Uncategorized

Bishop Mar Joseph Kariyattil – A Historical Note

സെപ്‌റ്റംബർ 10: കരിയാറ്റിൽ മാർ യൗസേപ്പ്

മെത്രാപ്പോലീത്തയുടെ ഓർമ്മപ്പെരുന്നാൾ

Bishop Mar Joseph Kariyattil

** ആരായിരുന്നു കരിയാറ്റിൽ യൗസേപ്പ്?

മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായ ഭാരതസഭ ജന്മം നൽകിയ രത്നങ്ങളിൽ ഏറ്റവും നൈര്മല്യമേറിയതും അമൂല്യവുമാണ് കരിയാറ്റിൽ മാർ യൗസേപ്പ് മെത്രാപ്പോലീത്ത. 1742 മെയ് 5 നു ഏറണാകുളം ജില്ലയിലെ ,ആലങ്ങാട് കരിയാറ്റിൽ പൈലി മറിയം ദമ്പതിമാരുടെ മൂന്നാമത്തെ മകനായി യൗസേപ്പ് ഭൂജാതനായി. വൈദികനാകുവാൻ ആഗ്രഹം പ്രകടിപ്പിച്ചു മുൻപോട്ടു വന്ന അദ്ദേഹം 13 – ആം വയസ്സിൽ പഠനാർത്ഥം റോമിലെ പ്രൊപ്പഗാന്താ കോളേജിൽ അയക്കപ്പെട്ടു. പഠനത്തിൽ അതീവ മികവ് പുലർത്തിയ യൗസേപ്പ് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും കാണാൻ നിയമത്തിലും ഡോക്ടറേറ്റുകൾ സമ്പാദിച്ചു. അക്കാലത്തു ലോകത്തിലെ ഏറ്റവും മികച്ച സുറിയാനി പണ്ഡിതന്മാരിലൊരാളായ മാറോനീത്തസഭംഗം ജോസഫ് അലോസിയൂസ് അസ്സമാനിയിൽ നിന്നും സുറിയാനിയിൽ പ്രാവീണ്യവും നേടി. ഉദയംപേരൂർ സൂനഹദോസ് നശിപ്പിച്ച സുറിയാനി ആരാധനക്രമം വീണ്ടെടുക്കാന്‍ കഴിവുള്ള വ്യെക്തിതം എന്നാണ് അസ്സമാനി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
റോമിലെ പഠനകാലത്തു അദ്ദേഹത്തിന്റെ പിതാവും 3 ഇളയ സഹോദരങ്ങളും 2 മൂത്തസഹോദരങ്ങളും നിത്യസമ്മാനത്തിനു വിളിക്കപ്പെട്ടു. യൗസേപ്ഫ് പുരോഹിതനായി നാട്ടിൽ തിരിച്ചെത്തിയപ്പോൾ അവശേഷിച്ചത് അമ്മയും ഒരു സഹോദരിയും മാത്രം. സഹോദരിയുടെ വിവാഹത്തോടെ ഒറ്റപ്പെട്ട അമ്മ ഒരു ചെറ്റക്കുടിലിലാണ് ശിഷ്ടകാലം കഴിച്ചുകൂട്ടിയത്. കുടുംബത്തിലെ പ്രതിസന്ധികളിലും തളരാതെ പൗരോഹിത്യം സ്വീകരിച്ചു നാട്ടിലേക്ക് തിരിച്ചെത്തിയ യൗസേപ്പിനെ കാത്തിരുന്നത് കഷ്ടപ്പാടിന്റെയും പരീക്ഷണത്തിന്റെയും നാടുകളായിരുന്നു. പോർട്ടുഗീസ് മിഷനറിമാരുടെ കീഴിലുള്ള ആലങ്ങാട് സെമിനാരിയിൽ അദ്ദേഹം സുറിയാനി അധ്യാപകനായി നിയമിക്കപ്പെട്ടു. ഭാരത സഭയുടെപാരമ്പര്യത്തിന് വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടു . അന്നുമുതൽ അദ്ദേഹം ലത്തീൻ മിഷനറിമാരുടെ നോട്ടപ്പുള്ളിയുമായി. മറ്റൊരു സുറിയാനി അധ്യാപകനെ നിയമിച്ചതും സുറിയാനി ക്ലാസുകൾ വെട്ടിക്കുറച്ചും അദ്ദേഹത്തിന്റെ അലവൻസ് 1/3 ആയി വെട്ടിക്കുറച്ചുമൊക്കെ അവർ അദ്ദേഹത്തെ വിവിധ വിധത്തിൽ പീഡിപ്പിച്ചുകൊണ്ടിരുന്നു. പഠനകാലമുതലേ വിശുദ്ധജീവിതത്തിനു പേരുകേട്ട അദ്ദേഹം അതെല്ലാം ക്ഷമയോടെ സഹിച്ചു മുന്നോട്ടുപോകുമ്പോളാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവിന് കളമൊരുങ്ങിയത്.
കോളനിവത്കരണത്തിന്റെ ഭാഗമായി 15 -ആം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെത്തിയ പോർട്ടുഗീസ്‌കാരും മിഷനറിമാരും തുടക്കത്തിൽ ഇവിടുത്തെ മാർത്തോമാക്രിസ്തിയാനികളുമായി നല്ല ബന്ധം പുലർത്തി. എന്നാൽ അധികം താമസിയാതെ മതകൊളോണിയലിസത്തിന്റെ ഭീകരമുഖം വെളിപ്പെട്ടു തുടങ്ങി. 1599 -ൽ മിഷനറിമാർ നിയമവിരുദ്ധമായി വിളിച്ചുകൂട്ടിയ ഉദയംപേരൂർ സൂനഹദോസിൽ വച്ച് സുറിയാനി ക്രിസ്ത്യാനികളെ ലത്തീനീകരിക്കാൻ തീരുമാനമെടുക്കുകയും തുടർന്ന് ആ തീരുമാനം ബലമായി നടപ്പിൽ വരുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അമൂല്യമായ സുറിയാനി കൈയ്യെഴുത്തുപ്രതികളെല്ലാം ബലമായി അഗ്നിക്കിരയാക്കി. തുടർ വർഷങ്ങളിൽ നസ്രാണിസഭ അനുഭവിച്ച ഞെരുക്കങ്ങൾ 1653 -ലെ കൂനൻ കുരിശു സത്യത്തിലേക്ക് അവളെ കൊണ്ടെത്തിച്ചു. അതുവരെ ഒന്നായിരുന്ന സമൂഹം ഇന്നത്തെ സിറോ മലബാർ, സൂറായി സഭാസമൂഹങ്ങൾ ഉൾക്കൊള്ളുന്ന പഴയകൂറും യാക്കോബായ, ഓർത്തഡോൿസ്, സിറോ മലങ്കര,മാർത്തോമാ, തൊഴിയൂർ സമൂഹങ്ങൾ ഉൾക്കൊള്ളുന്ന പുത്തെന്കൂരും ആയി പിരിഞ്ഞു.

