Uncategorized

Eliya Sleeva – Second Sunday. Mathew 13, 1-23

സെപ്റ്റംബർ 2, 2018
മത്തായി 13:1-23
നിന്നിലെ ജീവന്‍ നൂറുമേനിയാക്കുക
ഫാ: ജേക്കബ് നാലുപറയില്‍ എംസിബിഎസ്

Jesus in the Cornfield

ഇന്നത്തെ സുവിശേഷഭാഗത്ത് ഈശോ ഒരു കഥ പറയുകയാണ്. വിതക്കാരന്‍ വിതക്കാന്‍ പോയ കഥ. ഒരു കണക്കിനു നോക്കിയാല്‍ ഏറ്റവും കൂടുതല്‍ കഥകള്‍ പറിഞ്ഞിട്ടുള്ള ആത്മീയാചാര്യന്‍ ഈശോ തന്നെയായിരിക്കും.

ഈശോ പറഞ്ഞിട്ടുള്ള കഥകളിലെ ഏറ്റവും ശ്രേഷ്ഠമായ കഥയാണിതെന്നു പറയാം. അദ്ദേഹത്തിന്റെ ‘മാസ്റ്റര്‍ പാരബിള്‍.’ ഒരു കൃഷിക്കാരന്‍ വിതക്കാന്‍ പോയി. അയാള്‍ വിതച്ചപ്പോള്‍ വിത്തുകള്‍ വിവിധ സ്ഥലങ്ങളില്‍ വീണു. ചിലത് വഴിയരുകില്‍, മറ്റു ചിലത് പാറപ്പുറത്ത്, വേറ ചിലത് മുള്ളകള്‍ക്കിടയില്‍, ബാക്കിയുള്ളവ നല്ല നിലത്തും. നല്ല നിലത്തു വീണവ മാത്രാണ് ഫലങ്ങള്‍ പുറപ്പെടിവിച്ചത്. എന്നാല്‍ അവയും വിവധതരം ഫലങ്ങളാണ് പുറപ്പെടുവിച്ചത്. മുപ്പതും അറുപതും നൂറും മേനി വിളവുകള്‍.

ഇതാണ് ഈശോ പറയുന്ന കഥ. ഇതിലൂടെ ഈശോ വ്യംഗമായി നമ്മളോട് ആവശ്യപ്പെടുന്നത് – ഫലം പുറപ്പെടിവിക്കുന്ന വിളനിലങ്ങളാകുക എന്നാണ്. നമ്മുടെ ജീവിതങ്ങള്‍ ഫലം പുറപ്പെടുവിക്കുന്ന വിളനിലങ്ങളായി രൂപാന്തരപ്പെടണം എന്നര്‍ത്ഥം.

അങ്ങനെയെങ്കില്‍ എന്താണ് നമ്മള്‍ ഫലം വിളയിക്കണ്ട വിത്ത്? മുപ്പതും അറുപതും നൂറും മേനി വിളയേണ്ട വിത്ത് എന്താണ്? നമ്മുടെ പറമ്പും വീടും ഭൗതികസമ്പത്തുകളുമാണോ? അല്ലല്ലോ. അതോ അവയ്‌ക്കൊക്കെ പുറകില്‍ നില്‍ക്കുന്ന നമ്മുടെ ശരീരമാണോ? അല്ലല്ലോ. അതോ നമ്മുടെ മനസ്സാണോ, അതുമല്ലല്ലോ. അങ്ങനെയെങ്കില്‍ നമ്മുടെ ശരീരത്തെയും മനസ്സിനെയും സജീവാക്കുന്ന നമ്മിലെ ജീവനായിരിക്കില്ലേ തമ്പുരാന്‍ നമ്മിലേക്ക് വിതയ്ക്കുന്ന വിത്ത്? അതല്ലേ മുപ്പതും അറുപതും നൂറും മേനിയായി വിളയിക്കേണ്ടത്?

