Uncategorized

Mother Mary Helps in Person – Testimony

#ജപമാല_ചൊല്ലുന്ന_ഒരു_വ്യക്തിയും #ലോകത്തിൽ_ഇന്നോളം_ലജ്തനായിട്ടില്ല,
#അപേക്ഷിച്ചാൽ_ഉപേക്ഷിക്കാത്ത_ #പരിശുദ്ധ_ദൈവമാതാവ്_നേരിട്ട്_വന്നു #ചെയ്ത_മാതൃസ്നേഹത്തിന്റെ_അത്ഭുത_സാക്ഷ്യം

ഗുഡ്ന്യൂസ്‌ ധ്യാനകേന്ദ്രത്തിൽ ധ്യാനിക്കാനായി കടന്നുവന്ന ഒരു സിസ്റ്റർ പങ്കുവച്ച ഹൃദയം ത്രസിപ്പിക്കുന്ന ജീവിതാനുഭവം. അതു സിസ്റ്ററിന്‍റെ വാക്കുകളിൽ തന്നെ പറയുമ്പോൾ കൂടുതൽ ഹൃദയസ്പർശിയാകും.

(#പ്രാർത്ഥനയോടെ_വായിക്കുക)
———————————————————–
പോസ്റ്റുഗ്രാജ്വേറ്റ് പഠനത്തിന്‍റെ ഭാഗമായി മൂന്നുമാസത്തെ ഗവേഷണപഠനത്തിനായി ഞാനും സഹപാഠികളായ നാലു പെൺകുട്ടികളും കൂടി കുർള-നേത്രാവതി എക്‌സ്പ്രസ് ട്രെയിനിൽ ആലപ്പുഴയിൽ നിന്നും മുംബൈയ്ക്കു പോകുകയായിരുന്നു.

അപരിചിതമായ സ്ഥലത്തേക്കുള്ള ആ യാത്രയിൽ കൊന്ത ചൊല്ലി പ്രാർത്ഥിച്ചു പോകണമെന്നു മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നതുകൊണ്ട് കൊന്ത ചൊല്ലാനറിയാത്ത അകത്തോലിക്കരായ കൂട്ടുകാരികളെ ‘നന്മനിറഞ്ഞ മറിയമേ’ എന്ന ജപം പഠിപ്പിച്ചിരുന്നു.

സഹപാഠികളായ രണ്ടു ആൺകുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് ഒന്നിച്ച് ആലപ്പുഴയിൽനിന്നും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവർ അവരുടെ സ്ഥലത്തുനിന്നും രാത്രി മൂന്നുമണിയോടെ ട്രെയിനിൽ കയറിക്കൊള്ളാമെന്നാണു പറഞ്ഞിരുന്നത്.
ഏഴു സീറ്റു ബുക്കു ചെയ്തിരുന്ന ബോഗിയിൽ ഞങ്ങൾ യാത്ര ആരംഭിച്ചു. ആദ്യം മറ്റ് ഏതാനും യാത്രക്കാർ അവിടെ വന്നിരുന്നെങ്കിലും സന്ധ്യയാകുന്നതിന് മുൻപ് അവർ പോയി.
കുറെ സമയം വർത്തമാനം പറഞ്ഞിരുന്നശേഷം ഞങ്ങൾ കൊന്ത ചൊല്ലാൻ തുടങ്ങി. സമയം രാത്രിയായി. റ്റി.റ്റി.ആർ ടിക്കറ്റ് പരിശോധന കഴിഞ്ഞു പോയി. ട്രെയിൻ കേരളം വിട്ടുകഴിഞ്ഞിരുന്നു.

പരിഷ്‌കൃതവേഷധാരികളായ, നെറ്റിയിൽ പൊട്ടും കൈയിൽ ചുവന്ന ചരടുമുള്ള ഏതാനും യുവാക്കൾ ചുറ്റിക്കറങ്ങി നടക്കുന്നതു കണ്ടു.

ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അവരുടെ നോട്ടവും നടപ്പും അത്ര പന്തിയല്ലെന്നു തോന്നിത്തുടങ്ങി.

