Uncategorized

ചില സന്യാസ ചിന്തകൾ

വെജിറ്റേറിയൻ ബോർഡുമായി കാരണവന്മാരുടെ കാലം മുതൽ പെരുമ്പാവൂർ നടത്തപ്പെടുന്ന കടയിൽ ചെന്ന് ഞാൻ ചോദിച്ചു . എനിയ്ക്ക് പന്നികറിയും പൊറോട്ടയും, കൂടെ ഇച്ചിരി ബീഫിന്റെ ചാറും ഒരു ചായയും വേണം. അവിടുത്തെ വെയിറ്റർ എന്നെ ഒന്ന് നോക്കി. വർഷങ്ങളായി ഞാൻ അവിടെ നിന്നും ഭക്ഷണം കഴിക്കുന്നു. അത് കൊണ്ട് അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. സാർ കളിയാക്കുവാണോ? മസാല ദോശയും ചായയും തരാം. എനിയ്ക്ക് ദേഷ്യം വന്നു. ഞാൻ ചോദിച്ചത് എനിയ്ക്ക് മതി. ഉടനെ വെയിറ്റർ പറഞ്ഞു. സാർ പ്രശ്നം ഉണ്ടാക്കരുത്. അത് ഈ ഹോട്ടലിൽ ഇല്ല. അപ്പുറത്തെ ഹോട്ടലിൽ കിട്ടും.ഞങ്ങൾ ഒരു സസ്യാഹാര ശാലയാണ് നടത്തുന്നത്. നാളെ ഒരുകാലത്തു ചിലപ്പോൾ എല്ലാവരും തീരുമാനിച്ചു മാറ്റം വരുത്തിയേക്കാം. എങ്കിലും ഇപ്പോൾ ഒരു പ്ളാൻ ഇല്ല എനിക്ക് ചൊറിഞ്ഞു കേറി.

പരിചയമുള്ള സകലരെയും ഞാൻ പെരുമ്പാവൂർ വരുത്തി. എന്നിട്ടു ഒറ്റ ചോദ്യം ആണ്. പന്നികറി ഹോട്ടലിൽ ഓർഡർ ചെയ്താൽ അത് തെറ്റാണോ? അവർ പറഞ്ഞു. അല്ല. ഞാൻ വീണ്ടും ചോദിച്ചു. കേരളത്തിൽ ബീഫ് നിരോധിച്ചിട്ടുണ്ടോ? അവർ പറഞ്ഞു. ഇല്ല. പൊറോട്ടയ്ക്ക് ബീഫിന്റെ ചാറു ചോദിക്കുന്നത് തെറ്റാണോ? അവർ പറഞ്ഞു അല്ല. പിന്നെ എന്താ ഈ ……….ഹോട്ടലിൽ പന്നികറിയും ബീഫും ചോദിച്ചത് തെറ്റായത്? അതെന്താ ഈ ഹോട്ടലിൽ വിളമ്പാത്തത്. ഞങ്ങൾ ഹോട്ടൽ തല്ലി പൊളിച്ചു.

സുഹ്രത്തുക്കളെ വർഷങ്ങളായി ഞാൻ ഭക്ഷണം കഴിക്കുന്ന ഈ ഹോട്ടൽ, എനിയ്ക്ക് പന്നി കറി വേണമെന്ന് തോന്നിയപ്പോൾ അത് തരുവാൻ ബാധ്യസ്ഥം അല്ലേ? അല്ല എന്ന് തോന്നുന്ന മണ്ടന്മാർക്ക് ജാതി വെറി ആണ് എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ? അംഗീകരിക്കേണ്ടി വരും എന്ന് കേരളത്തിലെ ചില സംഭവങ്ങൾ നമ്മെ ബോധിപ്പിക്കുന്നു. ഞാൻ ചോദിച്ച ഭക്ഷണം തരാത്ത ഹോട്ടൽ അടപ്പിക്കുവാൻ മാധ്യമ സുഹൃത്തുക്കളെയും, നവോദ്ധാന പ്രസ്ഥാനക്കാരെയും ചേർത്ത് ഞാൻ ഒരു മാർച്ച് നടത്തുവാൻ പദ്ധതി ഒരുക്കിയിട്ടുണ്ട്. നിങ്ങളും സഹകരിക്കണം.

എവിടേയ്ക്കാണ് കേരളത്തിന്റെ പോക്ക്? കവിത എഴുതുന്നത് തെറ്റാണോ? അല്ല. ഡ്രൈവിംഗ് പഠിക്കുന്നത് തെറ്റാണോ? അല്ല. ശമ്പളം സഭയിൽ കൊടുക്കാത്തത് തെറ്റാണോ? അല്ല. സ്ഥലം മാറ്റം കൊടുത്തിട്ടു പോകാത്തത് തെറ്റാണോ? അല്ല. പിന്നെ എന്താണ് തെറ്റ് .അത് ചെയ്‌ത സ്ഥലം മാറിപ്പോയി. വിവാഹം വഴി ഒരുമിച്ചവർ, ദാമ്പത്യ ബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റാണോ? അല്ല എന്നാൽ അത് പൊതു സ്ഥലത്തു വച്ചായാൽ……… ഓരോ ജീവിത അന്തസ്സിനും ഓരോ പ്രത്യകത ഉണ്ട്. ഞാൻ സന്യാസി ആകുമ്പോൾ, എന്റെ സമൂഹം പറയുന്ന ജീവിത നിയമങ്ങൾ പിന്തുടരുവാൻ എനിയ്ക്ക് ബാദ്ധ്യത ഉണ്ട്.അതിനു സാധിക്കുന്നില്ല എങ്കിൽ സന്യാസം ഉപേക്ഷിക്കണം. അല്ലാതെ വെജിറ്റേറിയൻ ഹോട്ടലിൽ ബീഫ് വിളമ്പാൻ നില്ക്കരുത്.ദയവായി ഇറങ്ങി അപ്പുറത്തെ ഹോട്ടലിൽ കയറുക. ആർക്കും ഒരു പരാതിയും ഇല്ലാത്ത വിധത്തിൽ മൂക്ക് മുട്ടെ തിന്നുക.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.