Uncategorized

Secret of the Touch Screens

ടച്ച് സ്ക്രീനുകളുടെ ടച്ചിന്റെ രഹസ്യം

മൊബൈൽ ഫോണുകളുടെ ടച് സ്ക്രീൻ എന്തെല്ലാമോ പ്രത്യേക തരം ഗ്ലാസുകൊണ്ട് നിർമ്മിച്ചതാണെന്നും കപ്പാസിറ്റീവ് ടച് സ്ക്രീൻ ആണെന്നുമെല്ലാം കേട്ടിട്ടൂള്ളവരിൽ ചിലർക്കെങ്കിലും ഈ സ്ക്രീനിനു മുകളിൽ നമ്മൾ സ്ക്രീൻ ഗാഡും ടാമ്പേഡ് ഗ്ലാസുമൊക്കെ ഒട്ടിച്ചാലും പിന്നെയും യാതൊരു പ്രശ്നവുമില്ലാതെ ടച് സ്ക്രീൻ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് സംശയം ഉണ്ടായിട്ടുണ്ടാകുമല്ലോ. യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പ്ലാസ്റ്റിക് കടലാസിന് സ്പർശന ശക്തി എങ്ങിനെയാണ്‌ കിട്ടുന്നത്?

പ്രതലത്തിൽ നമ്മൾ തൊടുമ്പോൾ തൊടുന്ന ഭാഗത്തെ കപ്പാസിറ്റൻസിൽ ഉണ്ടാകുന്ന വ്യത്യാസം തിരിച്ചറിയുന്ന വിദ്യയാണല്ലോ കപ്പാസിറ്റീവ് ടച് സ്ക്രീനുകളുടേത്. ഇൻഡിയം ടിൻ ഡയോക്സൈഡ് എന്ന വസ്തു ആണ്‌ ടച് സ്ക്രീൻ സാങ്കേതിക വിദ്യയിൽ പൊതുവേ ഉപയോഗിക്കുന്നത്. ഒരേ സമയം സുതാര്യമായതും എന്നാൽ വൈദ്യുതിയെ കടത്തി വിടുന്നതുമായ ഒരു പദാർത്ഥമാണ്‌ ഇൻഡിയം ടിൻ ഡയോക്സൈഡ്. ഇത് ഒരു സുതാര്യമായ പെയിന്റ് പോലെ ഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ മുകളിൽ ആവരണമായി ഉപയോഗിക്കാൻ കഴിയും. കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ തന്നെ പല സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കപ്പാസിറ്റീവ് പ്രൊജൿഷൻ സ്ക്രീനുകൾ ആണ്‌ ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ അതിനെക്കുറിച്ച് അല്പം കാര്യങ്ങൾ – ടച് സ്ക്രീൻ ആയി ഉപയോഗിക്കുന്ന ഗ്ലാസിന്റെ ഇരു വശങ്ങളിലുമായി പോസിറ്റീവ് നെഗറ്റീവ് ഇലക്ട്രോഡുകൾ നെടുങ്ങെനെയും കുറുകെയും ഉള്ള ഒരു ഗ്രിഡ് ആയി നേരത്തേ സൂചിപ്പിച്ച ഇൻഡിയം ടിൻ ഡയോക്സൈഡ് പോലെയുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്നു.

ഇതിൽ വൈദ്യുതി നൽകുമ്പോൾ സാധാരണഗതിയിൽ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ പോലെയുള്ള വൈദ്യുത മണ്ഡലം ആയിരിക്കും രൂപപ്പെടുക. വിരൽ കൊണ്ട് സ്ക്രീനിൽ തൊടുമ്പോൾ നമ്മൂടെ ശരീരത്തിലെ ചാർജുമായി പ്രതിപ്രവർത്തിച്ച് തൊടുന്ന ഭാഗത്തെ വൈദ്യുത മണ്ഡലത്തിൽ വ്യതിയാനം സംഭവിക്കുകയും ഗ്രിഡിലെ പ്രസ്തുത ബിന്ദുവിലെ കപ്പാസിറ്റീവ് ടെർമിനലിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. ഇതിലൂടെ സ്പർശ ബിന്ദു സ്ക്രിനിൽ ഏത് ഭാഗത്താണെന്ന് തിരിച്ചറീയാനാകുന്നു.

ടച് സ്ക്രീനുകളിൽ നാം യഥാർത്ഥത്തിൽ തൊടുന്നത് നേരത്തെ സൂചിപ്പിച്ച ഗ്രിഡിൽ നേരിട്ടല്ല. മറിച്ച് അതിനു മുകളിലായും ഒരു ഗ്ലാസിന്റെ ഒരു പാളി ഉണ്ടായിരിക്കും. ടച് സ്ക്രീൻ പ്ലേറ്റുകളിലെ വൈദ്യുത മണ്ഡലം സ്ക്രീനുകളുടെ ഉപരിതലത്തിന്റെ പുറത്തേയ്ക്കും വ്യാപിക്കുന്നുണ്ട്. ഇതിന്റെ തീവ്രത സ്ക്രീനിൽ നിന്നുമുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു വിപരീതാനുപാതത്തിലുമാണ്‌. അതിനാൽ യഥാർത്ഥ ടച് സ്ക്രീൻ പ്ലേറ്റുകളിൽ ഉള്ള വൈദ്യുത മണ്ഡലം അതേ പോലെത്തന്നെ വലിയ വ്യത്യാസങ്ങളില്ലാതെ ഗ്ലാസ്, പോളിത്തീൻ തുടങ്ങിയ പദാർത്ഥങ്ങളുടെ നേർത്ത പാളികളിലൂടെ സുഗമമായി പ്രസരിപ്പിക്കാൻ കഴിയുന്നു. വളരെ ശക്തമായ വൈദ്യുത മണ്ഡലം ആണെങ്കിൽ സ്ക്രീനിൽ തൊടാതെ തന്നെ വായുവിൽ സ്ക്രീനിന്റെ ഉപരിതലത്തിനടുത്ത് വിരലുകൾ കോണ്ടു ചെന്നാൽ തന്നെ അതിനെ സ്പർശമായി തിരിച്ചറിയാനാകും.

