Uncategorized

I Need You

വീ നീഡ്‌ യൂ
——————-

ഭാവിയില്‍ നമ്മുടെ മക്കള്‍ നമ്മെ പരിചരിക്കാന്‍ ഉണ്ടാകുമോ എന്നു ചോദിച്ചാല്‍, മിക്കവരും ഇക്കാലത്ത് അതു പ്രതീക്ഷിക്കുന്നില്ല എന്നു തന്നെയാവും ഉത്തരം നല്‍കുക.

എന്തുകൊണ്ടാണ് മക്കള്‍ അങ്ങിനെ ആയിപ്പോകുന്നത് എന്നു ചോദിച്ചാല്‍ നൂറു നൂറുത്തരങ്ങളും “ഇന്നത്തെ തലമുറയെ” കുറിച്ചു നമ്മുക്ക് ഒന്നും പറയാൻ പറ്റില്ല, ഒന്നും നമ്മുടെ കയ്യിൽ അല്ല.

എങ്കിലും ഒരു കാര്യം ഉറപ്പാണ്. ഒന്‍പതര മാസം ഉമ്മയുടെ വയറ്റില്‍ ചുരുണ്ടു കൂടികിടന്ന സമയത്തു തന്നെ കുഞ്ഞുങ്ങള്‍ തീരുമാനിച്ചതല്ല ഇക്കാര്യം.

വളര്‍ന്നു വരുന്ന സമയത്ത് എവിടെയൊക്കെയോ അവരുടെ ചിന്തയില്‍ വന്ന മാറ്റങ്ങളാണവ. അല്ലാതെ ഈയടുത്തു ഗര്‍ഭപാത്രത്തിലെ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്തപ്പോള്‍ വന്ന മാറ്റമല്ല അത്.

അത്തരം മാനസികാവസ്ഥകളിലേയ്ക്കു കുഞ്ഞുങ്ങളെ പരുവപ്പെടുത്തിയെടുക്കുന്ന ഒരു പ്രധാന വിഷയമാണ്,”വയസ്സാന്‍ കാലത്ത് നിങ്ങള്‍ നോക്കിയില്ലെങ്കിലും ജീവിക്കാനുള്ള വക എന്റെ കയ്യിലുണ്ട് എന്നു നിരന്തരം അച്ഛനോ അമ്മയോ മക്കളോടു പറയുക എന്നത്.

ആശ്രയബോധവും പരാശ്രയ ബോധവും ഉളവാക്കുന്നതിനു പകരം സ്വാശ്രയബോധത്തിന്‍റെ, സ്വന്തംകാലില് ‍നില്‍ക്കാന്‍ പര്യാപ്തമായതിന്റെ, സാമ്പത്തിക സുസ്ഥിരതയുടെ, വാളെടുത്തു വീശുന്ന ഈ ഡയലോഗ് കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസികാഘാതവും അസ്നേഹവും ചെറുതല്ല.

ഒരാള്‍ നമ്മെ ആശ്രയിക്കുന്നു, കാത്തിരിക്കുന്നു, പ്രതീക്ഷിക്കുന്നു എന്നു നമുക്കു തോന്നുമ്പോഴാണ് അയാളിലേയ്ക്ക് പാഞ്ഞു ചെല്ലാന്‍ നമുക്കു കൊതി തോന്നുക. മനുഷ്യപ്രകൃതിയാണത്.

നമ്മുടെ വിളിക്കായി കാത്തുനില്‍ക്കുന്ന ഒരാള്‍ ടെലിഫോണിന്‍റെ മറുഭാഗത്തുണ്ട് എന്നു നമുക്കു ബോധ്യപ്പെട്ടാല്‍ അത്യുല്‍സാഹത്തോടെയാണ് നാമവരെ വിളിക്കുക.

ഓഫീസില്‍ പോകുമ്പോഴും തിരിച്ചു വീട്ടിലെത്താന്‍ വൈകുമ്പോഴും കരയുന്ന ഒരു കുഞ്ഞ് നമ്മിലുണ്ടാക്കുന്ന ആനന്ദം ചെറുതല്ല. അവര്‍ക്കു നമ്മെ വേണമെന്ന് തോന്നിപ്പിക്കുന്ന അതിമനോഹരമായ പ്രഖ്യാപനമാണത്.

