Uncategorized

The Unwedded Mother

അവിവാഹിതയായ ‘അമ്മ’

Mother with Child

Mother with Child

ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞ പെണ്‍കുട്ടിയാണ് ആഗ്നസ്. ഒരു ധ്യാനപരിപാടിക്കിടെ അവള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന സന്ദര്‍ഭത്തില്‍ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയ ദൃശ്യം ഒരു ഭ്രൂണത്തിന്റേതായിരുന്നു. എന്താണ് ചോദിക്കുക എന്ന് അല്പം സന്ദേഹമുണ്ടായി. വീണ്ടും ആഗ്നസിനെ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു. അപ്പോഴും ഗര്‍ഭപ്രാത്രത്തില്‍ ഭ്രൂണമിരിക്കുന്ന ദൃശ്യമാണ് വെളിപ്പെട്ടത്. അവിവാഹിതയായ പെണ്‍കുട്ടിയോട് ഭ്രൂണഹത്യ ചെയ്തിട്ടുണ്ടോയെന്ന് ചോദിക്കുന്നതില്‍ ആശങ്കയുണ്ട്. എങ്കിലും കണ്ട ദൃശ്യം വ്യക്തമായിരുന്നതിനാല്‍ പരിശുദ്ധാത്മാവ് തന്ന പ്രചോദനമനുസരിച്ച് ഇങ്ങനെ ചോദിച്ചു. ”ഒരു ഭ്രൂണഹത്യയെ പ്രത്യേകമായി കര്‍ത്താവ് കാണിച്ചുതരുന്നുണ്ട്. ആഗ്നസിന് അതുമായിട്ട് എന്തെങ്കിലും ബന്ധമുണ്ടോ?” അല്‍പനേരം ആലോചിച്ചതിനുശേഷം അതീവ സന്തോഷത്തോടെ ആഗ്നസ് തനിക്കുണ്ടായ അനുഭവം വിവരിച്ചു.

”ഒരു വര്‍ഷം മുന്‍പ് ഉന്നത ഉദ്യോഗസ്ഥരായ ഒരു അങ്കിളും ആന്റിയും ഞാന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ വന്നു. അവര്‍ക്ക് രണ്ടരയും ഒന്നരയും വയസ്സു പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുണ്ട്. എന്നാല്‍, ഇപ്പോള്‍ ആന്റി ഗര്‍ഭിണിയാണ്. മൂന്നുമാസമാവുകയും ചെയ്തു. ഇനിയും ഒരു കുഞ്ഞുകൂടി വരുന്നത് അവര്‍ക്ക് തീരെ ഇഷ്ടമല്ലായിരുന്നു. അതിനാല്‍ ഗര്‍ഭഛിദ്രം ചെയ്യാന്‍ വന്നതായിരുന്നു അവര്‍. ഞാന്‍ ഈ വിവരം അറിഞ്ഞപ്പോള്‍ അതീവ ദു:ഖിതയായി. അവരുമായി സംസാരിച്ചപ്പോള്‍ അവര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ആന്റിക്കായിരുന്നു ഗര്‍ഭഛിദ്രം ചെയ്യാന്‍ കൂടുതല്‍ ആഗ്രഹം. അന്ന് അവര്‍ പരിശോധനയൊക്കെ കഴിഞ്ഞ് ഡോക്ടറുടെ ഡേറ്റ് വാങ്ങി തിരിച്ചുപോയി. പിന്നീട്, എനിക്കറിയില്ല ഞാന്‍ എത്രമാത്രം പ്രാര്‍ഥിച്ചെന്ന്. അവര്‍ ആശുപത്രിയില്‍ വരുന്നതിന്റെ തലേന്ന് ഞാന്‍ അവരുടെ വീട്ടില്‍ ചെന്നു. ഭ്രൂണഹത്യയെന്ന മാരകപാപത്തെക്കുറിച്ച് കഠിനമായി സംസാരിച്ചു. നിങ്ങള്‍ക്കു വേണ്ടെങ്കില്‍ കുഞ്ഞിനെ ഞാന്‍ വളര്‍ത്തിക്കൊള്ളാമെന്നു പറഞ്ഞു. അവരുടെ മനസ്സുമാറ്റിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അവസാനം ഞാന്‍ അവരുടെ കുഞ്ഞുങ്ങളെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു: ഇവര്‍ക്കു കളിക്കാന്‍ ഇതുപോലൊരു കുഞ്ഞുവാവയെക്കൂടി കൊടുക്കില്ലേ? വെറുമൊരു മാംസക്കഷണമല്ല, ഇതിന്റെയൊരു ചെറുപതിപ്പാണ് ആന്റിയുടെ വയറ്റിലുള്ളത്. അടുത്ത കൊല്ലം ഈ സമയത്ത് കുഞ്ഞുവാവേ എന്നു വിളിച്ച് ഈ കുഞ്ഞുങ്ങള്‍ അതിനെ ലാളിക്കട്ടെ.

