Uncategorized

Friendship Day Messages in Malayalam

 

സൗഹൃദ ദിനം

+——-+——+——+——+——+—–+

Friendship Day

ഓഗസ്റ്റ്‌ മാസത്തിലെ ആദ്യത്തെ ഞായർ ആഴ്ച അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കപെടുന്നു. 2011 ഏപ്രിൽ 27നു യു.എൻ. ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.
നിര്‍വ്വചനങ്ങള്‍ക്കതീതമായ ബന്ധമാണ് സൗഹൃദം. തത്വശാസ്ത്രങ്ങള്‍ക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്തമധുരവുമായി സൗഹൃദങ്ങള്‍ക്ക് ഒരു ദിനം. ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ആ ദിനം.
ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങള്‍ ബാഹ്യജാഡകള്‍ക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന കൂട്ടുകാര്‍ എന്നുമുണ്ട്.
ദുഃഖവും സന്തോഷവും തമ്മില്‍ എന്താണ് വ്യത്യാസം? പങ്കുവച്ചാല്‍ കുറയുന്നത് ദുഃഖം, ഏറുന്നത് സന്തോഷം. സൗഹൃദത്തിന്‍റെ നിര്‍വ്വചനങ്ങള്‍ക്ക് അര്‍ത്ഥവ്യാപ്തി നല്‍കുന്നത് ഈ പങ്കുവയ്ക്കലുകളാണ്. ആദ്യത്തെ പ്രേമലേഖനവും ആദ്യത്തെ ചുംബനവും പിന്നെ ആദ്യത്തെ പ്രണയപരാജയവും ഹൃദയരക്തം പുരണ്ട ആദ്യത്തെ തുള്ളി കണ്ണുനീരും ഈ ബന്ധത്തിന്‍റെ പവിത്രതയില്‍ പങ്കുവയ്ക്കപ്പെട്ട് പുതിയ മാനങ്ങള്‍ തേടുന്നു.
ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദമുണ്ടാകുന്നത്.

യഥാര്‍ത്ഥ ഹൃദയബന്ധമുള്ള സുഹൃത്തുക്കള്‍ക്ക് സൗഹൃദദിനം പോലെയുള്ള ആചാരങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് ഒരു സൗഹൃദദിനം കൂടി കടന്നു വരികയാണ്.
സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ മധുര മുഹൂര്‍ത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ പ്രത്യേകത.
ഹൃദയം ഹൃദയത്തോടു സംസാരിച്ചാലും വാക്കുകള്‍ കൊണ്ടുള്ള സ്നേഹം പങ്കുവയ്ക്കലിന് ഒരു പ്രത്യേക സുഖം തന്നെയുണ്ടല്ലോ!

സൗഹൃദം

“സുഹൃത്ത്” വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം (Friendship) എന്നു വിളിക്കാറുള്ളത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദബന്ധങ്ങൾ ജീവിതത്തിൽ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. കൊച്ചുകുട്ടികളിൽ നിന്ന് തുടങ്ങി വാർദ്ധക്യത്തിലെത്തി നിൽക്കുന്നവർക്ക് വരെ സുഹൃദ്ബന്ധങ്ങൾ ഒഴിച്ചു കൂടാനാവാത്തത് അതു കൊണ്ടാണ്. പുരുഷന്മാർ പരസ്പരവും സ്ത്രീകൾ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയിൽ നിന്ന് തുടങ്ങുന്ന ബന്ധങ്ങൾ ചിലരിലെങ്കിലും ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധം രൂഢമൂലമാവാറുണ്ട്. എല്ലാത്തിലും മിതത്വം അനിവാര്യമാണെന്ന പോലെ സൗഹൃദങ്ങളിലും ഇത് സ്വീകരിക്കാവുന്നതാണ്.

🌷സൗഹൃദത്തെപ്പറ്റിയുള്ള പഴഞ്ചൊല്ലുകൾ

🔹ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട.
നല്ല സുഹൃത്താണെങ്കിൽ തെറ്റ് തിരുത്തി മനസ്സിലാക്കി തരും, സുഹൃത്ത് ഒരു കണ്ണാടി പോലെയാണ് നമ്മുടെ പ്രവർത്തികൾ അതിൽ പ്രതിഫലിക്കും.

🔹ഞാൻ ചെയ്യുന്നത് ചെയ്യാനും ഞാൻ തലയാട്ടുമ്പോൾ കൂടെ തലയാട്ടാനും ഒരു സുഹൃത്ത് വേണ്ട. ആ ജോലി എന്റെ നിഴൽ ഭംഗിയായി ചെയ്യുന്നുണ്ട്.. (സമീർ ഇല്ലിക്കൽ)

🌷മറ്റു ഭാഷാചൊല്ലുകൾ

🔹ചീത്ത സുഹൃത്തുണ്ടാവുന്നതും ഒരു സുഹൃത്തും ഇല്ലാതിരിക്കുന്നതും ഒരു പോലെയാണ് – ജാപ്പാനീസ്