ചോദ്യത്തിലേക്ക് തിരിച്ചു വരാം. ടാമ്പേഡ് ഗ്ലാസുകളും സ്ക്രീൻ പ്രൊട്ടക്ഷൻ ഫിലിമുകളുമെല്ലാം വളരെ കനം കുറഞ്ഞവ ആയതിനാൽ ടച് സ്ക്രീനുകളുടെ പ്രതലത്തിലുള്ള വൈദ്യുത മണ്ഡലത്തെ അതേ പോലെത്തന്നെ ഇവയുടെ പ്രതലത്തിലേയ്ക്കും വ്യാപിപ്പിക്കുവാൻ ഇവയ്ക്ക് കഴിയുന്നതുകൊണ്ടാണ്‌ ഇവ ഉപയോഗിക്കുമ്പോഴും ടച് സ്ക്രീനുകൾ പ്രവർത്തിക്കുന്നത്. ഗ്ലാസ് മാത്രമല്ല ഒരു കടലാസു കഷണം സ്ക്രീനിന്റെ മുകളിൽ വച്ച് തൊട്ടു നോക്കൂ. അപ്പോഴും ടച് സ്ക്രീൻ പ്രവർത്തിക്കുന്നത് കാണാം. ഇത്തരത്തിൽ കടലാസുകൾ ഒന്നിനു പിറകിൽ ഒന്നായി അടുക്കി വച്ച് പരിശോധിച്ച് നോക്കുക. രണ്ടോ മൂന്നോ‌ വയ്ക്കുമ്പോഴേയ്ക്കും സ്പർശം തിരിച്ചറീയാതാകുന്നു. ചില ഫോണുകളിൽ ചില ടാമ്പേഡ് ഗ്ലാസുകൾ ഉപയോഗിക്കുമ്പോൾ സെൻസിറ്റിവിറ്റി കുറയുന്നതായി കണ്ടിട്ടീല്ലേ ഇതിനു കാരണം പ്രസ്തുത ഗ്ലാസ് കനം കൂടിയതായതുകൊണ്ടോ അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ടച് സ്ക്രീൻ കൂടുതൽ കാര്യക്ഷമമല്ലാത്തതുകൊണ്ടോ ആകാം.

ചില ഫോണുകളിൽ കയ്യുറകൾ ഇട്ട് സ്പർശിച്ചാലും പ്രവർത്തിക്കുന്ന രീതിയിൽ ‘ ഗ്ലൗ മോഡ് ‘ എന്നൊരു ഫീച്ചർ കാണാം. ഇതിൽ യഥാർത്ഥത്തിൽ ചെയ്യുന്നത് കട്ടിയുള്ള ഗ്ലൗ ഉപയോഗിച്ചാലും സ്പർശം തിരിച്ചറിയത്തക്ക രീതിയിൽ ടച് സ്ക്രീനിന്റെ വൈദ്യുത മണ്ഡലത്തിന്റെ തിവ്രത കൂട്ടുകയാണ്‌.
കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ ഒരു പരിധിയിൽ കൂടുതൽ സെൻസിറ്റീവ് ആക്കുന്നത് ഉപയോഗത്തിനെ ദോഷകരമായി ബാധിക്കുന്നതിനാൽ സ്ക്രീനുകളെല്ലാം ഇലക്ട്രിക് ഫീൽഡ് ഒരു നിശ്ചിത പരിധിയിൽ നിർത്തിക്കൊണ്ട് കൃത്യത ലഭിക്കാനായി സ്വയം കാലിബറേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

ടച് സ്ക്രീൻ വെള്ളം നനഞ്ഞാൽ അത് ശരിയായി പ്രവർത്തിക്കാതാകുന്നതും എന്തുകൊണ്ടാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. വെള്ളം വൈദ്യുതിയെ കടത്തി വിടുന്നതാണല്ലോ.. ഇത്തരത്തിൽ സ്ക്രീനിനു മുകളിൽ വെള്ളം വീഴുമ്പോഴും സ്ക്രീൻ കപ്പാസിറ്റൻസിൽ വ്യത്യാസം വരുന്നു. അതോടെ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ ഇലക്ട്രിക് ഫീൽഡ് അല്ലാതെ വരികയും സ്പർശം ഇതിലൂടെ തിരിച്ചറിയാനുള്ള സംവിധാനം താറുമാറാവുകയും ചെയ്യുന്നു.

 

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.