Uncategorized

Prayer Life of Capitan Raju

പ്രാർത്ഥനയുടെ മാഹാത്മ്യം പഠിപ്പിച്ച ക്യാപ്ടന്‍ രാജു

Captain Raju
മലയാള സിനിമയില്‍ സുവര്‍ണ്ണതാരമായി തിളങ്ങിനിന്ന ക്യാപ്ടന്‍ രാജു വിടവാങ്ങി. നാം അദേഹത്തിന്റെ കഥാപാത്രങ്ങള്‍ മാത്രമേ അടുത്തു കണ്ടിട്ടുള്ളൂ. യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടിയിരുന്ന അദേഹം തന്റെ ജീവിതത്തിലുണ്ടായ എല്ലാ നല്ല അനുഭവങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുമായിരുന്നു.

2012 ജനുവരി 22ന് സണ്‍ഡേശാലോമിനോട് അദേഹം പറഞ്ഞത് ജീവിതത്തില്‍ പ്രാര്‍ത്ഥനയിലൂടെ ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് മാത്രമായിരുന്നു. അദേഹം പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ക്കൂടി കുറിക്കട്ടെ..

ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ഈ വാക്കുകള്‍ നമ്മെ പ്രചോദിപ്പിക്കുമെന്ന് തീര്‍ച്ച.

“വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും എനിക്ക് കുഞ്ഞുങ്ങളൊന്നും ഉണ്ടായില്ല. സ്വാഭാവികമായും എനിക്ക് ഇതൊരു ദുഃഖമായിരുന്നു. അന്നു ഞങ്ങള്‍ ബോംബെയിലാണ് താമസം. ഞാന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ വിശ്വസിക്കുന്ന ആളാണ്. മധ്യസ്ഥന്മാര്‍ക്ക് ഞങ്ങള്‍ വലിയ പ്രാധാന്യമാണു കല്പിച്ചു നല്‍കിയിരിക്കുന്നത്.

ബോംബെയിലെ മാഹിം പള്ളിയില്‍ ഞാന്‍ ഇതേ ആവശ്യത്തിന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പരിശുദ്ധ അമ്മയോടു ഞാന്‍ തീര്‍ത്തുപറഞ്ഞു, ‘എനിക്ക് മക്കളെ തന്നേ പറ്റൂ.’ അധികം കഴിയും മുമ്പേ, അമ്മ എനിക്ക് മകനെ തന്നു. നമ്മള്‍ മുട്ടില്‍ നിന്ന് മാധ്യസ്ഥം പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമുക്കുവേണ്ടി കാര്യങ്ങള്‍ സാധിച്ചുതരുമെന്ന എന്റെ ബോധ്യം ഒരിക്കല്‍ക്കൂടി ഉറപ്പാക്കുന്നതായിരുന്നു അത്.

* * *

എനിക്ക് ആര്‍മിയില്‍ സെലക്ഷന്‍ കിട്ടിയ നാളുകള്‍ ഓര്‍ക്കുന്നു. അതില്‍ ‘പിപ്പിങ്ങ്’ എന്നൊരു പരിപാടിയുണ്ട്. അതായത് നമ്മുടെ തോളില്‍ പതിക്കുന്ന നക്ഷത്രചിഹ്നങ്ങള്‍ അനുസരി ച്ച് സഹപ്രവര്‍ത്തകരും സമൂഹവും ആദരിക്കുന്ന ചടങ്ങാണത്. ഇത് ചെയ്യുന്നത് ക്യാപ്റ്റന്‍മാരാണ്. മാതാപിതാക്കള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവര്‍ക്കാണ് അതിനുള്ള അര്‍ഹത. പരേഡെല്ലാം കഴിഞ്ഞു. പാതിരാവോടെ ഫുള്‍ യൂണിഫോമിന്റെ തോള്‍ഭാഗത്ത് നമുക്കു ലഭിച്ച നക്ഷത്രചിഹ്നം കുത്തുകയും അതൊരു പ്ലാസ്റ്റിക് കവര്‍കൊണ്ട് മറയ്ക്കുകയും ചെയ്യും.