🔹ആവശ്യഘട്ടത്തിലെത്തുന്നവനാണ് യഥാർഥ സുഹൃത്ത് – ഇംഗ്ലീഷ്

🔹അപകടങ്ങളിലേ സുഹൃത്തിനെ മനസ്സിലാവൂ – ലെബനോൻ

🔹നഷ്ടപ്പെടുമ്പൊഴേ സൗഹൃദത്തിന്റെ വിലയറിയൂ – ഇറ്റാലിയൻ

🔹ഒരു സുഹൃത്തിനെ നേടാൻ പ്രയാസമാണ്. നഷ്ടപ്പെടാൻ എളുപ്പവും. – ജമായിക്ക

🔹എല്ലാവർക്കും സുഹൃത്തായിരിക്കുന്നവൻ ആരുടേയും സുഹൃത്തായിരിക്കില്ല – ഇംഗ്ലീഷ്

🔹നയിക്കുന്ന സുഹൃത്ത് ശത്രുവാണ്. – ഗ്രീക്ക്

🔹നല്ല സുഹൃത്ത് സ്വർണ്ണത്തേക്കാൾ വെള്ളിയേക്കാൾ വിലപിടിപ്പുള്ളതാണ്. – ഡച്ച്

🔹അകലത്തുള്ള ബന്ധുവേക്കാൾ അരികത്തുള്ള സുഹൃത്ത്. – ഇംഗ്ലീഷ്

🔹നല്ലത് പറയുന്നവനെല്ലാം നല്ല സുഹൃത്താകണമെന്നില്ല. – ഇംഗ്ലീഷ്

🔹കടം കൊടുക്കുന്നവനു പണവും ഒപ്പം സുഹൃത്തും നഷ്ടപ്പെടുന്നു. – ഇംഗ്ലീഷ്

🌷സൗഹൃദത്തെപ്പറ്റി പ്രമുഖർ

🔹ഗൗതമബുദ്ധൻ

ആത്മാർത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാൾ ഭയാനകർമാണ്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാൽ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും.

🔹മുഹമ്മദ് നബി

ഉത്തമനായ സുഹൃത്തിന്റെ ഉപമ കസ്തൂരി വാഹകനെ പോലെയാണ്. അവനിൽ നിന്ന് നിനക്കത് വാങ്ങാം. അല്ലെങ്കിൽ അതിന്റെ പരിമളം നിനക്കനുഭവിക്കാം. ചീത്തകൂട്ടുകാരന്റെ ഉപമ ഉലയിൽ ഊതുന്നവനെ പോലെയാണ്. നിന്റെ വസ്ത്രം അവൻ കരിക്കും. അല്ലെങ്കിൽ അതിന്റെ ദുർഗന്ധം ഏറ്റുവാങ്ങേണ്ടി വരും.

🔹എമേഴ്സൺ

സുഹൃത്തായിരിക്കുന്നവനേ സുഹൃത്തുണ്ടാവൂ.

🔹ലിയോ ബുസ്കാഗ്ലിയ

ഒരു പുഷ്പമുണ്ടെങ്കിൽ എനിക്ക് പൂങ്കാവനമായി. ഒരു സുഹൃത്തുണ്ടെങ്കിൽ ലോകവും.

🔹പ്ലൂട്ടാർക്ക്

യഥാർഥ സുഹൃത്ത് മുന്നിൽനിന്നേ കുത്തു.
സ്ത്രീയ്ക്കും പുരുഷനുമിടയിൽ സൗഹൃദം സാദ്ധ്യമല്ല. വികാരാവേശമുണ്ട്, വിരോധമുണ്ട്, ആരാധനയുണ്ട്, പക്ഷേ സഹൃദമെന്നതില്ല.

🔹ജോസഫ് റൂ

ഭർത്താവിനെ നഷ്ടപ്പെട്ടവൾ വിധവ, മാതാപിതാക്കളെ നഷ്ട്പ്പെട്ടവൻ അനാഥൻ, എന്നാൽ ആത്മസുഹൃത്തിനെ നഷ്ടപ്പെട്ടവനോ? എല്ലാ ഭാഷകളും ഈ കാര്യത്തിൽ കുറ്റകരമായ മൗനം അവലംബിക്കുന്നു.

🔹ചാൾസ് കോൾട്ടൻ

നല്ല സുഹൃത്തുക്കൾ ആരോഗ്യ സ്ഥിതി പോലെയാണ്. നഷ്ടപ്പെടുമ്പോഴേ അതിന്റെ വില മനസ്സിലാവൂ.

🔹ബെഞ്ചമിൻ ഫ്രാൻക്ലിൻ

സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാൻ നിങ്ങൾക്കു കഴിയും.

🔹ആൽബർട്ട് കാമൂ

എന്റെ മുന്നിൽ നടക്കണ്ട, ഞാൻ പിൻപറ്റില്ല, എന്റെ പിന്നിൽ നാടക്കണ്ട ഞാൻ നയിക്കില്ല, എന്നോടൊപ്പം നടക്കൂ, എന്റെ സുഹൃത്തായിരിക്കൂ.

🔹വില്യം ബ്ലേക്ക്

പക്ഷികൾക്ക് കൂട്, ചിലന്തിക്ക് വല, മനുഷ്യനു സുഹൃത്ത് ബന്ധങ്ങൾ.

🔹സഅദി (പേർഷ്യൻ കവി)
നിന്റെ ശത്രുക്കൾക്കൊപ്പം സഹവർത്തിക്കുന്ന നിന്റെ മിത്രങ്ങളെ കൈയ്യൊഴിയുക.
നിന്റെ എല്ലാ രഹസ്യങ്ങളും നിന്റെ സുഹൃത്തിനോട് വെളിപ്പെടുത്തരുത്. ആരറിഞ്ഞു അവൻ നാളെ നിന്റെ ശത്രു ആവില്ല എന്ന്.നിന്റെ എല്ലാ കുതന്ത്രങ്ങളും നിന്റെ ശറ്റ്രുവിനോട് പയറ്റരുത്. ആരറിഞ്ഞു അവൻ ഒരു നാൾ നിന്റെ സുഹൃത്താവില്ല എന്ന്.

