ലൂക്കാ 13/ 6-9
കനി
ഫലം തരാത്ത അത്തിമരത്തിനു മീതെ കഠിനമായ ആരോപണങ്ങൾ ഉയരുകയാണ്. എന്തിനു നിലം പാഴാക്കണമെന്നു വരെയുള്ള വിമർശനങ്ങളുണ്ടതിൽ. അറുത്തുമാറ്റണമെന്നുള്ള യജമാനന്റെ നിലപാടിൽ നിന്നും കൃഷിക്കാരൻ ഒന്നിടപ്പെട്ട് ഒരയവു വരുത്തുണ്ട്; ഒരു വർഷം കൂടി .
കനിയന്വേഷിച്ച് കടന്നുവരുന്നവനെ
ഇലച്ചാർത്തു കാട്ടിയില്ല തൃപ്തിപ്പെടുത്തേണ്ടത്.
എന്തിനു വേണ്ടിയുള്ള നിയോഗത്തിനാണോ നിന്നെ ഉടയവൻ വേർതിരിച്ചു മാറ്റി നിർത്തിയിരിക്കുന്നത് അതിലേക്കാണ് നിന്റെ ജീവിതകാലമത്രയും സ്വതന്ത്രമായി ഒഴുകിത്തുടരേണ്ടത്. പക്ഷേ സംഭവിക്കുന്നത് നേരെ തിരിച്ചാണ്; ചെയ്യേണ്ടവ ചെയ്യാതെ പിൻവാങ്ങുകയാണ്. നൽകപ്പെടാത്ത ഇടങ്ങളിൽ നടപ്പെടാനാണ് നമ്മുക്ക് അത്ര മേലുള്ള അഗ്രഹം.
നിന്റെ ജീവിതത്തെ നട്ടവനു
നിന്നെ നടത്താനുമറിയാം.
ആത്മമൊട്ടി നിന്നാൽ മാത്രം മതി.
സ്നേഹപൂർവ്വം സഹകരിച്ചാൽ മാത്രം മതി.
ശ്രേഷ്ഠമായ ഇടത്താണ് അത്തിമരം നടപ്പെട്ടതെന്ന ധ്വനി കൂടി സുവിശേഷം നൽകുന്നുണ്ട്. മുന്തിരിത്തോട്ടങ്ങൾക്കിടയിലാണ് അതിന്റെ സ്ഥാനം. മറ്റൊരത്തി മരത്തിന്റെ കൂട്ടം പോലുമതിനില്ലെന്നു കൂടി ഓർമ്മിക്കണം.
എത്രയോ ആർദ്രയോടെയാണ് യജമാനൻ നിനക്കൊരിടം നൽകിയതെന്നു കൂടി അറിയണം. പിന്നെയെന്തു കൊണ്ടാണ് ഒരൽപ്പം പോലും ആദരവ് നിന്റെയുടമയോട് കാണിക്കുവാൻ മറന്നു പോകുന്നത്, ഓർത്തിട്ടും മനപ്പൂർവ്വം മറവിയുടെ മൂടുപടം ധരിക്കുന്നത്.
കൂടുതൽ നൽകപ്പെട്ടവരിൽ നിന്നു കൂടുതൽ ആവിശ്യപ്പെടും.
സ്വയം തിരുത്താൻ ദൈവം നിനക്ക്
അവസരവും അനുഗ്രഹവും നൽകി വരുന്നുണ്ട്.
കനിയന്വേഷിച്ച് കടന്നു വന്ന മൂന്നു വർഷക്കാലവും കഠിനമായി സംസാരിക്കാതെ അവൻ അകന്നു പോകുന്നുമുണ്ട്. എന്നിട്ടും!
എന്നിട്ടുമെന്താണ് സംഭവിക്കുന്നത്. ‘
ഇവനെ രാജാവാക്കിയതിൽ ഞാൻ വേദിക്കുന്നുവെന്ന് ഇസ്രായേലിന്റെ ദൈവം സാവൂളിനെക്കുറിച്ച് സങ്കടപ്പെടുന്നതു പോലെ എന്തിനാണ് നിന്റെ പ്രവൃത്തികളുടെ അപചയം വഴി നിന്റെ യജമാനനെ വേദനിപ്പിക്കുന്നത്.
വേണ്ടത് ശുദ്ധീകരണമാണ്….
അനുതാപത്തിൽ നിന്നുളവാകുന്ന ആഴം കണ്ട മാനസാന്തരമാണ് ….
പരിപൂർണ്ണമായ പരിവർത്തനമാണ്….
പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയവന് നിന്റെ ജീവിതത്തെയും രൂപാന്തരപ്പെടുത്തുന്നതിന് സ്പർശിക്കാനൊന്ന് അനുവദിക്കുക.
അരികിലവനുണ്ട്….
ഒരവസരം കൂടി തരുന്നുമുണ്ട്…..
വേദത്തിനു മീതെ ദൈവം
കരുണ കാണിക്കുന്നുണ്ട് …
ഇനിയും നീ വീഴാതിരിക്കുവാൻ കരമൊന്ന്
മുറുക്കെപ്പിടിച്ച് ആശീർവദിക്കുന്നുമുണ്ട് …
ഒരവസരം കൂടി ഇനിയുണ്ട്…
എന്നിട്ടും വിശ്വസ്തനായിരുന്നില്ലെങ്കിൽ
പിന്നെയീ നിലം പാഴാക്കപ്പെടുകയില്ല.
വേരുകൾക്കില്ലാത്ത ദാഹമൊന്നും
ഇനി മറ്റൊരാൾക്കും
നിന്നെക്കുറിച്ച് ഉണ്ടാകാനും പോകുന്നില്ല.
✍ഫാ. മനു ആനത്താനം
എം.സി.ബി.എസ്സ്.
Categories: Uncategorized