Uncategorized

Mother Mary as Lady Doctor – Testimony by Gloria

ഓപ്പറേഷൻ ടേബിളിൽ അവൾ കണ്ണടച്ച്കി ടന്നു മാതാവിനോട്ശ ക്തമായി ഉള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരി. കന്യാമറിയം അവളുടെ അരികിൽ വന്നണഞ്ഞു എന്നിട്ട്???
********************** ******************* *********************
ഓപ്പറേഷൻ തീയേറ്ററിലെത്തി പരിശുദ്ധഅമ്മ സൗഖ്യപ്പെടുത്തിയ അനുഭവം ഗ്ലോറിയ എന്ന യുവതിയുടെ അത്ഭുത സാക്ഷ്യം

മറ്റെന്തെല്ലാമുണ്ടെങ്കിലും, ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയുന്ന സ്നേഹത്തിന്റെ അഭാവത്തിൽ, സമാധാനവും സന്തോഷവും സംതൃപ്തിയും അനുഭവിക്കുക അസാധ്യമാണ്.

ദൈവസ്നേഹത്തെ അകറ്റിനിർത്തുന്ന പാപം നമ്മുടെ ഹൃദയത്തിലേൽപ്പിച്ച മുറിവുകളുണക്കി നമ്മെ സുഖപ്പെടുത്തുന്ന കർത്താവാണ് യേശുക്രിസ്തു. അതുപോലെ മരുന്നു നൽകുന്നത് ഡോക്ടറാണെങ്കിലും രോഗം സൗഖ്യമാക്കുന്നത് കർത്താവാണ്.

പ്രസിദ്ധമായ ഈ വചനം സ്വന്തം ജീവിതത്തിൽ അനുഭവവേദ്യമായ അത്ഭുതത്തിലും സന്തോഷത്തിലുമാണ് ഗ്ലോറിയ. ഗുരുതരമായ ബ്രെയിൻ ട്യൂമർ ബാധിച്ച്, മരണത്തിന്റെ വക്കോളമെത്തിയ തന്നെ, മാതാവ് കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന ആ സംഭവം പറയുമ്പോൾ ഗ്ലോറിയ പലപ്പോഴും വിതുമ്പി.

ബാംഗ്ലൂർ വൈറ്റ് ഫീൽഡിലാണ് മലയാളിയായ ഗ്ലോറിയ, ഭർത്താവ് ബേസിൽ, രണ്ടുമക്കൾ എന്നിവരടങ്ങുന്ന കുടുംബം താമസിക്കുന്നത്. ബേസിലിന്റെ വരുമാനത്തിൽ ഒതുങ്ങി സന്തുഷ്ടമായ കുടുംബ ജീവിതം. മക്കൾ സ്കൂളിൽ പഠിക്കുന്നു.

2012 മാർച്ച് മാസം മുതലാണ് ഗ്ലോറിയയ്ക്ക് തലവേദന അനുഭവപ്പെട്ടു തുടങ്ങിയത്. മിക്കവാറും പുലർച്ചെ എണീക്കുന്നത് തലവേദനയോടെ. കണ്ണുകൾക്കുചുറ്റും അസഹ്യമായ വേദനയായതോടെ ആശുപത്രിയിലെത്തി. പരിശോധനയ്ക്കുശേഷം മൈഗ്രൈൻ എന്നു വിധിയെഴുതി മരുന്നും കഴിക്കാൻ തുടങ്ങി. രണ്ടുമൂന്നു മാസങ്ങൾ കടന്നുപോയി. ഇതിനിടെ കേരളത്തിൽ നിന്നും ചില ആയുർവേദ മരുന്നുകൾ വരുത്തി കഴിച്ചുനോക്കി. തലവേദന മാത്രം മാറിയില്ല.

