Uncategorized

Where is Your Husband?

ഫാ. ജെയിംസ് മഞ്ഞാക്കൽ MSFS

പത്തുവർഷങ്ങൾക്കുമുമ്പ് ജർമ്മനിയിലെ ‘കെവലാർ’ എന്ന സ്ഥലത്ത് ധ്യാനിപ്പിക്കുമ്പോൾ, രണ്ടു യുവതികൾ കൗൺസിലിംഗിനായി എന്റെ അടുത്തു വന്നു. ത്വക്കുരോഗങ്ങളിൽനിന്നും ആസ്തമയിൽനിന്നും സൗഖ്യം കിട്ടുമോ എന്നറിയാൻ പോളണ്ടിൽ നിന്നെത്തിയവരായിരുന്നു അവർ. സഹോദരികളാണോ എന്ന ചോദ്യത്തിനു കിട്ടിയ മറുപടി എന്നെ അത്ഭുതപ്പെടുത്തി: ഞങ്ങൾ വിവാഹിതരാണ്. വിവാഹം പുരുഷനും സ്ത്രീയും തമ്മിലല്ലേ, സ്ത്രീയും സ്ത്രീയും തമ്മിലല്ലല്ലോ എന്നു പറഞ്ഞപ്പോൾ, അവരിലൊരാൾ തിരിച്ചടിച്ചു: ”സ്ത്രീക്കു പുരുഷനെ കെട്ടാമെങ്കിൽ എന്തുകൊണ്ടു സ്ത്രീയെ കെട്ടിക്കൂടാ?”

തർക്കിച്ചിട്ടു കാര്യമില്ല എന്നു തോന്നിയതിനാൽ, വിവാഹത്തെപ്പറ്റിയുള്ള ബൈബിളിലെ പഠനങ്ങളും ഉൾക്കാഴ്ചകളും ഉൽപത്തി പുസ്തകം മുതൽ ഒന്നൊന്നായി വായിച്ചുകേൾപ്പിക്കുകയും ഉള്ളിന്റെയുള്ളിൽ ഇവരുടെ മാനസാന്തരത്തിനായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു.

”ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ” എന്ന വി. മത്തായിയുടെ സുവിശേഷഭാഗം (മത്താ.19:6) വായിച്ചു കഴിഞ്ഞ് അവരുടെ മുഖത്തേക്കു നോക്കിയപ്പോൾ രണ്ടുപേരും കരയുന്നതു കണ്ടു. ഒരാൾ കണ്ണീരോടെ ചോദിച്ചു: ”അപ്പോൾ ഞങ്ങൾക്കു രക്ഷയില്ല, ഞങ്ങൾ മരിച്ചാൽ നരകത്തിൽ പോകും, അല്ലേ.” സ്വവർഗ്ഗ ലൈംഗികബന്ധത്തിൽ തുടർന്നാൽ നരകത്തിൽ പോകുമെന്ന് ബൈബിൾതന്നെ ഉദ്ധരിച്ചുകൊണ്ട് പ്രത്യേകിച്ച് യൂദാസിന്റെ ലേഖനം ഏഴാം വചനം വ്യാഖ്യാനിച്ചുകൊണ്ട് ഞാൻ സമർത്ഥിച്ചു. അല്പസമയം പാപികളോടുള്ള കർത്താവിന്റെ സ്‌നേഹത്തെപ്പറ്റിയും അനുതാപജന്യമായ ജീവിതത്തെപ്പറ്റിയും പറഞ്ഞിട്ട് ഒരു നല്ല കുമ്പസാരത്തിനായി അവരെ പറഞ്ഞയച്ചു.