കുറെക്കൂടി കഴിഞ്ഞപ്പോൾ അവർ അഞ്ചുപേർ ഞങ്ങളുടെ ബോ ഗിയിലേക്ക് അലക്ഷ്യമായി കടന്നുവന്നു.
അടുത്ത സീറ്റിലിരുന്നുകൊണ്ട് ആരാണ്, എങ്ങോട്ടു പോകുന്നു എന്നൊക്കെ ചോദിച്ചു. അത്യാവശ്യം മറുപടി പറഞ്ഞിട്ട് ഞങ്ങൾ കൊന്തചൊല്ലിക്കൊണ്ടിരുന്നു. മുകളിലത്തെ ഞങ്ങളുടെ ബർത്തിൽ കയറി അവർ ഇരിപ്പുറപ്പിച്ചു

അവിടെ ഇരുന്നുകൊണ്ട് അവരുടേതായ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ അവർ എന്തൊക്കെയോ തിന്നുകയും അതിന്‍റെ അവശിഷ്ടങ്ങൾ പെൺകുട്ടികളുടെ നേരെ എറിയുകയും ചെയ്തു.
അവരുടെ നോട്ടവും പെരുമാറ്റവും മ്ലേച്ഛമായി തുടങ്ങി. അപകടത്തിന്‍റെ അലാറം ഞങ്ങളുടെ ഉള്ളിൽ മുഴങ്ങി. അവരുടെ ആഭാസത്തരങ്ങൾ ഒന്നിനൊന്നിനു വർദ്ധിച്ചുവരികയാണ്.

അപ്പോഴേക്കും രാത്രി പത്തുമണിയായി. ഞങ്ങൾക്കു കാണാവുന്നിടത്തെങ്ങും യാത്രക്കാരില്ല. എന്‍റെ ഹൃദയം ഭയംകൊണ്ടു പിടയുകയാണ്. പെൺകുട്ടികൾ നാലുപേരും ഞാനും തൊട്ടുതൊട്ടിരിക്കുകയാണ്.

ഇരിക്കുന്നിടത്തുനിന്നും ഒന്നനങ്ങാൻപോലും എനിക്കു സാധിക്കുന്നില്ല. പെൺകുട്ടികളെ തനിച്ചാക്കിയിട്ടു എഴുന്നേല്ക്കാനോ ഒരടി മുന്നോട്ടു വയ്ക്കാനോ മനസു വന്നില്ല.
കൂടെ ഉണ്ടായിരുന്ന മറാട്ടി ഭാഷ കുറച്ച് അറിയാവുന്ന പെൺകുട്ടിക്ക് അവരുടെ സംസാരം കുറച്ചൊക്കെ മനസിലായി.

മൂന്നു മാസത്തെ ചെലവിനായി എല്ലാവരുടെയുംകൂടി നല്ലൊരു തുകയും എന്‍റെ കൈവശമുണ്ട്. മനസിന്‍റെ വെപ്രാളത്തിലും ഞങ്ങൾ കൊന്ത ചൊല്ലിക്കൊണ്ടിരുന്നു. അതുമാത്രമാണ് ഞങ്ങൾക്ക് ആശ്രയം.

മുകളിൽ നിന്നും പലവിധ അപസ്വരങ്ങൾ കേൾക്കാം. ഞങ്ങൾ താഴേക്കു നോക്കിയിരുന്നു ജപമാല ചൊല്ലുകയാണ്. അടുത്ത നിമിഷം എന്താണു സംഭവിക്കുക എന്നൊരു നിശ്ചയവുമില്ലാത്ത അവസ്ഥ. ഞങ്ങൾ ശബ്ദമുണ്ടാക്കിയാലും ആരും കേൾക്കാത്തവിധം പെരുമഴയും തുടങ്ങി.
നിസ്സഹായതയുടെ നീർക്കയങ്ങളിലേക്കു ഞങ്ങളുടെ മനസ് താഴുമ്പോൾ ഒരു സ്ത്രീതോളിൽ ബാഗും കൈയിൽ സൂട്ട്‌കേസുമൊക്കെയായി ഓടിയലച്ചു ഞങ്ങളുടെ ബോഗിയിലേക്കു വന്ന് എന്‍റെ അടുത്തിരുന്ന പെൺകുട്ടിയോടു ‘മാറിയിരിക്കൂ’ എന്നു പറഞ്ഞു ത ള്ളിമാറ്റിക്കൊണ്ട് എന്നോടു ചേർന്നിരുന്നു.