രാത്രി 11.59 ആകുമ്പോള്‍ ക്യാമ്പ് ഹാളിലെ എല്ലാ വെളിച്ചവും അണയും. ആ സമയത്ത് എന്റെയടുത്തുനിന്ന അപ്പച്ചന്‍ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്ന് എന്റെ തോളിലെ നക്ഷത്രചിഹ്നത്തിന്റെ കവര്‍ മാറ്റി. ഒരു മിനിറ്റു കഴിഞ്ഞപ്പോള്‍ ഹാളില്‍ വെളിച്ചം വന്നു. എന്റെ തോളിലെ തിളങ്ങുന്ന നക്ഷത്രത്തെക്കാള്‍ എന്നെ ആകര്‍ഷിച്ചത് തിളങ്ങുന്ന കണ്ണുകളുമായി നിന്ന എന്റെ അപ്പച്ചന്റെ മുഖമാണ്. ഇതൊക്കെ സം ഭവിക്കുമ്പോള്‍ ഞാന്‍ എന്റെ ദൈവത്തെ സ്തുതിക്കുകയായിരുന്നു. കാരണം ഓമല്ലൂര്‍ എന്ന കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ മിലിട്ടറിയില്‍ ഒരു കമ്മീഷന്‍ഡ് ഓഫീസര്‍ അതായത് ഗസറ്റഡ് ഓഫീസറുടെ പദവിയില്‍ ഇരുപത്തൊന്നാം വയസില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത് ദൈവത്തിലുള്ള വിശ്വസവും എന്റെ പ്രാര്‍ത്ഥനയുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ചെറുപ്പംമുതല്‍ ഞങ്ങളുടെ കുടുംബത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എല്ലാറ്റിനെക്കാളും വലിയ സ്ഥാനമാണ് നല്‍കിയിരുന്നത്. ഇതിന്റെയൊക്കെ ചുക്കാന്‍ അമ്മയുടെ കൈയിലാണ്. ഒരു ഞായറാഴ്ചപോലും ഞങ്ങൾ കുര്‍ബാന മുടക്കിയതായി ഓര്‍മയില്ല. കാരണം വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാത്തവര്‍ക്ക് ഞായറാഴ്ച വീട്ടില്‍ ഭക്ഷണം പോലും ലഭിക്കുമായിരുന്നില്ല.

** **

ഒരിക്കല്‍ ഒരു അക്രൈസ്തവ സഹോദരന്‍ എന്റെ ആലുംചുവടുള്ള ഫ്ലാറ്റില്‍ വന്നു. അദേഹമവുമായി സംസാരിച്ചിരിക്കവെ ഞാന്‍ എന്റെ ചില ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞു. അതു കേട്ട ആ സഹോദരന്‍ എന്നോടു പറഞ്ഞു, ‘ഇവിടെ ഒരു പോരായ്ക ഉണ്ട്. ഒരു കുരിശ് വേണം. നിങ്ങളുടെ പ്രധാന വാതില്‍ തുറന്ന് അകത്തേക്കു കയറുന്ന ഒരാള്‍ക്ക് ആദ്യം കാണാന്‍ ഇടയാകുംവിധം ഒരു കുരിശ് സ്ഥാപിക്കണം.’ ഇതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. പിറ്റേന്നുതന്നെ തൃപ്പൂണിത്തുറയില്‍ പോയി തേക്കിന്‍ തടിയില്‍ തീര്‍ത്ത ഒരു കുരിശ് ഉണ്ടാക്കി ഞാന്‍ എന്റെ പ്രധാന വാതിലിനു മുന്നില്‍, കടന്നുവരുന്ന ആര്‍ക്കും കാണത്തക്കവിധം സ്ഥാപിച്ചു.

അടുത്ത ദിവസം രാവിലെ ഞാന്‍ പത്രം വായിച്ചിരിക്കുമ്പോള്‍ ഒരു ഫോണ്‍ വന്നു. അതിന്റെ സന്ദേശം ഇതായിരുന്നു. ”രാജുച്ചേട്ടന് ഞാന്‍ മാസങ്ങള്‍ക്കു മുമ്പേ തരാനുള്ള പൈസ ശരിയായിട്ടുണ്ട്. ഇന്നുതന്നെ വാങ്ങാന്‍ ആളെ വിടുക.” എനിക്ക് തിരിച്ചു കിട്ടില്ല എന്നു കരുതി ഏകദേശം ഉ പേക്ഷിക്കാന്‍ ഞാൻ തീരുമാനിച്ച, പണം തരാനുള്ള ആളിന്റേതായിരുന്നു ഈ ഫോണ്‍. വാസ്തവത്തില്‍ ഇതെനിക്ക് വലിയൊരത്ഭുതമായിരുന്നു. ഒരു അ ക്രൈസ്തവ സഹോദരന്റെ നിര്‍ദ്ദേശപ്രകാരമാണെങ്കിലും വിശ്വാസത്തോടെ ഞാനൊരു പ്രവൃത്തി ചെയ്തപ്പോള്‍ അതെനിക്ക് അനുഭവസാക്ഷ്യമായി. നമ്മള്‍ ശുദ്ധിയോടെയും ആത്മാര്‍ത്ഥതയോടെയും പ്രാര്‍ത്ഥിക്കണം. എന്നാലേ പ്രാര്‍ത്ഥന ഫലമണിയൂ.

