Uncategorized

Profile Picture

Flood of August 2018 in Kerala

ഇന്ന് എന്റെ ജന്മദിനമാണ്. ഒരു നല്ല പ്രൊഫൈൽ ചിത്രമായിരുന്നു ആദ്യം കരുതിയത്. എന്നാൽ എന്റെ ജനത്തിന് നിറം നഷ്ടപ്പെട്ടിരിക്കുമ്പോൾ പുഞ്ചിരിക്കുന്ന കളർ ചിത്രം ക്രൂരമായൊരു ഫലിതമാകുമെന്ന് കരുതി. അക്ഷരത്തിനാകുമ്പോൾ പ്രത്യേകം മെയ്ക്കപ്പും വേണ്ട. അവ നേരിന്റെയും പ്രപഞ്ചത്തിന്റെ ആദിരൂപത്തിന്റെയും നിറമായ കറുപ്പായിത്തന്നെ നിലകൊള്ളുകയും ചെയ്യും. കുറിപ്പ് തുടർന്നു വരുന്നതാണ്:

ജലം ജീവന്റെയും മരണത്തിന്റെയും രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് വി. ബൈബിളിൽ. മഴ പെയ്യുന്നതിനു മുമ്പുതന്നെ ഏദനിൽ നിന്ന്, ഭൂമിയുടെ ഗർഭപാത്രത്തിൽ നിന്ന് , ഒരു നദി പുറപ്പെടുന്നുണ്ട് . നാലു ദിക്കുകളിലേക്കും ഒഴുകുന്ന നദി സൃഷ്ടിയുടെയും പാപപരിഹാരത്തിന്റെയും വേഷമണിഞ്ഞ്, ഭൂമിയുടെ ഉർവ്വരതകളെല്ലാം ഫലഭൂയിഷ്ടമാക്കി ബൈബിളിലെ അക്ഷരങ്ങളെയെല്ലാം നനച്ച് പനച്ച് കിടക്കുന്നുണ്ട്.

ഹൈന്ദവ ധർമ്മം നദീതടങ്ങളുമായി പൊക്കിൾക്കൊടിയെന്ന പോലെ ബന്ധം പുലർത്തുന്നതാണ്. ഹൈന്ദവന് ജലം പൂർവ്വിക സ്മൃതികളും കർമ്മങ്ങളും തങ്ങി നിൽക്കുന്ന ഇടമാണ്. പാപനാശിനിയെന്ന് വിശ്വസിക്കപ്പെടുന്ന ഗംഗയുടെ ഒഴുക്ക് തന്നെ ജന്മജന്മാന്തരങ്ങളിലൂടെയും തലമുറകളിലൂടെയുമാണ്.

ഇസ്ലാം മതവിശ്വാസിക്കു ജലമെന്നത് പരമകാരുണികനായ സ്രഷ്ടാവിന്റെ ദാനമാണ്, ദാനധർമ്മങ്ങൾ നടത്തിയും പരിഹാരത്തിന്റെ ജലത്തിൽ പാദം കഴുകിയുമാണ് മുസ്ലീം അനുദിനം നിസ്കാരത്തിനെത്തുന്നത്. സംസം ജലം അവർക്ക് ഒരു ഓർമ്മയുടെ ശേഷിപ്പല്ല, ഇന്നും തുടരുന്ന ജീവന്റെ തുടിപ്പാണ്.

സംസ്കൃതികളും മതവും മനുഷ്യനുമായി സ്നേഹത്തിൽ കഴിഞ്ഞ ജലം ദിശതെറ്റിയൊഴുകി കേരളത്തിൽ. മനുഷ്യന്റെ സ്വപനങ്ങളുടെയും ജീവന്റെയും മേലായിരുന്നു ഈ ഒഴുക്ക്. ഏറെ നഷ്ടങ്ങൾ അവ നമുക്കുണ്ടാക്കിയെങ്കിലും . ജല സ്വഭാവിയായ ചില നന്മകളും നമ്മുടെ സംസ്കാരത്തിന് കൈവന്നിരുന്നു.

ജലത്തിന് മതിലുകൾ തടസമാകുന്നില്ല എന്നതു പോലെ മനുഷ്യനും മതിലുകൾ ഇല്ലായിരുന്നു. ജലം ഇറങ്ങുന്നതോടൊപ്പം നമുക്കിടയിൽ മതിലുകളും കവാടങ്ങളുമുയരും.

ദൈവങ്ങൾ മാത്രം അന്തിയുറങ്ങിയിരുന്ന ദൈവാലയങ്ങളിൽ നക്ഷത്രങ്ങളും മിന്നാമിന്നികളും സന്ധ്യാ ദീപങ്ങൾ കൊളുത്താൻ മടിച്ച രാവുകളിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും പേരുകളില്ലാത്ത ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അവരുടെ ഈറൻ മിഴികൾ സന്ധ്യാ ദീപങ്ങളായി,സങ്കടങ്ങൾ കീർത്തനങ്ങളായി, ഹൃദയത്തുടിപ്പുകൾ സംഗീതമായി. ഇവിടെ വിശ്വാസം കുഴിച്ചുമൂടുകയല്ലായിരുന്നു. മതം അതിന്റെ ആദിമവും സനാതനവുമായ സത്തയെ തേടുകയായിരുന്നു.

