Uncategorized

പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന്…

കത്തോലിക്കാ സഭയിൽ ഒരു നല്ല പുരോഹിതനാകാൻ വേണ്ടി സ്വമനസ്സാ വേണ്ടെന്നു വയ്ക്കുകയും സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്ത കാര്യങ്ങളുടെ കണക്കെടുത്താൽ, നമ്മുടെ ഭരണഘടന ഒരു പൗരന് ഉറപ്പു നൽകുന്ന മിക്കവാറും എല്ലാ മൗലിക അവകാശങ്ങളും അതിൽ പെടുമെന്ന് എനിക്കു തോന്നുന്നു.

ഇഷ്ടമുള്ള സ്ഥലത്തു ജീവിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ളിടത്തൊക്കെ സഞ്ചരിക്കാനും ഇഷ്ടമുള്ളതു പറയാനും പ്രസംഗിക്കാനും എഴുതാനും ഇഷ്ടമുള്ള ആശയഗതികളിൽ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ നല്ലൊരു പരിധി വരെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ഇഷ്ട പ്രാർത്ഥന ജപിക്കാനും കഴിയില്ല. ഇഷ്ടമുള്ളതൊക്കെ ഭക്ഷിക്കാനും ഇഷ്ടമുള്ളിടത്തു താമസിക്കാനും ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടാനും പറ്റില്ല. ഇഷ്ടമുള്ള ഒരു തൊഴിൽ ചെയ്യാനോ ഇഷ്ടമുള്ള ഇണയ്ക്കൊപ്പം ജീവിക്കാനോ സന്താനങ്ങൾക്കൊപ്പം ഒരു കുടുംബം കെട്ടിപ്പടുക്കാനോ പറ്റില്ല. ഇഷ്ടമുള്ളതു പഠിക്കാനോ ഭാവി സ്വയം തീരുമാനിക്കാനോ പറ്റില്ല. ലഭ്യമായ ആയുസ്സും ആരോഗ്യവും സമയവും സമ്പത്തും ഇഷ്ടമുള്ളതുപോലെ ചെലവഴിക്കാനും പറ്റില്ല. ബാക്കിയുള്ള എല്ലാ സാതന്ത്ര്യങ്ങൾക്കും മീതെ അനുസരണമെന്ന വ്രതവും സന്മനസ്സോടെ മേലധികാരികൾക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. പിറന്ന വീടും മാതാപിതാക്കളും സഹോദരങ്ങളും വളർന്ന നാടും നാട്ടാരും ഏറെക്കുറെ അന്യമായിക്കഴിഞ്ഞു. ജീവൻ വരെയും ദാനം ചെയ്യാൻ നിയോഗമുള്ള ഈ വിളിയിൽ ഇനി എന്താണു നഷ്ടപ്പെടുത്താൻ ബാക്കിയുള്ളതെന്നു ചോദിച്ചാൽ നല്ലതു പോലെ ആലോചിക്കേണ്ടി വരും.

‘സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറുക്കുകയും ഇഷ്‌ടമുള്ളിടത്തേക്കു പോവുകയും ചെയ്‌തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്‍െറ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്‍െറ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും’ (യോഹന്നാന്‍ 21: 18) എന്ന് യേശു പത്രോസിനോട് എത്ര പണ്ടേ പറഞ്ഞിരിക്കുന്നു.