** ***

മറ്റൊരിക്കല്‍ കുതിരാന്‍ കയറ്റത്തില്‍വച്ച് ഞാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അഗാധമായ കൊക്കയിലേക്കു മറിഞ്ഞു. പാതിരാത്രിയായിരുന്നു അത്. സമീപ പ്രദേശമെല്ലാം വിജനമാണ്. മണിക്കൂറുകള്‍ക്കുശേഷം പോലിസാണ് ആശുപത്രിയില്‍ എന്നെ എത്തിച്ചതെന്ന് ബോധം തെളിഞ്ഞപ്പോള്‍ ഞാനറിഞ്ഞു. എങ്ങനെ പോലിസറിഞ്ഞു എന്നതായിരുന്നു എനിക്കാകാംക്ഷ. ഒരു തമിഴ്നാടുകാരനായ ലോറി ഡ്രൈവറാണ് ഇത് പോലിസിനെ അറിയിച്ചതത്രേ. ഞാനന്ന് സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലോ പിന്നിലോ ഒരു വാഹനവും ഉണ്ടായിരുന്നില്ല എന്നു വ്യക്തം. എന്നാല്‍ വിദൂരതയില്‍ എവിടെനിന്നോ അപകടം കാണാനും അത് ഏതു സ്ഥലത്തെന്ന് തിരിച്ചറിഞ്ഞ് അനേകം കിലോമീറ്റര്‍ അപ്പുറം കിടന്നിരുന്ന പോലിസിനെ ഇക്കാര്യം അറിയിക്കാനും ഒരു തമിഴ് ഡ്രൈവറെ ചുമതലപ്പെടുത്തിയത് ദൈവമാണെന്നു ഞാന്‍ കരുതുന്നു.

അങ്ങനെയല്ലായിരുന്നെങ്കില്‍ ക്യാപ്റ്റന്‍ രാജു ഉണ്ടാകുമായിരുന്നില്ല.

ഇതുപോലെ എന്നെ ദൈവം അവിടുത്തെ ഉപകരണമാക്കി മാറ്റിയ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ ദൈവത്തിനു നന്ദി പറയുന്ന ഒരു സംഭവം കൂടി പറയാം.

** * *

ഞാനും എന്റെ സുഹൃത്തുമൊപ്പം കാറില്‍ ഞങ്ങള്‍ ചങ്ങനാശേരിയില്‍നിന്നും നെടുമുടി വഴി ആലപ്പുഴയ്ക്കു വരുകയാണ്. രാത്രിസമയം. ഞങ്ങള്‍ സഞ്ചരിക്കുന്ന കാറിനു മുന്നില്‍ ഒരു ലോറി ചീറിപ്പായുന്നുണ്ട്. ഹെഡ്‌ലൈറ്റ് നന്നായി മിന്നിച്ചാണതിന്റെ യാത്ര. പലപ്പോഴും എതിരേ വരുന്ന വാഹനങ്ങള്‍ക്ക് അപകടകരമാണ് കണ്ണില്‍ കുത്തുന്ന വെളിച്ചം. ലോറിപോലുള്ള വാഹനങ്ങളിലെ ശക്തമായ പ്രകാശം കൊച്ചുവാഹനയാത്രക്കാരെ അന്ധരാക്കിക്കളയും. ഇതുതന്നെ ഇവിടെ സംഭവിച്ചു. ലോറി ഒരു പാലത്തിന്റെ കയറ്റം കയറി ഇറക്കത്തിലേക്കെത്തുമ്പോള്‍ എതിരേനിന്നും കയറ്റം തുടങ്ങിയ ഒരു കാര്‍ ഈ വെളിച്ചത്തില്‍ അന്ധാളിച്ച് തെന്നിമാറി, പാലത്തിന്റെ സൈഡില്‍ പിടിപ്പിച്ചിരിക്കുന്ന കൈവരി പൈപ്പില്‍ ചെന്നിടിച്ചു. നീണ്ടുനിന്ന ഇരുമ്പ് പൈപ്പ് കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് പുറകിലെ സീറ്റും തുളച്ച് കാര്‍ കമ്പിയില്‍ കുരുങ്ങി .. പുറത്തേക്കു വളഞ്ഞ പൈപ്പില്‍ തുളഞ്ഞു കിടക്കുന്ന കാര്‍. ഭീകരമായിരുന്നു ആ കാഴ്ച. ഒരു ചെറിയ ചലനമുണ്ടായാല്‍ കാര്‍ താഴെ ആറ്റില്‍ പതിക്കും.

