Uncategorized

തോൽവി

ജയിക്കാമായിരുന്ന ചിലയിടങ്ങളിൽ സ്നേഹപൂർവ്വം തോറ്റു കൊടുക്കുന്നവരുണ്ട്. ജയിക്കുവാൻ മാത്രം ഇഷ്ട്ടപ്പെടുന്നവരിൽ നിന്നും ചിലരെങ്കിലും വ്യത്യസ്തരാവാൻ ശ്രമിക്കുന്നത് ഇങ്ങനെയാണ്. ഞാൻ കുറഞ്ഞും അവൻ വളരണമെന്ന സ്നാപകന്റെ മധുരമൊഴികൾ അവരിലൂടെ പ്രതിധ്വനിക്കുകയാണ്. ഇങ്ങനെള്ളവരാണ് ഈ വാഴ്വിന്റെ വരം. അങ്ങനെയുള്ളവരുടെ ജീവിതങ്ങൾക്കാണ് വാഴ്ത്തൽ നൽകേണ്ടതും. എന്നാൽ ചരിത്രത്തിന്റെ നാളെഴുത്തിൽ വിജയം ആഘോഷമാക്കിയവർക്കാണ് അക്ഷരങ്ങളുടെ അടയാളപ്പെടുത്തൽ. രണഭൂമിയിൽ പടവെട്ടി കളം വിട്ടവരെവിടെ?
ഒരു രാജാവും ഒറ്റക്കല്ല പോരാടുന്നത്‌. ഒരു നേതാവും ഒറ്റക്കല്ല പ്രതിരോധിക്കുന്നത്.
ചേറിൽ നിന്നും ചോറ് രൂപപ്പെടുത്തുന്നവരെവിടെയാണ്?
വിജയിച്ചന്റെ ആർപ്പുവിളിയിൽ എത്രയോ പേരുടെ വിയർപ്പാണൊഴുകുന്നത്.
എത്രയധികം കണ്ണീരാണ് ഒടുങ്ങുന്നത്.
ക്രിസ്തു ഇവിടെ വ്യത്യസ്തനാവുകയാണ്.
അവനുച്ചരിച്ച അക്ഷരങ്ങളുടെ അഴകിലേക്കും ആഴത്തിലേക്കും മിഴിയൊന്നുറപ്പിക്കുക.
എത്രയാർദ്രതയോടെയാണ് അവൻ അരികിൽ അണയുന്നവരെ സമീപിക്കുന്നതെന്ന് ശ്രദ്ധിക്കുക.
അധികാരത്തിന്റെ യാതൊരു ഭാവവും പ്രകടിപ്പിക്കാത്തവൻ.
ഈ ഉലകിന്റെ ഉടയവനായവൻ തന്റെ ഉടലും ഉയിരും നൽകുന്ന ആത്മ ദാനത്തിന്റെ കുർബ്ബാനയായി അകങ്ങളിൽ നിറയുകയാണ്.
കാലിത്തൊഴുത്തിൽ ആരംഭിച്ച് കാൽവരിയിൽ അവസാനിപ്പിച്ച അവന്റെ ഈ ഭൂമിയിലെ ജീവിതം മുഴുവൻ അവൻ തോറ്റു കൊടുക്കുന്ന തിരക്കിലായിരുന്നു.
സൗഖ്യത്തിനായുള്ള രോഗികളുടെ നിലവിളികൾക്കു മുൻപിൽ….
സ്നേഹത്തിനു വേണ്ടി തിരയുന്നവരുടെ
തിടുക്കത്തിനു മുൻപിൽ……
തിരിച്ചു വരുവാൻ തിരക്കി വരുന്നവരുടെ തിരിച്ചറിവുകൾക്കു മുൻപിൽ……
അന്നം തിരയുന്നവരുടെ മുൻപിൽ…
കാത്തിരിക്കുന്നവർക്കു മുൻപിൽ….
തോമസ്സിന്റെ അനുഭവം ഓർക്കുക.
ഉത്ഥാനത്തിനു ശേഷം ക്രിസ്തുവിനെ കണ്ടുവെന്ന് ആണയിട്ട് കൂടെയുള്ള കൂട്ടുകാർ പറഞ്ഞിട്ടും അയാൾ ശഠിക്കുന്നതിങ്ങനെയാണ്;
അവനെ കാണാതെ
അവന്റെ ക്ഷതങ്ങളിൽ വിരൽ തൊടാതെ
ഞാൻ വിശ്വസിക്കയില്ല.
തോൽക്കുന്നതിൽ അപാകതയൊന്നുമില്ലെന്നു കരുതുന്ന ക്രിസ്തുവെന്ന ഗുരു പരിഭവമില്ലാതെ അവന്റെ മുൻപിൽ അണഞ്ഞിട്ടു പറഞ്ഞു” തോമാ; അരികിൽ വരിക. ക്ഷതങ്ങൾ കാണുക. അതിൽ കരം കൊണ്ടു കൊടുക.
വിലാവിൽ വിരലാഴ്ത്തവെ അവിടെ തനിക്കു വേണ്ടി ഒരുക്കിയ സ്നേഹത്തിന്റ ആഴം കണ്ടനുഭവിച്ച തോമാ വിശ്വാസത്തിന്റെ ആഴത്തിൽ വിസ്മയത്തോടെ പറയുകയാണ്: എന്റെ കർത്താവേ എന്റെ ദൈവമേ.
ചിലരെ വീണ്ടെടുക്കാൻ ചിലരെങ്കിലും തോറ്റു കൊടുക്കേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒന്നുറപ്പാണ് പഴയതിലും തീവ്രതയോടെ, തീഷ്ണതയോടെ പിന്നീടവർ കടന്നു വരും, കരുതും.
തോറ്റു കൊടുക്കുന്നവർക്കൊക്കെ ക്രിസ്തുവിന്റെ മുഖമാണ്. അവരിൽ കരുതലുണ്ട് … കരുണയുണ്ട്……
ജയിക്കാൻ മാത്രം കളി തുടരുന്നവരുടെയിടയിൽ ഒരാളെങ്കിലും തോറ്റു കൊടുക്കാൻ തയ്യാറായിരുന്നുവെങ്കിൽ ചരിത്രം തിരുത്തപ്പെട്ടേനെ!
സ്നേഹ ബന്ധത്തിലും…
സൗഹൃദത്തിലും
ചില നേരങ്ങളിൽ തലകുനിക്കണം….
ഇടയ്ക്കൊക്കെ ഒന്നു തോൽവി സമ്മതിക്കൂ: ക്രിസ്തുവിന്റെ മുഖം കാണാം.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.