Uncategorized

Mass Readings: 22nd Sunday in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________

🔵 ഞായർ, 2/9/2018

Sunday 2 September 2018 22nd Sunday in Ordinary Time Liturgical Colour: Green. Readings at Mass
____

പ്രവേശകപ്രഭണിതം
cf. സങ്കീ 85:3,5

കര്‍ത്താവേ, എന്നോട് കരുണതോന്നണമേ, എന്തെന്നാല്‍, ദിവസം മുഴുവനും ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു. കര്‍ത്താവേ, അങ്ങ് മാധുര്യവാനും ശാന്തശീലനുമാണ്. അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങ് സമൃദ്ധമായി കൃപകാണിക്കുന്നു.
____

സമിതിപ്രാര്‍ത്ഥന

ബലവാനായ ദൈവമേ, നന്മയായ സകലതും അങ്ങയുടേതാണല്ലോ. ഞങ്ങളുടെ ഹൃദയങ്ങളില്‍ അങ്ങയുടെ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ. ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം ഞങ്ങളില്‍ പരിപോഷിപ്പിക്കാനും പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍ കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
____

ഒന്നാം വായന
നിയ 4:1-2,6-8

ഞാന്‍ നല്‍കുന്ന കല്‍പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുവിന്‍. മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: ഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തരുന്ന ദേശം കൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്‍പനകളും അനുസരിക്കുവിന്‍. ഞാന്‍ നല്‍കുന്ന കല്‍പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍ നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുവിന്‍. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്‍പനകളെപ്പറ്റി കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍ തന്നെ എന്നുപറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?
____

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 15:2-3a,3bc-4ab,5

കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ നീതിമാന്‍ വസിക്കും. നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും പരദൂഷണം പറയുകയോ ചെയ്യാത്തവന്‍. കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ നീതിമാന്‍ വസിക്കും. സ്‌നേഹിതനെ ദ്രോഹിക്കുകയോ അയല്‍ക്കാരനെതിരേ അപവാദം പരത്തുകയോ ചെയ്യാത്തവന്‍; ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ആദരം കാണിക്കുകയും ചെയ്യുന്നവന്‍. കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ നീതിമാന്‍ വസിക്കും. കടത്തിനു പലിശ ഈടാക്കുകയോ നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍; ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും. കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ നീതിമാന്‍ വസിക്കും.
____

രണ്ടാം വായന
യാക്കോ 1:17-18,21-22,27

വചനം അനുവര്‍ത്തിക്കുന്നവര്‍ ആയിരിക്കുവിന്‍. ഉത്തമവും പൂര്‍ണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തില്‍ നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍ നിന്നു വരുന്നു. തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന് സത്യത്തിന്റെ വചനത്താല്‍, നമുക്കു ജന്മം നല്‍കാന്‍ അവിടുന്നു തിരുമനസ്സായി. നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍. നിങ്ങള്‍ വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍. പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക.
____

സുവിശേഷ പ്രഘോഷണവാക്യം
cf. യോഹ 6:63,68

അല്ലേലൂയാ, അല്ലേലൂയാ! കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങള്‍ അങ്ങയുടെ പക്കലുണ്ട്. അല്ലേലൂയാ!

Or: യാക്കോ 1:18

അല്ലേലൂയാ, അല്ലേലൂയാ! തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന് സത്യത്തിന്റെ വചനത്താല്‍, നമുക്കു ജന്‍മം നല്‍കാന്‍ ദൈവം തിരുമനസ്‌സായി. അല്ലേലൂയാ!
____

സുവിശേഷം
മാര്‍ക്കോ 7:1-8,14-15,21-23

ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. അക്കാലത്ത്, ഫരിസേയരും ജറുസലെമില്‍ നിന്നു വന്ന ചില നിയമജ്ഞരും യേശുവിനുചുറ്റും കൂടി. അവന്റെ ശിഷ്യന്മാരില്‍ ചിലര്‍ കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു. പൂര്‍വികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതുസ്ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല പാരമ്പര്യങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നു. ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്മാര്‍ പൂര്‍വികരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നത് എന്ത്? അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ ദൂരെയാണ്. വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് യേശു പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിന്‍. പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍ നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാല്‍, ഉള്ളില്‍ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. ഈ തിന്മകളെല്ലാം ഉള്ളില്‍ നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു.
____

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ. അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത് ശക്തിയാല്‍ നിറവേറുമാറാകട്ടെ. ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
____

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 30:20

കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്! അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.

Or: മത്താ 5:9-10
സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍; എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍; എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.
____

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍ ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം സ്‌നേഹത്തിന്റെ ഈ ഭോജനം ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ. ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.