Uncategorized

I have No Job

അതെ ഞാൻ വീട്ടമ്മയാണ്

എനിക്ക് ജോലിയില്ല.

പനിച്ചൂടുള്ള കുഞ്ഞിനെ കൊണ്ട് ഉറങ്ങാതെ നേരം വെളുക്കാറായപ്പോൾ കണ്ണടച്ച എന്നെ ഉണർത്തിയത് കുട്ടികളെ സ്കൂളിൽ വിടേണ്ടേ എന്ന ചോദ്യമാണ് . ഞെട്ടി എഴുന്നേറ്റു ഒാടിപ്പോയി അരി കഴുകി അടുപ്പത്തിട്ടപ്പോഴേക്കും കൊച്ചുണർന്നു. അതിനെ ഒക്കത്ത് വെച്ച് മറ്റു രണ്ടു പേരെയും ഒരുക്കി ചോറും പൊതി കെട്ടി അവരെ കഴിപ്പിച്ച് തലയിൽ തിരുകി വെച്ച ചീർപ്പ് മറന്ന് വീടുമുഴുവനും തപ്പി നടന്ന് ബോധം വന്നപ്പോഴേക്ക് വണ്ടി വന്നു. പ്രാർത്ഥിച്ചവരെ വിട്ടു…. പറഞ്ഞപ്പോൾ എത്ര പെട്ടെന്ന് കഴിഞ്ഞു. അതെ ഞാൻ വീട്ടമ്മ ആണ്, എനിക്ക് ജോലിയില്ല ..!!

മൂത്രം മണക്കുന്ന ഇട്ടിരിക്കുന്ന വസ്ത്രവും , വീടും ചീകാത്ത മുടിയും ,അലക്കാത്ത തുണികളും ,കഴുകാത്ത പാത്രങ്ങളും എന്നെ കളിയാക്കി ചിരിച്ചു. എന്കിലും അല്പം ഒന്നിരിക്കാം എന്നു കരുതിയതേ ഉള്ളൂ . മുറ്റത്താരോ വന്നു. വിരുന്നുകാർ. ഉള്ളൊന്നു കാളി മുറ്റത്ത് ചിതറിയ കരിയിലകളും ,കഴുകാത്ത ബാത്റൂമും, ചിതറിയ പുസ്തകങ്ങളും ,സ്ഥാനം തെറ്റി കിടക്കുന്ന സോഫാ വിരികളും എന്നെ സമ്മർദ്ദത്തിലാഴ്ത്തിയത് നേരാണെന്കിലും മുഖത്തൊട്ടിച്ചൊരു ചിരി വരുത്തി അയ്യോ ഒരുപാട് നാളായല്ലോ കണ്ടിട്ടെന്ന് ചൊല്ലി ആനയിച്ച് അകത്തിരുത്തിയപ്പോഴും കൊച്ചിനെ ഒക്കത്തിരുത്തി ചായ കൊടുത്തപ്പോഴും അതേ ചോദ്യം ജോലി ഒന്നുമില്ലല്ലേ ? അതെ ഞാൻ വീട്ടമ്മയാണ് എനിക്ക് ജോലിയില്ല..!!

കുട്ടിയ്ക്ക് ഭക്ഷണം കൊടുത്തുറക്കി കുറച്ചു പാത്രം കഴുകി കുറച്ച് തുണിയും അലക്കി ദേ കുഞ്ഞുണർന്നു, അതിനെ പാലൂട്ടി ഒക്കത്തിരുത്തി തുണി എല്ലാം വിരിച്ചടുക്കളയിലേക്ക്.
ഉച്ച ആയതറിഞ്ഞില്ല വിശപ്പുമില്ല ദാരിദ്ര്യം കൊണ്ടല്ല സമയം കിട്ടിയില്ല .പിന്നെ മഴ തുണി എടുക്കലും ഇടലും അങ്ങനെ കുറെ പണികൾ .നാലു മണി പിള്ളാരെത്തി. ചായ ഉണ്ടാക്കിയോ സ്നാക്ക് എന്താ ഉണ്ടാക്കിയേ മകൻ. ചായയും സ്നാക്കും കൊടുത്ത് അവരുടെ ആയിരം സംശയങ്ങൾക്ക് മറുപടിയും കൊടുത്ത് തളർന്നു എന്കിലും വീണ്ടും അടുക്കളയിലേക്ക്.രാത്രി ആയത്രെ ഫ്രിഡ്ജിലെ എടുക്കാത്ത പച്ചക്കറികളും ,ഡേറ്റ് കഴിഞ്ഞ അരിപ്പൊടിയും ചൂണ്ടി നൂറ് രൂപാ ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെപ്പറ്റി ബോധവത്കരണം നടത്തുമ്പോൾ മനസ്സിൽ കരുതി ശരിയാണ് .ഞാൻ പൈസ ഉണ്ടാക്കുന്നില്ല എനിക്ക് ജോലിയില്ല ഞാൻ വീട്ടമ്മയാണ്‌..!!

