മത്തായി 13:24-43
’കള പറിക്കരുത്!
നിന്റെ എതിരാളിയെ നിഹനിക്കരുത്!’
ഈശോ വീണ്ടും ഒരു കഥ പറയുകയാണ്. മനുഷ്യജീവിതത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംഭവിക്കാവുന്ന ഒരു ജീവിതാനുഭവത്തോട് എങ്ങനെയാണ് ക്രിസ്തീയമായി നമ്മൾ പ്രതികരിക്കേണ്ടത്? ഇതാണ് ഈശോ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പാഠം. അതായത്, നിന്നോട് എതിരഭിപ്രായം പറയുന്നവനോടു നീ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? നിന്റെ ശത്രുവാണെന്ന് നിനക്ക് തോന്നുന്നവനോട് നീ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?
ഒരു കൃഷിക്കാരന് നല്ല വിത്ത് വിതച്ചു. രാത്രിയായപ്പോള്‍ അയാളുടെ ശത്രു വന്ന് കളകളും വിതച്ചു. പിന്നീട് വിളയോടൊപ്പം കളയും വളര്‍ന്നു വന്നു. അതുകണ്ട വേലക്കാരുടെ ചോദ്യം ശ്രദ്ധിക്കണം: ”അതിനാല്‍ ഞങ്ങള്‍ പോയി കളകള്‍ പറിച്ചു കൂട്ടണമെന്ന് നീ ആഗ്രഹിക്കുന്നുവോ” (മത്താ 13:28).
‘ഞങ്ങൾ കളകൾ പറിക്കെട്ടയോ’എന്നാണ് വേലക്കാര്‍ ചോദിക്കുന്നത്. അതാത്, ഞങ്ങള്‍ കളകളെ നശിപ്പിക്കട്ടെയോ? കളകളെ ഇല്ലാതാക്കട്ടെയോ? അവയെ ഉൻമൂലനം ചെയ്യട്ടെയോ? ഇത് വളരെ സ്വാഭിവാകമായ ഒരു പ്രതികരണമാണ്, പ്രത്യേകിച്ച് വേലക്കാര്‍ തീഷ്ണമതികളാണെങ്കില്.
സമാനമായൊരു പ്രതികരണം തീഷ്ണമതികളായ അപ്പസ്തോലന്മാരില് നിന്നും ഉണ്ടാകുന്നുണ്ട്. ഈശോ ജറുശലേമിലേക്ക് യാത്ര ചെയ്യുന്നതാണ് സന്ദര്‍ഭം. അവന് സമരിയാക്കാരുടെ ഒരു ഗ്രാമത്തിലൂടെ കടന്നു പോകേണ്ടിയിരുന്നു. അവന് ജറുശലേമിലേക്ക് പോകുകയായിരുന്നതിനാല്‍ അവനെ സ്വീകരിക്കാന്‍ സമരിയക്കാർ വിസമ്മതിച്ചു. അപ്പോഴാണ് യാക്കോബിന്റെയും യോഹന്നാന്റെയും പ്രതികരണം: ”കര്‍ത്താവേ, സ്വര്‍ഗ്ഗത്തില്‍ നിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയാന്‍ നീ മനസ്സാകുന്നുവോ?” (ലൂക്കാ 9:54).
അതായത് ‘കള പറിക്കാന്‍’ അനുവാദം ചോദിക്കുന്ന വേലക്കാരുടെ മനോഭാവം രണ്ട് അപ്പസ്തോലന്മാര് പ്രകടിപ്പിക്കുന്നു. ഈശോയെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ‘സമരിയാക്കാരെ നശിപ്പിക്കട്ടെയോ?’ കള പറിക്കുക, നശിപ്പിക്കുക, ഇല്ലാതാക്കുക, ഒഴിവാക്കുക – ഇതൊക്കെ മാനുഷികമായ പ്രതികരണരീതിയാണ്. ആരെയൊക്കെ? എന്നോട് വിയോജിക്കുന്നവരെ, എനിക്കെതിരെ എതിരഭിപ്രായം പറയുന്നവരെ, എന്നെ വിമര്‍ശിക്കുന്നവരെ, എന്റെ തെറ്റിനു നേരെ വിരല്‍ ചൂണ്ടുന്നവരെ, എന്റെ
ശത്രുപക്ഷത്താണെന്നു ഞാന്‍ കരുതുന്നവരെയൊക്കെ നശിപ്പാക്കാനും ഇല്ലാതാക്കാനുമുള്ള പ്രേരണ മാനുഷികമായ പ്രതികരണരീതിയാണ്.
