Uncategorized

Let us Build Bridges

 

മതിലുകൾക്ക്‌ പകരം നമുക്ക് പാലങ്ങൾ പണിയാം!

Bridge

കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പ് വേളയിൽ ട്രംപ് പ്രഖ്യാപിച്ചു, ജയിച്ചാൽ താൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിതുയർത്തുമെന്ന്. അത് കേട്ട ഫ്രാൻസീസ് പപ്പാ പ്രതികരിച്ചു- മതിൽ പണിയുന്നത് ക്രിസ്‌തീയമല്ലെന്ന്, പകരം പാലം പണിയുന്നതാണ് ക്രിസ്‌തീയമെന്ന്!

പ്രളയം ബാധിച്ച നമ്മുടെ നാട്ടിലൂടെ കടന്നുപോയാൽ എല്ലായിടത്തും പൊതുവെ നമുക്ക് കാണാൻ സാധിക്കുന്ന ഒരു കാഴ്ച്ചയുണ്ട് – ‘തകർന്നു കിടക്കുന്ന മതിലുകൾ’. കുത്തിയൊലിച്ചു വന്ന വെള്ളം വീടുകളുടെ മതിലുകൾ തകർത്തു; പള്ളിയുടെയും അമ്പലത്തിന്റെയും മതിലുകൾ തകർത്തു; പുരയിടങ്ങളുടെ മതിലുകൾ തകർത്തു.

ഇങ്ങനെ കേരളത്തിൽ അങ്ങോളമിങ്ങോളം തകർന്നുകിടക്കുന്ന മതിലുകൾ ഒരു പ്രതീകം മാത്രമാണ്. യഥാർത്ഥത്തിൽ ഈ പ്രളയം തകർത്തത് കേരളസമൂഹത്തിൽ മലയാളി കെട്ടിപ്പടുത്തിരുന്ന വിവിധതരം മതിലുകളെയാണ്. രാഷ്ട്രീയരംഗത്ത് മതിലുകൾ കെട്ടി കമ്മ്യൂണിസ്റ്റും, കോൺഗ്രസും, ബിജെപിയും ഒക്കെയായി നമ്മൾ പല കള്ളികളിലായിരുന്നു. സാമൂഹ്യരംഗത്ത് ജാതിയുടെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ പലതരം മതിലുകൾക്കുള്ളിൽ മനുഷ്യരെ നമ്മൾ വേർതിരിച്ചു നിർത്തി.

മതമേഖലയിൽ മതിലുകൾ പണിത് ക്രിസ്ത്യാനിയും, ഹിന്ദുവും, മുസ്ലിമുമായി നമ്മൾ മനുഷ്യരെ തരംതിരിച്ചു. ക്രിസ്ത്യാനികൾക്കിടയിൽതന്നെ പിന്നെയും നമ്മൾ മതിലുകൾ കെട്ടിപ്പൊക്കി. അങ്ങനെ കത്തോലിക്കരും, ഓർത്തഡോക്സുകാരും, യാക്കോബായക്കാരും, മാർത്തോമ്മാക്കാരുമൊക്കെയായി. പിന്നെയും അവക്കുള്ളിൽ പല ഉപവിഭാഗങ്ങളുണ്ടാക്കി. ഇങ്ങനെ പലതരം മതിലുകൾക്കുള്ളിൽ കൊച്ചുകൊച്ചു ഗണങ്ങളായി കഴിഞ്ഞിരുന്ന മലയാളി സമൂഹത്തിന്റെ മതിലുകളെയാണ് ഈ പ്രളയം തകർത്തെറിഞ്ഞത്.

പാണ്ടനാട്ടുകാരനായ ദുബായി വ്യവസായിയുടെയും കുടുംബത്തിന്റെയും ജീവൻ രക്ഷിച്ചത് കൊല്ലം കടപ്പുറത്തെ മുക്കുവരാണ്. അവിടപ്പോൾ തകർന്നുവീണത് ഏതൊക്കെ മതിലുകളാണ്? വില്ലുപുരം ഗ്രാമത്തിലെ അനുപ്രിയയെന്ന തമിഴ് പെൺകുട്ടി തന്റെ സ്വപ്നസൈക്കിളിനായി നാല് വർഷം സ്വരുക്കൂട്ടിയ 9000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തപ്പോൾ തകർന്നു വീണത് മാതൃഭാഷകൾ ഉയർത്തിയ മതിലല്ലായിരുന്നോ? അങ്ങനെയങ്ങെനെ വേർതിരിവിന്റെയും അകൽച്ചയുടേയും എത്രയെത്ര മതിലുകളാണ് നമ്മുടെ കൺമുൻപിൽ തകർന്നു വീഴുന്നത് നമ്മൾ മലയാളികൾ കണ്ടത്?

