Uncategorized

Njan Undu Koode – Benny Thonakkara

മരണം വിരലുകളില്‍ തൊട്ടപ്പോള്‍
———————

ബ്ലഡ് കാന്‍സര്‍ എന്ന രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് മരണവുമായി മുഖാമുഖം കണ്ട കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ സ്വദേശി ബെന്നി തോണക്കരയുടെ ജീവിതാനുഭവങ്ങള്‍ അനേകര്‍ക്ക് പ്രത്യാശ നല്‍കുന്നു.
ജീവിതം തകര്‍ന്നു എന്നുനിലവിളിക്കുന്നവര്‍ അദേഹമെഴുതിയ ഞാനുണ്ട് കൂടെ എന്ന പുസ്തകം ഒരുതവണയെങ്കിലും വായിക്കണം. മരണവുമായി മുഖാമുഖം നേരിട്ട ബെന്നി തോണക്കര ആ അനുഭവങ്ങള്‍ പറയുന്നതൊന്ന് കേള്‍ക്കൂ…

2014 ഒക്‌ടോബര്‍ ഒന്നാം തിയതി 45-ാം പിറന്നാള്‍ദിവസം എന്റെ ശരീരത്തില്‍ ആദ്യത്തെ കീമോ ചെയ്യാന്‍ ആരംഭിച്ചു. ആസമയങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വം ഞാന്‍ കഴിഞ്ഞു. കീമോ ചെയ്യുന്ന ദിവസം ഒരു മിനിറ്റ് പോലും ഉറങ്ങാന്‍ കഴിയില്ല. അര്‍ധരാത്രി ആയപ്പോള്‍ ഞാന്‍ കൂടെയുള്ളവരോട് പറഞ്ഞു- നിങ്ങള്‍ ഉറങ്ങിക്കോ, എനിക്ക് കുഴപ്പമൊന്നുമില്ല. ഞാന്‍ ഉറങ്ങാന്‍ പോവുകയാ. എല്ലാവരും ഉറക്കം ആരംഭിച്ചു. എന്നാല്‍ ഉറങ്ങാന്‍ എനിക്ക് കഴിഞ്ഞില്ല.

എന്റെ ചിന്തകള്‍ കാടുകയറി. പഴയകാര്യങ്ങള്‍ ഓരോന്നായി മനസ്സിലേക്ക് കയറിവന്നു. ദീര്‍ഘകാലം സണ്‍ഡേ സ്‌കൂളില്‍ ഞാന്‍ അധ്യാപകനായിരുന്നു. ഏതാണ്ട് 25 വര്‍ഷം. കുട്ടികളോട് അടുത്തിടപഴകി
ആ ഓര്‍മകളെല്ലാം മനസ്സില്‍ നിറഞ്ഞു. ഓര്‍മകളുടെ തിരതല്ലലില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. മനസ്സില്‍
കെട്ടിയ സങ്കടങ്ങള്‍ ദൈവത്തോടുള്ള ചോദ്യങ്ങളായി പുറത്തുവന്നു.

-ഞാനെന്ത് തെറ്റാണ് ചെയ്തത്? എപ്പോഴാണ് നിന്നെ വേദനിപ്പിച്ചത്?

പെട്ടെന്ന് ഒരു ശബ്ദം കാതില്‍ പതിക്കുന്നതായി എനിക്ക് തോന്നി. അതിങ്ങനെയായിരുന്നു:

‘നീ 25 വര്‍ഷം സണ്‍ഡേസ്‌കൂളില്‍ പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞില്ലേ? അന്ന് നിന്റെ അരികില്‍ പപ്പായ്ക്ക് സുഖമില്ല, മമ്മിക്ക് സുഖമില്ല, പ്രാര്‍ത്ഥിക്കണം എന്നുപറഞ്ഞ് കുഞ്ഞുങ്ങള്‍ വന്നില്ലേ? മോന് സുഖമില്ല, മോള്‍ക്ക് സുഖമില്ല ഒന്ന് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ് മാതാപിതാക്കള്‍ വന്നില്ലേ? നീ അവരോട് എന്താണ് പറഞ്ഞത്?”
”നമുക്ക് പ്രാര്‍ത്ഥിക്കാം, ദൈവത്തിന് അസാധ്യമായതൊന്നുമില്ല, ഈശോ സുഖപ്പെടുത്തും. ഇങ്ങനെയൊക്കെയാണല്ലോ ഞാന്‍ പറഞ്ഞത്.

