Uncategorized

Mathew 20, 1-16

*ഞായറാഴ്ച പ്രസംഗം*

മത്തായി 20:1-16

*പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും*

സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ വ്യക്തമാക്കാനായി ഈശോ നിരവധി ഉപമകള്‍ അരുളിച്ചെയ്തിട്ടുണ്ട്. വിശുദ്ധ മത്തായി അറിയിച്ച സുവിശേഷത്തിന്റെ കേന്ദ്രഭാഗത്തുള്ള പതിമൂന്നാം അധ്യായം മുഴുവന്‍ ഇത്തരത്തിലുള്ള ഉപമകളാണ്. ഓരോ ഉപമയും ദൈവരാജ്യരഹസ്യത്തിന്റെ ഏതെങ്കിലുമൊരു മാനം വ്യക്തമാക്കാനുദ്ദേശിച്ചുളളതാണ്. ഇരുപതാം അദ്ധ്യായത്തില്‍ നിന്നുള്ള ഒരുപമയാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം.

‘തന്റെ മുന്തരിത്തോട്ടത്തിലേക്കു വേലക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശമാണ് സ്വര്‍ഗരാജ്യം’ എന്ന ആമുഖത്തോടെയാണ് ഈശോ ആരംഭിക്കുന്നത്. ദൈവത്തിന്റെ സ്വന്തജനമായ ഇസ്രായേലിനെ മുന്തിരിത്തോട്ടത്തോട് ഉപമിക്കുന്നത് പഴയനിയമത്തില്‍ പലയിടത്തും നമ്മള്‍ കാണുന്നുണ്ട് (ഏശ 5,1-7; ജറെ 2,21; 12,10-11; ഹോസി 10,1; സങ്കീ 80,9-17). പുതിയനിയമ ദൈവജനരൂപീകരണത്തിന്റെ ചരിത്രമാണ് ഈ ഉപമയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഉപമയിലെ വീട്ടുടമസ്ഥന്‍ ദൈവമാണ്. മുന്തിരിത്തോട്ടം തിരുസഭയും. ഈ മുന്തിരിത്തോട്ടത്തിലെ ജോലിയ്ക്കു വിളിക്കപ്പെടുന്നവര്‍ വിശ്വാസികളോരോരുത്തരുമാണ്. ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെടുന്ന വീട്ടുടമസ്ഥന്‍ ചരിത്രാരംഭം മുതലേ തന്റെ വിളി തുടര്‍ന്നു കൊണ്ടിരിക്കുന്ന ദൈവപിതാവാണ്.

ദിവസക്കൂലി ഒരു ദനാറ എന്ന വ്യവസ്ഥയിലാണ് വേലക്കാരെ വിളിച്ചു മുന്തിരിത്തോട്ടത്തിലേക്ക് അയയ്ക്കുന്നത്. കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലുള്ള ജോലി വൃഥാവിലാവില്ല. ഒരു ദിവസത്തെ ജോലിക്കുള്ള കൂലി ഒരു ദനാറയാണ്. പലസ്തീനായില്‍ ഒരു കുടുംബത്തിന് ഒരു ദിവസം കഴിയുന്നതിനാവശ്യമായതാണ് കൂലിയായി നല്കിയിരുന്നത്. മനുഷ്യനാവശ്യമായിരിക്കുന്ന രക്ഷയെയാണ് ഈ കൂലി സൂചിപ്പിക്കുന്നത്. നമുക്കു നല്കപ്പെട്ടിരിക്കുന്ന ജീവിതകാലമാണ് ഒരു ദിവസം. വ്യവസ്ഥ ഉടമ്പടിയാണ്. പഴയനിയമത്തിലെ സീനായ് ഉടമ്പടിയുടെയും ഈശോ സ്വന്തരക്തത്താല്‍ ഉറപ്പിച്ച പുതിയ നിയമ ഉടമ്പടിയുടെയും ലക്ഷ്യം മനുഷ്യരക്ഷയാണല്ലോ. വീട്ടുടമസ്ഥന്‍ വേലക്കാരെ വിളിച്ച് അയയ്ക്കുന്നത്, പഴയനിയമത്തില്‍ ദൈവം പ്രവാചകന്മാരെയും പുതിയനിയമത്തില്‍ ഈശോ ശ്ലീഹന്മാരെയും വിളിച്ച് അയയ്ക്കുന്നതു നമ്മെ അനുസ്മരിപ്പിക്കുന്നു. ഇന്നും അവിടുന്ന് തന്റെ വിളി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. നമ്മെ ഓരോരുത്തരെയും തന്റെ മുന്തിരിത്തോട്ടത്തിലേക്ക് അവിടുന്നു വിളിച്ചയയ്ക്കുന്നു.