🔹അജ്ഞാത്ത കർത്താവ്

സൗഹൃദം ഒരു വലിയ കാര്യമല്ല. അത് ആയിരം ചെറിയ കാര്യങ്ങൾ ചേർന്നതാണ്.

🔹ഭഗവദ്ഗീത

സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനൻ, മധ്യസ്ഥൻ, ദ്വേഷൻ, ബന്ധു, ഇവരിലും ധർമാത്മാക്കളിലെന്ന പോലെ പാപികളിലും സമഭാവം പുലർത്തുന്നവൻ അത്യന്തം ശ്രേഷ്ടനാകുന്നു

🔹സോക്രട്ടീസ്

സുഹൃത്ത് ബന്ധങ്ങൾ
ഏകാന്തത്തിലിരിക്കുമ്പോൾ ഒപ്പമുണ്ടു ചങ്ങാതിമാർ, അവരോടൊപ്പമിരിക്കുമ്പോൾ അവരെത്രയകലെ.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല.

🔹മൂലൂർ എസ്.

പത്മനാഭപ്പണിക്കർ
ചങ്ങാതി നല്ലതെന്നാകിൽ കണ്ണാടിയതു വേണ്ടതാൻ.

🌷കടങ്കഥകൾ

തൊട്ടാൽ പിണങ്ങും ചങ്ങാതി – തൊട്ടാവാടി

💱💱💱💱💱💱💱💱💱💱💱

തിരിച്ചറിയണം നല്ല കൂട്ടുകാരെ

🔹പരസ്പര അംഗീകാരം
യഥാര്‍ഥ സുഹൃത്തിനു ഉണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് പരസ്പരം അംഗീകരിക്കാനുള്ള കഴിവ്. നിങ്ങള്‍ ആരാണോ ആ അവസ്ഥയില്‍ നിങ്ങളെ അംഗീകരിക്കാന്‍ കഴിയുന്ന ആളായിരിക്കും ഒരു യഥാര്‍ഥ സുഹൃത്ത്.
നിങ്ങളുടെ കഴിവുകളും കുറവുകളും എന്തുതന്നെയായിരുന്നാലും അത് മനസിലാക്കി പൂര്‍ണമായി അംഗീകരിക്കുന്നയാള്‍ തീര്‍ച്ചയായും ഒരു നല്ല സുഹൃത്തായിരിക്കും.

നിങ്ങളുടെ സ്വഭാവത്തിലെ പ്രത്യേകത മനസിലാക്കി നിങ്ങളെ അംഗീകരിക്കുകയും, എപ്പോഴും കുറ്റപ്പെടുത്തുന്ന രീതികള്‍ ഒഴിവാക്കി സനേഹപൂര്‍ണമായ ശാസനയിലൂടെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തി തീര്‍ച്ചയായും ഒരു നല്ല സുഹൃത്തായിരിക്കും.

മതം, ജാതി, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ അതിര്‍വരമ്പുകള്‍ ഒന്നും ഇവരുടെ മനസിലുണ്ടാകില്ല. എപ്പോഴും കുറ്റപ്പെടുത്തലുകള്‍ മാത്രം നല്‍കുന്ന സുഹൃത്തിനു ആരുടെ മനസിലും ഇടം നേടാന്‍ കഴിയില്ല.

അത്തരം സൗഹൃദങ്ങള്‍ ആരും അംഗീകരിക്കാനും തയാറാകില്ല. അതുകൊണ്ട് നല്ല സുഹൃത്തിനെ തിരിച്ചറിയുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് നല്ല സുഹൃത്തായിരിക്കാനും ശ്രമിക്കണം. സുഹൃദ് ബന്ധത്തില്‍ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകളെ വേഗത്തില്‍ ക്ഷമിക്കാനും ഒരു നല്ല സുഹൃത്തിനെ കഴിയൂ.

🔹ഉറച്ച സഹായ ഹസ്തം

ഏതൊരാവശ്യത്തിനും എപ്പോള്‍ വേണമെങ്കിലും ആശ്രയിക്കാന്‍ കഴിയുന്ന ആളായിരിക്കണം ഉത്തമ സുഹൃത്ത്. പല സന്ദര്‍ഭങ്ങളിലും വിവിധ സ്വഭാവങ്ങള്‍ പ്രകടമാക്കുന്ന ആളായിരിക്കരുത്. ഉയര്‍ച്ചയിലും താഴ്ചയിലും കൂടെ നില്‍ക്കുന്ന നല്ല സുഹൃത്തുക്കള്‍ ഏതവസ്ഥയിലും ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നവരായിരിക്കും.
ഇത്തരത്തില്‍ എല്ലാകാര്യത്തിലും നമ്മുടെ നന്മ മാത്രം ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടെന്നുള്ളത് തന്നെ ധൈര്യം നല്‍കുന്ന കാര്യമാണ്. ജീവിതത്തില്‍ ഉയര്‍ച്ചകള്‍ മാത്രം വരുമ്പോള്‍ കൂടെനില്‍ക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ അപ്രത്യക്ഷനാകുകയും ചെയ്യുന്നത് ഒരു നല്ല സുഹൃത്തിന്റെ രീതിയല്ല.