** ക്ലേശകരമായ റോമാ യാത്ര
വൈദേശിക ശക്തികളുടെ അവിഹിത ഇടപെടലുകൾമൂലം പിളർന്ന നസ്രാണി സമൂഹം ഒന്നാകാൻ എന്നും ആഗ്രഹിച്ചിരുന്നു. അക്കാലത്തു പുത്തെന്‍ കൂര്‍ വിഭാഗത്തിന്റെ മെത്രാനായിരുന്ന മാർത്തോമാ ആറാമൻ പുനരൈക്യത്തിന് പലവട്ടം ശ്രമിച്ചെങ്കിലും ഒരുമെത്രാൻ പുനരൈക്യപ്പെട്ടാൽ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട വരാപ്പുഴ മിഷനറി അധികാരികൾ പുനരൈക്യത്തെ എതിർത്ത്. സുറിയാനി പൈതൃകം വീണ്ടെടുക്കുക പുത്തന്കൂര് പുനരൈക്യം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ റോമിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കാൻ നസ്രാണി സമൂഹം തീരുമാനിച്ചു. കരിയാറ്റിൽ മല്പാനും പാലാ കടനാട്‌ ഇടവകാംഗം പാറേമ്മാക്കൽ തോമ്മാക്കത്തനാരും ഈ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. നസ്രാണി പള്ളികളിലെ പൊന്നിൻ കുരിശുകളും ഇതര വസ്തുവകകളും വിറ്റു റോമയാത്രക്കുള്ള പണം സമ്പാദിച്ചു. 1778 – ൽ മൈലാപൂരിൽ തോമാശ്ലീഹായുടെ കബറിടത്തിൽ കുര്ബാനച്ചൊല്ലി പ്രാർത്ഥിച്ചു യാത്ര തിരിച്ചു. ശ്രീലങ്ക, ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിൽ എത്തി.അവിടെനിന്നും പോർട്ടുഗലിലേക്കു യാത്രതിരിച്ചെങ്കിലും കാറ്റ് പ്രതികൂലമതിനാൽ ലാറ്റിൻ അമേരിക്കൻ തീരത്തെത്തി. അവിടുന്ന് പോർട്ടുഗലിലേക്കു തിരിച്ചു. ദുരിതപൂർണമായ യാത്രക്കൊടുവിൽ 1779 -ൽ ലിസ്ബണിൽ എത്തി. മാർത്തോമ്മാ ആറാമന്റെ പുനരൈക്യത്തിനും അർക്കദിയാക്കോൻ സ്ഥാനത്തിന്റെ പുനഃസ്ഥാപനത്തിനുമായി പോർട്ടുഗീസ് രാജ്ഞിക്കു നിവേദനം സമർപ്പിച്ചെങ്കിലും ഫലമുണ്ടായില് തുടർന്ന് അവിടെനിന്നും അവർ റോമിലേക്ക് യാത്ര തിരിച്ചു. വരാപ്പുഴ മിഷനറിമാർ അവരെ സഹായിക്കാനെന്ന വ്യാജേന അവർക്കെതിരെ അപവാദങ്ങൾ നിരത്തി റോമിലെ പ്രൊപ്പഗാന്താ സംഘത്തിന് എഴുതിയ കത്ത് അവരുടെ കയ്യിൽ കൊടുത്തയച്ചിരുന്നു. കത്ത് തങ്ങൾക്കെതിരാണെന്നു വ്യക്തമായ ധാരണ ഉണ്ടായിരുന്നിട്ടും പൊട്ടിച്ചു നോക്കാതെ അവർ റോമിൽ ഏൽപ്പിച്ചു. തൽഫലമായി മോശമായ പെരുമാറ്റമാണ് റോമിൽനിന്നും അവർക്കു ലഭിച്ചത്. രാത്രി അഭയംപോലും നാളത്തെ അവരെ പെരുവഴിയിൽ ഇറക്കിവിട്ടു. അവസാനം ഒരുവിധത്തിൽ മാർപ്പാപ്പയെക്കണ്ടു അവർ നിവേദനങ്ങൾ സമർപ്പിച്ചു. വളരെക്കാലം കാത്തിരുന്നിട്ടും മറുപടിയൊന്നും ലഭിക്കത്തുരുന്നതിനാൽ അവർ നിരാശരായി വീണ്ടും പോർട്ടുഗലിലേക്കു പോയി.