ഓരോ മൂന്നു മണിക്കൂര്‍ ഇടവിട്ടും ജോലിക്കാരെ വിളിക്കുന്നതു നമ്മള്‍ കാണുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ആയിരുന്നു ജോലിസമയം. നമ്മുടെ ആറുമണി ജോലിയുടെ ആദ്യമണിക്കൂറായി കണക്കാക്കിയിരുന്നു. മൂന്നാംമണിക്കൂറില്‍ ചന്തസ്ഥലത്ത് അലസരായി നില്ക്കുന്നതു കാണുന്നത് നമ്മുടെ ഒമ്പതുമണിക്കാണ്. തുടര്‍ന്ന് ഉച്ചയ്ക്കു പന്ത്രണ്ടുമണിക്കും, മൂന്നുമണിക്കും, ജോലി അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിനില്‌ക്കേ അഞ്ചുമണിക്കും ആള്‍ക്കാരെ ജോലിക്കു സ്വീകരിച്ചു. ന്യായമായ വേതനം നല്കാം എന്ന വ്യവസ്ഥയിലാണ് ഇവരെയൊക്കെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചത്. ലോകാരംഭം മുതല്‍ ആദത്തെയും നോഹയെയും അബ്രാഹത്തെയും ഇസ്രായേല്‍ജനം മുഴുവനെയും കാലാകാലങ്ങളില്‍ വിളിച്ച ദൈവം ഈ അവസാന മണിക്കൂറില്‍ തന്റെ പുത്രനിലൂടെ നമ്മെയും വിളിച്ചിരിക്കുന്നു.

വൈകുന്നേരം ആറുമണിയായപ്പോള്‍ ജോലിക്കാര്‍ക്കു വേതനം നല്കാനായി മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ കാര്യസ്ഥനെ ഏല്പ്പിച്ചു. സാധാരണയില്‍ നിന്നു വ്യത്യസ്തമായി, അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കു വരെ കൂലി നല്കാനായിരുന്നു നിര്‍ദ്ദേശം. സഭാപിതാവായ അലക്‌സാണ്‍ട്രിയായിലെ സിറിലിന്റെ വ്യാഖ്യാനപ്രകാരം പിതാവായ ദൈവം തന്റെ പുത്രനിലൂടെ രക്ഷണീയകര്‍മ്മം പൂര്‍ത്തിയാക്കുന്നതിന്റെ സൂചനയാണിത്. പിതാവിന്റെ ഇഷ്ടവും പദ്ധതിയുമനുസരിച്ചാണ് പുത്രനായ ഈശോമിശിഹാ പ്രവര്‍ത്തിക്കുന്നത്.

കൂലിയുടെ പന്ത്രണ്ടിലൊന്നു മാത്രം പ്രതീക്ഷിച്ചാവണം അവസാനമെത്തിയവര്‍ കൂലിക്കായി മുന്നോട്ടു വന്നത്. അതിശയമെന്നു പറയട്ടെ, അവര്‍ക്ക് ഒരു ദിവസത്തെ കൂലിയായ ഒരു ദനാറ ലഭിച്ചു. ദിവസത്തിന്റെ ആരംഭം മുതല്‍ ജോലി ചെയ്തവര്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് അവര്‍ ചിന്തിച്ചത് സ്വാഭാവികം മാത്രം. പക്ഷേ, അവര്‍ക്കും ഒരു ദനാറ മാത്രമേ ലഭിച്ചുള്ളു. ഇത് അവരെ ക്ഷുഭിതരാക്കി. അവര്‍ ഉടമസ്ഥനെതിരെ പിറുപിറുത്തു. പകലത്തെ ചൂടു സഹിച്ച് ഭാരിച്ച ജോലി ചെയ്ത തങ്ങളോട് ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്ത അവസാനമണിക്കൂറിലെത്തിയവരെ തുല്യരാക്കിയല്ലോ എന്നതായിരുന്നു അവരുടെ പരാതി. ഒരു മണിക്കൂര്‍ മാത്രം ജോലിചെയ്തവര്‍ക്ക് ഒരു ദനാറ ലഭിച്ചപ്പോള്‍ തങ്ങള്‍ക്ക് പന്ത്രണ്ടു ദനാറയ്ക്ക് അര്‍ഹതയുണ്ട് എന്നായിരുന്നു അവരുടെ ചിന്ത.