എന്‍റെ ഹൃദയം വീണ്ടും പിടഞ്ഞു. മുകളിലിരിക്കുന്നവരുടെ സംഘത്തിൽ പെട്ടതാണോ ഈ, സ്‌ത്രി ? എന്തിനാണിങ്ങനെ തള്ളിക്കയറി ഇരിക്കുന്നത്? ഒട്ടേറെ സംശയങ്ങൾ എന്‍റെ മനസിനെ വിഭ്രാന്തിയിലാഴ്ത്തുമ്പോൾ ???
ആ സ്ത്രീ എന്‍റെ തോളിൽ തട്ടിത്തട്ടി ”സിസ്റ്റർ എന്തിനാ പേടിക്കുന്നത്? ഞാനല്ലേ കൂടെയുള്ളത്” എന്നു പറഞ്ഞു.

പക്ഷേ, എന്‍റെ മനസിന്‍റെ ശാന്തി വീണ്ടും നഷ്ടപ്പെടുകയാണ്. ആ സ്ത്രീയുടെ മുഖത്തേക്ക് ഒന്നു ശരിയായി നോക്കാനുള്ള ധൈര്യംപോലും എനിക്കില്ല. കുലീനത്വവും അന്തസുമുള്ള കരുത്തുറ്റ ഒരു സ്ത്രീയാണ്.

വലിയ പദവിയുള്ള ഒരു രാജസ്ഥാനി സ്ത്രീയെപ്പോലെ തോന്നി. ഇവർ എവിടെനിന്നാണ് വരുന്നത്? എന്തിനാ വന്നത്..?. നൂറുനൂറു ചിന്തകൾ മനസിനെ മഥിച്ചുകൊണ്ടിരുന്നെങ്കിലും ഒന്നും ഉരിയാടാതെ ഞങ്ങൾ കൊന്ത ചൊല്ലിക്കൊണ്ടിരുന്നു.

”മലയാളിയാണോ?” എന്നു ചോദിച്ചപ്പോൾ ”അതെ” എന്നു ഞാൻ പറഞ്ഞു. ഉടനെ അവർ മലയാളത്തിൽ സംസാരിച്ചുതുടങ്ങി. ”നിങ്ങൾ എങ്ങോട്ടാണു പോകുന്നത്? ”മുംബൈ” എന്നു പറഞ്ഞപ്പോൾ ”ഞാനും അങ്ങോട്ടാണ്” എന്നുപറഞ്ഞ് അവരുടെ ടിക്കറ്റ് എടുത്തു കാണിച്ചു.
അതു നോക്കാനോ കാണാനോ കഴിവില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ. ടിക്കറ്റിൽ നോക്കിയെങ്കിലും ഞാൻ ഒന്നും കണ്ടില്ല. എന്നോടു പേരു ചോദിച്ചു. അവരുടെ പേരു ചോദിച്ചപ്പോൾ രത്‌നമ്മാൾ എന്നു പറഞ്ഞു. കൂടുതലൊന്നും ചോദിക്കാനുള്ള മനസാന്നിധ്യമുണ്ടായില്ല.

മലയാളിയായ വിദേശി
ഞങ്ങളുടെ അവസ്ഥ ശരിക്കും മനസിലാക്കിയിട്ടെന്നപോലെ ”നിങ്ങൾ ഭക്ഷണം കഴിച്ചോ? ഇത്രയും സമയമായിട്ടും എന്താ കഴിക്കാത്തത്? പൊതിയെടുക്ക്, ഞാൻ വെള്ളം കൊണ്ടുവരാം” എന്നുപറഞ്ഞ് അവർ ഓടിപ്പോയി വെള്ളം കൊണ്ടുവന്നു.