ശരിക്കും ഞാന്‍ അന്നേരം കരഞ്ഞുപോയി. എന്റെ സങ്കടത്തിനു മുന്‍പില്‍ അവരുടെ തീരുമാനത്തിന് ഇളക്കം തട്ടി. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവര്‍ അതില്‍ നിന്നും പിന്‍തിരിഞ്ഞു. മാസങ്ങള്‍ക്കു ശേഷം ആന്റി പ്രസവിച്ചു. ആരു കണ്ടാലും നോക്കിപ്പോകുന്നത്ര ഓമനത്തമുള്ള കുഞ്ഞ്. അവര്‍ക്കു വലിയ സന്തോഷമായി. അതൊരുപെണ്‍കുഞ്ഞായിരുന്നു. അവരതിന് എന്റെ പേരാണ് ഇട്ടിരിക്കുന്നത്. കുഞ്ഞിന്റെ ജ്ഞാനസ്‌നാനത്തിന് എന്നെയും
ക്ഷണിച്ചിരുന്നു. അവരുടെ വീട്ടിലേക്കു ഞാന്‍ കടന്നു ചെന്നപ്പോള്‍ ആന്റി കുഞ്ഞിന്റെ മുഖത്തേക്കു നോക്കി ഇങ്ങനെ പറഞ്ഞു: ഇതാ നിന്റെ അമ്മ വന്നിരിക്കുന്നു എന്ന്. ഞാനാകെ കോരിത്തരിച്ചുപോയി. കുറേ ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഒരു ജീവന്‍രക്ഷിക്കാന്‍ ദൈവം എന്നെ ഉപകരണമാക്കി.”

”അങ്ങനെ ഒരു മകള്‍ ജനിച്ചു; കുഞ്ഞു ആഗ്നസ് അല്ലേ?”

”പിന്നെയും കുഞ്ഞിനെ കാണാന്‍ ചെല്ലണമെന്നു പറഞ്ഞ് ആന്റി എന്നെ വിളിച്ചിരുന്നു. ഞാന്‍ പോയില്ല. കുഞ്ഞു വളരുമ്പോള്‍ അതൊക്കെ പ്രശ്‌നമാകുമെന്നു തോന്നി.”

”ദൈവസന്നിധിയില്‍ ആഗ്നസ് വിലമതിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.”

”എന്റെ കരിയറില്‍ ഇനിയും അനേകം കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.”

”തീര്‍ച്ചയായും ആഗ്നസിനെ ദൈവം അനുഗ്രഹിക്കും. ഇനിയും അനേകം മക്കളുടെ അമ്മയായി ആഗ്നസ് മാറട്ടെ.”

ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍ നഴ്‌സിങ് മേഖലയ്ക്ക് സാരമായ പങ്കു വഹിക്കാനുണ്ട്. ആഗ്നസിനെപ്പോലെയുള്ളവര്‍ ചെയ്യുന്ന ദൗത്യം വിലമതിക്കാനാകാത്തതാണ്. ജീവന്റെ സംരക്ഷണത്തിനുവേണ്ടി ദൈവം ഭൂമിയിലേക്കയച്ച മാലാഖമാരാണവര്‍. ജീവന്റെ മൂല്യം മനസ്സിലാക്കിയ അനേകം ‘ആഗ്നസു’മാര്‍ ഈ ദൗത്യം സ്വയം ഏറ്റെടുക്കുന്നു. വളരെ എളുപ്പമുള്ള കാര്യമൊന്നുമല്ല ഇത്. തിന്മയ്‌ക്കെതിരെയുള്ള അതിശക്തമായ പോരാട്ടമാണത്. പ്രാര്‍ഥനയും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കണം. കോടതിയില്‍ അഭിഭാഷകര്‍ വാദിക്കുന്നതുപോലെ ശക്തമായി വാദിക്കേണ്ട സന്ദര്‍ഭങ്ങളാണ് മിക്കതും.

ജീവന്റെ സംരക്ഷകരായി നമുക്ക് മാറാം… ജീവന്റെ നാഥനോടൊപ്പം…

പ്രൊ ലൈഫ് പ്രവർത്തനം ? ദൈവമഹത്വം മനുഷ്യനന്മകൾക്കുവേണ്ടിയുള്ള എളിയ ശുശ്രുഷയാണ് .ദൈവകൃപയിൽ വിശ്വസിക്കുന്ന ആശ്രയിക്കുന്ന ഓരോ വിശ്വാസിയും പ്രൊ ലൈഫ് അനുഭാവിയും പ്രവർത്തകനും പ്രവർത്തകയും ആണ് .ഒരു കുഞ്ഞും ജനിക്കാൻ തടസ്സം നേരിടരുത് .ഒരു വ്യക്തിക്കും ജീവിക്കാൻ വിഷമം നേരിടരുത് .മനുഷ്യമഹത്വം മാനിക്കപ്പെടണം .
പ്രൊ ലൈഫ് ശുശ്രുഷകളിൽ അഭിമാനത്തോടെ പങ്കാളികളാകുക .

പ്രാത്ഥനയുടെ ഐക്യത്തിൽ ,

സാബു ജോസ് , എറണാകുളം . 9446329343 🙏🙏🙏.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.