ഈ പിറുപിറുക്കലുകള്‍ക്കിടയില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ പരാതിക്കാരില്‍ ഒരുവനോടു പറഞ്ഞു: ‘എന്റെ സ്‌നേഹിതാ, ഞാന്‍ നിന്നോട് അനീതിയൊന്നും ചെയ്യുന്നില്ല. ഒരു ദനാറയ്ക്കു ജോലി ചെയ്യാമെന്നു നീ എന്നോടു സമ്മതിച്ചിരുന്നതല്ലേ? നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പോകുക.’ വ്യവസ്ഥപ്രകാരം പ്രവര്‍ത്തിച്ചതുകൊണ്ട് താന്‍ നീതിപൂര്‍വമാണു വര്‍ത്തിക്കുന്നത് എന്നദ്ദേഹം സ്ഥാപിക്കുകയായിരുന്നു. ഒരു ദിവസത്തെ ജോലിക്ക് ഒരു ദിവസത്തെ കൂലിയില്‍ കൂടുതല്‍ നല്കാനുള്ള കടപ്പാടൊന്നും അയാള്‍ക്കില്ലായിരുന്നു.

അവസാനമെത്തിയവരോടു തങ്ങളെ തുല്യരാക്കി എന്നതായിരുന്നു അവരുടെ ദുഃഖം. ഒരു മണിക്കൂര്‍ മാത്രം ജോലിചെയ്തവര്‍ക്ക് ഒരുദിവസത്തെ കൂലി കൊടുക്കുന്നത് ശരിയല്ല എന്നവര്‍ ചിന്തിച്ചു. പക്ഷേ, സ്വന്ത ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉടമസ്ഥനുണ്ടായിരുന്നല്ലോ. രാവിലെ മുതല്‍ ജോലി ചെയ്തവര്‍ക്കു നല്കിയതുപോലെ തന്നെ അവസാനം വന്നവര്‍ക്കും കൊടുക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. അര്‍ഹത നോക്കാതെ ഔദാര്യം പ്രദര്‍ശിപ്പിക്കുന്ന ദൈവത്തെയാണ് ഈ ഉടമസ്ഥന്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്.

‘എന്റെ ഔദാര്യത്തെപ്പറ്റി നീ എന്തിന് അസൂയപ്പെടുന്നു?’ എന്ന ചോദ്യം കര്‍ത്താവിന്റെ അത്യുദാരതയെ ഒരിക്കല്‍കൂടി നമ്മുടെ മുമ്പിലവതരിപ്പിക്കുന്നു. അര്‍ഹത നോക്കാതെ സമൃദ്ധമായി നല്കാന്‍ ഇഷ്ടപ്പെടുന്ന ദൈവമാണു നമ്മുടേത്. ദൈവത്തിന്റെ ഔദാര്യത്തെക്കുറിച്ച് അസൂയപ്പെടുന്നതാണ് അനീതി. അപരനുണ്ടാകുന്ന നന്മയില്‍ അസ്വസ്ഥനാകുന്നതാണല്ലോ അസൂയ. ഇതു പാപം തന്നെയാണ്. നമുക്കു തന്നെയും ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നമുക്ക് അര്‍ഹതയില്ല. ഇതിനു ദൈവത്തിനു നന്ദിപറയുകയും അപരനുണ്ടാകുന്ന നന്മയില്‍ അവനോടൊത്ത് ആനന്ദിക്കുകയുമാണ് ദൈവമക്കള്‍ക്ക് ഉചിതമായ ശൈലി. ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള മഹാഭാഗ്യം നമുക്കു ലഭിച്ചല്ലോ എന്ന നന്ദിയുടെ ചിന്തയാകണം നമ്മെ നയിക്കുന്നത്. നീതിയും കരുണയും നിറഞ്ഞ ദൈവത്തിന്റെ പ്രവര്‍ത്തനരീതികള്‍ മനുഷ്യബുദ്ധിയ്ക്ക് അഗ്രാഹ്യമാണ്. ഇതെക്കുറിച്ച് ഏശയ്യാപ്രവാചകന്‍ പറയുന്നതു നമ്മള്‍ വായിച്ചു കേട്ടതാണല്ലോ: ‘കൈക്കുമ്പിളില്‍ ആഴികളെ അളക്കുകയും, ആകാശവിശാലതയെ ചാണില്‍ ഒതുക്കുകയും ഭൂമിയിലെ പൊടിയെ അളവുപാത്രത്തില്‍ ഉള്‍ക്കൊള്ളിക്കുകയും പര്‍വതങ്ങളുടെ ഭാരം വെള്ളിക്കോലില്‍ നിശ്ചയിക്കുകയും കുന്നുകളെ തുലാസില്‍ തൂക്കുകയും ചെയ്തവനാര്?’ (ഏശ 40,12). ഈ ഉപമയുടെ സന്ദേശമെന്നോണം അവിടുന്ന് അരുളിച്ചെയ്തു: ‘അങ്ങനെ, പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും.’ പത്തൊമ്പതാം അദ്ധ്യായത്തിലെ അവസാന വാചകവും (മത്താ 19,30) ഇതുതന്നെയായിരുന്നു. അവിടെ പറഞ്ഞു നിറുത്തിയ കാര്യം വിശദീകരിക്കാന്‍ വേണ്ടിയാണ് ഈ ഉപമ പറഞ്ഞതെന്നു സാരം.