പക്ഷെ, ഈ സ്വാതന്ത്ര്യങ്ങളെല്ലാം നഷ്ടപ്പെടുത്തിയതിൽ ഈ നിമിഷം വരെ ഒരു നിരാശയും തോന്നിയിട്ടില്ല. ഏതെങ്കിലും മനുഷ്യാവകാശ ലംഘനം നടന്നതായും തോന്നിയിട്ടില്ല. കാരണം ഈ മൗലികാവകാശങ്ങളേക്കാൾ അനേക മടങ്ങ് വിലപ്പെട്ടതാണ് സഭയിൽ ക്രിസ്തുവിന്റെ ഒരു പുരോഹിതനാകാനുള്ള അവസരം എന്ന് ഞാൻ കരുതുന്നു. ഈ നഷ്ടങ്ങളേക്കാൾ ഏറെ വലുതാണ് ചരിത്രത്തിലെ ക്രിസ്തുവിനെ നേടുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. മുപ്പത്തിമൂന്നു വയസ്സു കൊണ്ട് ലോകം കീഴ്മേൽ മറിച്ച നസ്രായനായ ആ തച്ചൻ അത്ര നിസ്സാരക്കാരനാണെന്ന് ഞാൻ കരുതുന്നില്ല. അവന്റെ പിന്നാലെ ഈ വഴിയേ നടക്കാൻ ആരും ഒരിക്കലും നിർബന്ധിച്ചിട്ടില്ല. നടന്നു തുടങ്ങിയെന്നു കരുതി അതു പൂർത്തിയാക്കണമെന്നും ആരും നിർബന്ധിച്ചിട്ടില്ല. എപ്പോഴെങ്കിലും ഇതു തന്റെ വഴിയല്ലെന്നു തോന്നിയാൽ മാറി നടക്കാം. പൗരോഹിത്യത്തിലോ സന്യാസത്തിലോ പ്രവേശിക്കണമോ എന്നത് ആത്യന്തികമായി ഒരാളുടെ വ്യക്തിപരവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പാണ്. അതിൽ മറ്റാരും കൈകടത്തില്ല; അതു നീതിയല്ല.

ഒരു വ്യാഴവട്ടക്കാലം മുഴുവൻ അധ്വാനിച്ച്, നല്ല വില കൊടുത്താണ് ഈ തിരുവസ്ത്രം സ്വന്തമാക്കിയത്. സന്തോഷത്തോടും ആത്മസംതൃപ്തിയോടും അഭിമാനത്തോടും കൂടി തന്നെയാണ് അതണിയുന്നതും. വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങുന്ന വ്യാപാരിയുടെ ഉദാഹരണം ക്രിസ്തു പറയുന്നത് ശ്രദ്ധയിൽപെടുത്തുന്നു (മത്തായി 13: 46). ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങലാണത്. സഭ അതിനുള്ള ദൈവികമായ ഒരു പശ്ചാത്തലമായി വർത്തിക്കുന്നു. ശ്രമിച്ചാൽ എത്ര അർത്ഥപൂർണ്ണമായി നയിക്കാൻ കഴിയുന്ന ഒരു ജീവിതമാണത്!

എന്നാൽ ഇവിടെ ഒരപകടം പതിയിരിപ്പുണ്ട്. ആർക്കു വേണ്ടി, എന്തിനു വേണ്ടി എല്ലാം നഷ്ടപ്പെടുത്തിയോ ആ ലക്ഷ്യം സ്വന്തമാക്കാൻ കഴിയാതെ വരികയോ കുറ്റകരമായ അനാസ്ഥ കാരണം ഇടയക്ക് അതു നഷ്ടപ്പെടുകയോ ചെയ്താലുള്ള ഒരു സ്വത്വപ്രതിസന്ധിയുണ്ട്. അതിഭീകരമാണത്. എല്ലാം നഷ്ടപ്പെട്ടു, ഒന്നും നേടാൻ കഴിയുന്നുമില്ല. ഇവിടെ രണ്ടു പരിഹാരങ്ങളുണ്ട്. ഒന്ന്, ആത്മീയ സാധനയുടെ വഴിയേ ലക്ഷ്യം നേടാൻ കൂടുതൽ ആത്മാർത്ഥതയോടും സമർപ്പണത്തോടും വീണ്ടും പരിശ്രമിക്കുക. രണ്ട്, തനിക്കു യോജിച്ച വഴിയല്ലെന്നു തിരിച്ചറിയുന്ന ആദ്യത്തെ നിമിഷം തന്നെ വഴിമാറി നടക്കുക. ഈ രണ്ടു വഴികളിലൂടെയും വിജയകരമായി നടന്ന അനേകർ നമുക്കു മുന്നിലുണ്ട്.