അതുപോലെ നിങ്ങള്‍ വിശ്വസിച്ച് പറയുന്ന കാര്യങ്ങള്‍ മൂന്നാമതൊരാള്‍ അറിയാതെ മനസില്‍ സൂക്ഷിക്കുകയും ചെയ്യുന്നയാളായിരിക്കണം, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നല്ല സുഹൃത്ത്.

നിങ്ങളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ ഒരു കൈത്താങ്ങായി നിലനില്‍ക്കുകയും, സമയത്തിനോ പണത്തിനോ കണക്ക് പറയാതെ, തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കാതെ സഹായിക്കാന്‍ നല്ല ചങ്ങാതിക്കേ കഴിയൂ.

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നിറവേറ്റുന്നവരും സാഹചര്യങ്ങള്‍ മുതലെടുക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നല്ല സുഹൃത്ത് ആകില്ല. അതിനുവേണ്ടിയു
ള്ളതാകരുത് സൗഹൃദങ്ങള്‍.

🔹സത്യസന്ധതയ്ക്ക് പ്രാധാന്യം

സൗഹൃദ ബന്ധത്തില്‍ പൂര്‍ണമായും സത്യസന്ധത പുലര്‍ത്തുകയെന്നതാണ് നല്ലൊരു സുഹൃത്തിന്റെ മറ്റൊരു ഗുണം. പറഞ്ഞ വാക്ക് പാലിക്കണം. അതിനുകഴിയാതിരുന്നാല്‍ കൃത്യമായ കാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയണം.
അത്തരത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നവര്‍ നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും. ബന്ധങ്ങള്‍ നിലനിര്‍ത്താനോ വിശ്വസ്തത നേടിയെടുക്കാനോ വേണ്ടി കള്ളം പറയാന്‍ നല്ല സുഹൃത്തുക്കള്‍ തയാറാകാറില്ല.

പറയുന്ന കാര്യങ്ങളിലും ബന്ധങ്ങളിലും അങ്ങേയറ്റം സത്യസന്ധതയും വിശ്വാസവും നിലനിര്‍ത്തുന്നതായിരിക്കണം ഒരു നല്ല സുഹൃത്തിന്റെ ഗുണം.

നിലനില്‍പ്പിനു വേണ്ടി പറയുന്ന കള്ളത്തരങ്ങള്‍ പോലും പിന്നീട് നല്ല സുഹൃദ് ബന്ധങ്ങളെ തകര്‍ത്തേക്കാം. അതുകൊണ്ട് സൗഹൃദത്തില്‍ കള്ളത്തരങ്ങള്‍ ഒരിക്കലും കടന്നുവരാതെ ശ്രദ്ധിക്കണം.

പരസ്പരമുള്ള വിശ്വാസത്തിനു സത്യസന്ധത പ്രധാന ഘടകമാണ്. നല്ല സൗഹൃദങ്ങള്‍ ശിഥിലമാകാതെ എന്നും നിലനില്‍ക്കാന്‍ സത്യസന്ധമായ വാക്കും പ്രവര്‍ത്തിയും സൗഹൃദത്തില്‍ ഉണ്ടാകണം. നല്ല സൗഹൃദങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഇതൊക്കെ പാലിക്കേണ്ടതാണ്.

🔹നല്ല കേള്‍വിക്കാരന്‍

നമ്മുടെ സന്തോഷങ്ങളും പ്രയാസങ്ങളും കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടാകുന്നത് നമുക്കൊക്കെ ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്. പലപ്പോഴും ഒരു നല്ല ശ്രോതാവില്ലാത്തതാണ് പലരുടെയും പ്രധാന പ്രശ്‌നം.
എന്തെങ്കിലും സുപ്രധാന കാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ആരുടെയെങ്കിലും അഭിപ്രായം ഏറെ ഗുണം ചെയ്യും.

ഇത്തരം സാഹചര്യങ്ങളില്‍ ആത്മാര്‍ഥ സുഹൃത്തനെ ശ്രോതാവായി ലഭിക്കുന്നത് കൂടുതല്‍ ആശ്വാസമാകും. അതുകൊണ്ട് തന്നെ നല്ല കേള്‍വിക്കാരനായിരിക്കുകയെന്നത് ഉത്തമ സുഹൃത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.

നിങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളുടെ അതേ പ്രാധാന്യത്തോടെ കണ്ടുകൊണ്ട് ക്ഷമയോടെ, ശ്രദ്ധയോടെ പറയുന്ന കാര്യങ്ങള്‍ കേട്ടിരിക്കാന്‍ ഇവര്‍ക്ക് കഴിയണം. നല്ല സുഹൃത്ത് സംസാരചാതുര്യനെന്നതിലുപരി നല്ലൊരു ശ്രോതാവായിരിക്കണം.

നിങ്ങളുടെ വിഷമസന്ദര്‍ഭങ്ങളില്‍ ഒഴിവ്കഴിവ് പറഞ്ഞ് മാറിനില്‍ക്കാനോ, ശ്രദ്ധിക്കുന്നതായി അഭിനയിക്കാനോ നല്ല സുഹൃത്തുക്കള്‍ ശ്രമിക്കാറില്ല. ഏതു സന്ദര്‍ഭത്തിലും സംസാരിക്കാനും കാര്യങ്ങള്‍ കേള്‍ക്കാനും നല്ല സുഹൃത്തുക്കള്‍ തയ്യാറായിരിക്കും.

