Uncategorized

St Francis & Priesthood

അസ്സീസിയിലെ വി. ഫ്രാൻസിസ്

വൈദീക പട്ടം വേണ്ടന്നുവച്ചു

എന്തുകൊണ്ടെന്നറിയാമോ?

വി. ഫ്രാൻസിസ് അസ്സീസി ഒരു പുരോഹിതനായിരുന്നില്ല എന്ന് നിങ്ങൾക്ക് അറിയാമോ? അദ്ദേഹം മരണം വരേയും ആറാം പട്ടക്കാരനായി (അന്നത്തെ ഡീക്കൻ പട്ടം) ജീവിച്ചു. വി. ഫ്രാൻസിസ് പൗരോഹിത്യം സ്വീകരിക്കാതിരുന്നതിന് ഒരു വലിയ കാരണമുണ്ട്.

പരിശുദ്ധ കുർബാനയോട് അത്യഗാധമായ ഭക്തിയുണ്ടായിരുന്ന വ്യക്തിയാണ് വി. ഫ്രാൻസിസ്. പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച ദൈവം ഒരു കൊച്ചു കുഞ്ഞായി കാലിത്തൊഴുത്തിൽ പിറന്ന സംഭവം വി. ഫ്രാൻസിസിനെ വികാരഭരിതനാക്കിയിരുന്നു. എന്നാൽ സർവ്വശക്തനും അത്യുന്നതനുമായ ദൈവം നിസ്സാരമായ ഒരു ഉറുമ്പിനുപോലും നശിപ്പിക്കുന്ന ദുർബലമായ ഒരു അപ്പകഷണത്തിലേക്ക് എഴുന്നള്ളിവരുന്നു എന്ന വസ്തുത അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന ദൈവാലയങ്ങളോടും ഉപയോഗിക്കുന്ന തിരുപാത്രങ്ങളോടും അദ്ദേഹം വലിയ ആദരമാണ് കാണിച്ചിരുന്നത്. ഒരു ആശ്രമത്തിലെ മറ്റെല്ലാം മോശമാണെങ്കിലും പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന സ്ഥലം അതി ശ്രേഷ്ഠമായും മനോഹരമായും വൃത്തിയായും സൂക്ഷിക്കണം എന്ന് അദ്ദേഹം ശിഷ്യൻമാരോട് കൽപിച്ചിരുന്നു.

മുൻകാലങ്ങളിൽ പരിശുദ്ധ കുർബാന പ്രാവിന്റെ ആകൃതിയിലുള്ള ഒരു പാത്രത്തിൽ അടക്കം ചെയ്ത് വിളക്കുപോലെ തൂക്കിയിടുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. മനോഹരമായ സക്രാരിയിൽ പൂജ്യമായി പരിശുദ്ധ കുർബാന സൂക്ഷിക്കുന്ന ആചാരം ആരംഭിച്ചത് വി. ഫ്രാൻസിസ് ആണ്. വിദൂരത്തിൽ ഒരു പള്ളി കണ്ടാൽ പോലും മുട്ട് കുത്തി സാഷ്ടാംഗം വീണ്: “ഈശോ മിശിഹിയേ, ഇവിടെയും ലോകം മുഴുവനുമുള്ള എല്ലാ പള്ളികളിലും വസിക്കുന്ന അങ്ങയെ ഞങ്ങൾ കുമ്പിട്ട് ആരാധിച്ചു സ്തോത്രം ചെയ്യുന്നു; എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു” എന്നു പ്രാർത്ഥിക്കാൻ വി. ഫ്രാൻസിസ് ശിഷ്യൻമാരോട് നിർദ്ദേശിച്ചിരുന്നു.

വി. ഫ്രാൻസിസ് വൈദീക പട്ടം സ്വീകരിക്കാതിരുന്നതും പരിശുദ്ധ കുർബാനയോടുള്ള അത്യധികമായ ഭക്തി നിമിത്തമാണ്. ഇത്ര പരിശുദ്ധമായ ഈ കൂദാശയെ സ്പർശിക്കാൻ ഈ അയോഗ്യ പാപിയുടെ കരങ്ങൾക്ക് യോഗ്യതയില്ല എന്ന് അദ്ദേഹം പറയുമായിരുന്നു. ഒരു വൈദികരെയും അദ്ദേഹം കുറ്റം വിധിച്ചിരുന്നില്ല, മറിച്ച് പരിശുദ്ധ കുർബാനയെ അനുദിനം സ്പർശിക്കുന്ന ആ കരങ്ങൾ ചുമ്പിക്കുമായിരുന്നു.

ഒരു വൈദീകനെ കണ്ടാൽ തലകുനിക്കണമെന്നും കരം ചുമ്പിച്ച് അദ്ദേഹത്തെ ബഹുമാനിക്കണമെന്നും അവരെ അനുസരിക്കണമെന്നും വി. ഫ്രാൻസിസ് ശിഷ്യൻമാരെ പഠിപ്പിച്ചു. ഒരിക്കൽ അദ്ദേഹം പറഞ്ഞു; “സ്വർഗ്ഗത്തിൽ നിന്നും വരുന്ന വി. ലോറൻസിനേയും ഒരു പാവപ്പെട്ട വൈദീകനേയും ഒരുമിച്ച് കാണാൻ ഇടയായാൽ ഞാൻ ആദ്യമായി ആ വൈദീകനെ ബഹുമാനിച്ച്, അദ്ദേഹത്തിന്റെ കരങ്ങൾ ചുമ്പിക്കും. ആ കരങ്ങൾ ജീവന്റെ വചനമായ പരിശുദ്ധ കുർബാനയെ കൈകാര്യം ചെയ്യുന്നതിനാൽ, അവയ്ക്ക് അമാനുഷികമായ വൈശിഷ്ട്യമുണ്ട്. രണ്ടാമതായി വി. ലോറൻസിനെ ബഹുമാനിക്കും” (വി. ലോറൻസ് വൈദീകനായിരുന്നില്ല).