അത്തരമൊരു സൂചന ഈശോ പറയുന്ന കഥയില്‍ തന്നെയുണ്ട്. മത്തായി ഈ കഥ എടുത്തിരിക്കുന്നത് മര്‍ക്കോസില്‍ നിന്നാണ് (മര്‍ക്കോ 4:1-20). കഥ തുടങ്ങുമ്പോള്‍ ഈശോ പറയുന്നത് വിതക്കാരന്‍ വിതക്കുന്നത് ‘വിത്താ’ണെന്നാണ് (മാര്‍ക്കോ 4:3; മത്താ 13:3). എന്നാല്‍, പിന്നീട് ഉപമ വ്യാഖ്യാനിക്കുമ്പോള്‍ ഈശോ പറയുന്നത് വിതക്കാരന്റെ ‘വചനം’ (ലോഗോസ്) വിതക്കുന്നു എന്നാണ് (മര്‍ക്കോ 4: 14). എന്നാല്‍, വിതക്കാരന്‍ വിതക്കുന്ന ‘വചനം’ എന്താണെന്ന് ഇവിടെയും വ്യക്തമാക്കുന്നില്ല. അത് വ്യക്തമാകുന്നത് സുവിശേഷം മുമ്പോട്ടു പോകുമ്പോള്‍ മാര്‍ക്കോ 8: 31-32 ലാണ്.

തന്റെ പരോന്മുഖമായ കുരിശുമരണത്തെക്കുറിച്ച് ഈശോ പരസ്യമായി പറഞ്ഞു കഴിഞ്ഞപ്പോള്‍ (മര്‍ക്കോ 8:31) സുവിശേഷകന്‍ കുറിക്കുന്നു, ‘അവന്‍ വചനം വ്യക്തമായി [പരസ്യമായി] പറഞ്ഞുവെന്ന്’ (മാര്‍ക്കോ 8:32). അതായത് ഈശോയുടെ കുരിശുമരണമാണ് ‘വചന’മെന്നര്‍ത്ഥം. ഈശോയുടെ കുരിശുമരണം പരോന്മുഖതയുടെ പരകോടിയാണ് (മര്‍ക്കോ 10:45; 14:24). പരസ്‌നേഹത്തിന്റെ കൊടുമുടിയാണത്. അതു തന്നെയാണ് മനുഷ്യത്വത്തിന്റെ ഏറ്റവും മഹനീയമായ ആവിഷ്‌കാരവും. അങ്ങനെയെങ്കില്‍ വചനമെന്ന് പറയുന്നത് ‘മറ്റുള്ളവര്‍ക്കായി ജീവ ത്യാഗം ചെയ്യുന്ന മനുഷ്യപുത്രനാണ്’; അവനിലെ ജീവനാണ്; മനുഷ്യത്വത്തിന്റെയും മനുഷ്യജീവന്റെയും നിറവാണ് വചനമാകുന്ന വിത്ത്.

അങ്ങനെയെങ്കില്‍ ഫലം പുറപ്പെടുവിക്കാനായി നമ്മിലേക്ക് വിതക്കപ്പെടുന്ന വിത്ത് നമ്മിലെ ‘ജീവന്‍’ തന്നെയാണ്, ‘മനുഷ്യജീവനാണ്’. നമ്മില്‍ വിതക്കപ്പെട്ടിരിക്കുന്ന ജീവന്‍ ഫലം പുറപ്പെടുവിക്കുന്നുണ്ടോ എന്നതാണ് ഇന്ന് നമ്മള്‍ ചോദിക്കേണ്ട പ്രധാന ചോദ്യം.

‘ജീവന്‍’ മുപ്പതും അറുപതും നൂറുമേനിയായി വിളയുന്നത് നമ്മള്‍ കണ്ടത് എപ്പോഴാണ്? ഉറപ്പായും നമുക്ക് പറയാന്‍ പറ്റും, ഓഗസ്റ്റ് പതിനഞ്ചിനു ശേഷം കേരളത്തിലുണ്ടായ പ്രളയ കാലത്താണെന്ന്. ‘മനുഷ്യജീവന്‍’ അതിന്റെ നിറവില്‍ ഫലം പുറപ്പെടുവിക്കുന്ന അനേകമനേകം സംഭവങ്ങള്‍ നമ്മള്‍ക്ക് ഈ പ്രളയകാലത്ത് കാണാനായി.

പാണ്ടനാട്ടുകാരാനായ ദുബായി വ്യവസായി രക്ഷപ്പെട്ടതിന്റെ കഥ. “ഞങ്ങളുടെ ജീവന്‍ അപകടപ്പെടുത്തിയാണെങ്കിലും ഞങ്ങള്‍ നിങ്ങളെ രക്ഷിക്കും” എന്ന് പറഞ്ഞ മത്സ്യത്തൊഴിലാളികളികള്‍! (ഓഡിയോ കേള്‍ക്കുക). മനുഷ്യജീവന്‍ അതിന്റെ നിറവില്‍ ഫലം പുറപ്പെടിവിച്ച അവസരമല്ലേ ഇത്?