** മെത്രാന്‍ പട്ടത്തിലേക്ക്
കരിയാറ്റിലിന്റെയും പാറേമ്മാക്കലിന്റെയും ദൈന്യതയും കരിയാറ്റിലിന്റെ വിശുദ്ധിയും സമർപ്പണമനോഭാവവും ക്ഷമാശീലവും നേരിട്ട് ബോധ്യപ്പെട്ട പോർട്ടുഗീസ് രാജ്ഞി കറുത്ത വംശജനെ മെത്രാനാക്കുന്നതിനെതിരെയുള്ള മിഷനറിമാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു മാർപ്പാപ്പയിൽ നിന്ന് ലഭിച്ചിരുന്ന പാദ്രുവാദോ അവകാശം ഉപയോഗിച്ച് കരിയാറ്റിൽ യൗസേപ്പ് മല്പാനെ കൊടുങ്ങല്ലൂരിന്റെ മെത്രാപ്പോലീത്തയായി നിയമിക്കുകയും പുനരൈക്യത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. എന്നാൽ അദ്ദേഹത്തെ ലത്തീൻ റീത്തിൽ ചേർത്തു ഒരിക്കിലും സുറിയാനി സഭയിലേക്കു തിരിച്ചു പോവില്ലെന്നു വ്യവസ്ഥയും വപ്പിച്ചിട്ടാണ് അദ്ദേഹത്തെ 1783 ഫെബ്രുവരി 17 നു അഭിഷേകം ചെയ്തത്.