എല്ലാ അടുക്കളകളിലും തീ പുകയുന്നില്ലായിരുന്നു. എന്നാൽ കുറച്ച് കരങ്ങൾ എല്ലാവർക്കുമായി ഭക്ഷണമൊരുക്കി: പ്രായമോ നിറമോ മതമോ സമ്പാദ്യമോ അറിവോ വേർതിരിവില്ലാതെ അവ മനുഷ്യന്റെ കരങ്ങളായി. വിശപ്പ് എന്നത് പരിഹരിക്ക പ്പെടേണ്ടതാണെന്ന് എല്ലാവരും അറിഞ്ഞു. ഇനി ചില അടുക്കളകളിൽ തീ പുകയും ചിലയിടങ്ങൾ ശൂന്യമായിരിക്കും. ആരുടെയും വിശപ്പ് ആർക്കും പ്രശ്നമല്ലാതാകും.

കടലിന്റെ മക്കൾ, എല്ലാവരിൽ നിന്നും ഉയർന്നു നിന്നു. അമ്മ ഒഴുകിയ വഴികളിലൂടെ വള്ളങ്ങളുമായി അവർ പുറപ്പെട്ടു. അവരുടെ അമ്മ സംഹരിക്കുന്നവളല്ല, സ്നേഹിക്കുന്നവളും സംരക്ഷിക്കുന്നവളും ആണെന്ന് നഗരങ്ങളിലും കൃഷിയിടങ്ങളിലും മലനിരളിലും ജീവിക്കുന്നവരെ അവർ പഠിപ്പിച്ചു.

ജലമിറങ്ങി അനുസരണയുള്ള മക്കളായി അവർ അമ്മയുടെ ചാരെയെത്തി.
അവർക്കു നേരെ നാം ജീവനു വേണ്ടി കൈ നീട്ടി. ഇനി അവരുടെ കരങ്ങൾക്ക് മത്സ്യത്തിന്റെ ഗന്ധവും അവരുടെ സംസകാരം നമ്മുടെ സംസ്കാരത്തിൽ നിന്ന് വേർതിരിക്കപ്പെട്ടുമിരിക്കും. എന്നാലും നമ്മളെ ത്ര മാറ്റി നിർത്തിയാലും, ആപത്ത് കാലത്ത് പാഞ്ഞു വരുന്ന കൂടപ്പിറപ്പിന്റെ സ്നേഹം അവരുടെ നെഞ്ചിലുണ്ടായിരുന്നുവെന്ന് തിരിച്ചറിയാൻ ഒരു ദുരന്തകാലം വേണമായിരുന്നോ?

എല്ലാറ്റിനും സാക്ഷികളായി നമ്മിൽ നിന്നകന്നു പോയവർ നിലകൊള്ളും. പ്രത്യേകിച്ച്, നമ്മിൽ നിന്നകന്നു പോയവർ ആകാശങ്ങളിൽ നക്ഷത്രങ്ങളായി രാപകലുകളിൽ നാമറിയാതെയും അറിഞ്ഞും നമ്മുടെ വീടുകൾക്ക് കാവലായി സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളവും തുടർന്നും പുഞ്ചിരിച്ചു നിൽക്കും.

കടന്നു പോയ നാളുകൾ സംഹാരമല്ല സൃഷ്ടികർമ്മമായിരുന്നെന്ന് നാം തെളിയിക്കണം. മുക്കുവരുടെയും കർഷകരുടെയും മക്കൾ നിറങ്ങളുള്ള വിദ്യാലയങ്ങളിൽ പഠിക്കണം. അവരുടെ സ്വപ്നങ്ങൾക്കും നിറങ്ങളുണ്ടെന്ന് നാമറിയണം. അവരുടെ കണ്ണു നീറുമ്പോൾ നമ്മുടെ നെഞ്ചുനീറണം, അവരുടെ വയറെരി യുമ്പോൾ നാമറിയണം. ആതുരാലയങ്ങളിൽ നാണയത്തുട്ടുകളെക്കാൾ അവരുടെ ജീവന് വിലയുണ്ടാകണം. മത രാഷ്ട്രിയങ്ങു ളു ടെ യും സംസ്കാരത്തിന്റെയും വേർതിരിവില്ലാതെ നാം കൈകോർത്താൽ, മനോഹരിയായി അഭിമാനിതയായി നമ്മുടെ അമ്മ, കേരളം, തിളങ്ങി നിൽക്കും.

ഫാ. ജെസ്റ്റിൻ കാഞ്ഞൂത്തറ എം സി ബി എസ്.

Advertisements

Categories: Uncategorized

1 reply »

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.