തമിഴ്‌നാട്ടിലെ വില്ലുപുരം ഗ്രാമത്തിലെ അനുപ്രിയയെന്ന കൊച്ചുകുട്ടി നാലു വര്‍ഷം സ്വരുക്കൂട്ടി സൈക്കിള്‍ വാങ്ങിക്കാനായി സൂക്ഷിച്ചരുന്ന 9000 രൂപ സംഭാവന ചെയ്ത സംഭവം. മനുഷ്യജീവന്‍ നുറുമേനിയായി വിളഞ്ഞുനില്‍ക്കുന്ന അനുഭവമല്ലേ ഇത്? (ഓഡിയോ കേള്‍ക്കുക). മലപ്പുറംകാരന്‍ കെ. പി. ജയ്‌സന്റെ കഥ (ഓഡിയോ കേള്‍ക്കുക).

ഈ പ്രളയകാലത്താണ് മനുഷ്യജീവന്‍ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നതായി മലയാളികള്‍ കണ്ടത്. മനുഷ്യത്വം അതിന്റെ നിറവിലേക്ക് വളരുന്നത് മലയാളി തിരിച്ചറിഞ്ഞനുഭവിച്ചത് ഈ പ്രളയകാലത്താണ്.

അപ്പോള്‍ തമ്പുരാന്‍ നമ്മളോട് പറഞ്ഞ ഒരു ‘പാരബിള്‍’ ആയിരുന്നു ഈ പ്രളയമെന്നു വരുന്നു. അങ്ങനയെങ്കില്‍ ‘ഉപമ’ അഥവാ ‘പാരബിള്‍’ പറയുമ്പോള്‍ സംഭവിക്കുന്നൊരു സംഗതിയുണ്ട്. ഉപമാകഥക്ക് വിശദീകരണം ചോദിക്കുമ്പോള്‍ ശിഷ്യരോട് ഈശോ പറയുന്ന മറുപടിയിലാണ് അത് വ്യക്തമാകുന്നത്: “നിങ്ങള്‍ക്കാണ് ദൈവരാജ്യത്തിന്റെ രഹസ്യം നല്‍കപ്പെട്ടിരിക്കുന്നത്. പുറത്തുള്ളവര്‍ക്കാകട്ടെ എല്ലാം ഉപമകളിലൂടെ മാത്രം. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്സു തിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്” (മര്‍ക്കോ 4:11-12.) അതായത് ഉപമ അതിന്റെ ശ്രോതാക്കളെ രണ്ടായി തിരിക്കുമെന്നര്‍ത്ഥം- അകത്തുള്ളവരെന്നും പുറത്തുള്ളവരെന്നും. ഇതില്‍ അകത്തുള്ളവര്‍ക്ക് ഉപമയുടെ രഹസ്യം ലഭിക്കും. പുറത്തുള്ളവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമെങ്കിലും ഗ്രഹിക്കുന്നവരാകില്ലേ. തല്‍ഫലമായി അവര്‍ മനസ്സു മാറുകയും രക്ഷപ്പെടുകയും ചെയ്യില്ല.

തമ്പുരാന്‍ നമ്മളോട് പറഞ്ഞ ‘പ്രളയമെന്ന പരബിള്‍’ നമ്മള്‍ ഗ്രഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടോ? ഇതാണ് നമ്മള്‍ ഓരോരുത്തരും നമ്മളോടു തന്നെ ചോദിക്കേണ്ടത്. ഫലം പുറപ്പെടുവിക്കുന്നതില്‍ നിന്നും വചനത്തെ തടയുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് ഈശോ പറയുന്നുണ്ട്. അതില്‍ മൂന്നാമത്തേത് ശ്രദ്ധിക്കണം: “ഒരുവന്‍ വചനം ശ്രവിക്കുന്നു. എന്നാല്‍ ലൗകികവ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അത് ഫല ശൂന്യമാവുകയും ചെയ്യുന്നു. ഇവനാണ് മുള്ളുകളുടെയിടയില്‍ വീണ വിത്ത്” (മത്താ 13:22).