ഞങ്ങൾക്കു വിശപ്പും ദാഹവുമില്ല. ഉള്ളതു ഭയം മാത്രം. എങ്കിലും അല്പം ഭക്ഷണം കഴിച്ചു. ബാക്കി കളയാനായി ഞാൻ എഴുന്നേറ്റപ്പോൾ, ”സിസ്റ്റർ അവിടെ ഇരിക്കൂ” ഞാൻ കൊണ്ടുപോയി കളയാം എന്നുപറഞ്ഞ് എല്ലാവരുടെയും ബാക്കി ശേഖരിച്ചുകൊണ്ടുപോയി കളഞ്ഞിട്ടു വന്നു.
ഇതൊക്കെ എന്തിനാണാവോ? മനസിൽ സംശയം. ഞങ്ങൾ വീണ്ടും കൊന്ത ജപിച്ചു തുടങ്ങി. ”ഇതെന്താണു സിസ്റ്ററേ?” എന്നു ചോദിച്ച് ആ സ്ത്രി എന്‍റെ കൈയിൽ നിന്നും കൊന്ത വാങ്ങി തിരിച്ചും മറിച്ചുമൊക്കെ നോക്കി. എന്നിട്ടു തിരിച്ചു തന്നുകൊണ്ടു പറഞ്ഞു: ”ഇതു നിങ്ങളുടെ വിശ്വാസം.”
പിന്നീടു കുട്ടികളുടെ പേരു ചോദിച്ചു. ശരിയായ പേരല്ല ഞാൻ പറഞ്ഞത്. പേടിച്ചും സംശയിച്ചുമാണ് അവരോടിടപെട്ടത്. അടുത്തിരുന്ന പെൺകുട്ടി അല്പം ഉറക്കം തൂങ്ങിയപ്പോൾ ആ സ്ത്രീ തന്‍റെ മടിയിലേക്ക് അവളെ ചായ്ച്ചു കിടത്തി.

എനിക്കു പേടി തോന്നി. എന്തിനാണോ? ഇവർ ശത്രുവോ മിത്രമോ? അറിഞ്ഞുകൂടാ. ആത്മാർത്ഥസ്നേഹം പ്രകടിപ്പിച്ചു വിശ്വാസം നേടിയശേഷം കെണിയിൽ പെടുത്തുന്നവരുടെ കഥകൾ ഏറെ കേട്ടിട്ടുണ്ടല്ലോ.

വീണ്ടും സ്‌നേഹപൂർവം അവർ എന്നോടു ഫോൺനമ്പർ ചോദിച്ചു. കൊടുക്കണോ വേണ്ടയോ? ഇത്രയും സ്‌നേഹത്തോടെ, കരുതലോടെ വർത്തിക്കുന്ന സ്ഥിതിക്ക് എങ്ങനെ പറയാതിരിക്കും. പറഞ്ഞു. അവരുടെ ഫോൺ നമ്പർ തന്നു. ഞങ്ങൾ മുംബൈയിലെ ജെ.ജെ. മെഡിക്കൽ കോളജിലേക്കാണു പോകുന്നതെന്നു പറഞ്ഞപ്പോൾ, എനിക്കു അവിടെയെല്ലാവരെയും നല്ല പരിചയമുണ്ട്. എന്തു സഹായവും ഞാൻ ചെയ്തുതരാം. ഒന്നും പേടിക്കേണ്ട എന്നു പറയുകയും ചെയ്തു.

ഇത്രയുമൊക്കെയായപ്പോൾ ആ സ്ത്രീയോടു കുറേ വിശ്വാസം തോന്നിത്തുടങ്ങിയെങ്കിലും ഉള്ളു തുറക്കാൻ മടിച്ചു. ”മലയാളിയാണോ?” എന്നു ഞാൻ ചോദിച്ചപ്പോൾ ”ഞാൻ മലയാളിയും വിദേശിയുമാണ്” എന്നവർ പറഞ്ഞു. കണ്ടാൽ മലയാളിയുടെ മട്ടൊന്നുമില്ലായിരുന്നു.

ജീവൻ തിരിച്ചുകിട്ടിയ അനുഭവം
ആ സ്ത്രീ ഞങ്ങളുടെ അടുത്തെത്തി സംസാരിച്ചു തുടങ്ങിയപ്പോൾത്തന്നെ മുകളിലിരുന്ന യുവാക്കളുടെ പൈശാചികഭാവവും രീതിയും മാറി.

