Uncategorized

Growing Pain – Health Tip

അഞ്ചു വയസ്സുകാരൻ അപ്പുവിനെയും കൊണ്ടാണ് അവന്റെ അമ്മ കാണാൻ വന്നത്. അപ്പുവും അമ്മയും അമ്മമ്മയും മാത്രമേയുള്ളൂ വീട്ടിൽ. അച്ഛൻ ഗൾഫിൽ ജോലിചെയ്യുന്നു. കാലു വേദനയാണ് അവന്റെ പ്രശ്നം. തുടങ്ങിയിട്ട് നാലഞ്ചു മാസമായി. എല്ലാ ദിവസവും വേദന വരാറില്ല. എന്നാലും കൂടുതൽ ഓടിക്കളിച്ച ദിവസങ്ങളിലാണോ അവന്‍ ബുദ്ധിമുട്ട് പറയാറ് എന്ന് അമ്മക്ക് സംശയമുണ്ട്. സന്ധ്യയാകുമ്പോഴേക്കും വേദന തുടങ്ങും. ഉറങ്ങാൻ നേരമാണ് പ്രധാനമായും പരാതിപറച്ചിലും സങ്കടവും. പിന്നെ ‘തടവിത്തായോ അമ്മേ’ എന്ന് കേഴും. തുടകളിലും കാൽവണ്ണകളിലും മുട്ടിനു പിറകിലുമാണ് പ്രധാനമായും വേദനയുണ്ടെന്ന് പറയുക. തടവിത്തടവി ഒടുവില്‍ അവന്‍ ഉറങ്ങിപ്പോകും. എന്നാലും ചിലപ്പോഴോക്കെ വേദനിക്കുന്നുവെന്ന് പറഞ്ഞ് രാത്രി ഞെട്ടി ഉണരാറുമുണ്ട്. എന്നാൽ രാവിലെയാകുമ്പോഴേക്ക് ഒരു പ്രശ്നവുമില്ല. നിലത്തു നില്ക്കാതെയുള്ള ഓട്ടവും ചാട്ടവുമാണ് പിന്നെ. ‘രാത്രിയാകുമ്പോ ഇനി വേദനായാന്ന് പറഞ്ഞു നിലവിളിച്ചേക്കല്ലേ’ എന്ന മുന്നറിയിപ്പിലൊന്നും അവന്‍ ഓട്ടം നിര്ത്തു കയുമില്ല.

മകന് എന്തോ കാര്യമായ പ്രശ്നമുണ്ടോ എന്ന ആധിയാണ് അമ്മക്ക്. കൂടെ ജോലിചെയ്യുന്ന കൂട്ടുകാരിയുടെ ബന്ധുവിന്റെ മകനും ഇതുപോലെ മുട്ടുവേദനയായിരുന്നു. പിന്നീടാണ് അറിഞ്ഞത് അവന് ലുക്കീമിയ (ബ്ലഡ് കാൻസർ) ആണെന്ന്. അപ്പുവിന്റെ അമ്മയുടെ തന്നെ ഒരു ബന്ധുവിന്റെ മകൾക്ക് സന്ധിവേദനയായിരുന്നു. വർഷങ്ങളായി മരുന്നു കഴിക്കുന്നു. JIA (ജുവനൈൽ ഇഡിയോപതിക് ആർത്രൈറ്റിസ്) എന്ന ഒരു വാതരോഗമാണെന്നാണ് പറഞ്ഞത്. ഈ കാര്യങ്ങളൊക്കെ അപ്പുവിന്റെ അമ്മയുടെ മനസ്സിനെ മഥിക്കുകയാണ്. എന്നാൽ അപ്പുവിനെ കണ്ടാലോ? എന്തെങ്കിലും ഒരു രോഗമുണ്ടെന്ന ഒരു ലക്ഷണവും അവനൊട്ടില്ല താനും.

എന്തായാലും അപ്പുവിനെ വിശദമായി പരിശോധിച്ചു. വിളർച്ചയില്ല, ദേഹത്ത് അമർത്തിയാൽ വേദനയില്ല, കഴലകളൊന്നും തടിച്ചിട്ടില്ല, കരളോ പ്ലീഹയോ വലുതായിട്ടില്ല. സന്ധികളിലല്ല വേദന. ചുരുക്കിപ്പറഞ്ഞാൽ അസാധാരണമായൊന്നും തന്നെ പരിശോധനയിൽ കണ്ടില്ല.
“പേടിക്കാനൊന്നുമില്ല. ഇത് കാര്യമായ ഒരു രോഗത്തിന്റെ ലക്ഷണമൊന്നുമല്ല. Growing painഎന്നു പറയും. കുറച്ച് കാലം കൊണ്ട് തനിയെ മാറിക്കൊള്ളും. വേദനയുള്ളപ്പോൾ ചെറുതായി തടവിക്കൊടുക്കുകയോ ചൂടുപിടിച്ചു കൊടുക്കുകയോ ചെയ്യാം. ആവശ്യമാണെങ്കിൽ മാത്രം പാരസെറ്റമോൾ ഗുളിക കൊടുക്കാം. പ്രത്യേകിച്ച് പരിശോധനകളൊന്നും തന്നെ ആവശ്യമില്ല”.
അവർക്ക് അൽപ്പമൊന്ന് സമാധാനമായെങ്കിലും പൂർണ്ണമായും വിശ്വാസം വരാത്തത് പോലെ. കുറെയേറെ ടെസ്റ്റുകൾ വേണ്ടിവരുമെന്നാണ് അവർ കരുതിയത്.

എന്താണ് ഗ്രോയിംഗ് പെയിന്‍?