അപ്പേള്‍ ആ ശബ്ദം എന്നോട് വീണ്ടും ചോദിച്ചു.

”അതു ശരി, എന്നിട്ട് നിനക്കൊരു അസുഖം വന്നപ്പോള്‍ നീ കരയുകയാണോ?”
തൊണ്ടയിടറി ഞാന്‍ പറഞ്ഞു: ”ശരിയാണ്…ശരി…..” എന്റെ വാക്കുകള്‍ അവിടെ മുറിഞ്ഞുവീണു.
ഞാന്‍ എഴുന്നേറ്റ് കണ്ണീര്‍ തുടച്ചു.

രാത്രിയില്‍ തനിയെ ഇരുന്ന് കരഞ്ഞപ്പോള്‍ എന്റെ കാതിലുരുമ്മി കടന്നുപോയ ആ ശബ്ദം വലിയൊരു കരുത്തായി ഉള്ളില്‍ നിറഞ്ഞു. എന്തുവന്നാലും നേരിടുമെന്ന് ഞാന്‍ തീരുമാനിച്ചു. അതിനുശേഷം ഇന്നുവരെ അസുഖത്തെ ഓര്‍ത്ത് ഞാന്‍ കരഞ്ഞിട്ടില്ല.

***************
ബ്ലഡ് കാന്‍സര്‍ എന്ന ‘വൈതരണി’ നീന്തിക്കടക്കണമെങ്കില്‍ Stem cell Transplant എന്ന ചാലില്‍ കൂടി തന്നെ ഇറങ്ങണമെന്ന് ഞാന്‍ മനസ്സിലാക്കിയ നാളുകള്‍…

കര്‍ത്താവിനോട് ഞാന്‍ പറഞ്ഞു: ”എന്റെ ദൈവമേ ഞാന്‍ ഒന്നുമല്ല, വെറും
പൂജ്യമാണ്. എന്നെ അങ്ങ് വിലയുളളവനാക്കണമേ” വെറും പൂജ്യമായിരുന്ന എന്നെ സ്വീകാര്യനാക്കി മാറ്റിയ ദിവ്യാനുഭവമാണ് രോഗം എനിക്ക് സമ്മാനിച്ചത്.

മുപ്പത് കീമോ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ഇനി ട്രാന്‍സ്പ്ലാന്റിന് ശ്രമിക്കുന്നതാണ് നല്ലത്,Stem cell Transplant. അതിനുള്ള ചെക്കപ്പെല്ലാം കഴിഞ്ഞ് അവസാനദിവസം ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ ഡോക്ടര്‍ ബോധ്യപ്പെടുത്തി: ”നിങ്ങളുടെ ഹാര്‍ട്ടിന് ഒരു പ്രശ്‌നമുണ്ട്. അതുകൊണ്ട് Transplant ചെയ്യുന്ന കാര്യം ബുദ്ധിമുട്ടാണ്. അഥവാ ചെയ്താലും ഇരുപത്തഞ്ച് ശതമാനമാണ് വിജയസാധ്യത.”