** കരിയാറ്റിയുടെ രക്തസാക്ഷിത്വം
പ്രശ്നങ്ങളുടെ കാര്മുകിലുകളെല്ലാം ഒഴിഞ്ഞുപോയി എന്ന് തോന്നിയെങ്കിലും ആ സന്തോഷം ഒട്ടും നീണ്ടു നിന്നില്ല. മാർ യൗസേപ്പ് മെത്രപ്പോലീത്ത മലങ്കരയിൽ കാലുകുത്തുന്നത് ഏതു വിധേനയും തടയണമെന്ന് മിഷനറിമാർ തീരുമാനിച്ചു. മാർത്തോമാ ക്രിസ്ത്യാനികൾ ഒന്നിക്കുന്നതും തങ്ങളുടെ സുറിയാനി പാരമ്പര്യം വീണ്ടെടുക്കുന്നതും അവർക്കു സ്വീകാര്യമായിരുന്നില്ല. കുല്സിത പ്രവർത്തനങ്ങളിലൂടെ മെത്രാപ്പോലീതയുടെ മലങ്കരയിലേക്കുള്ള യാത്ര 2 വർഷത്തേക്ക് അവർ തടഞ്ഞു. തന്മൂലം 1785 ൽ മാത്രമേ അദ്ദേഹത്തിന് മടങ്ങാനുള്ള അനുവാദം ലഭിച്ചുള്ളൂ. പോർട്ടുഗീസ് കപ്പലിൽ കേരളതീരത്തു എത്തിയെങ്കിലും വരാപ്പുഴ മിഷനറിമാരുടെ ഇടപെടൽ മൂലം അദ്ദേഹത്തിന് അവിടെ ഇറങ്ങുവാൻ അനുവാദം ലഭിച്ചില്ല. അവർ അദ്ദേഹത്തെയും പാറേമ്മാക്കൽ തോമാക്കത്തനാരെയും ബലമായി ഗോവക്ക് കൊണ്ടുപോവുകയും അവിടെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തു. അവിടെ വച്ച് കരിയാറ്റിൽ മെത്രാപ്പോലീത്തക്ക് ഭക്ഷണത്തിൽ കലർത്തി വിഷം നൽകുകയും ചെയ്തു. വിഷബാധയേറ്റു അതീവ ഗുരുതര നിലയിലായ അദ്ദേഹത്തിന് കൃത്യമായ ചികിത്സയും അവർ നിഷേധിച്ചു. 44 -ആമത്തെ വയസ്സിൽ ആ അതുല്യ തേജസ്സു ഈ ലോകത്തോട് വിടപറഞ്ഞു, ചെയ്തു തീർക്കാൻ കൊതിച്ച വലിയ കാര്യങ്ങൾ ബാക്കി വച്ച്! റോമക്കു യാത്രതിരിക്കുന്നതിമുന്പ് ഒരു പ്രവചനമെന്നവണ്ണം അദ്ദേഹം മാർത്തോമ്മാ ആറാമന് കൊടുത്ത വാക്കു അറംപറ്റി : “ഇനിയൊരിക്കൽ അങ്ങയെപ്രതി റോമാ വരെ വീണ്ടും ചെന്ന് എന്റെ ആയുസ്സ് തമ്പുരാന് ബലികഴിക്കേണ്ടിവന്നാലും അങ്ങയുടെ കാര്യത്തിനുവേണ്ടി ഞാൻ പരമാവധി പ്രയത്നം ചെയ്യും”.
കരിയാറ്റിൽ മെത്രാപ്പോലീത്തയുടെ അന്ത്യനിമിഷങ്ങളിൽ പോലും അദ്ദേഹത്തെ സന്ദർശിക്കുവാൻ മറ്റൊരു മുറിയിൽ തടങ്കലിൽ പാർപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ സഹചാരിയായ പാറേമ്മാക്കൽ തോമ്മാക്കത്തനാരെ പോർട്ടുഗീസ് മിഷനറിമാർ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ സംസ്കാരത്തിൽപോലും സംബന്ധിക്കുവാൻ കത്തനാർക്ക് അനുവാദം ലഭിച്ചില്ല. മാർ യൗസേപ്പ് മെത്രപൊലീത്തയോടൊപ്പം പൊലിഞ്ഞതു ഒരു സഭയുടെ മുഴുവൻ പ്രാർത്ഥനകളും പ്രതീക്ഷകളുമായിരുന്നു. അദ്ദേഹത്തിന് മലങ്കരമണ്ണിൽ കാലുകുത്തുവാൻ സാധിച്ചിരുന്നെങ്കിൽ ഇന്ന് കേരളസഭയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. സഭയിലെ ആരാധനാക്രമതർക്കങ്ങളുൾപ്പെടെ ഉണ്ടാകുമായിരുന്നില്ല; നസ്രാണി സമൂഹം വിവിധ സഭകളായി ചിന്നിച്ചിതറി പോകുമായിരുന്നില്ല; കോടതിവ്യവഹാരങ്ങൾ ഉൾപ്പെടെയുള്ള സഭാവാഴക്കുകൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഒരുമക്കും പൈതൃകസംരക്ഷണത്തിനും വേണ്ടിയുള്ള നസ്രാണികളുടെ തീവ്രാഭിലാഷത്തെ പോർട്ടുഗീസ് മിഷനറിമാരുടെ കുല്സിത പ്രവർത്തനങ്ങൾ എന്നന്നേക്കുമായി തല്ലിക്കെടുത്തി.
മരിക്കുന്നതിന് മുൻപ് മാർ യൗസേപ്പ് മെത്രാപ്പോലീത്ത പാറേമ്മാക്കൽ തോമ്മാക്കത്തനാരെ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണ്ണദോർ (അഡ്മിനിസ്ട്രേറ്റർ) ആയി നിയമിച്ചുകൊണ്ട് കത്തെഴുതി തലയനാട്ട് അടിയിൽ സൂക്ഷിച്ചു. നടന്ന കാര്യങ്ങളെക്കുറിച്ചു ധാരണ ലഭിച്ച ഗോവർണ്ണദോർ തന്റെ ജീവനും അപകടത്തിലാണെന്ന് മനസ്സിലാക്കി. രക്ഷപെടുവാനി അദ്ദേഹം മുഴു ഭ്രാന്തനായി അഭിനയിച്ചു. സുബദ്ധം നഷ്ടപ്പെട്ടു എന്ന് പോർട്ടുഗീസ്‌കാരെ ബോധ്യപ്പെടുത്താൻ അദ്ദേഹം തന്റെ മല വിസര്‍ജ്യം വാരി ഭിത്തിയിൽ എറിയുകയും മറ്റു ചെയ്തു. മുഴുഭ്രാന്തനെന്നു കരുതി അവർ അദ്ദേഹത്തെ ആരോരുമില്ലാത്തവനായി വിശാലമായ ലോകത്തേക്ക് തുറന്നു വിട്ടു. അവിടെ നിന്ന് അങ്ങനെ രക്ഷപെട്ടു അദ്ദേഹം കേരളത്തിൽ തിരിച്ചെത്തി. രക്ഷപെട്ടു അദ്ദേഹം കേരളത്തിൽ തിരിച്ചെത്തി. പാറേമ്മാക്കൽ തോമ്മാക്കത്തനാർ രചിച്ച റോമയാത്രയുടെ ചിത്രമായ വർത്തമ്മപ്പുസ്തകം ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതിയാണ്. അത്യന്തം വികാരവായ്‌പോടെയല്ലാതെ നസ്രാണിമക്കൾക്കു ഇന്നും വർത്തമാനപ്പുസ്തകം വായിക്കാൻ സാധിക്കില്ല.