പിന്നീട് അവർ ഞങ്ങളെ ശ്രദ്ധിക്കുന്നേയില്ല. അവരുടെ സ്വകാര്യസംഭാഷണത്തിൽ മുഴുകി. ക്രമേണ രണ്ടുപേർ ഉറക്കത്തിലാണ്ടു. മൂന്നുപേർ ഇരുന്നു സംസാരിക്കുന്നു. ഞങ്ങളെ ഒരുവിധം സ്വസ്ഥരാക്കിയശേഷം ആ സ്ത്രീ വളരെ ആധികാരികതയോടെ, ആജ്ഞാഭാവത്തിൽ അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലെ പെൺകുട്ടിക്ക് അല്പം മനസിലായി.

”ഇറങ്ങിപ്പോകിനെടാ” എന്നാണവർ പറഞ്ഞത്. ഏതായാലും അനുസരണയുള്ള പട്ടിക്കുഞ്ഞുങ്ങളെപ്പോലെ, ഉറങ്ങിയവരെയും തട്ടിയുണർത്തി അവർ ചാടിയിറങ്ങി സ്ഥലം വിട്ടു. അതോടെ ഞങ്ങളുടെ സംശയങ്ങളെല്ലാം അകന്നു.

ഈ സ്ത്രീ ഞങ്ങളെ രക്ഷിക്കാനെത്തിയവളാണെന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ടായി. വേടന്‍റെ വലയിൽപ്പെട്ട മാടപ്രാക്കളെപ്പോലെ ഭയചകിതരായി, മനസും ശരീരവും തളർന്ന്, ജീവച്ഛവംപോലെയായ ഞങ്ങളെ തൊട്ടുണർത്തി, ഒരമ്മയെപ്പോലെ ഭക്ഷണം കഴിപ്പിച്ച് മനസിൽ ആശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും തിരിനാളങ്ങൾ കൊളുത്തി,

ശത്രുവലയിൽ നിന്നും ഞങ്ങളെ അത്ഭുതകരമായി മോചിപ്പിച്ച ആ സ്ത്രീയോടുള്ള സ്‌നേഹത്താലും നന്ദിയാലും ഞങ്ങളുടെ ഹൃദയം തുടിച്ചു. ഇനി മനസു തുറന്നു സംസാരിക്കാം എന്നു ഞങ്ങൾ വിചാരിച്ചു. അപ്പോൾ ഒരു ഫോൺ വന്നു. ഞങ്ങളുടെകൂടെ വരാനുള്ള സഹപാഠികളായ ആൺകുട്ടികളുടെ ഫോൺ. അവർ സ്റ്റേഷനിലുണ്ട്. ഉടനെ ട്രെയിനിൽ കയറും. ഞങ്ങൾക്കു സന്തോഷമായി.
ആ സ്ത്രീ ചോദിച്ചു: ”ആരാ വിളിച്ചത്?” ഞങ്ങൾ കാര്യം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: ”ഇനി നിങ്ങൾക്കു കൂട്ടുകാരായല്ലോ. ഒന്നും പേടിക്കാനില്ല. ഞാൻ പോകട്ടെ.”

എന്‍റെ തോളിൽ വാത്സല്യപൂർവം തട്ടിക്കൊണ്ട് ”സിസ്റ്റർ ഒന്നും പേടിക്കേണ്ട” എന്നു പറഞ്ഞവർ ബാഗും സാധനങ്ങളുമായി എഴുന്നേറ്റു. നിർബന്ധപൂർവം ഞാൻ സൂട്ട്‌കേസ് എടുത്തു കൂടെയിറങ്ങി.

അപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്നു ഞാൻ ചോദിച്ചപ്പോൾ എന്‍റെ ഫാമിലി എസ് 7 ൽ ഉണ്ട്. അങ്ങോട്ടാണു ഞാൻ പോകുന്നതെന്നും ഭർത്താവും മകനും അവിടെ ഉണ്ടെന്നും പറഞ്ഞു.
ദൈവമേ, ഭർത്താവിനെയും മകനെയും വിട്ടിട്ട് ഈ സ്ത്രീ രാത്രിയിൽ ഞങ്ങളെ തേടിയെത്തി സഹായിച്ചല്ലോ എന്നു ഞാൻ അതിശയത്തോടെ വിചാരിച്ചു. നന്ദി പറഞ്ഞതു പോരെന്നു തോന്നി ഞാൻ വീണ്ടും പറയാൻ തുടങ്ങിയപ്പോൾ
”ഞാൻ പോട്ടെ, മുംബൈയിൽ വച്ചു കാണാം. എന്തെങ്കിലും ആവശ്യമു ണ്ടെങ്കിൽ വിളിച്ചാൽ മതി” എന്നു പറഞ്ഞ് തിടുക്കത്തിൽ പോയി. അപ്പോഴേക്കും ഞങ്ങളുടെ സഹപാഠികളും എത്തി. സന്തോഷത്തോടെ അവരോടൊപ്പം ട്രെയിനിലേക്കു തിരിച്ചുകയറി.

ഞങ്ങളുടെ യാത്രാവിവരങ്ങൾ ചോദിച്ച അവരോട് കുറെയൊക്കെ ഞങ്ങൾ പറഞ്ഞു. പ്രത്യേകിച്ചും ഞങ്ങളുടെ സഹായത്തിനെത്തിയ സ്ത്രീയുടെ കാര്യം. ഞങ്ങൾ പറഞ്ഞു:

”മുംബൈയിൽ ഇറങ്ങിയാലുടൻ നമുക്ക് ആസ്ത്രീയെ കണ്ടു നന്ദി പറയണം.” എത്ര വലിയ അപകടത്തിൽനിന്നാണ് അവർ രക്ഷിച്ചത്. ധീരസാഹസികയായ ആ നല്ല സ്ത്രീയെ കാണാൻ ആൺകുട്ടികളും വലിയ താല്പര്യം കാണിച്ചു.

ട്രെയിൻ മുംബൈയിൽ എത്തിയപ്പോൾ ഞങ്ങളെല്ലാവരും ആദ്യംതന്നെ പുറത്തിറങ്ങി. എസ് 7 ബോഗിയെ ലക്ഷ്യമാക്കി ഞങ്ങൾ വേഗത്തിൽ നടന്നു. അവിടെനിന്നും ആളുകൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
നാലുപാടും നോക്കിയിട്ടും രത്‌നമ്മാളിനെ കാണുന്നില്ല.
റ്റി.റ്റി.ആറിനെ കണ്ടു ചോദിച്ചു, ഈ ബോഗിയിൽ രത്‌നമ്മാൾ എന്നൊരു സ്ത്രീയും കുടുംബവും ഉണ്ടായിരുന്നോ?
ലിസ്റ്റിൽ നോക്കിയിട്ട് അങ്ങനെ ഒരാളില്ല. മറ്റു വല്ല ബോഗിയിലുമായിരിക്കുമെന്നു പറഞ്ഞ് അയാൾ(T,T) പോയി.

അവസാന സ്റ്റേഷനായിരുന്നതുകൊണ്ട് ട്രെയിൻ അവിടെ കിടക്കുകയാണ്. ഞങ്ങൾ പല ബോഗിയിലെയും ലിസ്റ്റു പരിശോധിച്ചു. ഒരിടത്തും അങ്ങനെയൊരു പേരു കാണാൻ കഴിഞ്ഞില്ല. ഫോൺ വിളിച്ചപ്പോൾ അങ്ങനെ ഒരു നമ്പർ ഇല്ലെന്നായിരുന്നു മറുപടി.
”ഇതെന്തൊരു മറിമായം” അപ്പോൾ പെൺകുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു: ”സിസ്റ്ററേ, അതു മാതാവായിരുന്നു, മാതാവുതന്നെ.” എന്‍റെയും കണ്ണുകൾ തുറന്നു. ബോധം തെളിഞ്ഞു. അതു മാതാവു തന്നെയായിരുന്നു. അല്ലാതെ ഏതു സ്ത്രീയാണ് രാത്രിയിൽ ഇങ്ങനെ ഓടിക്കയറി വരിക. ഇതുപോലെയൊക്കെ സഹായിക്കുക. നമ്മൾ നിരന്തരം കൊന്തചൊല്ലുകയല്ലായിരുന്നോ? മാതാവു സഹായിക്കാൻ വന്നതാണ്, ഞങ്ങൾക്കുറപ്പായി.