എന്നാൽ ചുരുക്കം ചിലർ മൂന്നാമതൊരു വഴി തെരഞ്ഞെടുക്കും. ജീവിതത്തെയും പരിസരങ്ങളേയും നരകമാക്കുന്ന മൂന്നാമത്തെ വഴി. നേടാൻ കഴിയാത്ത ലക്ഷ്യത്തെച്ചൊല്ലിയുള്ള നിരാശയിൽ നിന്നുടലെടുക്കുന്ന വിനാശകരമായ അസംതൃപ്തിയിൽ അതേ വഴിയിൽ തുടരുക എന്നതാണത്. മുന്നോട്ടോ പിന്നോട്ടോ ഒരടി പോലും പോകാനാവാത്ത അവസ്ഥ. ആത്മാവില്ലാത്ത ശരീരം പോലെ, കാഴ്ചയില്ലാത്ത മിഴികൾ പോലെ, പ്രകാശമില്ലാത്ത നക്ഷത്രം പോലെ ക്രിസ്തുവില്ലാത്ത പൗരോഹിത്യവും സന്യാസവുമായി അവർ അലഞ്ഞുതിരിയും. അതുവരെ അനുവർത്തിച്ചിരുന്ന ത്യാഗങ്ങളൊക്കെ അവർക്കപ്പോൾ നഷ്ടക്കച്ചവടങ്ങളും ബന്ധനങ്ങളുമാവും. ശരികൾ തെറ്റുകളായും തെറ്റുകൾ ശരികളായും അവർ തെറ്റിദ്ധരിക്കും. ലോകത്തിന്റെ യുക്തിയാൽ അവർ സ്വയം നീതീകരിക്കും. അനുഷ്ഠാനങ്ങൾക്ക് അർത്ഥം നഷ്ടപ്പെടും. പ്രാർത്ഥനകൾ ജൽപ്പനങ്ങളാവും. ആളുകൂടുന്നിടത്തൊക്കെ ആളാവാൻ ശ്രമിച്ച് വഴിമുടക്കികളാവും. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു സ്വയം വിശ്വസിപ്പിക്കാനുള്ള പരാക്രമങ്ങൾക്കു പിന്നാലെ ഭ്രാന്തമായി അവർ സഞ്ചരിച്ച് അവർക്ക് അവരെത്തന്നെ നഷ്ടപ്പെടും. കാരണം വ്യക്തമാണ്, നഷ്ടപ്പെടുത്തിയതും നേടിയതും തമ്മിലുള്ള ഭീമമായ അസന്തുലിതാവസ്ഥ! അവരെ രക്ഷിക്കാൻ ഇനി അവർ തന്നെ വിചാരിക്കണം!

അത്തരക്കാരിൽ ചിലരെ സമകാലിക സമൂഹത്തിന്റെ ആൾക്കൂട്ടങ്ങളിൽ ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. വഴിതെറ്റി വന്ന അവരോടും അവരെ മുതലെടുക്കുന്നവരോടും കാര്യമറിയാതെ അവരെ മഹത്വവൽക്കരിക്കുന്നവരോടും സഹതാപമേയുള്ളൂ. വിരലിലെണ്ണാവുന്ന അത്തരം ചിലരെ ചൂണ്ടിക്കാട്ടിക്കൊണ്ട് അതിനെ സാമാന്യവത്കരിക്കുന്നവരോടും സഹതാപം! എന്തെന്നാൽ, നിങ്ങൾക്ക് സഭയെക്കുറിച്ച് ഒന്നുമറിയില്ല, കാരണം നിങ്ങൾ വെറും കുട്ടികളാണ്!

തന്നെ ക്രൂശിച്ചവരോടു ക്ഷമിക്കാൻ ക്രിസ്തുവിനു കഴിഞ്ഞെങ്കിൽ ‘ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയായ്കയാൽ ഇവരോടു പൊറുക്കണമേ’ എന്ന പ്രാർത്ഥനയോടെ, തന്നെ ക്രൂശിക്കുന്നവരോടു ക്ഷമിക്കാൻ സഭയ്ക്കും കഴിയും.

പക്ഷെ, പുഴുക്കുത്തേറ്റ ഫലങ്ങൾ എന്തു ചെയ്യണമെന്ന് തോട്ടക്കാരൻ തീരുമാനിക്കട്ടെ…. പ്രാർത്ഥനയോടെ ഒരു പുരോഹിതൻ


Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.