** ദൈവത്തിന്റെ കയ്യൊപ്പ്
കരിയാറ്റിൽ മാർ യൗസേപ്പ് മെത്രാപ്പോലീത്തയെ അടക്കം ചെയ്തത് എവിടെനിന്നു ദീർഘകാലം ആർക്കും അറിയാമായിരുന്നില്ല. 1932 ൽ ഗോവയിലെ വി. കത്രീനയുടെ കത്തീഡ്രലിൽ കുര്ബാനചൊല്ലിയ മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ആകസ്മികമായി അദ്ദേഹത്തിന്റെ കബറിടം കണ്ടെത്തി. കുര്‍ബനയ്ക്കിടെ അബദ്ധത്തിൽ ഡൂപ്പക്കുറ്റി മറിഞ്ഞു വീഴുകയും അതുമൂലം കത്തിയ കയറ്റുപായ മാറ്റുകയും ചെയ്തപ്പോളാണ് കബറിടം കണ്ടെത്തിയത്. 1961 ൽ അദ്ദേഹത്തിന്റെ കബറിടം തുറന്നു ഭൗതികാവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ ജന്മനാടായ ആലങ്ങാട് പള്ളിയിൽ ആഘോഷമായി സ്ഥാപിച്ചു. അദ്ദേഹത്തിന്റെ അസ്ഥികൾ പോലും വല്ലാതെ ജീർണിച്ച അവസ്ഥയിലായിരുന്നു. വിഷബാധ മൂലമാണ് അദ്ദേഹം മരിച്ചതെന്നതിന്റെ തെളിവായി ഇത് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഒരു പക്ഷെ ഒരു ഫോറൻസിക് പരീക്ഷണത്തിലൂടെ ഇനിയും സത്യം പുറത്തുകൊണ്ടുവരാനായേക്കും. അൾത്താരയിൽ വണക്കത്തിന് യോഗ്യനായ ആ ധീര രക്തസാക്ഷി ആരാലും അറിയപ്പെടാതെ ഇന്ന് മഹാവിസ്‌മൃതിയിലാണ്ടിരിക്കുന്നു.

*പുണ്യശ്ലോകനായ കരിയാറ്റിൽ മാർ യൗസേപ്പ് പിതാവേ, പ്രശ്നങ്ങളിൽ ഉഴലുന്ന അങ്ങയുടെ മാതൃസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ! *

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.