Uncategorized

Letters of Son and Father

അപ്പനും മകനും രണ്ട് കത്തുകളും

ഡിയർ ഡാഡ്,
home ലെ ലാന്റ ലൈനിൽ വിളിച്ചിട്ട് കിട്ടുന്നില്ല ,
why can,’t you take a mobile dad.
ഇവിടെ jo യും (ജോമോൻ) പോൾസി (പോളച്ചനും) ആനിയും ഡാഡിയെ മിസ് ചെയ്യണൂന്ന് പറഞ്ഞ് എന്നോട് വഴക്കാണ്.
അതു കൊണ്ട് ഞാൻ ഒന്ന് തീരുമാനിച്ചു .
ഡാഡിനെ ലണ്ടനിലേക്ക് കൊണ്ടുവരാൻ .
let,’s enjoy together here …
വീടും സ്ഥലവും വിൽക്കാൻ ബ്രോക്കർ ബക്കറിനെ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്.
വല്യ വിലയൊന്നും കിട്ടില്ലാന്നാ അയാള് പറഞ്ഞത്. പഴയ വീടല്ലേ ,എന്നാലും വടക്കെ അതിരിലെ തേക്കിന് നല്ല വില കിട്ടുമായിരിക്കും. നമ്മുടെ ജർമ്മൻ ഷെപ്പേഡിനെ ആർക്കും വെറുതെ കൊടുത്തു കളയരുത്. മുപ്പതിനായിരം രൂപക്ക് വാക്കിയതല്ലേ ,അതിന് അടുത്തെ വില കിട്ടിയാ താങ്ങിയേര്.
പാസ്പ്പോർട്ടിന് അപ്ലേ ചെയ്യുംമ്പം കൊടുക്കാനുള്ള ഫോട്ടോ മഹേഷ് ഭാവന എടുത്ത് തരും .
വേഗം നമുക്ക് പാസ്പ്പോർട്ട് എടുത്തിങ്ങ് പോരണം.
ഇപ്പം ഇവിടെ നമ്മുടെ നാടൻ കപ്പയും ചേമ്പും ഒക്കെ കിട്ടും ,ഇവിടം പരമസുഖമാണ്. നമ്മക്ക് തകർക്കാം. വേഗം വായോ… കാണാൻ കൊതിയാകുന്നു.
അപ്പന്റെ സ്വന്തം
പാപ്പി
————$———-$–—–
പ്രിയപ്പെട്ട പാപ്പി ,
വീട്ടിലെ ലാന്റ് ലൈനിൽ നീ അവസാനമായി വിളിച്ചത് 2 വർഷം മുൻപാണ് മോനെ. നിനക്ക് 2 മത്തെ കുട്ടിയുണ്ടായീന്ന് പറയാൻ. നിന്റെ അന്നത്തെ വിളി കഴിഞ്ഞപ്പം അപ്പനാ ഫോണ് തല്ലിപ്പൊട്ടിച്ചെടാവേ. നിനക്ക് കിട്ടണ്ട അടി ഫോണിന് കിട്ടി.
എടാവുവേ, ഞങ്ങടെ നാട്ടിൽ 10 മാസം ചുമന്നാ അമ്മമാര് മക്കളെ പ്രസവിക്കുന്നത്.
തന്റെ മാത്രം കൊച്ച് പെട്ടെന്ന് ഉണ്ടായീന്നറിഞ്ഞപ്പം, അല്ല തനിക്കൊന്ന് സൂചിപ്പിക്കാരുന്ന്. നീ അപ്പനെ ഞെട്ടിച്ച് .
അല്ലെലും താനങ്ങനല്യോ…
ആ ആനി പെണ്ണിന്റെ പോറകേ നടന്ന് അവളെ വളച്ച് ലണ്ടനിൽ പോയില്ലയോ …നിന്നെ ഈ നാട്ടുകാര് എന്താ വിളിക്കണേന്നറിയോ , “ലണ്ടൻ പാപ്പി” .
ഞാൻ ഒരു മെബേൽ എടുത്താരുന്നുഡാവേ, നമ്പർ തരില്ല ,അല്ല തനിക്കിനി അവശ്യം വരില്ലല്ലോ .
( തന്റെ ഭാര്യ പ്രസവം നിർത്തിയില്ലേ, അപ്പന് ഇനീം ഞെട്ടാൻ വയ്യടാവേ)
തന്റെ ഫേസ്ബുക്ക് Friend ആ ഞാൻ .
മക്കടെ പടങ്ങളൊക്കെ കാണാറുണ്ട്.
തനിക്ക് സ്ഥലം മാറ്റമാന്ന് മനസിലായി.
പുള്ളേരേ നോക്കാൻ ആളില്ല അല്ലേടാവേ…
ഇത്രേം നാളില്ലാത്ത തന്റെ മിസിങ്ങ് കണ്ടപ്പം അപ്പന് സംഗതി മനസിലായി.
ബ്രോക്കർ ബക്കറ് വന്നായിരുന്നു. ഒരു കപ്പത്തണ്ടിന് പുറം വഴികൊടുത്തിട്ടുണ്ട്. മേലാഈ മുറ്റത്ത് കേറൂലാ. നിനക്ക് കിട്ടണ്ട അടിയാ. പിന്നെ , നമ്മുടെ റാണി പട്ടി ഓനെ ഓടിച്ചിട്ട് ഒന്നു രണ്ട് കമ്മുക കൂടി ചെയ്ത്. അല്ല പിന്നെ , അഞ്ചാറ് ആളുകളെയും കൂട്ടി നേരെ എന്റെ പറമ്പിലേക്ക് കേറിവന്ന് വില പറഞ്ഞിരിക്കുന്നു ആ ചെറ്റ . ഒരു ജൻമത്തിലെ എന്റെ അധ്വാനമാണ് ഈ പറമ്പ്. അതിന് വിലയിടാൻ നീയും നിന്റെ ബക്കറും ആരാ?