3 വയസ്സിനും 12 വയസ്സിനും ഇടയിൽ അതായത് 3 മുതൽ 30% വരെ കുട്ടികളില്‍ കാണപ്പെടുന്ന പ്രശ്നമാണ് ഗ്രോയിംഗ് പെയിന്‍. പ്രധാനമായും വൈകുന്നേരത്തോടെയോ രാത്രിയോടെയോ തുടങ്ങുന്ന വേദനയാണിത്‌. കാലിലെ പേശികളിലാണ് വേദന വരിക. എന്നാല്‍ സന്ധികളിൽ വേദനയുണ്ടാകില്ല. വേദനയുള്ള സ്ഥലത്ത് വീക്കമോ, അമർത്തിയാലുള്ള വേദനയോ ഉണ്ടാകാറില്ല. ചിലപ്പോൾ രാത്രി വേദനിച്ച് ഉറക്കത്തിൽ ഞെട്ടി ഉണർന്നേക്കാം. എന്നാൽ പകൽ പ്രശ്നമൊന്നും കാണാറില്ല. ഓടാനും ചാടാനുമൊന്നും പ്രശ്നമില്ല. എല്ലാ ദിവസവും വേദന ഉണ്ടാകണമെന്നുമില്ല.

എന്താണിതിന് കാരണം?

ഇത്തരം വേദനയെ Growing pain എന്ന് പറയുമെങ്കിലും പെട്ടെന്ന് വളരുന്ന (growth Spurt) പ്രായത്തിലല്ല ഈ പ്രശ്നം കണ്ടുവരുന്നത്. എന്തുകൊണ്ടാണ് ഈ വേദന ഉണ്ടാകുന്നത് എന്ന് ചോദിച്ചാല്‍ കൃത്യമായ കാരണം കണ്ടുപിടിച്ചിട്ടില്ല എന്നാണ് ഉത്തരം.

വേദന സഹിക്കാനുള്ള കഴിവ് കുറവുള്ള കുട്ടികളിലാണ് ഈ പ്രശ്നം കൂടുതലെന്ന് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ ശാരീരിക വ്യായാമം ഉള്ള ദിവസങ്ങളിലോ മൂഡി (moody) ആകുമ്പോഴോ ആണ് കൂടുതൽ കാണപ്പെടുന്നത്. എല്ലുകളുടെ ശക്തി കുറയുന്നതാണോ ഇതിന് കാരണം എന്നും സംശയിക്കപ്പെടുന്നു. കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവ് ഇതിന് വഴിവെച്ചേക്കാം. കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതാണോ കാരണമെന്ന സംശയവും ഇല്ലാതില്ല (തെളിവുകളൊന്നും ഇല്ലെങ്കിലും). ചെന്നിക്കുത്ത് (മൈഗ്രേൻ) ഈ രീതിയിലുള്ള അസുഖമാണ്. സന്ധികൾ കൂടുതൽ വളയുന്ന കുട്ടികൾക്ക് (Hyper mobility of Joints) ഈ പ്രശ്നം കൂടുതലായി കാണുന്നുണ്ട്.

കുടുംബപരമായ സവിശേഷതകൾ ഒരു പ്രധാന ഘടകമാണ്. മാതാപിതാക്കളുടെ ആകുലത (anxiety level), വിഷാദരോഗം, വേദന സഹിക്കാനുള്ള കഴിവ്, മൈഗ്രേൻ എന്നിവ ഇതിൽ പെടുന്നു. ഒറ്റക്കുട്ടി, ഒറ്റ രക്ഷിതാവ് എന്നീ സാഹചര്യങ്ങളും പ്രാധാന്യമർഹിക്കുന്നു.

എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?

* ഒരു കാലിൽ മാത്രമാണ് വേദനയെങ്കിൽ
* സന്ധിവേദന, വീക്കം ഇവയുണ്ടെങ്കില്‍
* നടക്കാൻ വിഷമം, സ്റ്റെപ്പ് കയറാൻ വിഷമം എന്നീ സാഹചര്യങ്ങള്‍
* എല്ലിന് മുകളിൽ അമർത്തുമ്പോൾ കഠിനമായ വേദനയുണ്ടെങ്കില്‍
* കുഞ്ഞിന് വിളർച്ചയുണ്ടെങ്കില്‍
* കഴലകൾ, കരൾ, പ്ലീഹ എന്നിവ വലുതായാൽ
* രക്തസ്രാവം ഉണ്ടെങ്കിൽ

വാതരോഗങ്ങൾ, ലുക്കീമിയ തുടങ്ങിയവ അല്ല എന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾ ഇത്തരം അവസരങ്ങളിൽ വേണ്ടി വരും.

ചികിൽസ

1. കുട്ടികളെ ആശ്വസിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഗുരുതരമായ രോഗമൊന്നുമില്ല എന്ന് പറയണം.
2. വ്യക്തമായ കാരണമില്ല എങ്കിലും വേദന വേദന തന്നെയാണ്. അത് അഭിനയമല്ല. അതിനാൽ ‘വേദനയില്ല’, ‘വെറുതെ പറയുന്നതാണ്’ എന്നൊന്നും കുട്ടികളോട് പറയരുത്.
3. കുട്ടികള്ക്ക് വേണ്ട ശ്രദ്ധ കിട്ടുക എന്നത് പ്രധാനമാണ്. തടവിക്കൊടുക്കൽ, ചൂടുപിടിക്കൽ, സമാശ്വസിപ്പിക്കൽ എന്നിവ പ്രധാനം. ആവശ്യമെങ്കിൽ പാരസെറ്റമോൾ കൊടുക്കാം.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.