🔹സ്വകാര്യതയെ മാനിക്കണം

സൗഹൃദങ്ങളില്‍ നില്‍ക്കുമ്പോള്‍ തന്നെ ഓരോ വ്യക്തിക്കും അവരുടേതായ സ്വകാര്യതകളുണ്ട്. നമ്മുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് പെരുമാറാന്‍ നല്ല സുഹൃത്തിനെ കഴിയൂ.
സൗഹൃദത്തിന്റെ പേരില്‍ എല്ലാകാര്യത്തിനും അനുവാദം ചോദിക്കാതെ ഇടിച്ചു കയറുന്ന സ്വഭാവം നല്ല സൗഹൃദങ്ങളില്‍ ഉണ്ടാകില്ല. എന്തെങ്കിലും കാര്യങ്ങള്‍ ആത്മാര്‍ഥ സുഹൃത്ത് പങ്കുവച്ചില്ലെന്ന പരിഭവത്താല്‍ ദിവസങ്ങളോളം പിണങ്ങി നല്ല സൗഹൃദം ഇല്ലാതാക്കുന്നവരുണ്ടാകും. വ്യക്തിപരമായ പല കാര്യങ്ങളും ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടാകും.

അതൊക്കെ അറിയണമെന്ന വാശി സൗഹൃദത്തില്‍ കാണിക്കരുത്. വ്യക്തികളെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ സുഹൃത്തുക്കള്‍ തുറന്നു പറയുമ്പോള്‍ മാത്രം അറിയാന്‍ ശ്രമിക്കുക. വ്യക്തിപരമായ നമ്മുടെ സ്വകാര്യതകളെ മാനിക്കുന്നവരായിരിക്കണം നല്ല സുഹൃത്ത്.

സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി സൗഹൃദം കൂടുന്നവരല്ല നല്ല ചങ്ങാതികള്‍. തിരക്കുകളും പ്രശ്‌നങ്ങളും മാറ്റിവച്ച് അവരുടെ ജീവിതത്തില്‍ നമുക്കുള്ള പ്രാധാന്യത്തെ ഇടയ്ക്കിടെ നമ്മെ ബോധ്യപ്പെടുത്തികൊണ്ടിരിക്കണം. അതാണ് ഒരു നല്ല സുഹൃത്തിന്റെ കടമ.

🔹സൗഹൃദം നിരന്തരം പുതുക്കുന്നവര്‍

നല്ല സുഹൃത്തുക്കള്‍ സൗഹൃദത്തെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കും. നമ്മുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, ഓര്‍ത്തിരുന്ന് നമ്മളെ വിളിക്കുകയും സഹായിക്കുകയും ചെയ്യുന്നവരായിരിക്കും യഥാര്‍ഥ സുഹൃത്ത്.
നമ്മള്‍ അങ്ങോട്ട് വിളിച്ചാലേ ഇങ്ങോട്ട് വിളിക്കൂ എന്ന പിടിവാശി നല്ല സൗഹൃദത്തിലുണ്ടാകില്ല. ഫോണിലൂടെയോ, മെയിലിലൂടെയോ, കത്തിലൂടെയോ, മറ്റ് സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളിലൂടെയോ നമ്മുടെ സുഖവിവരങ്ങള്‍ അറിയാനുള്ള താല്‍പര്യവും സന്തോഷവും നല്ല സുഹൃത്തുക്കള്‍ പ്രകടിപ്പിക്കും. പരസ്പരമുള്ള സഹകരണം സുഹൃത്ത് ബന്ധങ്ങളില്‍ നിരന്തരം ഉണ്ടാകണം.

അകല്‍ച്ചകള്‍ ഉണ്ടായാല്‍ എത്രയും വേഗം അവയൊക്കെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കാണണം. കൂടാതെ ആത്മാര്‍ഥ സുഹൃത്ത് ഒരിക്കലും നിങ്ങളുടെ കുറ്റവും കുറവുകളും മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നവരാകരുത്.

അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവരോ നിങ്ങളുടെ സ്വഭാവത്തെ ഹനിക്കുന്ന തരത്തില്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവരോ ആകരുത്. ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ സൗഹൃദബന്ധത്തിലുണ്ടായാല്‍ തെറ്റുകള്‍ തന്റെ ഭാഗത്താണെങ്കില്‍ തിരുത്താനുള്ള സന്മനസും ഒരു നല്ല സുഹൃത്തിനുണ്ടാകണം.

🔹ഒരു പ്രേരകശക്തി

നല്ല സുഹൃത്ത് ഒരു പ്രേരകശക്തിയാണ്. നിങ്ങളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഒരു ഇന്ധനം പോലെയാണ്. ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായ ഹസ്തമായി ഇവര്‍ നിലനില്‍ക്കും.
നിങ്ങളുടെ വിജയങ്ങളില്‍ ഒരല്‍പ്പം പോലും അസൂയപ്പെടാതെ സന്തോഷിക്കാനും ആഹ്‌ളാദിക്കാനും യഥാര്‍ഥ സുഹൃത്തിനേ കഴിയൂ. നല്ല സൗഹൃദങ്ങള്‍ നല്‍കുന്ന മാനസിക ഉന്മേഷം ചെറുതല്ല.