അത്തരമൊരു പ്രതികരണത്തോട് ‘മനുഷ്യപുത്രാനായ കൃഷിക്കാരന്’ എങ്ങനെയാണ്പ്രതികരിക്കുന്നത്? ‘അരുത്, കള പറിക്കരുത്!’ ഇതാണ് ക്രിസ്തുവിന്റെ പ്രതികരണം. അതായത്, നിനക്കെതിരെ എതിരഭിപ്രായം പറയുന്നവനെയും നിന്നെ വിമര്‍ശിക്കുന്നവനെയും നീ നശിപ്പിക്കരുത്, ഒഴിവാക്കരുത്. ചുരുക്കത്തില്‍ നിന്റെ ശത്രുവെന്നു നിനക്ക് തോന്നുന്നവനെ നീ കൊല്ലരുത് എന്നര്‍ത്ഥം. ഇതാണ് ക്രിസ്തുവിന്റെ സമീപനം. ഇതായിരിക്കണം ഏതൊരു ക്രിസ്തുശിഷ്യന്റെയും സമീപന രീതിയെന്ന് ക്രിസ്തു നിര്‍ദ്ദേശിക്കുന്നു.
ഇത് തിരിച്ചറിഞ്ഞ ഫ്രാൻസീസ് പാപ്പാ ഈയിടെ സഭയുടെ നിലപാടിൽ വരുത്തിയ വലിയൊരു തിരുത്തലുണ്ട്. വധശിക്ഷയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ ഔദ്യോഗികാഭിപ്രായം പാപ്പാ തിരുത്തിക്കുറിച്ചു. നീതിപൂര്‍ണ്ണമായ വിചാരണയ്ക്കു ശേഷം ന്യായമായ ഒരധികാര കേന്ദ്രം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യത്തിന് വധശിക്ഷ വിധിച്ചാല്‍ അത് അനുവദനീയമാണെന്നായിരുന്നു സഭ ഇതുവരെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ 2018 ഓഗസ്റ്റ് 2 ന് കത്തോലിക്കാ സഭയുടെ മതബോധനത്തിന്റെ 2267ാം മത്തെ നമ്പര്‍ തിരുത്തി കൊണ്ട് ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു “ഏതു കാരണത്താലായാലും സുവിശേഷത്തിന്റെ വെളിച്ചത്തില്‍ വധശിക്ഷ ഒരുതരത്തിലും സ്വീകാര്യമല്ല.’
ക്രിസ്ത്യാനിക്ക് ‘വധശിക്ഷ’ അംഗീകരിക്കാനാവില്ല. കള പറിക്കല്‍, വ്യക്തികളെ നശിപ്പിക്കല്‍ എന്നിവ – ക്രിസ്തു ശിഷ്യന് ചെയ്യരുത്. അതാണ് ക്രിസ്തുവിന്റെ കല്‍പ്പന. കള പറിക്കല്‍, ക്രൈം, ഇല്ലാതാക്കൽ, അക്രമം മുതലായവ ക്രിസ്തുശിഷ്യന് ചെയ്യാന്‍ പാടില്ല. കാരണം അത് ക്രിസ്തുവിന്റെ സ്വഭാവത്തിന് ചേര്‍ന്നതല്ല.
നമ്മള് ഓർമിക്കേണ്ട ഒരു സംഗതിയുണ്ട്. പണ്ട് വൈദികാര്‍ത്ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ഒരുവന്റെ അടുത്ത രക്തബന്ധത്തിലുള്ളവര്‍ – മാതാപിതാക്കളോ സഹോദരങ്ങളോ – കൊലപാതകം ചെയ്തിട്ടുണ്ടെങ്കില്‍ അഥവാ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവനെ വൈദികാര്‍ത്ഥിയായി സ്വീകരിക്കില്ലായിരുന്നു. കാരണം ക്രൈം, ക്രിമിനല്‍ സ്വഭാവം ക്രിസ്തു ശിഷ്യന് ചേർന്നതല്ല; ക്രിമിനല്രക്തം ക്രിസ്തു ശിഷ്യനുമായി ചേര്‍ന്നുപോകില്ല. അതിനാൽ കള പറിക്കുന്നത്, മറ്റുള്ളവരെ അവസാനിപ്പിക്കുന്നത്, മറ്റുള്ളവരെ ഇല്ലാതാക്കുന്നത് ക്രിസ്തു ശിഷ്യന് ചേര്‍ന്ന പണിയല്ല.