ഞാന്‍ പറഞ്ഞു: ”ചെയ്യണം, സാധ്യത ഒരു ശതമാനമാണെങ്കില്‍പ്പോലും. എന്റെ ദൈവം എന്നെ കൈവിടില്ല”

ഡോക്ടര്‍ പറഞ്ഞു: ”ബെന്നി പുറത്തിരിക്ക്. ഞാന്‍ ഭാര്യയോട് സംസാരിക്കട്ടെ”
അല്‍പ്പം കഴിഞ്ഞ് നിറകണ്ണുകളുമായി എന്റെ ഭാര്യ ടെസ്‌ന പുറത്തേക്ക് വന്നു. തുളുമ്പുന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു:
”വേണ്ട, അത് ചെയ്യണ്ട. ഞങ്ങള്‍ക്കിങ്ങനെ കണ്ടാല്‍ മതി”

ഞാനും ടെസ്‌നയും കൂടി ആലോചിച്ചു. വീട്ടിലേക്കു വിളിച്ചു.
ആരും അതിന് സമ്മതിക്കുന്നില്ല.

എന്റെ തീരുമാനം എന്നെ സ്‌നേഹിക്കുന്നവരുടെ മുന്‍പില്‍ ഞാന്‍ അടിയറ വെച്ചു. കീമോ തുടര്‍ന്നുകൊണ്ടിരുന്നു.
മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഡോക്ടറോട് ട്രാന്‍സ് പ്ലാന്റിന്റെ കാര്യം ചോദിച്ചു. കീമോയുടെ ശക്തി കാരണം അടിനിരയിലെ പല്ലു മുഴുവന്‍ പൊടിഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു. പറിച്ചുകളയാം എന്നുവെച്ചാല്‍ രക്തം നില്‍ക്കില്ല. അവസാനം ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചു. അതിനൊരുക്കമായുള്ള ഇഞ്ചക്ഷന്‍ തന്നു. അഡ്മിറ്റായി.Stem cell Harvest തുടങ്ങി. ആദ്യ ദിവസവും രണ്ടാം ദിവസവും അഞ്ചുമണിക്കൂര്‍ വീതം എടുത്തിട്ടും ആവശ്യമുള്ളതിന്റെ പകുതി പോലും Stem cell കിട്ടിയില്ല. ഡോക്ടര്‍മാര്‍ പറഞ്ഞു- സാരമില്ല. 45 ദിവസം കഴിഞ്ഞ് ഒന്നു കൂടി ശ്രമിക്കാം. അങ്ങനെ വീണ്ടും കീമോ ആരംഭിച്ചു.

നാല്‍പ്പത്തിയൊന്നാമത്തെ കീമോയും ചെയ്ത് വീണ്ടും ഹോസ്പിറ്റലില്‍ അഡ്മിറ്റായി. എവിടെയെങ്കിലും സാധ്യതയുടെ ഒരു നിഴല്‍വെട്ടം കാണാനായി എനിക്കു വേണ്ടി അനേകര്‍ ശക്തമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇടമുറിയാതെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം നല്‍കിയ ദിവസമായിരുന്നു അന്ന്.

പത്ത് മണിക്കൂര്‍ എടുത്തിട്ട് ആവശ്യത്തിന്റെ പകുതി പോലുമാവാതിരുന്ന Stem cell അന്ന് അഞ്ച് മണിക്കൂര്‍ എടുത്തപ്പോഴേക്ക് ആവശ്യത്തിന് കിട്ടി. ഉടന്‍ തന്നെ സെന്റര്‍ ലൈന്‍ ഇട്ട് കീമോ ആരംഭിച്ചു. 12 മണിക്കൂര്‍ നീണ്ട കീമോ കഴിഞ്ഞപ്പോഴേക്കും ശരീരം അനക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി. കൈകള്‍ പോലും അനങ്ങുന്നില്ല. പെട്ടെന്ന് ശരീരത്തിന് ഒരു വിറയല്‍ തുടങ്ങി. നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍മാരും നേഴ്‌സുമാരും ഓടിയെത്തി. ഉടന്‍തന്നെ ഓക്‌സിജന്‍ തരാന്‍ തുടങ്ങി. ഒരു നേഴ്‌സ് എന്റെ ശിരസ്സില്‍ കൈകള്‍ചേര്‍ത്ത് പ്രാര്‍ത്ഥിച്ചു. അകന്നു പോകുന്ന ജീവനെ തിരിച്ചുപിടിക്കാന്‍ സ്വര്‍ഗം നോക്കിയുള്ള അര്‍ത്ഥന!