കർത്താവിന്റെ അരൂപി അത്ഭുതകരമായി അവരിൽ പ്രവർത്തിച്ചു. ധ്യാനത്തിന്റെ അവസാനദിവസം അവരുടെ മാനസാന്തരത്തിന്റെയും സൗഖ്യത്തിന്റെയും സാക്ഷ്യം ആയിരത്തിൽപരം ആളുകളുടെ മുമ്പിൽ പരസ്യമായി പറഞ്ഞു. കേട്ടവർ നിറകണ്ണുകളോടെ ദൈവത്തെ സ്തുതിക്കുകയും എളിമയോടെയുള്ള അവരുടെ സാക്ഷ്യത്തെ പുകഴ്ത്തുകയും ചെയ്തു.

”ഇനി ഞങ്ങൾ വിശുദ്ധ സഹോദരികളായി ജീവിക്കും, ലൈംഗികമായ ഒരു സ്പർശനമോ ഒരു ചിന്തപോലുമോ ഞങ്ങൾ മനസിൽ വ്യാപരിപ്പിക്കുകയില്ല” എന്നു പറഞ്ഞപ്പോൾ എല്ലാവരും കരഘോഷം മുഴക്കി.

ആറു വർഷങ്ങൾക്കുശേഷം അതേ സ്ഥലത്ത് ഒരു ‘ആത്മാവിൽ വളർച്ച’ ധ്യാനത്തിനായി പോയപ്പോൾ ധ്യാനത്തിന്റെ ഒന്നാം ദിവസം ഇവർ രണ്ടുപേരും തങ്ങളുടെ ഭർത്താക്കന്മാരുമായി ഒരാൾ ഒന്നും മറ്റേയാൾ രണ്ടും കുട്ടികളെയുമായി എന്നെ കാണാൻ വന്നു.

ഞാൻ കണ്ട ആദ്യ ലെസ്ബിയൻ ദമ്പതികളുടെ കഥയാണ് മേൽ വിവരിച്ചത്. അന്ന് അതെനിക്ക് ഒരു പുതമയായിരുന്നുവെങ്കിൽ, ഇന്നെനിക്ക് അതു സാധാരണമാണ്. ആയിരവും രണ്ടായിരവും ആളുകൾ സംബന്ധിക്കുന്ന യൂറോപ്പിലെ ഒരു ധ്യാനത്തിൽ പത്തു പതിനഞ്ചു സ്വവർഗ ദമ്പതികളുണ്ടാവും. അയ്യായിരവും പതിനായിരവും കൂടുന്ന കൺവൻഷനുകളിലാണെങ്കിൽ അവരുടെ എണ്ണം പിന്നെയും വർധിക്കും.

ഈ കഴിഞ്ഞ പതിനൊന്നു വർഷങ്ങളിലെ യൂറോപ്യൻ ധ്യാനപരിപാടികളിൽ എന്റെ ധ്യാനങ്ങളിൽ സംബന്ധിച്ച 630 സ്വവർഗ ദമ്പതികളുടെ മാനസാന്തരവും അതിൽ 480 പേർ സ്വാഭാവികബന്ധത്തിലേക്ക് തിരിഞ്ഞതിന്റെയും രേഖകൾ എന്റെ ഡയറിയിലുണ്ട്. ചിലരുടെ വിവാഹം ആശീർവദിച്ചതും മക്കൾക്കു മാമ്മോദീസ കൊടുത്തതും ഞാനാണ്. ഞാനറിയാത്ത വേറെ പല കേസുകളും ഇപ്രകാരം ജീവിതവ്യതിയാനത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ കലാശിച്ചിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.

എന്തു കാരണങ്ങളാണ് സ്വവർഗരതികളിലേക്കും സ്വവർഗബന്ധങ്ങളിലേക്കും ഇവരെ നയിക്കുന്നത്? തൊണ്ണൂറു ശതമാനവും തകർന്ന കുടുംബജീവിതത്തിൽ പിറന്ന വ്യക്തികൾക്കാണ് ഇപ്രകാരമുള്ള പ്രവണതകൾ കാണുന്നത്. മേൽപ്പറഞ്ഞ സാക്ഷ്യത്തിലെ രണ്ടു പെൺകുട്ടികളും നന്നേ ചെറുപ്പത്തിൽ തന്നെ രക്തബന്ധുക്കളിൽനിന്ന് ലൈംഗിക പീഡനമനുഭവിച്ചവരായിരുന്നു. തൽഫലമായി അവർക്ക് അവരോടുതന്നെയും പുരുഷന്മാരോടും വെറുപ്പായിരുന്നു.