മലയിലെ പ്രസംഗത്തില്‍ ഈശോ ഇത് വ്യക്തമായി പറയുന്നു: ”അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ശത്രുക്കളെ സ്നേഹിക്കുവിന്‍” (മത്താ 5:43- 44). ശത്രുക്കളെ നശിപ്പിക്കാനല്ല അവരെ സ്നേഹിക്കാനാണ് ഈശോ കല്‍പ്പിക്കുന്നത്.
കള പറിക്കാന്‍ ആവേശം കൂട്ടുന്ന വേലക്കാരോട്, മനുഷ്യപുത്രൻ പറയുന്നു, അരുത്! സമരിയാക്കാരെ നശിപ്പിക്കാന്‍ തീഷ്ണതയോടെ നില്ക്കുന്ന അപ്പസ്തോലന്മാരോട്, ഈശോ പറയുന്നു, അരുത്! കാരണം അക്രമം, വയലന്‍സ്, നശിപ്പിക്കല്‍, കളപറിക്കല്‍ – ഇവ ക്രിസ്തുശിഷ്യനു ചേര്‍ന്നതല്ല.
‘കള പറിക്കരുതെന്ന്’ ഈശോ പറയുന്നതിന്റെ കാരണം എന്താണ്? ”കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പു ചെടികളും നിങ്ങള്‍ പിഴുതു കളഞ്ഞെന്നു വരാം” (മത്താ 13:29). ഇതാണ് അരുതെന്ന് പറഞ്ഞ് ഈശോ ശിഷ്യരെ വിലക്കുന്നതിന്റെ അടിസ്ഥാന കാരണം. കളയാണെന്നു കരുതി നമ്മള് പറിക്കുന്ന പലതും നല്ല ഗോതമ്പു ചെടികളാണെന്നു വരാം. കാരണം, വേലക്കാരന്റെ കണ്ണും ശ്രദ്ധയും കളയിലും കള കണ്ടുപിടിക്കുന്നതിലുമാണെങ്കില്, കൃഷിക്കാരന്റെ കണ്ണും മനസ്സും നല്ല വിളയിലും വിള കണ്ടു പിടിക്കുന്നതിലുമാണ്.
ഇക്കാര്യം എളുപ്പം മനസ്സിലാകുന്നത് കുട്ടനാട്ടുകാര്‍ക്കാണ്. കാരണം കുട്ടനാട്ടില്‍ നെല്ച്ചെടിയോടൊപ്പം സര്വ്വാസാധാരണമായി വളര്‍ന്നു വരുന്ന പ്രധാന കളയാണ് ‘കവട.’ നെല്‍ച്ചെടിയെയും കവടയെയും വേർതിരിച്ചറിയുക അത്ര എളുപ്പമല്ല. നല്ല പരിചയമുള്ള കര്ഷകത്തൊഴിലാളികള്ക്കേ ഇവയെ തിരിച്ചറിയാനാകൂ. ഇവയുടെ വ്യത്യാസം വേരിലാണ്. ഒന്നിന്റെ വേരുകള്‍ അല്‍പ്പം ചെമപ്പ് കലര്‍ന്നതായിരിക്കും. മറ്റതിന്റേത് വെളുപ്പു കലര്‍ന്നതും. പറിച്ചു കഴിയുമ്പോഴേ, ചെയ്ത അബദ്ധം മനസ്സിലാവുള്ളു – കവടയാണെന്നു കരുതി ഞാന്‍ പറിച്ചത് നല്ല വിളയാണല്ലോ എന്ന തിരിച്ചറിവ്! കുലയ്ക്കുന്നത് ഇവ തമ്മില്‍ ബാഹ്യമായ വ്യത്യാസമില്ല. കുലയ്ക്കുമ്പോൾ നെല്‍ച്ചെടിയില്‍ നല്ല കതിരും, മറ്റതില്‍ ഉപയോഗ ശ്യൂന്യമായ കവടയുടെ കതിരും പുറത്തുവരും.