ഒരു വൈദീകൻ പരസ്യമായി പാപം ചെയ്താൽ പോലും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് ദൈവമാണെന്ന് വി. ഫ്രാൻസിസ് പറയുമായിരുന്നു. കാരണം അവർ പരിശുദ്ധ കുർബാന കൈകാര്യം ചെയ്യുന്ന വ്യക്തികളാണ്, ആ അധികം നൽകിയത് സർവ്വ ശക്തനായ ദൈവമാണ്. അതിനാൽ ദൈവനീതിക്ക് അത് വിടുകയാണ് നാം വേണ്ടതെന്ന് അദ്ദേഹം കൂടെ കൂടെ ശിഷ്യൻമാരോട് പറയുമായിരുന്നു.

ഒരിക്കൽ വി. ഫ്രാൻസിസ് ലോംബാർഡിയിൽകൂടി യാത്ര ചെയ്യുന്ന അവസരത്തിൽ പ്രാർത്ഥിക്കുവാനായി ഒരു പള്ളിയിൽ കയറി. ആ പള്ളിയിലെ വികാരിയച്ചൻ പരസ്യമായി ഒരു സ്ത്രീയെ പള്ളിമേടയിൽ താമസ്സിപ്പിച്ചിരുന്നു. ആ വൈദീകനെ വ്യക്തിപരമായും കത്തോലിക്ക പൗരോഹിത്യത്തെ പൊതുവായും ആക്ഷേപിക്കുവാൻ വേണ്ടി, പത്തറീനി പാഷണ്ഡതക്കാരനായ ഒരാൾ വി. ഫ്രാൻസിസിനോട് ചോദിച്ചു: “ഫ്രാൻസിസ് സഹോദരാ, ഒരു വെപ്പാട്ടിയോടുകൂടി താമസിക്കുന്ന ഈ പള്ളിയിലെ വികാരിയച്ചനെ ഞങ്ങൾ ബഹുമാനിക്കണമോ? ഇയാൾ കൈകാര്യം ചെയ്യുന്ന കുദാശകൾക്ക് വിലയുണ്ടോ?” വി. ഫ്രാൻസിസ് ആ വൈദികന്റെ മുമ്പിൽ മുട്ട് കുത്തി, വൈദികന്റെ കരങ്ങൾ ചുമ്പിച്ചുകൊണ്ടു പറഞ്ഞു: “ഈ മനുഷ്യൻ പറഞ്ഞത് ശരിയോ തെറ്റോ എന്ന് എനിക്ക് അറിഞ്ഞു കൂടെ. ഈ വൈദീകന് ദൈവം അധികാരം നൽകിയിട്ടുണ്ട്. എന്റെ നാഥനും രക്ഷകനുമായ ഈശോ മിശിഹാ സന്നിഹിതനായിരിക്കുന്ന പരിശുദ്ധ കുർബാന ഇദ്ദേഹം കൈകാര്യം ചെയ്യുന്നു. വിശ്വാസികൾക്ക് നൽകുന്നു.”

വി. ഫ്രാൻസിസ് എല്ലാദിവസവും പരിശുദ്ധ കുർബാനയിൽ സംബന്ധിക്കുമായിരുന്നു. ഓരോ പരിശുദ്ധ കുർബാനയിലും തന്റെ ഓരോ അവയവങ്ങളേയും ദൈവത്തിന് സമർപ്പിക്കുമായിരുന്നു. ദുർബലമായ അപ്പത്തെ ഈശോ മിശിഹായുടെ തിരുശ്ശരീരമായി മാറ്റുവാൻ അവിടുന്ന് തിരുമനസ്സായത് മനുഷ്യനെ മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുത്തുവാനാണെന്ന് അനുസ്മരിച്ചാണ് അദ്ദേഹം പരിശുദ്ധ കുർബാന സ്വീകരിച്ചിരുന്നത്.

പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള യഥാർത്ഥമായ ജ്ഞാനം നിറഞ്ഞപ്പോൾ പരിശുദ്ധ കുർബാന കൈകൊണ്ട് സ്പർശിക്കാൻ പോലും ഈ പാപിയുടെ കരങ്ങൾക്ക് യോഗ്യതയില്ല എന്ന് പറഞ്ഞു പൗരോഹിത്യ പട്ടം പോലും വേണ്ടെന്നുവച്ച വി. ഫ്രാൻസിസിനെപ്പോലെ പരിശുദ്ധ കുർബാനയോടു ഭക്തിയിലും പരിശുദ്ധ കുർബാന കൈകാര്യം ചെയ്യുന്ന ബഹു. വൈദീകരോടുള്ള സ്നേഹത്തിലും നമുക്ക് ക്രിസ്തുവിനും സഭക്കും വേണ്ടി നില കൊള്ളാം.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.