താൻ ഗർഭത്തിലായിരുന്നപ്പോൾത്തന്നെ, അമ്മയെ ഉപേക്ഷിച്ച അപ്പനെ കണ്ടുമുട്ടാനിടയായാൽ അയാളെ വധിക്കാൻ അവരിലൊരുവൾ കത്തി കരുതിയിരുന്നത്രേ! കടുത്ത പുരുഷവിദ്വേഷത്തോടെ ജീവിച്ചുവരവെ, ബോർഡിംഗ് സ്‌കൂളിൽവച്ച് അതേ മനോഭാവമുള്ള മറ്റൊരുവളെ കണ്ടുമുട്ടുകയും ‘പ്രേമിക്കുകയും’ ‘വിവാഹം കഴിക്കുകയുമാണ്’ ചെയ്തത്.അപ്പനോടും തന്നെ ലൈംഗികമായി ദുരുപയോഗിച്ച ബന്ധുവിനോടും ക്ഷമിക്കാൻ ധ്യാനവേളയിലാണ് പരിശുദ്ധാത്മാവിന്റെ കൃപ ലഭിച്ചത്.

എല്ലാ ലൈംഗികവൈകൃതങ്ങളെയും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സമൂഹമാണ് ഇന്ന് യൂറോപ്പ്. വിവാഹത്തിനുമുമ്പുള്ള അവിഹിതവേഴ്ച, വിവാഹിതർതന്നെ മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുക, സ്വന്തം ജീവിതപങ്കാളിക്കു പുറമെ വേറൊരാളെ ലൈംഗികസുഖത്തിനായി സൂക്ഷിക്കുക, സ്വവർഗരതികളും ബന്ധങ്ങളും തുടങ്ങിയ എല്ലാ ആഭാസങ്ങളെയും ഒരു വിവേചനവും കൂടാതെ സ്വീകരിക്കുക എന്നിങ്ങനെയുള്ള ഒരു സമൂഹത്തിലാണ് യൂറോപ്പിലെ യുവാക്കൾ വളർന്നു വരുന്നത്. ഇപ്രകാരം തിന്മയിലായിരിക്കുന്നവരെ അവരുടെ മാതാപിതാക്കളോ ആധ്യാത്മിക നേതാക്കളോപോലും കുറ്റപ്പെടുത്തുകയോ തെറ്റു തിരുത്തുകയോ ചെയ്യില്ല. ഇവയുടെ വരുംവരായ്കകളെപ്പറ്റി ബോധ്യപ്പെടുത്തുന്ന പ്രസംഗങ്ങളോ മാധ്യമങ്ങളോ ഇല്ലെന്നു മാത്രമല്ല, എല്ലാ മാധ്യമങ്ങളും ലൈംഗികതയുടെ എല്ലാ മ്ലേച്ഛതകളെയും പരസ്യമായി കാണിക്കുന്നവയുമാണ്.

എല്ലാ ടെലിവിഷൻ ചാനലുകളും ഭാര്യാഭർത്താക്കന്മാർ രഹസ്യമായി ചെയ്യുന്നതെല്ലാം പരസ്യമായി കാണിക്കുന്നു. നന്മതിന്മ തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങൾപോലും അവ കാണുന്നു. അങ്ങനെ തിന്മയുടെ വിത്തുകൾ അവരുടെ കുരുന്നു ഹൃദയങ്ങളിൽ പാകപ്പെടുന്നു.