അതു കൊണ്ടാണ് ഈശോ നമ്മളോടു പറയുന്നത് ‘കള പറിക്കരുത്.’ കാരണം നമ്മള്‍ക്ക് തെറ്റു പറ്റാം. മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ പരിമിതിയിലേക്കാണ് ഈശോ ഇതിലൂടെ വിരല്‍ ചൂണ്ടുന്നത്. കള പറിക്കുമ്പോള്‍, നിന്നെ എതിര്‍ക്കുന്നവനെ നശിപ്പിക്കുമ്പോള്‍, വ്യത്യസ്ത അഭിപ്രായം പറയുന്നവനെ ഇല്ലാതാക്കുമ്പോള്‍ നിനക്കു തെറ്റു പറ്റാം. നിന്റെ മാനുഷികമായ പരിമിതി അംഗീകരിച്ച് കള പറിക്കുന്നതില്‍ നിന്നും പിന്മാറണമെന്നാണ് ഈശോ കല്‍പ്പിക്കുന്നത്.
അധികാരികള്‍ ‘കള പറിക്കുന്ന’ സ്വഭാവം ഉള്ളവരാകുമ്പോഴാണ് ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാകുന്നത്. കള പറിക്കാനും എതിരഭിപ്രായം പറയുന്നവനെ നശിപ്പിക്കാനുമുള്ള പ്രവണത എല്ലാ ഏകധിപതികളുടെയും പൊതുസ്വഭാവമാണ്. നമ്മുടെ നാടിന്റെ ഇന്നത്തെ സാഹചര്യത്തിലും നാമിതിനെ വായിച്ചെടുക്കണം.
ലോക ചരിത്രത്തിലെ ഏകാധിപതികളൊക്കെ ഈ മനോഭാവം പ്രകടിപ്പിച്ചവരായിരുന്നു – എതിരഭിപ്രായം പറയുന്നവരെയൊക്കെ ഇല്ലാതാക്കുന്ന സ്വഭാവം, കള പറിക്കുന്ന സ്വഭാവം. ഹിറ്റ്ലര്‍ കൊന്നൊടുക്കിയത് ഒരു കോടിയിലധികം മനുഷ്യരെയായിരുന്നു! സ്റ്റാലിൻ വധിച്ചത് രണ്ടു കോടി ജനങ്ങളെയായിരുന്നു! കമ്പോദിയായിലെ പോള്‍പോട്ട് ഇല്ലാതാക്കിയത് പത്ത് ലക്ഷം ആള്‍ക്കാരെയായിരുന്നു! അധികാരത്തിലേറുന്നവന് ‘കള പറിക്കുന്ന’ സ്വഭാവമുണ്ടെങ്കില്‍ കൊടിയ വിധത്തിലേക്കായിരിക്കും ഒരു ജനസമൂഹം മുഴുവന്‍ ചെന്നു പതിക്കുന്നത്. അതിനാലാണ് ഈശോ പറയുന്നത്, ‘കളകള്‍ പറിക്കരുത്,’ ശത്രുവിനെ ഇല്ലാതാക്കരുത്. കാരണം നിങ്ങള്‍ക്ക് തെറ്റു പറ്റാം.
അങ്ങനെയെങ്കില്‍ കളയും തിന്മയാണെന്ന് നീ കരുതുന്നതിനോട് എങ്ങനെയാണ് നീ പ്രതികരിക്കേണ്ടത? അതാണ് തൊട്ടടുത്ത രണ്ട് ഉപമകളിലൂടെ ഈശോ പറഞ്ഞു തരുന്നത്: “മൂന്ന് അളവ് മാവില്‍ അത് പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിമാവിന് സദൃശമാണ് സ്വര്‍ഗ്ഗരാജ്യം” (മത്താ 13:33). ഈശോ പറയുന്നു, ‘കള പറിക്കരുത്’ അതിനു പകരം നീ ‘പുളിമാവു പോലെ പ്രവര്‍ത്തിക്കണം.’ നിന്റെ നന്മകള് പുളിമാവു പ്രവര്‍ത്തിക്കുന്ന പോലെ പ്രവര്‍ത്തിക്കണം. അതെങ്ങനെയാണ്? പുളിമാവ് ഓരോ നിമിഷവും അതിന്റ നന്മകൾ അതിന്റെ ചുറ്റുപാടുകളിലേക്കു പടര്ത്തിപടര്ത്തി വികസിപ്പിച്ചു കൊണ്ടിരിക്കും. അഭിപ്രായ വ്യത്യാസമുള്ളവരരുടെ നേരെയും, തിന്മയാണെന്ന് നീ കരുതുന്നവരുടെ നേരെയും, നീ പിളിമാവു പോലെ പ്രവര്‍ത്തിക്കണം. നിന്നിലെ നന്മയെ നിന്റെ പരിസരങ്ങളിലേക്കൊക്കെ പടര്‍ത്തി പടര്‍ത്തി നിന്റെ നന്മകൊണ്ട് നിന്റെ പരിസരങ്ങളെ നിറക്കാനാവണം. അത്തരമൊരു പുളിപ്പിക്കലില്‍ എതിരഭിപ്രായവും ശത്രുതയും സ്വാഭിവകമായി അപ്രത്യക്ഷമായിക്കൊള്ളും.