അതായത്, പണത്തിനോടുള്ള ആകര്‍ഷണവും ഭൗതികസമ്പത്തും നമ്മിലെ ജീവനാകുന്ന വിത്തിനെ ഞെരുക്കിക്കളയുമെന്നു സാരം. തല്‍ഫലമായി ഫലം പുറപ്പെടുവിക്കുന്നതില്‍ നിന്നും ഭൗതികസമ്പത്ത് നമ്മിലെ ജിവനെ തടയുമെന്നര്‍ത്ഥം. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പില്‍ അഭയം പ്രാപിച്ച് സമ്പന്നരായ സ്ത്രീയുടെ സാക്ഷ്യം (ഓഡിയോ കേള്‍ക്കുക). ഭൗതികസമ്പത്ത് നമ്മിലൈ ജീവനെ അതിന്റെ നിറവിലേക്ക് വളരുന്നതില്‍ നിന്നും തടയാം. ജീവന്‍ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നതിന് ഭൗതികസമ്പത്ത് തടസ്സമായി നില്‍ക്കാം. ഈ അപകടം തിരിച്ചറിയുന്നവനു മാത്രമേ ലഭിച്ചിരിക്കുന്ന ജീവനെ അതിന്റെ നിറവിലേക്ക് വിളിയിപ്പിച്ചെടുക്കാനാവൂ.

‘ജീവന്‍’ ഫലം പുറപ്പെടുവിക്കാതിരിക്കുന്നതിനുള്ള മറ്റൊരു കാരണം കൂടി ശ്രദ്ധിക്കണം. പാറപ്പുറത്തു വീണ വിത്തിനെ കുറിച്ചു പറയുമ്പോള്‍ ഈശോ പറയുന്നു: ”വചനം കേട്ടിട്ട് ഉടനെ സസന്തോഷം സ്വീകരിക്കുകയും, തന്നില്‍ വേരില്ലാത്തതിനാല്‍… വചനത്തെ പ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തല്‍ക്ഷണം വീണു പോവുകയും ചെയ്യുന്നവനാണ് പാറമേല്‍ വീണ വിത്ത്” (മത്താ 13:21).

ക്ലേശവും ജീവിതത്തിലെ പ്രതിസന്ധികളും വരുമ്പോള്‍ ഫലം പുറപ്പെടുവിക്കാതെ കൂമ്പടഞ്ഞുപോകുന്ന വിത്തുകളുണ്ട്. ജീവിത്തിന്റെ സങ്കടങ്ങള്‍ കാരണം വളരാതെ മുരടിച്ചു പോകുന്ന ജീവനുണ്ട്. ഇതിനെക്കിറിച്ചാണ് ഇവിടെ ഈശോ പറയുന്നത്.

അരുണ്‍ ഷൂറിയുടെയും മകന്‍ ആഥിത്യയുടെയും കഥ. ഒരേയൊരു മകന്‍ സെറിബല്‍ പാള്‍സി ബാധിച്ച കുട്ടിയാണെന്നത് ഒരുവന്റെ ജീവിത്തതിലെ ഏറ്റഴും വലിയ നൊമ്പരമായിരിക്കും. ഒരുവനെ തകര്‍ക്കാന്‍ മാത്രം ശക്തിയുള്ള നൊമ്പരം. എന്നാല്‍, അതേ സമയം ഒരുവനിലെ ജീവനെയും മനുഷ്യത്വത്തെയും വളര്‍ത്തി വിളയിക്കാനുള്ള ഏറ്റവും നല്ല ഒരു സന്ദര്‍ഭം കൂടിയല്ലേ അത്? അരുണ്‍ ഷൂറിയെന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്റെ ‘മനുഷ്യത്വം’ നൂറുമേനിയായി വിളഞ്ഞു കതിരായത് ആഥിത്യയെന്ന മകന്റെ വൈകല്യത്തിന് മുമ്പിലായിരുന്നു (ഓഡിയോ കേള്‍ക്കുക).

ജീവത്തിലെ ക്ലേശവും പ്രതിസന്ധികളും നിന്നിലെ ജീവന്റെ വളര്‍ച്ച മുരടിപ്പിച്ചു കളയുന്ന കല്ലും പാറയുമായി പരിണമിക്കാം. അതേസമയം തന്നെ നിന്നിലെ മനുഷ്യത്വത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വളര്‍ത്താനും കൂടുതല്‍ ഫലം പുറപ്പെടുവിക്കാനുമുള്ള അവസരമാക്കി അതിനെ കൂടുതല്‍ ഫലം നിനക്കും മാററിയെടുക്കാനും പറ്റും.

