്നു…

”ഒരു ചെറിയ ഡ്രിപ് ഇട്ടിട്ടുണ്ട് ! അത് കഴിഞ്ഞാൽ വീട്ടിൽ പോകാം..

പിന്നെ മരുന്ന് കുറിച്ചിട്ടുണ്ട് .അത് കൃത്യമായിട്ട് കൊടുത്താൽ മതി. മാറിയില്ലെകിൽ മൂന്നുദിവസം കഴിഞ്ഞു വരണം” ഡോക്ടർ പറഞ്ഞു.

അനു മോന്റെ അടുത്തിരുന്നു.. ജീവൻ അബുവിന്റെ കൂടെ അല്പ്പം മാറി ഇരുന്നു..

മൊബൈലിലേക്ക് കൈ നീണ്ടെങ്കിലും എടുത്തില്ല..

‘ഇന്ന് രാവിലത്തെ ആദ്യ ഓട്ടവും ഇപ്പൊ ലാസ്റ് ഓട്ടവും നിങ്ങളുടേതാ..’ അബു ചിരിച്ചുകൊണ്ട് പറഞ്ഞു..

‘രാവിലെ ആരാ വണ്ടി വിളിച്ചെ? ജീവൻ ആകാംക്ഷയോടെ ചോദിച്ചു..

‘ഇന്ന് മോന്റെ birth day ആയിരുന്നല്ലോ! ചേച്ചി കുറച്ചു പായസവും കുറച്ചു പൈസയും തന്നിരുന്നു.

അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് കൊടുക്കാൻ..

ഞാനും ഇടക്ക് അങ്ങോട്ട് പോകാറുണ്ട് ! ഞമ്മളെ കൊണ്ട് കഴിയുന്നത് കുറച്ചാണെങ്കിലും അവർക്കത് വലിയ കാര്യമാണല്ലോ ! ആരും ഇല്ലാത്ത കുട്ടികളല്ലേ..”

ജീവൻ ഒന്നും മിണ്ടാതെ നാവിറങ്ങി പോയപോലെ ഇരുന്നു. സോഷ്യൽ മീഡിയയിൽ സഹജീവി സ്നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചും വാചാലനാകുന്ന താൻ ഒരിക്കൽ പോലും ഈ വക സ്ഥലങ്ങളിൽ പോകുകയോ സഹായം ചെയ്യുകയോ ചെയ്തിട്ടില്ലല്ലോ എന്ന് കുറ്റബോധത്തോടെ അയാൾ ഓർത്തു…

ഓട്ടോ ഓടിക്കുന്ന അബുവും അധ്യാപികയായ ആയ തന്റെ ഭാര്യയും തങ്ങളുടെ ജീവിത വ്യവഹാരങ്ങൾക്കിടയിൽ ഇതിനു സമയം കണ്ടെത്തിയിരിക്കുന്നു…

ജീവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

‘എല്ലാം കഴിഞ്ഞു ആശുപതിയിൽ നിന്നു വീട്ടിലേക്കു പോകാൻ നേരം അഭിയെ വാരിയെടുത്ത് തോളിൽ ഇട്ടത് ജീവനായിരുന്നു..

സന്തോഷത്തോടെ അനു പിന്നാലെയും
വണ്ടി വീടിന്റെ മുറ്റത്ത് നിർത്തി. ജീവൻ കുട്ടിയെ അനുവിന്റെ കൈയ്യിൽ കൊടുത്തിട്ടു കാശുമായി അബുവിന്റെ അടുത്ത് എത്തിയപ്പോഴേക്കും അബു വണ്ടി തിരിച്ചിരുന്നു..

എത്ര നിർബന്ധിച്ചിട്ടും അബു പൈസ വാങ്ങാൻ തയ്യാറായില്ല.

”എന്റെ കുട്ടിക്ക് ബാഗും യൂണിഫോമും എല്ലാം വാങ്ങി തന്നത് അനു ടീച്ചറാണ് !

എന്റെ മോനും അഭിയും എനിക്ക് ഒരു പോലെയാണ്..

എന്റെ മോനുമായി ഹോസ്പിറ്റലിൽ പോയാൽ ഞാൻ ആരുടെ കൈയ്യിൽ നിന്നാണ് കാശ് വാങ്ങുക.? ”

ജീവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അബു വണ്ടിയുമായി പോയി…

ജീവന് പൊട്ടിക്കരയണമെന്നു തോന്നി.

പിറ്റേ ദിവസം ജീവൻ ഓഫീസിൽ പോയില്ല.. മോന് അസുഖമായതുകൊണ്ട് അനുവും ലീവ് എടുത്തു.
അന്ന് അനു കണ്ടു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലെ തന്റെ ചേട്ടനെ
മോനോടൊപ്പം കളിക്കുന്ന, ഭാര്യയെ ലാളിക്കുന്ന, ഇടക്കൊക്കെ അടുക്കളയിൽ വന്നു സഹായിക്കുന്ന ഒരു നല്ല ഭർത്താവിനെ അവൾക്കു തിരിച്ചുകിട്ടി.

അന്ന് വൈകീട്ട് രണ്ടുപേരും കൂടി അബുവിന്റെ വീട്ടിലേക്കു ചെന്നു.. അബു ആ സമയം വീട്ടിലുണ്ടായിരുന്നില്ല.

അബുവിന്റെ ഭാര്യ അവരെ സ്വീകരിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അബു വന്നു!

പിന്നെ വർത്തമാനങ്ങളും പൊട്ടിച്ചിരികളും !

സോഷ്യൽ മീഡിയയിലെ കമെന്റിനെക്കാളും ചാറ്റിങ്ങിനെക്കാളും സുഖവും സമാധാനവും തോന്നി ജീവനപ്പോൾ…

പിന്നീടുള്ള ജീവന്റെ ജീവിതം ജീവനുള്ളതായിരുന്നു.. കുടുംബ വീടുകളിലേക്കും അസുഖമായി കിടക്കുന്ന ബന്ധു ജനങ്ങളുടെ അടുത്തേക്കും പോകാനും അയൽ വാസികളോട് കുശലം പറയാനും എല്ലാം ഇപ്പോൾ ജീവന് സമയമുണ്ട്..

‘FB നോക്കാനൊക്കെ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് ജീവനിപ്പോൾ..

‘ആ സമയത്തേ ജീവൻ ഓൺ ലൈനിൽ കാണൂ എന്ന് ഫ്രണ്ട്സുകളും തിരിച്ചറിഞ്ഞിട്ടുണ്ട്..

ഭാര്യയുടെ ജന്മ ദിനവും വിവാഹവാർഷികവും എല്ലാം മൊബൈലിൽ reminder സെറ്റ് ചെയ്തിരിക്കുകയാണ്. രണ്ടു ദിവസം മുൻപേ തന്നെ ഓർമ്മ പെടുത്താൻ…

നമ്മുടെ ഉള്ളിലും ജീവനുണ്ടോ?

അതോ ജീവനില്ലാത്ത ജീവനാണോ?

Advertisements

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s