ഇതു തന്നെയാണ് കടുകുമണിയുടെ ഉപമയിലും ഈശോ പറയുന്നത് (മത്താ 13:31-32). ചെറിയ കടുകുമണി വളർന്ന് വളർന്ന് ആകാശത്തിലെ പറവകൾക്കെല്ലാം അഭയമരുളുന്ന വൃക്ഷിമായിത്തീരുന്നു. ആരെയും ഒഴിവാക്കാതെ സകലരെയും ഉള്‍ക്കൊള്ളുകയും, സകലർക്കും അഭയമരുളുകയും ചെയ്യുന്ന രീതി വളര്‍ത്തിയെടുക്കണമെന്നാണ് ഈശോ പഠിക്കുന്നത്.
എല്ലാത്തിനെയും ഉള്‍ക്കൊള്ളുക; സകലര്‍ക്കും നന്മ ചെയ്യുക എന്നതായിരിക്കണം ക്രിസ്തുശിഷ്യന്റെ രീതി. അതിനുള്ള കാരണവും മലയിലെ പ്രസംഗത്തില്‍ ഈശോ പറയുന്നുണ്ട്: ”അങ്ങനെ നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിരിത്തീരും. എന്തുകൊണ്ടെന്നാല്‍ അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിക്കുകയും, നീതിമാന്മാരുടെയും നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു” (മത്താ 5:45).
എതിരഭിപ്രായക്കാരനെയും ശത്രുവിനെയും നീ ഇല്ലാതാക്കരുത്. കാരണം നിന്റെ സ്വർഗ്ഗപിതാവ് ദുഷ്ടര്‍ക്കും ശിഷ്ടര്‍ക്കും ഒരുപോലെ മഴയും വെയിലും നല്കുന്നു. എല്ലാവരിലേക്കും നന്മ വിതറി കൊണ്ടു മാത്രമേ നിനക്കു ദൈവത്തിന്റെ മകനായി തീരാൻ പറ്റൂ. ദൈവത്തിന്റെ മകനായിത്തീരുന്നത് മറ്റുള്ളവരെ ഒതുക്കി കൊണ്ടും, ഒഴിവാക്കി കൊണ്ടും, ഇല്ലാതാക്കി കൊണ്ടുമല്ല. മറിച്ച് അവരെക്കൂടെ ഉള്‍ക്കൊള്ളുന്ന വന്മരമായി മാറികൊണ്ട്; അവരിലേക്ക് പോലും നന്മ പ്രസരിപ്പിക്കുന്ന പുളിമാവായി രൂപാന്തരപ്പെട്ടു കൊണ്ട്.
ഏറ്റവും നല്ല ഉദാഹരണം വിക്ടർ ഹ്യുഗോയുടെ ‘പാവങ്ങൾ’ എന്ന നോവലിലെ ജില്വാല്ജിന് കഥ. അയാൾ മെത്രാന്റെ വെളളി മെഴുകുതിരിക്കാലുകള്‍ മോഷ്ടിച്ച കഥ (ഓഡിയോ കേള്‍ക്കുക).
അതിനാല്‍ ‘നീ കള പറിക്കരുത്.’ പകരം, നീ നന്മയുടെ പുളിമാവ് പ്രസരിപ്പിച്ചു കൊണ്ടിരിക്കുക. നിന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ദുഷ്ടരുടെയും ശിഷ്യരുടെയും മേൽ മഴ പെയ്യിക്കുന്ന പോലെ നീയും നിന്റെ എതിരാളികളുടെ മേൽ നന്മയുടെ മഴ പെയ്യിച്ചു കൊണ്ടിരിക്കുക!
ഫാ: ജേക്കബ് നാലുപറയില്‍ എംസിബിഎസ്
Categories: Uncategorized