”നിങ്ങൾക്കു വ്യാമോഹം വേണ്ട, ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യൻ വിതയ്ക്കുന്നതു തന്നെ കൊയ്യും. എന്തെന്നാൽ സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവൻ ജഡത്തിൽനിന്നും നാശം കൊയ്‌തെടുക്കും” (ഗലാ.6:8). ദൈവത്തിന്റെ നാടായ നമ്മുടെ കൊച്ചു കേരളത്തിൽ ലൈംഗികതയുടെ അതിപ്രസരണത്തിനു നിയന്ത്രണം വരുത്തിയില്ലെങ്കിൽ ”സോ ദോം ഗൊമോറ”യായി നമ്മുടെ രാജ്യവും നഗരങ്ങളും മാറും.
സ്വിറ്റ്‌സർലണ്ടിൽ വച്ച് മൂന്ന് ആൺകുട്ടികളുടെ അമ്മ എന്നോടു പറഞ്ഞു, ”ഞാൻ ദൈവത്തെ വെറുക്കുന്നു, എന്തെന്നാൽ എന്റെ മൂന്നു കുട്ടികളെയും ദൈവം സ്വവർഗഭോഗികളായി സൃഷ്ടിച്ചു.” ദൈവം ഒരുവനെയും കുറ്റവാളിയോ കൊലപാതകിയോ മദ്യപാനിയോ കള്ളനോ സ്വവർഗഭോഗിയോ ആയി സൃഷ്ടിച്ചിട്ടില്ലായെന്നും എല്ലാവരെയും ദൈവം തന്റെ ഛായയിലാണ് സൃഷ്ടിച്ചതെന്നും ഞാൻ വ്യക്തമാക്കി.

എന്റെയടുക്കൽ വരുന്ന ഏതൊരു സ്ത്രീയോടും ”നിന്റെ ഭർത്താവ് എവിടെ?” എന്ന എന്റെ ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു. ”എനിക്ക് ഭർത്താവില്ല, ഈ കുട്ടികളുടെ അപ്പന്മാർ ആരെന്ന് എനിക്കറിഞ്ഞുകൂടാ.” ഞാനവളോടു വിവാഹത്തിന്റെയും ലൈംഗികതയുടെയും വിശുദ്ധിയെയും മാന്യതയെയുംപ്പറ്റി സംസാരിച്ചുകൊണ്ട് ഹെബ്രായലേഖനം വായിച്ചു. ”എല്ലാവരുടെയിടയിലും, വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാക്കാതിരിക്കട്ടെ. കാരണം, അസന്മാർഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും” (ഹെബ്രാ.13:4). കർത്താവിന്റെ വചനം പരിശുദ്ധാത്മാവിലൂടെ അവളുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടപ്പോൾ, അവിടെ മാനസാന്തരമുണ്ടായി. നല്ല പശ്ചാത്താപത്തോടെ കുമ്പസാരിക്കുകയും വീട്ടിൽ ചെന്ന് മൂന്നു മക്കളോടും ക്ഷമ ചോദിക്കുകയും ചെയ്തു. ദൈവത്തിന്റെ ആത്മാവ് അവരിലും പ്രവർത്തിച്ചു. ആ മൂന്നു മക്കളുമിന്ന് വിവാഹിതരും പിതാക്കന്മാരുമാണ്.