എന്റെ കുട്ടികൾ തടിച്ചുരുണ്ടിരിക്കുന്നില്ലെന്നോർത്ത് സങ്കടപ്പെടുന്നവരോട്
ഹോർമോൺ കുത്തിവെച്ച കോഴിയും ,ഡാൽഡ നിറച്ച പഫ്സും ഞാൻ കൊടുക്കുന്നത് കുറവാണ് എങ്കിലും അവർകക്ക് വിളർച്ചയ്‌ക്കോ, പോഷണക്കുറവിന് മരുന്നിനോ ഞാൻ ആശുപത്രികളിൽ കയറി ഇറങ്ങേണ്ടി വന്നിട്ടില്ല .വീട്ടിലുണ്ടാക്കിയ ഭക്ഷണം ആണ് കൊടുക്കുന്നത്.അടിച്ചു ഭക്ഷണം കഴിപ്പിക്കാറുമില്ല .അവരിന്നുവരെ പ്രായത്തിലധികമോ കുറവോ തൂക്കം വെച്ചിട്ടില്ല. അതേ ഞാൻ വീട്ടമ്മ ആണ് എനിക്കു ജോലിയില്ല..!!

മുന്നിൽ കംപ്യൂട്ടറും ,മേലുദ്ധ്യോഗസ്ഥരും ഇല്ലെന്കിലും ഞങ്ങൾക്കും സമ്മർദ്ദം
ഉണ്ട്.ഉറക്കകുറവും ,ഹോർമോൺ വ്യതിയാനങ്ങളും ഞങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട് ശരിയാണ് ഞങ്ങൾ വീട്ടമ്മമാരാണ് ഞങ്ങൾക്ക് ജോലിയില്ല.
പക്ഷെ എന്റെ തിരിച്ചറിവാത്ത കുഞ്ഞിനെ ഒരു ആയയും കണ്ണുരുട്ടിയും ,പിഞ്ചു കാത് നുള്ളിപ്പറിച്ചും പേടിപ്പിച്ചും ,ഒന്നും കഴിപ്പിച്ചിട്ടില്ല . നടക്കാൻ പോലും കഴിയാത്ത് വൃദ്ധ മാതാപിതാക്കൾക്ക് എന്റെ ഓടുന്ന കുഞ്ഞിനെ നോക്കാൻ ഞാൻ കൊടുത്തിട്ടില്ല .എന്റെ കുഞ്ഞുങ്ങൾ വിശേഷങ്ങൾ പന്കു വെക്കുന്നത് എന്നോട് തന്നെയാണ് അതെ ഞാൻ വീട്ടമ്മയാണ്.എനിക്ക് ജോലിയില്ല.
ഞങ്ങളെ വീട്ടമ്മമാരെ ഓൺലൈൻ കണ്ടാലോ നല്ലൊരുടുപ്പിട്ട് ചിരിച്ച് പ്രോഫൈൽപിക്ക് അപ്ഡേറ്റ് ചെയ്താലോ ,സ്റ്റാറ്റസ് മാറ്റിയാലോ ഞങ്ങൾക്ക് പണിയൊന്നുമില്ലല്ലോ വീട്ടമ്മ അല്ലേ എന്നു നിങ്ങൾ പറയാറുണ്ടോ ???

ദയവായ് നിങ്ങൾ ഞങ്ങൾ ചുളുങ്ങിയ ഉടുപ്പേ ഇടാവൂ എന്നും ചുണ്ടത്ത് ചിരി വരുത്തരുതെന്നും . ശരീരം ഭംഗിയായ് സൂക്ഷിക്കരുതെന്നും വാശിപിടിക്കരുത് .
പച്ചക്കറികളും അരിയുമ്പോഴും ,കഞ്ഞി തിളക്കുന്നതിനും ഇടയിലുള്ള സമയങ്ങളിലും കറികൾ പാകം ചെയ്തു കൊണ്ടും ഒക്കെ ഞങ്ങൾ ഓൺലൈൻ പത്രങ്ങൾ വായിക്കാറുണ്ട് .ആനുകാലിക വിഷയങ്ങളിൽ പ്രതികരിക്കാറുണ്ട് ഉള്ളിലെ സമ്മർദ്ദം മറച്ചു വെയ്ക്കാൻ എഴുതാറുണ്ട് .നിങ്ങൾക്കു വിഷമം തോന്നരുതേ.കാരണം ഞങ്ങൾ വീട്ടമ്മമാരരല്ലേ ജോലിയില്ലല്ലോ ?

വാൽക്കഷ്ണം: എന്റെ ഭർത്താവ് എന്നെ വീട്ടു ജോലികളിൽ സഹായിക്കാറുണ്ട്.
ബുദ്ധിമുട്ടാണെന്കിൽ പിന്നെ ഈ പണിക്കെന്തിനു പോയന്ന് ചോദിക്കുന്നവരോട് പോസ്റ്റിന്റെ ഉദ്ദേശശുദ്ധി മാനിക്കുമല്ലോ ? ജോലിയും വീടും ഒരുപോലെ നോക്കുന്ന അമ്മമാരെ ബഹുമാനിച്ചു കൊണ്ടാണീ പോസ്റ്റ് ദയവായ് തെറ്റിദ്ധരിക്കരുത് .പിന്നെ പഴയഅമ്മമാർ ഇതിലും കഷ്ടപാട് അനുഭവിച്ചിട്ടുണ്ട് ശരിയാണ് അതുകൊണട് പുതിയ അമ്മമാർ കഷ്ടപ്പെടുന്നില്ലെന്ന് ദയവായ് കരുതരുതേ …!!

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.