Uncategorized

Mathew 20, 1-10

മത്തായി 20/ 1-10

കൃതജ്ഞത

നൽകപ്പെട്ട നന്മകളോട് കൃതജ്ഞയില്ലാതെ പ്രതികരിക്കുന്നുവെന്നത് വലിയ നെറികേടാണ്. കരം നീട്ടി സ്വീകരിച്ചതിനു ശേഷം മുഖത്തെ വേഷപ്പകർച്ച മാറ്റി അവനെതിരെ പിറുപിറുത്തു തുടങ്ങിയാ ലതിനെയെന്തു ശീർഷകത്തിൽ വിശേഷിപ്പിക്കണം. അത്തരത്തിൽ അധപതിച്ച ഒരു കൂട്ടം ജോലിക്കാരിലേക്കാണ് ഇന്നത്തെ സുവിശേഷത്തിന്റെ മിഴി.
വഴിയരികിൽ ജോലിക്കു വേണ്ടി കാത്തിരിക്കുന്നവരെ തിരക്കി അതിരാവിലെ അരികിൽ വരുന്ന കനിവിന്റെ മുഖമുള്ള ഒരു യജമാനൻ. ഒരു ദനാറയ്ക്കാണു കരാർ. അവരുടെ വിയർപ്പ് മുന്തിരിത്തോട്ടത്തിൽ വീണതിനു ശേഷവും യജമാനൻ തിരക്കിലാണ്. ആ ദിവസത്തിന്റെ ഒടുവിലത്തെ യാമം വരെയും അയാൾ യാനത്തിലാണ്; ജോലിക്കാരെ അന്വേഷിച്ച്.
ഒടുവിൽ കടന്നു വരുന്നവന്റെ വീട്ടിൽ പ്പോലും അന്നത്തിനു കുറവുണ്ടാകരുതെന്ന് നിർബന്ധബുദ്ധിയുള്ള ഒരാൾ.
കുടുംബത്തിൽ ഒഴിഞ്ഞ വയറുമായി വിശന്നിരിക്കുന്ന ഒരു കുരുന്നുണ്ടാവാം….
അടുപ്പിൽ അപ്പമുണ്ടാക്കുവാൻ കാത്തിരിക്കുന്ന ഭാര്യയുണ്ടാവാം…
അതുകൊണ്ട് ഒടുവിൽ വന്നവനും ഒരിക്കലും മുട്ടുണ്ടാവരുത് എന്ന കരുതലിന്റെ ആത്മീയതയാണിതിന്റെ ആധാരം. ഇത്രയും ആർദ്രതയോടെയും അലിവോടെയും എല്ലാവരെയും സമീപിക്കുന്നവനെതിരെയും ആരോപണങ്ങൾ ഉയരുന്നുവെന്നതാണ് അതിശയകരം.
കൂലി കിട്ടിയില്ല എന്നതല്ല അവസാനം ക്ഷണിക്കപ്പെട്ടവനെപ്പോലും തങ്ങളോട് തുല്യരാക്കിയലോ എന്നതാണ് മുൻപേ ഇടം കിട്ടിയവരുടെ പരിഭവം.
തന്റെയടത്തിൽ ക്ഷണിച്ചവനോട് ഉള്ളാലെ അകലാനും മറുതലിക്കുവാനുമുള്ള കാരണങ്ങളും അതുതന്നെയാണ്.
എല്ലാവരെയും ഒരുപോലെ കരുതണമെന്ന് ശാഠ്യമുള്ള ഒരാളോട് എന്താണിത്ര അകൽച്ച. പറഞ്ഞുറപ്പിച്ചത് കിട്ടിയോ എന്നന്വേഷിച്ചാൽപ്പോരെ!
നീതിക്കപ്പുറം കരുണ കൊണ്ട് കടാക്ഷിക്കുന്ന ദൈവമാണ് നമ്മുടേത്. അർഹിക്കുന്നതു മാത്രം അവകാശമാക്കിയാൽപ്പിന്നെ ജീവിതമെങ്ങനെയാവും!
നീ ചെയ്ത നന്മകൾ മാത്രം ദൈവം കരുതി വെച്ചാൽ എങ്ങനെയാണ് ദൈവം നിന്നോട് ഇടപെഴുകേണ്ടത്.
അപ്പോളവിടെ അലിവിന്റെ അക്ഷരങ്ങൾ അവന്റെ അധരത്തിൽ നിന്നും പുറപ്പെട്ടല്യാട്ടോ. കാർക്കശ്യത്തിന്റെയും ശാഠ്യത്തിന്റെയും കഠിന വചസ്സുകളായിരിക്കും.
അതുകൊണ്ട് കൃതജ്ഞയോടെ നമ്മുക്കവനെ സമീപിക്കാം.
നൽകപ്പെട്ടതോർത്ത് അവനെ വാഴ്ത്താം.
ദൈവകരുണയകന്നാൽ ഫുൾസ്റ്റോപ്പിട്ടു പോകുന്ന ജീവിതമാണ് നമ്മുടേതെന്ന തിരിച്ചറിവിൽ കരങ്ങൾ കൂപ്പി : ദൈവമേ നന്ദി.

✍ഫാ. മനു ആനത്താനം
എം.സി. ബി. എസ്സ്.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.