ദൈവം മനുഷ്യനെ ഭൂമിയിലെ ധൂളികൊണ്ട് ഉരുവാക്കി തന്റെ ജീവശ്വാസംകൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു എന്നാണല്ലോ വിശുദ്ധ ലിഖിതത്തിൽ നാം വായിക്കുന്നത് (ഉൽ.2:7). ഇന്നും മനുഷ്യനെ രൂപപ്പെടുത്തുന്നത് മണ്ണിലെ പൂഴികൊണ്ടാണ്. ഈ ‘പൂഴി’ അപ്പന്റെയും അമ്മയുടെയും രക്തമാണ്, അഥവാ ബീജവും അണ്ഡവും ആണ്. ദൈവം ഒരേ ജീവശ്വാസം എല്ലാ മനുഷ്യരിലേക്കും നിശ്വസിച്ചുവെങ്കിലും, മനുഷ്യനിലുള്ള വ്യത്യസ്തതകൾക്കു കാരണം അവർ ജനിച്ച പൂഴിയിൽനിന്നാണെന്നു വ്യക്തം. യൂറോപ്യൻ രക്തത്തിൽ പിറന്നവൻ വെളുമ്പനാണ്, ആഫ്രിക്കൻ രക്തത്തിൽ പിറന്നവൻ കറുമ്പാണ്! എങ്കിൽ ദൈവം ഒരുവനിലേക്ക് തന്റെ സൃഷ്ടികർമ്മത്തിൽ ജീവനെ നിശ്വസിച്ചപ്പോൾ, താൻ എടുത്ത ‘പൂഴി’ കറ പുരണ്ടതായിരുന്നെങ്കിൽ, വിവിധ ശാപങ്ങളുള്ളതായിരുന്നെങ്കിൽ, വിവിധ ദുഃസ്വഭാവങ്ങളുടെ വിത്തുകൾ പേറുന്നവയായിരുന്നെങ്കിൽ, ദൈവകൃപയിൽ ആയിരുന്നില്ലെങ്കിൽ, നിശ്ചയമായും ഉരുവാക്കപ്പെട്ട ആ വ്യക്തിയിൽ ഈവക കുറവുകൾ കാണുക സ്വാഭാവികമാണ്.

ഒരു നല്ല കുട്ടി ജനിക്കേണ്ടത് മാതാപിതാക്കളുടെ വിവാഹത്തിനുശേഷം അവരുടെ കൃപ നിറഞ്ഞ ജീവിതത്തിൽ നിന്നാണ്. അപ്പന്റെയും അമ്മയുടെയും രക്തത്തിന് ശിശുവിന്റെമേലുള്ള സ്വാധീനം വളരെ വലുതാണ്. ഇന്ന് ഏതു ഡോക്ടർമാരുടെയടുക്കൽ ഏതു രോഗവുമായി ചെന്നാലും അവർ ചോദിക്കുന്ന ചോദ്യം ”ഈ രോഗം മാതാപിതാക്കൾക്കോ കുടുംബത്തിൽ ആർക്കെങ്കിലുമോ ഉണ്ടോ” എന്നാണ്. ആധ്യാത്മിക-മാനസിക തകർച്ചകളും രോഗങ്ങളുമായി കടന്നുവരുന്ന ആരോടും ഈ ചോദ്യം ചോദിക്കേണ്ടതല്ലയോ! എങ്കിലല്ലേ ചികിത്സയും പ്രതിവിധിയും കണ്ടെത്താനാവൂ!

ശാരീരിക രോഗങ്ങൾപോലെതന്നെ, ആധ്യാത്മിക-മാനസിക രോഗങ്ങളും മക്കളിലേക്കു പകരാം. അപ്പോൾ കുറവുകൾക്കും തകർച്ചകൾക്കും സ്വഭാവവൈകൃതങ്ങൾക്കും കാരണം ദൈവമല്ല, പ്രത്യുത മനുഷ്യനാണ്. ദൈവം തന്റെ അരൂപികൊണ്ടു എല്ലാവരെയും ഒരുപോലെ സൃഷ്ടിച്ചു: ദൈവത്തിന്റെ അരൂപി സ്‌നേഹമാണ്, നന്മയാണ്, വിശുദ്ധിയാണ്. ദൈവം എല്ലാവരെയും സ്‌നേഹത്തിലൂടെ നന്മയിലും വിശുദ്ധിയിലും സൃഷ്ടിച്ചു; എന്നാൽ അതിനെതിരായി മനുഷ്യനിൽ കാണുന്ന എല്ലാ തിന്മകൾക്കും കാരണം അവൻ തന്നെ.
”ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു; എന്നാൽ അവന്റെ സങ്കീർണ പ്രശ്‌നങ്ങൾ അവന്റെതന്നെ സൃഷ്ടിയാണ്” (സഭാ.പ്ര.7:29).

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.