പറയാൻ മറന്നു. അപ്പന് കൂട്ടിന് താൻ മേടിച്ചു തന്ന ജർമ്മൻ ഷെപ്പേഡ് പട്ടി പോയെടാവേ , നമ്മുടെ കഞ്ഞീം മുളക് ചുട്ടുതും ചമ്മതീം അവന് പിടിക്കില്ല . പട്ടിണി കിടന്ന് ചാകണ്ടാന്ന് വച്ച് അപ്പനാ അഴിച്ച് വിട്ടത്. ഇവിടെ അടുത്ത ഒരു വീട്ടിൽ കയറി കൂടി അവൻ സുഖമായി കഴിയുന്നു. അപ്പനെ കാണുമ്പം വാലാട്ടും .
ഇപ്പം കൂട്ടിനുള്ളത് തനി നാടനാ , റാണി. പെണ്ണാ. എന്നാ ശൗര്യത്തിന് കുറവുമില്ല. മക്കള്ചതിച്ചാലും ഇവറ്റചതിക്കില്ല.
പിന്നെ ,തേക്ക് വിറ്റ് ഞാനൊരു സ്കൂട്ടർ വാങ്ങി. തേക്കിന് അധിക വില കിട്ടിയില്ല , ഉള്ള് പൊള്ളയായിരുന്നു. പോട് കണ്ടപ്പഴാ കുറേ കാലം കൂടി നിന്നെ ഓർത്തത്. ഇപ്പം സ്ക്കൂട്ടറിലാ യാത്ര.
മഹേഷിന്റെ കൈയ്യില് എന്റെ നല്ല ഫോട്ടോയുണ്ട്. ചത്താൽ ഫ്ലക്സ് അടിക്കാൻ എടുത്തതാ. പള്ളിപ്പറമ്പിൽ അമ്മച്ചീടുത്ത് ഇച്ചിരി സ്ഥലമുണ്ട് അപ്പന് വിശ്രമിക്കാൻ , അത് മതീടാവേ. വീടും പറമ്പും കാലശേഷം ഒരു വൃദ്ധസദനമാക്കണം. എഴുതി റജിസ്റ്റർ ചെയ്ത് കൊടുത്തിട്ടുണ്ട്. എന്നെ നോക്കണ കുമാരന് 50 സെന്റ് സ്ഥലവും ഒരു വീടും ( നിനക്ക് വേണ്ടി വച്ചതാ) കൊടുത്തിട്ടുണ്ട്. ഓടിച്ചെന്ന് അങ്ങോട്ട് കേറി കളയാതിരിക്കാൻ പറഞ്ഞതാ.
അപ്പൻ കപ്പതീറ്റ കൊറച്ചു. ഗ്യാസാ… ഇപ്പം ഇവിടെയും പിസ്സ ഒക്കെ കിട്ടൂടാവേ. വിളിച്ച് പറഞ്ഞാ വീട്ടിലെത്തിച്ച് തരും. ഇടക്ക് വാങ്ങാറുണ്ട്.
നിനക്ക് നിന്റെ അമ്മച്ചീടെ കുരുട്ടു ബുദ്ധിയാടാ പാപ്പീ . അതു കൊണ്ടല്ലേ നീ നെഴ്സിനെയും കെട്ടി മുട് താങ്ങി ലണ്ടനിൽപ്പോയത്.
അമ്മച്ചി ചത്തിട്ട് പോലും അവള് വിട്ടില്ല ,അല്ലേടാവേ. എന്റെ ചാവിനും നിന്നെ പ്രതീക്ഷിക്കണില്ല. അതു കൊണ്ട് ഫീസറിൽ വച്ച് തണുപ്പിക്കാണ്ട് കുഴിയിൽ വച്ചേക്കാൻ പറഞ്ഞിട്ടുണ്ട്.
അപ്പന് ഇച്ചിരി സുഖം കുറവാണേലും ഈ ഇടുക്കി മലമൂട് മതി. അതാ അപ്പന്റെ സുഖം.
അപ്പന്നുള്ള പാസ്പ്പോർട്ടുമായി കർത്താവ് ഉടനേ വരും , നിന്റെ പിള്ളേരേ ഒന്ന് നേരിൽ കാണാൻ പറ്റിയില്ലല്ലോടാവേ.
സാരല്ല, ചത്തു കഴിഞ്ഞ് പോകുമ്പം ആ വഴി വന്നേച്ച് പോകാം.
നിന്റെ തല മണ്ടക്ക് ഒരു കിഴുക്കും തരാം.
എന്നെങ്കിലും തിരികെ വരണമെന്ന് തോന്നിയാൽ വയല് നിന്റെ പേരില് എഴുതി വച്ചിട്ടുണ്ട്. പിന്നെ ഇവിടെ വയല് നികത്താൻ പറ്റില്ല. അതു കൊണ്ട് തന്നെ വല്യ വിലയും കിട്ടില്ല. വയലിന് നടുവില് ചെറിയ ഒരു പുരയുണ്ട്. അപ്പനും അമ്മച്ചീം ജീവിതം തുടങ്ങിയത് അവിടുന്നാ … അടിപൊളിയായിട്ട് നിനക്കും തുടങ്ങാം.
എന്നാ ശരി,
പറമ്പില് വളമിടാൻ ആളു വന്നു. കത്ത് ചുരുക്കുവാടാ പാപ്പിയെ
എന്ന്
അപ്പൻ
ഇട്ടിച്ചൻ ( നിന്റെ ഫേസ്ബുക്ക് ഫ്രണ്ട് E.T ACHAN)

 

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.