ആത്മാര്‍ഥതയുള്ള സുഹൃത്ത് നമ്മെ ഒഴിവാക്കി വിടുന്നവരല്ല. അവരങ്ങനെ ചെയ്യുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ് നാം അവര്‍ക്ക് നല്ലൊരു സുഹൃത്തായിരുന്നോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.

നല്ല ബന്ധങ്ങള്‍ എപ്പോഴും മാനസിക ഉന്മേഷം നല്‍കുന്നവയാകണം. സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനുണ്ടാകേണ്ട ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് സൗഹൃദങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കണം.

ജീവിതത്തിലെ ഏറ്റവും നല്ല നാളുകള്‍ സമ്മാനിക്കാന്‍ കഴിയുന്നതാണ് നല്ല സൗഹൃദങ്ങള്‍. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ മുഖമോര്‍ക്കുമ്പോള്‍ കുറേയേറെ നല്ല ഓര്‍മ്മകള്‍ മനസില്‍ തെളിയുന്നതാകണം നല്ല സൗഹൃദം.

സൗഹൃദ കവിതകൾ

🌷സൗഹൃദം

പഴകും വീഞ്ഞ് പോല്‍ മധുരിക്കേണം
കാലാന്തരത്തില്‍ സുഹൃത്ബന്ധങ്ങള്‍
കരിയുന്ന കിനാവുമായ് നീറുന്ന മനസ്സിന്
പുതുജീവന്‍ നല്കും കുളിരാണ് സൗഹൃദം

രണ്ടുള്ളവന്‍ ഒന്നപരനായി കരുതി
സ്വര്‍ഗ്ഗവാതില്‍ തേടുന്നവനേത്രേ മിത്രം!
കൂടെപൊഴിക്കുവാനോ കരുതണം
ഒരു തുള്ളി കണ്ണുനീര്‍ ചഷകത്തിലെന്നും.

ലിംഗഭേദമില്ലാതെ മാറണം സൗഹൃദം
ലിംഗത്തിന് വിലപേശുമീ ലോകത്തില്‍
മരുഭൂവിലലയും മഹാഗളം പോല്‍
മരുപ്പച്ചയാകണം സൗഹൃദമെന്നും

കരുതലിന്‍ കഞ്ചുകമായിടേണം
കാരുണ്യമെന്നും നിറഞ്ഞിടേണം
കല്മഷമേല്ക്കാതെ വിളങ്ങീടണം
കാഞ്ചനം പോലെന്നും തിളങ്ങീടണം

തിരുത്തലിന്‍ തൂലികയായിടേണം
തുഷാരബിന്ദുപോല്‍ അലിഞ്ഞീടണം
താരാഗണങ്ങള്‍ പോല്‍ നിരന്നീടണം
തരളമായ്തല്പത്തില്‍ കരുതിടേണം

പശിയിലും പാശം നിറഞ്ഞീടണം
പണ്ഡിത പാമര ഭേദമില്ലാതെ
പര്‍ണ്ണം നിറഞ്ഞൊരു പര്‍വ്വതം പോല്‍
പാരിനലങ്കാരമായിടേണം !