സിസ്റ്ററിനെയും കൂട്ടരെയും സഹായിക്കാനെത്തിയ ആ നല്ല സ്ത്രീ പരിശുദ്ധ മാതാവല്ലാതെ ആര്?
ബുക്കു ചെയ്ത സീറ്റിൽ ഭർത്താവിനോടും മകനോടുമൊത്തു യാത്ര ചെയ്യുന്ന ഒരു സ്ത്രീ രാത്രിയിൽ, ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടിയും സാധനങ്ങളുമായി മറ്റൊരു ബോഗിയിൽ ഓടിയെത്തുക എന്നത് യുക്തിസഹമല്ല…
ഒരു സ്ത്രീയും അങ്ങനെ പോകില്ല. ആരാണ് തീർത്തും അപരിചിതരും അന്യരുമായവരോട് ഇത്ര സ്‌നേഹവാത്സല്യത്തോടെ, ധാരണയോടെ വർത്തിക്കുക.?
ആ, സ്ത്രീ യുടെ സാന്നിധ്യം ഉണ്ടായപ്പോൾ ത്തന്നെ ആ യുവാക്കളുടെ പൈശാചികതയും ആഭാസരീതികളുമൊക്കെ അപ്രത്യക്ഷമായത് എന്തുകൊണ്ട്?

അവർ അസാധാരണക്കാരിയും അജയ്യയെന്നും മനസിലാക്കിയതുകൊണ്ടാകുമല്ലോ യാതൊരു എതിർപ്പുമില്ലാതെ ആ സംഘം അതിവേഗം സ്ഥലംവിട്ടത്. ?

മുകളിലിരുന്നവരെപ്പറ്റി സിസ്റ്റർ ഒന്നും പറയാതെ തന്നെ എല്ലാം മനസിലാക്കിയതെങ്ങനെ?

യാതൊരു സങ്കോചവുമില്ലാതെ അവരോടു കാർക്കശ്യത്തോടെ സംസാരിക്കാനും ഇറക്കിവിടാനും കരുത്തുള്ള സ്ത്രീ ആരായിരിക്കും?

പിശാചിന്‍റെ തല തകർത്തവളായ പരിശുദ്ധ കന്യകാമേരി തന്നെ. ആവശ്യക്കാരെ സഹായിക്കാൻ തിടുക്കത്തിൽ പോവുന്ന മേരിയെ നമുക്കറിയാം. ഇളയമ്മയായ ഏലീശാമ്മയെ ശുശ്രൂഷിക്കാൻ തിടുക്കത്തിലാണല്ലോ അവൾ പോയത് (ലൂക്കാ 1:39).

ജപമാല ചൊല്ലി സഹായം തേടുന്ന മക്കളെ എവിടെയും എപ്പോഴും എങ്ങനെയും സഹായിക്കാനും രക്ഷിക്കാനും മാതാവ് ഓടിയെത്തും. ഏവർക്കും സഹായഹസ്തം നീട്ടുന്ന, സംരക്ഷണമേകുന്ന നിത്യസഹായമാതാവിനെ നമ്മുടെ ജീവിതയാത്രയിൽ സഹയാത്രികയായി സ്വീകരിക്കാം.

#എന്ത്_നല്ല_അമ്മ_എന്നുടെയമ്മ
#എനിക്കും_ഈശോയ്ക്കും_ഒരേയമ്മ
——————————————————-
സിസ്റ്റർ എലിസേവൂസ് എഫ്സി,സി

സിസ്റ്ററിന്റെ ഈ അനുഭവം നിങ്ങളെ സ്പ൪ശിച്ചെങ്കിൽ പ്രാർത്ഥനയോടെ ഷെയ൪ ചെയ്യുക,,,ആമേൻ,,,

ആവേ, ആവേ, ആവേ, ആവേമരിയ,,,
ഈശോ,മറിയത്തിൽ:- 🙏🙏🙏

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.