19,30 ലെ വിഷയം ധനികരും ദരിദ്രരുമായിരുന്നു. ഈ ലോകത്തിലെ ദരിദ്രര്‍ക്കു സ്വര്‍ഗരാജ്യത്തില്‍ ലഭിക്കാനിരിക്കുന്ന സൗഭാഗ്യത്തെക്കുറിച്ചാണ് ഈശോ അവിടെ പരാമര്‍ശിച്ചത്. ഇവിടെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ ചെയ്ത ജോലിയുടെ സമയദൈര്‍ഘ്യമാണ് വിഷയം. നൂറ്റാണ്ടുകള്‍ മിശിഹായെ പ്രതീക്ഷിച്ചുകഴിഞ്ഞ പഴയനിയമത്തിലെ പൂര്‍വപിതാക്കള്‍ക്കല്ല, മിശിഹായുടെ കാലത്തു ജീവിച്ചിരുന്നവര്‍ക്കാണ് – അവസാന മണിക്കൂറില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കാണ് – രക്ഷയുടെ ഫലങ്ങള്‍ ആദ്യം അനൂഭവിക്കാനിടയായത്. ഉടമ്പടി വ്യവസ്ഥകള്‍ പാലിച്ച് നീതിയുടെ പാതയില്‍ ചരിച്ചിരുന്ന പൂര്‍വികര്‍ക്കും മിശിഹാ നല്കുന്ന രക്ഷയില്‍ പങ്കുലഭിച്ചു. ഇതെക്കുറിച്ച് മഹാനായ ഗ്രഗറി ഇപ്രകാരം എഴുതുന്നു: കര്‍ത്താവിന്റെ ആഗമനംവരെയുള്ള നമ്മുടെ പൂര്‍വികര്‍ക്ക്, അവര്‍ എത്രമാത്രം നീതിപൂര്‍വകമായ ജീവിതമാണു നയിച്ചിരുന്നതെങ്കില്‍പ്പോലും, മിശിഹായുടെ വരവുവരെ സ്വര്‍ഗരാജ്യത്തിലേക്കു പ്രവേശനം സിദ്ധിച്ചിരുന്നില്ല. കാരണം, മിശിഹായാണ് തന്റെ മരണത്തിലൂടെ അടയ്ക്കപ്പെട്ടിരുന്ന പറുദീസാ മനുഷ്യവര്‍ഗത്തിനായി തുറന്നു നല്കിയത്… ഈ മദ്ധ്യസ്ഥന്റെ വരവിനുശേഷം ജീവിക്കുന്ന നമുക്ക് മരണത്തോടെ സ്വര്‍ഗരാജ്യത്തിലേക്കു പ്രവേശിക്കാം; നമ്മുടെ പൂര്‍വികര്‍ക്ക് ഇതിനായി ദീര്‍ഘനാള്‍ കാത്തുകഴിയേണ്ടിവന്നു. അവസാന മണിക്കൂറില്‍ മുന്തിരിത്തോട്ടത്തിലെ ജോലിക്കു വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാമോരോരുത്തരും. ഈ വസ്തുത നമ്മള്‍ ഏലിയാ-സ്ലീവാ-മൂശക്കാലത്തെ ലെലിയാ യാമപ്രാര്‍ത്ഥനയില്‍ ഇപ്രകാരം അനുസ്മരിക്കുന്നുണ്ട്:

മുന്തിരിവയലില്‍ പണിചെയ്യാന്‍

പാരം വൈകിയ നേരത്തും

എന്നെ വിളിച്ചു നാഥാ, നീ

അലസതായാലേ ഞാനവിടെ

ജോലിയശേഷം ചെയ്തീലാ

കര്‍ത്താവേ, നീ കനിയണമേ.

*ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍*

www.lifeday.in

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.