ഇതിനിടെ ഗ്ലോറിയ ഒരുകാര്യം ശ്രദ്ധിച്ചു. ചെറിയ കാര്യങ്ങൾ പോലും താൻ മറന്നുപോകുന്നു. മാത്രമല്ല അകാരണമായ ദേഷ്യം. വല്ലാത്ത മൂഡ് മാറ്റങ്ങൾ. ചിലപ്പോൾ പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുന്നു. വീണ്ടും കുറേക്കൂടി നല്ല സൗകര്യങ്ങളുള്ള ആശുപത്രിയിൽ. കുറെ ടെസ്റ്റുകൾ ഒക്കെ നടത്തി. രണ്ടു ദിവസം അഡ്മിറ്റ് ആകാൻ ഡോക്ടർമാർ പറഞ്ഞു. വീണ്ടും ചില പരിശോധനകൾ. ഒടുവിൽ ബേസിലിനെ വിളിച്ച ഡോക്ടർമാർ പറഞ്ഞു. ഗ്ലോറിയക്ക് ബ്രെയിൻ ട്യൂമറാണ്. ചികിൽസിക്കാവുന്ന ഘട്ടം കഴിഞ്ഞുപോയിരിക്കുന്നു. ആയുസ്സ് മൂന്നുമാസം മാത്രം.

രണ്ടുകുഞ്ഞുമക്കൾ. ജീവിതം ആരംഭിച്ചിട്ടേയുള്ളു. ഗ്ലോറോയായും ബസിലും തളർന്നു. ഇതിനിടയിൽ നാട്ടിൽ നിന്നും ഇരുവരുടെയും ബന്ധുക്കൾ എത്തി. അടിയന്തിരമായി ഓപ്പറേഷൻ വേണം. എങ്കിലും 5 ശതമാനം പോലും സാധ്യത ഇല്ല. ഇതിനിടയിൽ ഗ്ലോറിയയുടെ രക്തസമ്മർദം വല്ലാതെ താഴ്ന്നു. ഈയൊരവസ്ഥയിൽ ഓപ്പറേഷൻ ചെയ്യുന്നത് റിസ്ക് ആണെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ, അഞ്ചല്ല, ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ ആ ഓപ്പറേഷൻ നടത്താൻ തന്നെയായിരുന്നു ബസിലിന്റെയും ബന്ധുക്കളുടെയും തീരുമാനം.

ഇതിനിടയിൽ ബേസിൽ ആശുപത്രിയോട് ചേർന്ന ചാപ്പലിൽ പോയി ഗ്ലോറോയ്ക്കുവേണ്ടി കരഞ്ഞു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും ഗ്ലോറിയയ്ക്കുവേണ്ടി ഉറക്കമിളച്ചിരുന്ന് പ്രാർത്ഥിച്ചു. ഒടുവിൽ ഓപ്പറേഷൻ ചെയ്യാം എന്ന തീരുമാനത്തിൽ എല്ലാവരും എത്തി. ഗ്ലോറിയയുടെ ആരോഗ്യനില അപ്പോഴേക്കും വല്ലാതെ വഷളായിരുന്നു.

2012 ഓഗസ്റ്റ് 16 ന് ഓപ്പറേഷൻ തീരുമാനിച്ചു. ഇനിയുള്ള കാര്യങ്ങൾ ഗ്ലോറിയ തന്നെ പറയുന്നത് ഇങ്ങനെ:
”രാവിലെ 10 .30 നായിരുന്നു ഓപ്പറേഷൻ തീരുമാനിച്ചിരുന്നത്. 7 മണിക്കുതന്നെ എല്ലാവരും എത്തി. അതുവരെ വല്ലപ്പോഴും മാത്രം കൊണ്ടുവന്നിരുന്ന മക്കളെ അന്നു കൊണ്ടുവന്നിരുന്നു. അത് എന്തിനായിരുന്നെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. അവരെ ഞാൻ കണ്ണു നിറച്ചുകണ്ടു. ഓപ്പറേഷൻ മുറിയുടെ ഉള്ളിലേക്ക് കയറുന്നതിനു മുൻപ് ഞാൻ ബസിലിനോട് പറഞ്ഞു,

”മക്കളെ നന്നായി നോക്കണം. ഇനി ഇവിടെ വേണ്ട. കേരളത്തിലേക്ക് തിരിച്ചുപോകണം.”
ബേസിൽ എന്നോട് പറഞ്ഞു: ”നിന്റെ ഒപ്പം മാതാവുണ്ട്. നന്നായി പ്രാർത്ഥിക്ക്. നീ സുഖമായി വാ, എന്നിട്ടു കേരളത്തിലേക്ക് ഒരുമിച്ചു തിരിച്ചുപോകാം നമുക്ക്” ഞാൻ അത്ഭുതപ്പെട്ടു, എന്തൊരു ആത്മവിശ്വാസമാണ് ബേസിലിനു ഞാൻ തിരിച്ചുവരുമെന്ന് ?