🌷സൗഹൃദം

അവനവൻ മഹിമ കൊണ്ടതിരുവച്ചല്ലേ
സൗഹൃദം തടവറയാകുന്നതവനിയിൽ
അതിരെഴാതാനന്ദമേകുമാകാശേ
ചിറകുവിരിക്കാം കാതങ്ങൾ താണ്ടാം.
തിരികെയായൊന്നുമേ നേടുവാനല്ലാതെ
സ്വയമേകുവാൻ പകുത്തേകുന്ന ചിത്തം
അപരനിൽ ജീവൻ നുരയാൻ പകരും
ചങ്കിലെ ചോരയാൽ നിറയും ചഷകം
നിന്റെ വിശപ്പിനും ദാഹത്തിനും നിറ –
മെന്തുണ്ടു ഭേദം നിണമൊന്നു തന്നെ
നിന്റെ കണ്ണീരിൽ അലിയുമെൻ ചിത്തം
അങ്ങനെയല്ലേ നിനക്കുമെന്നും സഖേ?
നോവുന്ന മാനവനെവിടെയായാലും
ഏകുന്നു നൊമ്പരപ്പാടെന്നുമുള്ളിൽ
എന്തുകൊണ്ടതിരു തിരിച്ചു വാഴും നമ്മൾ
അല്പ കാലം മാത്രം ഈ ക്ഷിതി വാസം
പന്തിരുകുലത്തിന്റെ മഹിമ പാടും പിന്നെ
പറയൻ പടിപ്പുര തീണ്ടാതെ കാക്കും
പാണന്റെ പാട്ടിന്റെ ഈണത്തിലാടും
അവൻ പാളയത്തൂടെ പനിച്ചു കൊണ്ടോടും,
മണ്ണപ്പമുണ്ണുന്ന ബാല്യങ്ങളിൽ നമ്മൾ
മാനുഷരെല്ലാരുമൊന്നു പോലല്ലേ
കന്മഷമെന്നു കലരുന്നു നമ്മിൽ
അറിവുകളകലങ്ങൾ തീർക്കുന്നുലകിൽ?
ഓർമ്മതൻ ചെപ്പിൽ നാം സൂക്ഷിച്ചു വച്ചു
കുന്നി മണിയൊന്നു സ്മാരകം പോലെ
പിന്നെ തിരക്കിട്ടയോട്ടങ്ങളിൽ നമ്മൾ
ദൂരെയെറിഞ്ഞു ഇടമില്ല ചിത്തിൽ.
ഒരു സൗഹൃദത്തിൻ തണൽമരം തേടി
പല നാളലഞ്ഞു നാം മരുഭൂമി തോറും
കനൽ കാടുതാണ്ടി കനകം നിറച്ചു
കരളു മരച്ചു നാം കാലം കഴിച്ചു.
ഹൃദയമുള്ളോരെ നമുക്കു വേണ്ടായിനി
സൗഹൃദ ഛായകൾ നമുക്കു വേണ്ട?
വേണ്ടതു സ്വന്തം സുഖേച്ഛയ്ക്കു മേയുവാൻ
അവനവൻ മഹിമതൻ പുൽമേടുകൾ.
എത്രമേലൊട്ടി നടന്നു നമ്മൾ പിന്നെ
എത്രയോ പെട്ടന്നകന്നു ദൂരെ
സ്വന്തമിഷ്ടങ്ങൾ തൻ കൂടൊന്നു തീർക്കുവാൻ
ഹൃത്തിന്റെ വാതിലടച്ചു നമ്മൾ,
സന്ധ്യകളെന്നും ഭയം പകരും ചാരെ
കേൾപ്പതൊറ്റുകാരൻ വരും കാലൊച്ചയോ
കവിളിലായേൽക്കുന്ന നിന്റെ നിശ്വാസത്തിൽ
ഒറ്റുന്ന ചുംബന ഗന്ധമുണ്ടോ?
ഏതുനേരത്തുമേ കോഴി കൂവാമിനി
താമസമില്ല നീ തള്ളിപ്പറയുവാൻ
കൈവിട്ടു പോകുന്നു തോൾ ചേർത്തവർക്കിനി
വേണ്ടയീ സൗഹൃദമേകും കയിപ്പുനീർ.
ഏതു കോണിൽ ഞാനൊളിച്ചു വാണാലും
എന്നോർമ്മ നിന്നിൽ വിഷം കലർത്തും
എത്ര നാളെന്റെ നുകം വഹിക്കും
ഇനിയെത്ര നാൾ സൗഖ്യം നടിച്ചു വാഴും?
സൗഹൃദ നാടകം തീരുന്നു തിരശീല
വീഴുന്നതിൻ മുമ്പഴിയുന്നു വേഷങ്ങൾ.
പിരിയാം നമുക്കു തിരക്കിട്ടു നീങ്ങാം
പേരിനു സൗഹൃദഭാവം നടിക്കാം
തമ്മിൽ ചായം പുരട്ടാതെ കണ്ടാൽ
പകലിൻ വെളിച്ചത്തിൽ അറിയില്ല തമ്മിൽ.
പിരിയാം നമുക്കു തിരക്കിട്ടു നീങ്ങാം
പേരിനു സൗഹൃദഭാവം നടിക്കാം

🌷സൗഹൃദം

വിഭിന്ന സ്വരങ്ങളാം മാനസം തന്നുടെ
ചങ്ങലകണ്ണികള്‍ സൗഹൃദങ്ങള്‍
വ്യര്‍ത്ഥമായീടുന്ന മോഹങ്ങളില്ലാതെ
ഒത്തുചേരുന്നൊരാ സൗഹൃദങ്ങള്‍
വര്‍ഗ്ഗമോ, വര്‍ണ്ണമോ, ദേശമോ, ഭാഷയോ
ഒന്നുമേ വിഗ്നങ്ങള്ളല്ലതോര്‍ത്താല്‍
ഒറ്റുകൊടുക്കില്ല വിലയിട്ടു വില്‍ക്കില്ല
ഒരിക്കലും ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍
നോവും മനസ്സിന്‍റെ നീറ്റലകറ്റുവാന്‍
കുളിര്‍ തെന്നലാകുമാ സൗഹൃദങ്ങള്‍
ഭാവിമടുത്തു മയങ്ങാനൊരുങ്ങുമ്പോള്‍
തഴുകീയുണര്‍ത്തുമാ സൗഹൃദങ്ങള്‍
ഏകാകിയായിട്ടുഴറും ഹൃദന്തത്തിന്‍
തന്ത്രികള്‍ മീട്ടുമാ സൗഹൃദങ്ങള്‍
കരഞ്ഞുതളര്‍ന്നൊട്ടു വീണുറങ്ങീടുമ്പോള്‍
താരാട്ട്‌ പാട്ടാകും സൗഹൃദങ്ങള്‍
ആത്തുചിരിക്കാന്‍ മനസ്സുണര്‍ന്നീടുമ്പോള്‍
കൂട്ടു ചേര്‍ന്നീടുമാ സൗഹൃദങ്ങള്‍
ആഴിത്തനാഴത്തിനേക്കാളുമെത്രയോ
ആഴത്തിലാണാത്മ സൗഹൃദങ്ങള്‍
വിലയിട്ടു നോക്കാത്ത ബന്ധമൊന്നേയുള്ളൂ
ബാലിശമാകുമീ ജീവിതത്തില്‍….!,
സൗഹൃദം പോലൊരു ബന്ധമില്ലൂഴിയില്‍
വിശ്വാസമോടെ നെഞ്ചേറ്റീടുവാന്‍……………
🌷സൗഹൃദം നനയുമ്പോള്‍