പള്ളിയും അമ്പലവും അവിശ്വാസികൾക്ക് അഭയമരുളിയപ്പോൾ ഹൃദയങ്ങളിൽ മുളപൊട്ടിയത് പുതിയൊരു വിശ്വാസത്തിന്റെ പാലമായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ ക്രിസ്താനിയും, ഹിന്ദുവും, മുസ്ലിമും ഒരുമിച്ച് ഭക്ഷിക്കുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്ത ദിവസങ്ങളിൽ ഉണർന്നുവന്നത് പുതിയൊരു തിരിച്ചറിവായിരുന്നു. തകർന്നുവീണ മതിൽക്കെട്ടുകൾക്ക് മീതെ വളർന്നുവന്ന പാരസ്പര്യത്തിന്റെയും, പരസ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പാലങ്ങളായിരുന്നു അവ.

അങ്ങനെയെങ്കിൽ പ്രളയവും, പ്രകൃതിയും, പ്രപഞ്ചനാഥനും ഒരുമിച്ച് മലയാളിയോട് ആവശ്യപ്പെടുന്നൊരു അപേക്ഷയുണ്ട് – ‘മതിലുകളിനി പുതുക്കിപ്പണിയരുത്!’ അതായത്, മതത്തിന്റെയും, സമ്പത്തിന്റെയും, തത്വസംഹിതയുടെയും തകർന്നുവീണ മതിൽക്കെട്ടുകൾ പുനർനിർമ്മിക്കാൻ നാമിനി പരിശ്രമിക്കരുത് എന്നർത്ഥം.

തീക്ഷ്ണമതികളാണ് പലപ്പോഴും മതിലുപണിക്ക് തിടുക്കം കൂട്ടുന്നതും നേതൃത്വം കൊടുക്കുന്നതും. മതരംഗത്തും, സാമൂഹ്യരംഗത്തും ഇതു തന്നെയാണ് സത്യം. അതിനാൽതന്നെ ഈ മേഖലകളുടെയൊക്കെ നിയന്ത്രണം തീക്ഷ്ണമതികളുടെ കൈകളിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുകയാണ് അത്യാവശ്യം. പ്രത്യേകിച്ച് മതമേഖലയുടെ നിയന്ത്രണം തീക്ഷണമതികളുടെ കൈകളിലേക്ക് പോകുന്നത് ഏറെ അപകടമാണെന്ന കാര്യം നാം ഇനിയെങ്കിലും തിരിച്ചറിയണം. (തീക്ഷ്ണമതിയും തീവ്രവാദിയും തമ്മിലുള്ള അകലം വളരെ നേരിയതാണെന്നും നാം ഓർത്തിരിക്കണം). കാരണം സ്വന്തം മതിലിന്റെ സുരക്ഷിതത്വത്തിലേക്ക് സകലരെയും ഒതുക്കിക്കൂട്ടാനായിരിക്കും അവർ പരിശ്രമിക്കുക. അതോടൊപ്പം മറ്റു മതസ്ഥരിൽ നിന്നും പടിപടിയായി അകലാനും.

എല്ലാ ആൽമിയചാര്യന്മാരും മതിലുകൾ പൊളിച്ചവരാണെന്ന സത്യം നാം മറക്കരുത്. ക്രിസ്തു അക്ഷരാർത്ഥത്തിൽ വേർതിരിവിന്റെ എല്ലാ മതിലുകളും തകർത്തവനായിരുന്നു; അതിനുപകരം ഹൃദയബന്ധത്തിന്റെ പാലങ്ങൾ പണിതവനായിരുന്നു ക്രിസ്തു.

ഈയിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ഒരു ക്യാമ്പ് ചിത്രം ഓർമിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം – ഒരേ ക്യാമ്പിൽ ഒരുമിച്ച് കഴിഞ്ഞിരുന്ന മുസ്ലിം സഹോദരികൾ ആ ക്യാമ്പിലെ തന്നെ കത്തോലിക്കാ സിസ്റ്റേഴ്‌സിന്റെ കൈയേൽ മയിലാഞ്ചി ഇട്ടുകൊടുക്കുന്ന ചിത്രം!

മതിലുകളുടെ സ്ഥാനത്ത് പാലങ്ങൾ പണിയാൻ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു.

ഫാ. ജെ. നാലുപറയിൽ

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.