ശരീരം അനങ്ങുന്നില്ലെങ്കിലും മനസ്സ് എല്ലായിടത്തേക്കും ഓടുന്നുണ്ടായിരുന്നു.

എന്റെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങളുടെ ശബ്ദവും ആ ഉപകരണങ്ങളില്‍നിന്നും പ്രസരിക്കുന്ന ചുവപ്പും പച്ചയും നിറങ്ങളിലുള്ള വെളിച്ചവും ഞാന്‍ അറിയുന്നുണ്ടായിരുന്നു. ദൈവത്തിന്റെ നിശ്വാസം മരണത്തിന്റെ രൂപം ധരിച്ച് എന്നിലേക്ക് വന്നുചേരുന്നുണ്ടോ എന്നു ഞാന്‍ സംശയിച്ചു.

അപ്പോള്‍ ”75 ശതമാനം സാധ്യതയില്ല” എന്ന ഡോക്ടറുടെ വാക്ക് ഞാന്‍ ഓര്‍ത്തു. എല്ലാം ദൈവഹിതത്തിനു വിട്ടുകൊടുത്ത് ‘നിന്റെ ഇഷ്ടം പോലെ ചെയ്തു കൊള്ളുക’ എന്ന് മനസ്സില്‍ പറഞ്ഞു. ഉറക്കെ പറയാന്‍ ശക്തിയില്ല. അഥവാ പറഞ്ഞാല്‍ കൂടെ നില്‍ക്കുന്നവരുടെ അവസ്ഥ ഞാനോര്‍ത്തു. മരണവും ഞാനും ഒരു നേര്‍രേഖയിലെന്ന പോലെ….

ഇന്ന് ബെന്നി പ്രത്യാശയുടെ നെറുകയിലാണ്. കൈവിട്ടു എന്ന് സര്‍വ്വരും സമ്മതിച്ച ലോകത്തിന് മുന്നില്‍ ഉറച്ച സാക്ഷ്യമായി…
തകരുമെന്നു കരുതിയ ജീവിതത്തെ ദൈവം കൈക്കൂമ്പിളില്‍ താങ്ങി
ആ കരുതലിന്റെ ഊഷ്മളതയില്‍ രാത്രികളും പകലുകളും
വീണ്ടും സന്തോഷഭരിതമാവുന്നു…..

കണ്ണീരും പുഞ്ചിരിയും നിഴലുപോലെ പിന്തുടരുന്ന ജീവിതവഴികളില്‍, കാല്‍വരിയില്‍ വീണ ചോര തുള്ളികള്‍ സംരക്ഷണത്തിന്റെ കോട്ടകള്‍ തീര്‍ക്കുന്നു .ആ ധൈര്യത്തില്‍ പതറാതെ നി നിന്ന് ഉറപ്പോടെ അവരൊരുമിച്ച് പറയുന്നു….
അവനുണ്ട് കൂടെ ……

ദൈവം കൂടെയുണ്ടെങ്കില്‍ യുദ്ധത്തിന് നടുവിലും പ്രതികൂലങ്ങളിലും ജീവിതം സുന്ദരമാണ് .
അതെ, ചെറുതാണെങ്കിലും പരിമിതികളുണ്ടെങ്കിലും ജീവിതം സുന്ദരമാണ്. കാരണം ഒന്നു മാത്രം, ദൈവം നമ്മോടു പറയുന്ന വാക്കുകളുടെ ഉറപ്പ്..
‘ഞാനുണ്ട് കൂടെ…’

ഇതേപേരില്‍ ബന്നി തോണക്കര എഴുതിയ പുസ്തകം കോഴിക്കോട് സോഫിയ ബുക്‌സ് വിതരണം ചെയ്യുന്നു.
ജീവിതത്തെ പ്രത്യാശയിലേക്ക് നയിക്കാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
ബെന്നി തോണക്കര ഫോണ്‍ നമ്പര്‍: 9447292145

– ജയ്‌മോന്‍ കുമരകം

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.