ഋതുഭേദങ്ങള്‍ക്കൊടുവില്‍ കണ്ട
ഊര്‍വരത മാത്രമായിരുന്നു നീ…
സൗഹൃദമെന്ന്‌ പേരിട്ടത്‌
എന്റെ അധിനിവേശത്തെ ഭയന്ന്‌…
ഹൃദയത്തിന്‌ വാതില്‍ പണിയാന്‍ മറന്ന
ദൈവത്തെക്കാളും ഭീതിയായിരുന്നു
എന്റെ ആത്മാവിനെ…

ചോദിക്കാതെ കടന്നുവരില്ലെന്നറിഞ്ഞിട്ടും
നീ ഊഷരതയെ ഉള്ളിലൊളിപ്പിച്ചു….
കാണില്ലെന്നാശിച്ച്‌ നീ നട്ട മോഹങ്ങള്‍
മുളച്ചത്‌ നിന്നിലും
കൊഴിഞ്ഞത്‌ എന്റെ നീലഞ്ഞരമ്പുകളിലും

എന്റെ സ്വപ്നങ്ങള്‍ക്ക്‌
ഉപ്പില്ലെന്നറിഞ്ഞിട്ടും
നിന്റെ തുവാലയില്‍ നിന്നിറ്റു വീണ കണ്ണുനീര്‍
ഒളിപ്പിച്ചതെന്തിന്‌…?

എന്റെ നൊമ്പരങ്ങള്‍
മായ്ക്കാനാവില്ലെന്നറിഞ്ഞിട്ടും
സ്നേഹത്തിന്റെ മഷിത്തണ്ട്‌
മറച്ചുപിടിച്ചതെന്തിന്‌…?

പ്രണയത്തിന്റെ വറുതിയിലായിരുന്നോ..
നാം സുഹൃദ്ബന്ധത്തിന്റെ വിത്തുകള്‍ പാകിയത്‌…

🌷മധുരമീ സൗഹൃദം

ചെറിയ കാലയളവിലേക്കൊരു സൗഹൃദം
മധുരമായി ഓര്‍ത്തിടാനൊരുപാട് സൗഹൃദം

ഒരു കൊച്ചു കാലയളവില്‍ ഉടലെടുത്തതും
പെട്ടന്നണയാന്‍ വിധിക്കപ്പെടുന്നതും

കാലങ്ങള്‍ പിന്നിട്ട് വെറുതെയിരിക്കുമ്പോള്‍
ഓര്‍ത്തു ചിരിക്കുവാന്‍, വെറുതെ വിതുമ്പുവാന്‍

മറവിതന്‍ മാറാലക്കുള്ളില്‍ പതിഞ്ഞൊ-
രോര്‍മ്മ മാത്രമായ് മാറിടാന്‍

ഇടവേളക്കപ്പുറം കാണുകില്‍ ചിരിക്കുകില്‍
മനസ്സുകള്‍ തമ്മില്‍ ദൂരങ്ങള്‍ വന്നിടെ

ഒരു നെടുവീര്‍പ്പിനാല്‍ ഞാന്‍ ഓര്‍ത്തിടും
ചെറുകാലയളവിന്‍ മധുര സൗഹൃദം!

🌷സഹൃദയ സൗഹൃദം

അവസരവാദികളൊത്തൊരു സഖ്യം-

അകാലമൃത്യു സമാനം തന്നെ.

അസ്വാഭാവിക സ്‌നേഹപ്രകടന-

മെന്തോ ദു:സ്സൂചനതന്നെ.
അസ്ഥിരമായ വചസ്സു വിതക്കും,

അതിരുകവിഞ്ഞു പുകഴ്ത്തീടും,

അപായ സൂചന ഗൌനിക്കാത്തവര്‍-

വാരിക്കുഴിയില്‍ പതിച്ചീടാം.
കിട്ടാക്കനിയെക്കാട്ടി തന്നുടെ-

ത്യാഗമതെന്നുര ചെയ്തും,

പരനാര്‍ജിച്ച കരുത്തും തന്നുടെ-

കൃപയാണെന്നു കഥിച്ചും,
കപടത സ്മിതവദനത്തിലൊളിച്ചും-

കടമകളൌദാര്യത്തില്‍ മൊഴിഞ്ഞും,

ഉലകിതില്‍ സ്വയമേ ശ്രേഷ്ഠത-

ഭാവിച്ചമരുകയാണവിവേകത്താല്‍.
കണ്ടതു വളരെത്തുച്ഛംമാത്രം-

കാണാപ്പൊരുളുകളിനിയും മിച്ചം.

മിന്നീടുന്നവയൊക്കെപ്പൊന്ന-

ല്ലെന്നൊരു പഴമൊഴിയോര്‍ത്തീടാം.
സൗഹൃദവേരുകളാഴ്ന്നീടട്ടെ-

ഭൂരുഹസമമതു വളരട്ടെ,

കൂണുകള്‍പോലെ മുളക്കും മൈത്രി-

കളല്‍പ്പായുസ്സാം കുമിളകള്‍പോല്‍.
അഴലുനിഴല്‍ പാകീടും വീഥിയില്‍-

തന്‍ നിഴല്‍ പോലുമകന്നീടുമ്പോള്‍,

കൂടെയണച്ചുപിടിക്കാന്‍ പാണികള്‍-

നീട്ടും സൗഹൃദചിന്ത മതി.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.