പ്രളയമെന്ന നമ്മോട് പറയുന്നത് ഇതു തന്നെയാണ്. കാരണം, പ്രളയം മലയാളിക്ക് സമ്മാനിച്ചിരിക്കുന്നത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഏറ്റവും കൊടിയ നാശമാണ്. എന്നാല്‍ ഈ പാരബിള്‍ ഗ്രഹിച്ച് അകത്തുള്ളവരാകണമെങ്കില്‍ ഈ പാരബിള്‍ വച്ചു നീട്ടുന്ന സാധ്യതകള്‍ നാം തിരിച്ചറിയണം നമ്മിലെ ജീവനെ നൂറുമേനി വിജയിപ്പിക്കുന്ന സന്ദര്‍ഭമാക്കി ഇതിനെ മാറ്റണം.

പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഇതൊരു അവസരമാണ്. ഈ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതെന്ന തിരിച്ചറിയാനുള്ള അവസരം. സമ്പത്തും, ഭൗതിക നേട്ടങ്ങളുമുള്ള ഏറ്റവും പ്രധാനപ്പെട്ടത്, മറിച്ച് നിന്നിലെ ജീവിതം. അതിന്റെ ഹൃദമായ മനുഷ്യത്വവുമാണ്, പ്രധാനപ്പെട്ടതെന്ന് തിരിച്ചറിയാനും, നിന്റെ ജീവനെ നൂറുമേനിയിലേക്ക് വളര്‍ത്താനുള്ള അവസരം.

അതേ പോലെ തന്നെ പ്രളയ കെടുതിയുടെ നാശനഷ്ടങ്ങളില്‍ പെടാത്തവര്‍ക്കും ഇതൊരു അവസരമാണ്. തങ്ങളിലെ മനുഷ്യ ജീവനെ വളര്‍ത്താനും, മുനഷ്യത്വത്തെ വളര്‍ത്താനും സങ്കടപ്പെടുന്നവരുമായി തങ്ങളുടെ പങ്കു വയ്ക്കാനുമുള്ള അവസരം. നൊമ്പരപ്പെടുന്നവരെ ചേര്‍ത്തു പിടിക്കാനുള്ള അവസരം. അതിലൂടെ തങ്ങളിലെ തന്നെ മനുഷ്യത്വത്തെ നൂറുമേനിയായി വളര്‍ത്തിയെടുക്കാനുള്ള അവസരം.

ഈശോ നമ്മളോടു പറയുന്ന ഉപമാകഥയുടെ ലക്ഷ്യം നമ്മള്‍ തിരിച്ചറിയണം. തമ്പുരാന്‍ നമ്മിലേക്ക് വിതച്ചിരിക്കുന്ന ജീവനെ നൂറുമേനിയായി നമുക്ക് ഫലം വിളയിക്കാന്‍ പറ്റും, നമ്മില്‍ വിതക്കപ്പെട്ടിരിക്കുന്ന ജീവന്‍ ദൈവത്തിന്റെ ജീവന്റെ തന്നെ അംഗമാണെന്നറിയുക. ഈ ജീവനാണ് നിന്റെ ശരീരത്തെക്കാളും ഭൗതിക സമ്പത്തിനെക്കാളും വലുതെന്നു തിരിച്ചറിയുക. അങ്ങനെയെങ്കില്‍ നിന്റെ സമ്പത്തും ഭൗതികനേട്ടങ്ങളും നിന്നിലെ ജീവന്റെ വളര്‍ച്ചയ്ക്ക് തടസ്സമാകാതെ നീ സൂക്ഷിക്കണം. അതോടൊപ്പം ജീവിതത്തിലെ നൊമ്പരങ്ങള്‍ ജീവന്റെ കെടുത്താന്‍ ഇടയാക്കാതെയും നേരെ മറിച്ച്, ഓരോ നൊമ്പരവും നിന്റെ ജീവനെയും മനുഷ്യത്വത്തെയും വളര്‍ത്താനുള്ള അവസരങ്ങളാക്കി മാറ്റണം. അപ്പോഴാണ് നൂറുമേനി വിളവ് നല്‍കുന്ന വയലായി നിന്റെ ജീവിതം പരിണമിക്കുന്നത്.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.