മനുഷ്യമനശ്ശാസ്ത്രം അതാണ്‌. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും എല്ലാം പകര്‍ന്നു കൊടുക്കലുകള്‍ സംഭവിക്കുന്നത്‌ ഒരു സ്വീകര്‍ത്താവ് ഉണ്ടെന്ന തികഞ്ഞ ബോധ്യമാണ്.

കാത്തിരിക്കുന്നവര്‍ക്ക്, ആഗ്രഹിക്കുന്നവര്‍ക്കു, ദാഹിക്കുന്നവര്‍ക്കു പകര്‍ന്നു കൊടുക്കുമ്പോള്‍ മാത്രം അനുഭൂതി ലഭിക്കുന്ന മധുരമാണ് സ്നേഹം.

നിന്റെയോന്നും ചെലവില്‍ ഭാവിയില്‍ കഴിയേണ്ട ഗതികേടു എനിക്കില്ല, നിനക്ക് ഭാവിയില്‍ ജീവിക്കാനുള്ള വക കിട്ടാനാണ്‌ നിന്നോടു പഠിക്കാന്‍ പറയുന്നത് എന്നൊക്കെയുള്ള ഡയലോഗുകള്‍ എത്ര നിസ്സാരമായാണ് മക്കളോടു ചില രക്ഷിതാക്കള്‍ ഉരുവിടുന്നത്!!

ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം പ്രത്യക്ഷമോ പരോക്ഷമോ ആയ അവരുടെ അവഗണനകള്‍ക്ക് വിത്തു പാകിയതു നമ്മള്‍ തന്നെയായിരുന്നുവന്നു തിരിച്ചറിയാതെ ആ തലമുറയെ ” ഇന്നത്തെ തലമുറ” എന്നു മൊത്തത്തില്‍ നാമങ്ങു വിധിച്ചു കളയും.

ഇറ്റ്‌സ് വെരി ക്ലിയര്‍… മക്കളിലെയ്ക്ക് നമ്മള്‍ പകരേണ്ട ബോധം നാമവരില്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിക്കുന്നു എന്നതാണ്. നിങ്ങളാണ് ഞങ്ങളുടെ ശക്തി, നിങ്ങളാണ് ഞങ്ങളുടെ അഭിമാനം എന്നതാണ്.

അവര്‍ ഹോസ്റ്റെലുകളില്‍ ആയിരിക്കുമ്പോള്‍, യാത്രകളില്‍ ആയിരിക്കുമ്പോള്‍, ഗള്‍ഫില്‍ പോകുമ്പോള്‍, നമ്മളിലൊരു വികാരവും ഉണ്ടാവുന്നില്ലെങ്കില്‍, നമ്മളില്‍ അതൊരു നഷ്ടബോധവും ജനിപ്പിക്കുന്നില്ലെന്ന് അവര്‍ക്കു തോന്നുകില്‍, അവര്‍ക്കൊരിക്കലും അതു തിരിച്ചും തോന്നില്ല.

അവസാനമായി ഈയടുത്തു നമ്മള്‍ കണ്ട ഹൃദയഹാരിയായ ഒരു ദൃശ്യം കൂടി ഇവിടെ പകര്‍ത്തട്ടെ.

ഒരു അദ്ധ്യാപകന്‍ റിട്ടയര്‍ ചെയ്യുന്ന സമയത്തു ആ സ്കൂളിലെ വിദ്യാര്‍ഥികള്‍ പൊട്ടിക്കരയുന്നത്‌ നമ്മള്‍ കണ്ടു. അദ്ദേഹം വിദ്യാര്‍ഥികളില്‍ ഓരോരുത്തരിലും ഉണ്ടാക്കിയ ഏറ്റവും വലിയ ഫീല് എന്തായിരുന്നു എന്നധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

‍ I need you എന്നതായിരുന്നു ഓരോ വിദ്യാര്‍ഥിയിലും അദ്ദേഹം ഉണ്ടാക്കിയ ആ ഫീല്‍. . നമ്മുടെ മക്കളും ഈ വാക്കു തന്നെ കേട്ടു വളരട്ടെ.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.