ഇങ്ങനെ ഒരപകടം ഇവിടെ സംഭവിച്ചതറിഞ്ഞോ അറിയാതെയോ ലോറി അതേ സ്പീഡില്‍ ഓടിപ്പോയി. ലോറിക്കു തൊട്ടുപിന്നാലെയുണ്ടായിരുന്ന ഞാന്‍ പെട്ടെന്നു കാര്‍ നിറുത്തി. തൂങ്ങിക്കിടക്കുന്ന കാറിനടുത്തേക്കു ചെല്ലുമ്പോള്‍ കാര്‍ ഡ്രൈവ് ചെയ്യുന്ന ആളെ കൂടാതെ മൂന്നു കുഞ്ഞുങ്ങളും ഒരു സ്ത്രീയുമുണ്ട്. കാറില്‍ അവര്‍ കരഞ്ഞു വിളിക്കുന്നു. അതിനുള്ളില്‍ കമ്പിതുളച്ച് കയറി മരണം സംഭവിച്ചിരിക്കാം എന്നെനിക്കുറപ്പുണ്ട്. ഒരു നിമിഷം കമ്പിയൊന്നു വളഞ്ഞാല്‍, ചരിഞ്ഞാല്‍ കാര്‍ ഊരി താഴെ ജലത്തില്‍ വന്ന് വീഴും. എന്ത് ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ. എങ്കിലും എന്റെ ദൈവമേ എന്നെ സഹായിക്കണേ എന്ന് ഞാന്‍ നിലവിളിച്ചുകൊണ്ട് വഴിയേ വന്ന വാഹനങ്ങള്‍ ഞാന്‍ തടഞ്ഞു. ‘ഇറങ്ങിവരൂ.’ ഞാന്‍ അവരോട് ആജ്ഞാപിച്ചു. ആരൊക്കെയോ എന്നെ തിരിച്ചറിഞ്ഞതോടെ അവരെല്ലാവരും ഞാന്‍ പറയുന്നതു ചെയ്യാന്‍ തയാറായി. എല്ലാവരെയും ഒത്തുനിറുത്തി ഞങ്ങള്‍ ഒരേ മനസോടെ താങ്ങി ആ കാര്‍ തെന്നിപ്പോകാതെ കമ്പിയില്‍ നിന്നൂരി നിരത്തില്‍ വച്ചു.

പിന്നീട് ആ കാറിനുള്ളില്‍ എന്തു സംഭവിച്ചു എന്നറിയാന്‍ ഞാന്‍ കാറിലേക്കു നോക്കുമ്പോള്‍ മൂന്നു കുട്ടികള്‍ ഇരുന്ന സീറ്റില്‍ അവരുടെ ദേഹത്ത് ഒരു പോറല്‍പോലും ഏല്‍പിക്കാതെ അവര്‍ക്കിടയിലൂടെയാണ് ആ കമ്പി കടന്നുപോയതെന്ന് കണ്ടു. ഇതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ദൈവത്തിന്റെ സംരക്ഷണം എത്ര വലുതാണ് എന്നു ഞാന്‍ ചിന്തിക്കുമ്പോള്‍ കാറിന്റെ ഡോര്‍ തുറന്ന് ആ വാഹനമോടിച്ച കുടുംബനാഥന്‍ എന്റെ തോളിലേക്ക് നിലവിളിയോടെ വീണു. ദൈവത്തോടുള്ള മുഴുനന്ദിയും അയാളുടെ ഈ പ്രവൃത്തിയിലുണ്ടായിരുന്നു. ദൈവമേ നീ മാത്രമാണ് എല്ലാ നന്ദിക്കും അര്‍ഹന്‍…

ക്യാപ്ടൻ ഹൃദയം വിങ്ങി കരയുന്നു.

അതെ , നമ്മെ പ്രാർത്ഥനയുടെ മാഹാത്മ്യം പഠിപ്പിച്ച അദ്ദേഹത്തെ അത്ര പെട്ടെന്ന് നമുക്ക് മറക്കാനാവില്ല. എന്നും പ്രാർത്ഥനകളുണ്ടാകും…..

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.