ഓപ്പറേഷൻ ടേബിളിൽ ഞാൻ കണ്ണടച്ച് കിടന്നു. ബേസിൽ പറഞ്ഞപോലെ മാതാവിനോട് ശക്തമായി ഉള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു, ആസ്പത്രിയിൽ മറ്റു ദിവസങ്ങളിൽ ഞാൻ ചെയ്തിരുന്നപോലെ. ഡോക്ടർമാർ വന്നുകൊണ്ടിരുന്നു. അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം കണ്ണടച്ചെങ്കിലും ഞാൻ അറിയുന്നുണ്ടായിരുന്നു.

ഇടയ്ക്ക് കണ്ണുതുറന്നു നോക്കിയപ്പോൾ എന്നെ സ്ഥിരം നോക്കുന്ന ഡോക്ടറല്ല, മല്ലൊരു ലേഡി. അവർ ചില നിർദേശങ്ങളുമായി അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ ഇടയ്ക്ക് എന്റെ തലയിൽ തലോടി, പുഞ്ചിരിച്ചു. മയക്കത്തിലേക്ക് വീഴുമ്പോഴും എനിക്ക് കാണാമായിരുന്നു ആ സ്ത്രീ എന്റെ കാൽച്ചുവട്ടിൽ നിന്ന് ഡോക്ടർന്മാർക്ക് നിർദേശങ്ങൾ കൊടുക്കുന്നത്.

ആറാം ദിവസമാണ് ഞാൻ കണ്ണുതുറക്കുന്നത്. ഒരു ദിവസത്തിന് ശേഷം ബേസിലിനു എന്നെ കാണാൻ അനുവാദം കിട്ടി. വിവരങ്ങൾ ചോദിച്ചറിഞ്ഞ കൂട്ടത്തിൽ ഞാൻ ആദ്യം ചോദിച്ചത് ആ സ്ത്രീയെപ്പറ്റിയായിരുന്നു. ഓപ്പറേഷൻ കഴിയുന്നവരെ അവർ അവിടെ നിന്നതായി സ്വപ്നത്തിലെന്നപോലെ ഞാൻ കാണുന്നുണ്ടായിരുന്നു.

എന്നാൽ, ഓപ്പറേഷന്, അതും തലയുടെ ഓപ്പറേഷന് രോഗിക്ക് ഒരിക്കലും ബോധം ഉണ്ടാവില്ലല്ലോ. പക്ഷെ അനസ്തേഷ്യക്കും മുൻപ് അവരെ ഞാൻ വ്യക്തമായി കണ്ടിരുന്നു. എന്നാൽ ബേസിൽ പറഞ്ഞ കാര്യം എന്നെ അത്ഭുതപ്പെടുത്തി.

അങ്ങിനെ ഒരു സ്ത്രീ ഓപ്പറേഷൻ തീയേറ്ററിൽ ഉണ്ടായിരുന്നില്ല. സംശയം തീർക്കാൻ ബേസിൽ മെയിൻ ഡോക്ടറോട് അന്വേഷിച്ചു. അങ്ങിനെ ഒരു ലേഡി ഓപ്പറേഷൻ തീയേറ്ററിൽ ഇല്ലായിരുന്നു !
അത് മറ്റാരുമായിരുന്നില്ല, എന്റെ മാതാവായിരുന്നു ! അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കാത്ത നമ്മുടെ സ്വന്തം പരിശുദ്ധഅമ്മയായിരുന്നു, ആമേൻ

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.